Wednesday, April 4, 2012

വായുമലിനീകരണത്തില്‍ ഇന്ത്യ മുന്നില്‍

വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്നില്‍.വായുമലിനീകരണത്തിന്റെ തോതിനനുസരിച്ച് രാജ്യങ്ങളെ ക്രമപ്പെടുത്തുന്ന 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്' എന്ന പട്ടികയിലാണ് പാകിസ്ഥാന്‍, ചൈന, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവയെ കടത്തിവെട്ടി ഇന്ത്യ മുന്‍പന്തിയിലെത്തിയത്.

ഊര്‍ജാവശ്യങ്ങള്‍ക്കായി ലോകത്തില്‍ ഏറ്റവുമധികം വിറക് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 200 ദശലക്ഷം ടണ്‍ എന്ന കണക്കിലാണ് ഇന്ത്യയിലെ വിറകുപയോഗം. എന്നാല്‍ വായുമലിനീകരണത്തിന്റെ മുഖ്യസ്രോതസ്സാവുന്നത് ഇതല്ലെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

വാഹനപെരുപ്പവും പെട്രോളിയം ഇന്ധനത്തിലെ മായംചേര്‍ക്കലുമാണ് ഇതിനിടയാക്കുന്നതത്രെ.
പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മായംചേര്‍ക്കലിന് ഉപയോഗിക്കുന്ന ചേരുവകള്‍, അവയുടെ ജ്വലനശേഷിയില്‍ കുറവുവരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലൂടെ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍, ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവ അധികമായി പുറത്തുവരുന്നു.

മാത്രമല്ല, മണ്ണെണ്ണയില്‍ അധികമായുള്ള സള്‍ഫറിന്റെ അംശം, മലിനീകരണം കുറവുചെയ്യാന്‍ പെട്രോളില്‍ കലര്‍ത്തിയിട്ടുള്ള രാസപദാര്‍ഥങ്ങളെ നിഷ്ക്രിയമാക്കുകയും ചെയ്യുന്നു. ഇതിലൂടെ, ക്യാന്‍സറിനു കാരണമാവുന്ന ബെന്‍സീന്‍ , 'പോളി ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍' എന്നിവ അധികമായി പുറത്തുവരുന്നു. അതോടൊപ്പം പൊടിരൂപത്തിലുള്ള കാര്‍ബണും (Particulate Carbon).ശ്വാസകോശ രോഗങ്ങളാണ് ഇവ മൂലമുള്ള മുഖ്യ അപകടം.

വാഹനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന റോഡുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വായുമലിനീകരണം വര്‍ധിക്കുന്നതിന് കാരണമാവുന്നു. ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നഗരപ്രദേശങ്ങളിലെ വായുമലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാവുന്നു. സാധാരണ പുറത്തുവരുന്ന വായുമാലിന്യങ്ങളുടെ അളവിനേക്കാള്‍ എട്ട് ഇരട്ടിയോളമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളില്‍നിന്നുള്ള പുകയും പൊടിപടലങ്ങളും സൃഷ്ടിക്കുന്നത്.

മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്നതാണ് ഇന്ത്യയിലെ നഗരറോഡുകളിലെ വാഹനങ്ങള്‍ക്ക് മറികടക്കാനാവാത്ത ശരാശരി വേഗം.സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് എന്നിവമൂലമുള്ള മലിനീകരണമാണ് ഇതുമൂലമുള്ള ഏറ്റവും വലിയ അപകടം.

ചപ്പുചവറുകള്‍ കത്തിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടുന്നതും വ്യവസായശാലകള്‍ മലിനീകരണമാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഇന്ത്യയെ വായുമലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.

യേല്‍ സര്‍വകലാശാലയും കൊളംബിയ സര്‍വകലാശാലയും സംയുക്തമായാണ് 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡെക്സ്' തയ്യാറാക്കുന്നത്.
  • ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന 10 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്.
  • ഇന്ത്യയെക്കാള്‍ അഞ്ചു റാങ്ക് മുകളിലാണ് പാകിസ്ഥാന്‍ (ഇന്ത്യയിലുള്ളതിനേക്കാള്‍ വായുമലിനീകരണം കുറവാണ് പാകിസ്ഥാനില്‍ എന്നര്‍ഥം).
  • ഇന്ത്യയെക്കാള്‍ 10 റാങ്ക് മുകളില്‍ നില്‍ക്കുന്നത് ബംഗ്ളാദേശാണ്. ഒമ്പതാം റാങ്കില്‍ ചൈനയും.
  • ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ മലിനീകരണവിമുക്തം എന്ന ഉയര്‍ന്ന റാങ്കിന് ഉടമയായവയില്‍ നേപ്പാളാണ് മുന്നില്‍. ശ്രീലങ്കയും മെച്ചപ്പെട്ട റാങ്കിലാണ്.
  • വായുമലിനീകരണം കുറയ്ക്കാന്‍ ഊര്‍ജിതശ്രമം നടത്തുന്ന 10 രാജ്യങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് റഷ്യയാണ്. തൊട്ടുതാഴെ കുവൈത്തും.
  • വായുമലിനീകരണം ഏറ്റവും കുറഞ്ഞ രാജ്യം സ്വിസ്റ്റ്സര്‍ലന്‍ഡാണ്. രണ്ടാം സ്ഥാനം ലാറ്റ്വിയയ്ക്കും മൂന്നാം സ്ഥാനം നോര്‍വേയ്ക്കുമാണ്.
  • പ്രതിശീര്‍ഷവരുമാനം കുറഞ്ഞ രാജ്യമായിട്ടുകൂടി, മാലിന്യവിമുക്തം എന്ന നിലയില്‍ ഉയര്‍ന്ന റാങ്ക് നേടിയവയാണ് ലാറ്റ്വിയ, കോസ്റ്ററിക്ക എന്നിവ.   വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യം ഇറാഖ് ആണ്. 132 ആണ് ഇറാഖിന്റെ റാങ്കിങ്.
  • വായുമാലിന്യവിമുക്ത രാജ്യങ്ങളെ റാങ്ക് ചെയ്തതില്‍ ഇന്ത്യയുടെ സ്ഥാനം 125 ആണ്. ചൈന 116ഉം, അമേരിക്ക 49ഉം സ്ഥാനത്താണ്. ജപ്പാന്‍ 23ലും.
Website: http://epi.yale.edu