Wednesday, April 4, 2012

വായുമലിനീകരണത്തില്‍ ഇന്ത്യ മുന്നില്‍

വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ മുന്നില്‍.വായുമലിനീകരണത്തിന്റെ തോതിനനുസരിച്ച് രാജ്യങ്ങളെ ക്രമപ്പെടുത്തുന്ന 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്' എന്ന പട്ടികയിലാണ് പാകിസ്ഥാന്‍, ചൈന, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവയെ കടത്തിവെട്ടി ഇന്ത്യ മുന്‍പന്തിയിലെത്തിയത്.

ഊര്‍ജാവശ്യങ്ങള്‍ക്കായി ലോകത്തില്‍ ഏറ്റവുമധികം വിറക് ഉപയോഗിക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിവര്‍ഷം 200 ദശലക്ഷം ടണ്‍ എന്ന കണക്കിലാണ് ഇന്ത്യയിലെ വിറകുപയോഗം. എന്നാല്‍ വായുമലിനീകരണത്തിന്റെ മുഖ്യസ്രോതസ്സാവുന്നത് ഇതല്ലെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

വാഹനപെരുപ്പവും പെട്രോളിയം ഇന്ധനത്തിലെ മായംചേര്‍ക്കലുമാണ് ഇതിനിടയാക്കുന്നതത്രെ.
പെട്രോള്‍, ഡീസല്‍ എന്നിവയില്‍ മായംചേര്‍ക്കലിന് ഉപയോഗിക്കുന്ന ചേരുവകള്‍, അവയുടെ ജ്വലനശേഷിയില്‍ കുറവുവരുത്തുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതിലൂടെ കാര്‍ബണ്‍ മോണോക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍, ഹൈഡ്രോ കാര്‍ബണുകള്‍ എന്നിവ അധികമായി പുറത്തുവരുന്നു.

മാത്രമല്ല, മണ്ണെണ്ണയില്‍ അധികമായുള്ള സള്‍ഫറിന്റെ അംശം, മലിനീകരണം കുറവുചെയ്യാന്‍ പെട്രോളില്‍ കലര്‍ത്തിയിട്ടുള്ള രാസപദാര്‍ഥങ്ങളെ നിഷ്ക്രിയമാക്കുകയും ചെയ്യുന്നു. ഇതിലൂടെ, ക്യാന്‍സറിനു കാരണമാവുന്ന ബെന്‍സീന്‍ , 'പോളി ആരോമാറ്റിക് ഹൈഡ്രോ കാര്‍ബണുകള്‍' എന്നിവ അധികമായി പുറത്തുവരുന്നു. അതോടൊപ്പം പൊടിരൂപത്തിലുള്ള കാര്‍ബണും (Particulate Carbon).ശ്വാസകോശ രോഗങ്ങളാണ് ഇവ മൂലമുള്ള മുഖ്യ അപകടം.

വാഹനപ്പെരുപ്പംമൂലം വീര്‍പ്പുമുട്ടുന്ന റോഡുകള്‍ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ വായുമലിനീകരണം വര്‍ധിക്കുന്നതിന് കാരണമാവുന്നു. ഗതാഗതക്കുരുക്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നഗരപ്രദേശങ്ങളിലെ വായുമലിനീകരണം കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാവുന്നു. സാധാരണ പുറത്തുവരുന്ന വായുമാലിന്യങ്ങളുടെ അളവിനേക്കാള്‍ എട്ട് ഇരട്ടിയോളമാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട് ഇഴഞ്ഞുനീങ്ങുന്ന വാഹനങ്ങളില്‍നിന്നുള്ള പുകയും പൊടിപടലങ്ങളും സൃഷ്ടിക്കുന്നത്.

മണിക്കൂറില്‍ 20 കിലോമീറ്റര്‍ എന്നതാണ് ഇന്ത്യയിലെ നഗരറോഡുകളിലെ വാഹനങ്ങള്‍ക്ക് മറികടക്കാനാവാത്ത ശരാശരി വേഗം.സള്‍ഫര്‍ ഡയോക്സൈഡ്, നൈട്രജന്‍ ഓക്സൈഡ് എന്നിവമൂലമുള്ള മലിനീകരണമാണ് ഇതുമൂലമുള്ള ഏറ്റവും വലിയ അപകടം.

ചപ്പുചവറുകള്‍ കത്തിക്കുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടുന്നതും വ്യവസായശാലകള്‍ മലിനീകരണമാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഇന്ത്യയെ വായുമലിനീകരണത്താല്‍ ശ്വാസംമുട്ടുന്ന അവസ്ഥയിലേക്കാണ് നയിക്കുന്നത്.

യേല്‍ സര്‍വകലാശാലയും കൊളംബിയ സര്‍വകലാശാലയും സംയുക്തമായാണ് 'എന്‍വയോണ്‍മെന്റല്‍ പെര്‍ഫോമന്‍സ് ഇന്‍ഡെക്സ്' തയ്യാറാക്കുന്നത്.
  • ഏറ്റവുമധികം വായുമലിനീകരണം നേരിടുന്ന 10 രാജ്യങ്ങളിലാണ് ഇന്ത്യ ഉള്‍പ്പെടുന്നത്.
  • ഇന്ത്യയെക്കാള്‍ അഞ്ചു റാങ്ക് മുകളിലാണ് പാകിസ്ഥാന്‍ (ഇന്ത്യയിലുള്ളതിനേക്കാള്‍ വായുമലിനീകരണം കുറവാണ് പാകിസ്ഥാനില്‍ എന്നര്‍ഥം).
  • ഇന്ത്യയെക്കാള്‍ 10 റാങ്ക് മുകളില്‍ നില്‍ക്കുന്നത് ബംഗ്ളാദേശാണ്. ഒമ്പതാം റാങ്കില്‍ ചൈനയും.
  • ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ക്കിടയില്‍ മലിനീകരണവിമുക്തം എന്ന ഉയര്‍ന്ന റാങ്കിന് ഉടമയായവയില്‍ നേപ്പാളാണ് മുന്നില്‍. ശ്രീലങ്കയും മെച്ചപ്പെട്ട റാങ്കിലാണ്.
  • വായുമലിനീകരണം കുറയ്ക്കാന്‍ ഊര്‍ജിതശ്രമം നടത്തുന്ന 10 രാജ്യങ്ങളില്‍ മുന്നില്‍നില്‍ക്കുന്നത് റഷ്യയാണ്. തൊട്ടുതാഴെ കുവൈത്തും.
  • വായുമലിനീകരണം ഏറ്റവും കുറഞ്ഞ രാജ്യം സ്വിസ്റ്റ്സര്‍ലന്‍ഡാണ്. രണ്ടാം സ്ഥാനം ലാറ്റ്വിയയ്ക്കും മൂന്നാം സ്ഥാനം നോര്‍വേയ്ക്കുമാണ്.
  • പ്രതിശീര്‍ഷവരുമാനം കുറഞ്ഞ രാജ്യമായിട്ടുകൂടി, മാലിന്യവിമുക്തം എന്ന നിലയില്‍ ഉയര്‍ന്ന റാങ്ക് നേടിയവയാണ് ലാറ്റ്വിയ, കോസ്റ്ററിക്ക എന്നിവ.   വായുമലിനീകരണം ഏറ്റവും രൂക്ഷമായ രാജ്യം ഇറാഖ് ആണ്. 132 ആണ് ഇറാഖിന്റെ റാങ്കിങ്.
  • വായുമാലിന്യവിമുക്ത രാജ്യങ്ങളെ റാങ്ക് ചെയ്തതില്‍ ഇന്ത്യയുടെ സ്ഥാനം 125 ആണ്. ചൈന 116ഉം, അമേരിക്ക 49ഉം സ്ഥാനത്താണ്. ജപ്പാന്‍ 23ലും.
Website: http://epi.yale.edu

കുറയുന്ന വനഭൂമി


ഇന്ത്യയിലെ വനഭൂമിയുടെ വിസ്തൃതി കുറയുന്നതായി റിപ്പോര്‍ട്ട്.  ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയുടെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ മൊത്തം വനവിസ്തൃതിയില്‍ 367 ചതുരശ്രകിലോമീറ്ററിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2009ലെ റിപ്പോര്‍ട്ടുമായി താരതമ്യം ചെയ്യുമ്പോള്‍, വനഭൂമി ഏറ്റവും കുറഞ്ഞത്  ആന്ധ്രപ്രദേശിലാണ്.  281 ചതുരശ്രകിലോമീറ്റര്‍ വനഭൂമി അവിടെ നഷ്ടമായി. പിന്നെ കുറഞ്ഞത് മണിപ്പൂരിലാണ്. 190 ചതുരശ്രകിലോമീറ്ററിന്റെ കുറവ്. നാഗാലാന്‍ഡാണ് വനഭൂമിനഷ്ടത്തില്‍ തൊട്ടുതാഴെ. 146 ചതുരശ്രകിലോമീറ്റര്‍ വനമാണ് അവിടെ നഷ്ടപ്പെട്ടത്. മിസോറം, അരുണാചല്‍പ്രദേശ്, മേഘാലയ എന്നിവയാണ് വനവിസ്തൃതിയില്‍ കുറവു നേരിട്ട മറ്റു സംസ്ഥാനങ്ങള്‍. തൊട്ടുമുമ്പത്തെ, റിപ്പോര്‍ട്ടില്‍ വര്‍ധിതമായ വനവിസ്തൃതിയില്‍ ശ്രദ്ധേയമായിരുന്ന മിസോറം, മണിപ്പുര്‍, മേഘാലയ സംസ്ഥാനങ്ങള്‍ പുറകോട്ടുപോയത് ഏറെ നിരാശപ്പെടുത്തുന്നു.
വനവിസ്തൃതി നഷ്ടമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. 24 ചതുരശ്രകിലോമീറ്റര്‍ വനം കേരളത്തിന് നഷ്ടമായതായി റിപ്പോര്‍ട്ട് പറയുന്നു. ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നിവയാണ് വനഭൂമി നഷ്ടമായ മറ്റ് സംസ്ഥാനങ്ങള്‍. അതേസമയം, ഊര്‍ജിതമായ വനവല്‍ക്കരണത്തിലൂടെ മുന്‍കാലനില മെച്ചപ്പെടുത്തിയ സംസ്ഥാനങ്ങളുമുണ്ട്. 15 സംസ്ഥാനങ്ങളുള്ള ഈ പട്ടികയില്‍ പഞ്ചാബാണ് മുന്നില്‍. 100 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതിയാണ് പഞ്ചാബിലെ വനഭൂമി രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുതാഴെ ഹരിയാനയാണ്- 14 ചതുരശ്രകിലോമീറ്റര്‍. 11 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതി വര്‍ധനയുമായി ഹിമാചല്‍പ്രദേശാണ് മൂന്നാം സ്ഥാനത്ത്. ബാക്കിയുള്ള 12 സംസ്ഥാനങ്ങളും കൂടിച്ചേര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ വനഭൂമിയില്‍ വരുത്തിയ വിസ്തൃതിമുന്നേറ്റം 500 ചതുരശ്രകിലോമീറ്ററിന്റെതാണെന്നതും ശുഭപ്രതീക്ഷ നല്‍കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തമിഴ്നാടാണ് നില മെച്ചപ്പെടുത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. അതേസമയം 281 ചതുരശ്രകിലോമീറ്റര്‍ വനഭൂമി നഷ്ടപ്പെടുത്തിയതിലൂടെ ഈ മേഖലയില്‍െ ആന്ധ്രപ്രദേശ് താഴെപോവുകയും ചെയ്തു. യൂക്കാലിമരങ്ങള്‍ വിളവെടുപ്പിനായി വന്‍തോതില്‍ വെട്ടിനശിപ്പിച്ചതാണ് ഇതിനു കാരണമായതെന്നാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. തമിഴ്നാടിനെ വനവിസ്തൃതി കണക്കില്‍ മുന്നിലെത്തിച്ചതും ഇതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പക്ഷേ, കൃത്രിമമായി വച്ചുപിടിപ്പിക്കുന്ന വൃക്ഷവിളത്തോട്ടങ്ങളെ വനഭൂമിയായി കണക്കാക്കി കണക്കില്‍ ഉള്‍ക്കൊള്ളിക്കുന്നത് അശാസ്ത്രീയമാണെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. കാരണം, ഒരേ ഇനത്തില്‍പ്പെട്ട ജനുസ്സുകളെ മാത്രം വളര്‍ത്തുന്ന കൃഷിഭൂമിയിലെ 'വനവല്‍കൃതമേഖല'കള്‍ക്ക് യഥാര്‍ഥ വനങ്ങളുടേതായ പാരിസ്ഥിതികമേന്മകളും പ്രയോജനങ്ങളും പകര്‍ന്നുതരാനാവില്ല എന്നതുതന്നെ.
എന്നാല്‍, വനഭൂമിയുടെ അളവിനെയും വിസ്തൃതിയെയും 'ദേശീയ വരുമാന ശരാശരി' (ഏൃീ ഉീാലശെേര ജൃീറൌര)യുടെ അടിസ്ഥാനമാനകങ്ങളിലൊന്നായി കണക്കാക്കേണ്ടതുണ്ടെന്ന ന്യായീകരണത്തിലൂടെയാണ് 'ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ' ഇതിനെ നീതീകരിക്കുന്നത്. 'സ്വാഭാവിക വനമേഖലയ്ക്കു പുറത്തുള്ള വൃക്ഷങ്ങള്‍' (ഠൃലല ഛൌശേെറല എീൃല  ഠഛഎ) എന്ന തലക്കെട്ടിനു താഴെ ഉള്‍പ്പെടുത്തിയാണ് പുതിയ റിപ്പോര്‍ട്ടില്‍ സ്വകാര്യഭൂമിയിലെയും കൃഷിഭൂമിയിലെയും മരങ്ങളെ കണക്കിലെടുത്തിരിക്കുന്നത്. വനാധിഷ്ഠിത വ്യവസായങ്ങളുടെ അസംസ്കൃത വസ്തുക്കളായി ഇവ ഉപയോഗിക്കുന്നു എന്ന കാരണത്താലാണിത്. ഇതിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയിലെ 'വനഭൂമി' പ്രദാനംചെയ്യുന്ന 'ദേശീയ വരുമാന ശരാശരി'വിഹിതം (2007-08) 29,069 കോടി രൂപയാണ്. മൊത്തം ദേശീയ ശരാശരിയുടെ 0.67 ശതമാനമാണിത്. ദേശീയ സ്ഥിതിവിവര കമീഷന്‍ (ചമശീിേമഹ അരരീൌി ഉശ്ശശീിെ ീള ഇലിൃമഹ ടമേശേശെേരമഹ ഛൃഴമിശമെശീിേ) 2010 ജനുവരിയില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 'ദേശീയ വരുമാന ശരാശരി' 88,000 കോടി രൂപയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനുള്ള വിശദീകരണം എന്ന നിലയ്ക്കുകൂടിയാണ് ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ സ്വകാര്യ വനഭൂമിയെക്കൂടി ഉള്‍പ്പെടുത്തിയത്. ഇക്കാരണത്താല്‍, ജൈവവൈവിധ്യ സുരക്ഷയുടെയോ സംരക്ഷണത്തിന്റെയോ സൂചകമായി ഈ സര്‍വേ റിപ്പോര്‍ട്ടിനെ കണക്കിലെടുക്കുക സാധ്യമല്ലെന്ന വാദവും ശക്തമാണ്.

മെച്ചപ്പെട്ടത് കണ്ടല്‍ക്കാടുകള്‍
കണ്ടല്‍വനമേഖലയുടെ വിസ്തൃതിയാണ് പുതിയ റിപ്പോര്‍ട്ട് മുന്നോട്ടുവയ്ക്കുന്ന ശ്രദ്ധേയമായെരു വസ്തുത. 23.34 ചതുരശ്രകിലോമീറ്ററിന്റെ വിസ്തൃതിയാണ് രാജ്യത്തിലുടനീളമായി കണ്ടല്‍ക്കാടുകളുടേതായി ഉണ്ടായത്. 4,662 ചതുരശ്രകിലോമീറ്ററാണ് ഇപ്പോള്‍ ഇന്ത്യയില്‍ കണ്ടല്‍വനമേഖലയുടെ വിസ്തൃതി. 2009ലെ സര്‍വേയില്‍ ഇത് 4,639 ചതുരശ്രകിലോമീറ്റര്‍ ആയിരുന്നു. 1987ല്‍ നടന്ന ആദ്യ സര്‍വേയില്‍ ഇത് 4,046 ചതുശ്രകിലോമീറ്റര്‍ ആയിരുന്നു. ഏറ്റവുമധികം കണ്ടല്‍ക്കാടുകളുള്ളത് പശ്ചിമബംഗാളിലാണ്. സുന്ദര്‍ബാന്‍ വനമേഖല ഉള്‍പ്പെടെയാണിത്. ഇപ്പോഴുള്ള 4,662 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍വനമേഖലയില്‍ പകുതിയോളവും നിലനിലക്കുന്നത് ഇവിടെയാണ്. ഒരുകാലത്ത് കണ്ടല്‍ സമൃദ്ധമായിരുന്ന ആന്‍ഡമാന്‍-നികോബാര്‍ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍തീരങ്ങള്‍, സുനാമിക്കുശേഷം ഇപ്പോള്‍ ഏറെക്കുറെ നാശോന്മുഖമാണ്. 59 സ്പീഷീസുകളില്‍പ്പെടുന്ന കണ്ടല്‍ച്ചെടികള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 14 സ്പീഷീസുകള്‍ കേരളത്തിലാണ്.

വനസര്‍വേ റിപ്പോര്‍ട്ട് ഒറ്റനോട്ടത്തില്‍
* 6,92,027 ചതുരശ്രകിലോമീറ്ററാണ് ഇന്ത്യയിലെ വനഭൂമിയുടെ മൊത്തം വിസ്തൃതി. 2009-2011 കാലയളവിലെ പഠനങ്ങളാണ് ഇപ്പോള്‍ റിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
* മധ്യപ്രദേശാണ് വനവിസ്തൃതിയില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനം. (7,77,700 ചതുരശ്രകിലോമീറ്റര്‍). അരുണാചല്‍പ്രദേശാണ് തൊട്ടുതാഴെ- 67,410 ചതുരശ്രകിലോമീറ്റര്‍.
* ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 23.81 ശതമാനം മാത്രമാണ് വനഭൂമി. വനമേഖലയുടെ ശതമാനം കൂടുതലുള്ളത് മിസോറമാണ് (90.68%). ലക്ഷദ്വീപാണ് തൊട്ടുതാഴെ (84.56%).
* രണ്ടുവര്‍ഷത്തിലൊരിക്കലാണ് വനസര്‍വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. 12-ാമത്തെ റിപ്പോര്‍ട്ടാണിത്. 1987ലേതായിരുന്നു ആദ്യറിപ്പോര്‍ട്ട്.
* ഇന്ത്യന്‍ റിമോട്ട് സെന്‍സിങ്ങ് (കഞട) സാറ്റലൈറ്റിന്റെ ജ6ഘകടട കകക സെന്‍സര്‍ ഉപയോഗിച്ചുള്ള ഉപഗ്രഹ ചിത്രങ്ങളെയാണ് സര്‍വേയ്ക്ക് ആശ്രയിച്ചത്.
* ഹൈദരാബാദ് ആസ്ഥാനമായുള്ള 'നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍' (ചഞടഇ) ആണ് ഇതിനുള്ള സാങ്കേതികസഹായം നല്‍കിയത്.
* 4,302 സംസ്ഥാനങ്ങളില്‍ ഗവേഷണസംഘങ്ങള്‍ നടത്തിയ 'ഫീല്‍ഡ് സര്‍വേ'യുടെ വിവരങ്ങളുമായി ഉപഗ്രഹചിത്രങ്ങളെ താരതമ്യം ചെയ്തതിലൂടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഗറില്ലയുടെ ജനിതകം

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തെത്തിയ നാവികസംഘം അവിടെ വിചിത്രരൂപികളായ മനുഷ്യരെ കണ്ടു. ദേഹമാസകലം രോമങ്ങളും സാമാന്യത്തിലേറെ നീളമുള്ള കൈകളുമായിരുന്നു അവരുടെ സവിശേഷത. രണ്ടുകാലില്‍ ഏണീറ്റുനിന്ന് കടല്‍ കടന്നുവരുന്നവരെ നോക്കിനിന്നിരുന്ന അവര്‍ ആഗതരെത്തിയതോടെ നാലുകാലില്‍  കാടിനുള്ളിലേക്ക് ഓടിമറഞ്ഞു.

കാര്‍ത്തേജുകാരായിരുന്ന നാവികര്‍ പക്ഷേ തങ്ങള്‍ കണ്ട ഈ അപൂര്‍വ മനുഷ്യരെക്കുറിച്ച് ലോകമാകെ പറഞ്ഞുനടന്നു.കടല്‍യാത്രയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളുംപോലെ ആരും അത് വിലയ്ക്കെടുത്തില്ല. പിന്നീട് 19-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയോടെയാണ് ഈ വിശേഷ മനുഷ്യര്‍ക്ക് തിരിച്ചറിയല്‍ ലഭിക്കുന്നത്.1847ല്‍ അമേരിക്കന്‍ പര്യവേക്ഷകനായ തോമസ് സ്റ്റാഗ്ടണ്‍ സാവേജ്, അവ മനുഷ്യരല്ലെന്നും ആള്‍ക്കുരങ്ങുകളാണെന്നും കണ്ടെത്തി. അവയ്ക്ക് അദ്ദേഹം നല്‍കിയ പേരാണ് ഗറില്ല’ (Gorilla).
പരിണാമചരിത്രത്തില്‍ എവിടെയോ മനുഷ്യരുടെ താവഴിയില്‍നിന്നു പിരിഞ്ഞുപോയ ഇവയുടെ സമ്പൂര്‍ണ ജനിതകചിത്രം ഇവിടെ ഇതള്‍വിരിയുകയാണ്. കാര്‍ത്തേജുകാര്‍ കരുതിയതുപോലെ മനുഷ്യര്‍തന്നെയാണ് ഇവരുമെന്നാണ് ജനിതകപഠനവും പറയുന്നത്. എന്നാല്‍ മനുഷ്യരുമായി രണ്ടു ശതമാനം ജീനുകളിലെ വ്യത്യാസം മാത്രമാണ് ഇവര്‍ക്കുള്ളത്. ബാക്കി 98 ശതമാനം ജീനുകളും മനുഷ്യരുടേതിനു തുല്യവും.

ജനിതകപരമായി മനുഷ്യരുമായി ഇത്രയധികം സാമ്യം എങ്ങനെ ഗറില്ലകള്‍ക്കുണ്ടായി എന്ന് അറിയണമെങ്കില്‍ 55 ദശലക്ഷം വര്‍ഷം പിന്നിലേക്കു സഞ്ചരിക്കണം. അപ്പോഴാണ് സസ്തനങ്ങളില്‍നിന്നു ബുദ്ധിപരമായി ഉയര്‍ന്ന ഒരു വിഭാഗം രൂപപ്പെട്ടുവരുന്നത്. മരത്തില്‍ കഴിഞ്ഞ ഇവര്‍ പക്ഷേ പൂര്‍ണമായും കുരങ്ങുകളായിരുന്നില്ല. അതിനാല്‍ കുരങ്ങുകള്‍ക്കു മുമ്പുള്ളത് എന്നര്‍ഥത്തില്‍ പ്രോസിമിയനുകള്‍ (Prosimians) എന്നാണ് ശാസ്ത്രജ്ഞര്‍ ഇവരെ വിളിക്കുന്നത്. പിന്നെയും ദശലക്ഷം വര്‍ഷം കഴിഞ്ഞുപോവുന്നതിനിടയില്‍ സവിശേഷമായി വ്യതിയാനങ്ങളോടെ ഇവയില്‍ ചെറിയൊരു വിഭാഗം വേര്‍പിരിയാന്‍ തുടങ്ങി. ഇവയാണ് പില്‍ക്കാലത്ത് മനുഷ്യരുടെ തായ്വഴിയായി മാറിയ ആന്ത്രോപോയഡ്സ് (Anthropoids).
ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ചെറുസംഘങ്ങള്‍ ഇവയ്ക്കൊപ്പം ഉണ്ടായിരുന്നു. അതിലൊന്നായിരുന്നു ഗറില്ലകളും ചിമ്പാന്‍സികളും ഉള്‍പ്പെടുന്ന ആള്‍ക്കുരങ്ങുകള്‍ (Great Apes). പോങ്ങിഡേ (Pongidae) എന്നായിരുന്നു ഇവയുടെ കുടുംബം അറിയപ്പെട്ടിരുന്നത്. നമ്മള്‍ മനുഷ്യരുടെ കുടുംബപ്പേര് ഹോമിനിഡേ (Hominidae)  എന്നും.  കുറേനാള്‍ ഒരുമിച്ചു താമസിച്ചശേഷം ഏകദേശം അഞ്ചു ദശലക്ഷം വര്‍ഷം മുമ്പാണ് മനുഷ്യവംശം ഭാഗംപിരിഞ്ഞു പോയത്. ഈ ഭാഗംവാങ്ങല്‍ അല്ലെങ്കില്‍ ജനിതകപരമായ അടുപ്പമാണ് ജീനുകളിലെ 98 ശതമാനം അടുപ്പത്തിലൂടെ ഗറില്ലകളും മനുഷ്യരും തമ്മില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്.

മുന്‍പറഞ്ഞ പരിണാമകഥകളും കഥാപാത്രങ്ങള്‍ തമ്മിലുള്ള സാമ്യവും ഫോസിലുകളുടെ താരതമ്യ പഠനത്തിലൂടെയാണ് അനാവരണം ചെയ്യപ്പെട്ടിരുന്നത്. തലയോട്ടിയുടെയും കൈ-കാല്‍ അസ്ഥി എന്നിവയുടെ ആകൃതി, വലുപ്പം എന്നിവ അടിസ്ഥാനമാക്കി ദീര്‍ഘനാളത്തെ ഗവേഷണത്തിലൂടെയാണ് നരവംശശാസ്ത്രജ്ഞര്‍ ഇത്തരമൊരു കുടുംബ പുരാവൃത്തം വരച്ചുണ്ടാക്കിയത്. ഇതിന് വ്യക്തമായ സാധുത നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനിതകപരമായ വിശകലന പഠനങ്ങളുടെ സാധ്യത ഇവയില്‍ പരീക്ഷിച്ചത്.
ആള്‍ക്കുരങ്ങുകളുടെ വിഭാഗത്തില്‍ ചിമ്പാന്‍സിയുടെ ജനിതകശ്രേണിയാണ് ആദ്യം വെളിപ്പെടുത്തിയത്- 2005ല്‍. ഒറാങ് ഉട്ടന്റെ ജനിതകം 2011ലും വെളിപ്പെട്ടു. ഈ രംഗത്തെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഗറില്ലകളുടേത്. ഇവയുടെ താരതമ്യപഠനത്തിലൂടെയാണ് മനുഷ്യവംശത്തിന്റെ പരിണാമചിത്രവും ചാര്‍ച്ചപ്പെടലുകളും ഇപ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്. മനുഷ്യനുമായി പരിണാമപരമായി ഏറ്റവും അടുത്തുനില്‍ക്കുന്നത് ചിമ്പാന്‍സികളാണ് (99 ശതമാനം സാമ്യം). തൊട്ടടുത്ത് ഗറില്ലകള്‍ (98 ശതമാനം സാമ്യം). അതുകഴിഞ്ഞാല്‍ ഒറാങ് ഉട്ടാനുകള്‍ (97 ശതമാനം സാമ്യം).

ആള്‍ക്കുരങ്ങുകളുടെ വംശത്തിലെ എല്ലാറ്റിന്റെയും ജനിതകശ്രേണീപഠനം കഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ക്ക് പറയാമെങ്കിലും ചിമ്പാന്‍സിയുടെ അടുത്ത ബന്ധുവായ ബോണോബോ (Bonobo- Pan paniscus)യുടെ ജനിതകശ്രേണികൂടിയാണ് അനാവരണം ചെയ്യാനുള്ളത്.