Monday, February 11, 2013

'റെക്സ്' ആദ്യത്തെ ജൈവ-യന്ത്ര മനുഷ്യന്‍!

ടെര്‍മിനേറ്റര്‍ എന്ന സിനിമ കണ്ട ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും; 'ആരാണ്?' എന്ന ചോദ്യത്തിന് നായകനായി വരുന്ന യന്ത്രമനുഷ്യന്‍ നല്‍കുന്ന മറുപടി: "ഞാന്‍ ഒരു 'സൈബര്‍നെറ്റിക് ജീവി'യാണ്'' (I am a Cybernetic Organism). എന്താണ് ഈ 'സൈബര്‍നെറ്റിക് ജീവി' എന്നു മനസ്സിലാക്കാനായില്ലെങ്കിലും ആ ജീവിക്ക് എന്തെല്ലാം ചെയ്യാനാവുമെന്ന് സിനിമ കാണുന്നവര്‍ക്ക്  മനസ്സിലാവും.
അത് വെറും ഭാവനയല്ല; പകുതി യന്ത്രവും പകുതി മനുഷ്യനുമായ ഇത്തരം ജീവികളുണ്ടെന്നു പറയുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍. പറയുക മാത്രമല്ല, കൃത്രിമാവയവങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് അവര്‍ ഒരു പൂര്‍ണമായ  ജൈവ-യന്ത്ര മനുഷ്യനെ നിര്‍മിച്ചിരിക്കുകയാണ്. പേര് 'റെക്സ്' (REX)!
ഒറ്റനോട്ടത്തില്‍ ഒരു മനുഷ്യനെന്നു തോന്നുന്നതാണ് 'റോബോട്ടിക് എക്സോസ്കെല്‍ട്ടന്‍' (Robotic EXoskeleton) എന്ന പൂര്‍ണരൂപമുള്ള 'റെക്സ്'. 'എക്സോസ്കെല്‍ട്ടന്‍' എന്ന വാക്കിന്, ജീവശാസ്ത്രത്തില്‍ അസ്ഥികൂടം എന്നാണര്‍ഥം. പക്ഷേ, 'റെക്സി'ന് അസ്ഥികൂടം മാത്രമല്ല ഉള്ളത്.  'അയാളുടെ' അടുത്തുചെന്ന് ഹസ്തദാനത്തിനു കൈനീട്ടിയാല്‍ 'റെക്സ്' തിരിച്ചും കൈനീട്ടും. ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ ഉത്തരം നല്‍കും. ഈ കേള്‍വിയും കാഴ്ചയുമെല്ലാം സാധ്യമാക്കിയത് കൃത്രിമമായി നിര്‍മിച്ച ഇന്ദ്രിയങ്ങള്‍.
ഷാഡോ റോബോട്ടിക്സ് എന്ന കമ്പനിയാണ് 'റെക്സി'നെ നിര്‍മിച്ചതെങ്കിലും, ശരീരഭാഗങ്ങളാവുന്ന കൃത്രിമ അവയവങ്ങള്‍ ലോകത്തിലെ വിവിധ ഗവേഷണശാലകളില്‍നിന്നു വാങ്ങിയതാണ്. അവ കൂട്ടിയോജിപ്പിക്കുക എന്ന ജോലി മാത്രമേ കമ്പനി ചെയ്തുള്ളു. ഇതിനു വന്ന ചെലവ് ഒരു ദശലക്ഷത്തോളം ഡോളര്‍. 'റെക്സി'ന് സ്വന്തമായുള്ള കൈകള്‍, ഇന്ന് വികസിപ്പിക്കപ്പെട്ടവയില്‍ മികച്ചവയാണ്. ഓരോ വിരലും പ്രത്യേകമായി ചലിപ്പിക്കാന്‍കഴിയുന്ന  ഈ കൈ ഉപയോഗിച്ച് 'റെക്സി'ന് എന്തും മുറുക്കിപ്പിടിക്കാന്‍ കഴിയും. അതുപോലെ, വാതിലിന്റെ പിടിയോ, താക്കോല്‍പോലെയുള്ള എന്തും തിരിച്ചുതുറക്കാനും സാധിക്കും.
ടച്ച് ബയോണിക്സ്  എന്ന കമ്പനിയാണ് 'ഐ-ലിംബ്' (I-Limb) എന്നു പേരുള്ള ഇത് നിര്‍മിച്ചത്. കാല്‍മുട്ടുപോലെ മടങ്ങാനും അതുപോലെ ആവശ്യാനുസരണം നിവര്‍ന്നുനില്‍ക്കാനും കഴിയുന്ന 'കൃത്രിമമുട്ടി' (Artificial Knee Joint) ന്റെ പേര് 'ജെനിയം' (Genium) എന്നാണ്. വലിയ 'ഫ്രിഡ്ജി'ന്റെ വലുപ്പമുള്ള ഡയാലിസിസ് യന്ത്രത്തെ, ഒരു കാപ്പിക്കപ്പിന്റെ അത്രയും വലുപ്പത്തിലേക്ക് ചുരുക്കികൊണ്ടുള്ള കൃത്രിമ വൃക്കയാണ് മറ്റൊരു അതിശയം. ഇതേ ആകൃതിയില്‍ കൃത്രിമ ഹൃദയവും കൃത്രിമമായ ആഗ്നേയഗ്രന്ഥി യും പ്ളീഹയും  'റെക്സി'ന്റെ ശരീരഭാഗങ്ങളാണ്.
നാഡീകോശങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 'കംപ്യൂട്ടര്‍ ചിപ്പു'കള്‍ ഘടിപ്പിച്ച കൃത്രിമ തലച്ചോറും 'റെക്സി'നുണ്ട്. അതുപോലെ കൃത്രിമ കണ്ണുകളും ചെവിയും. രോഗംമൂലമോ അപകടംമൂലമോ ഇത്തരം അവയവങ്ങള്‍ക്ക് കേടുപറ്റുന്നവര്‍ക്ക് മാത്രമായുള്ളതല്ല, 'റെക്സി'ന്റെ ശരീരഭാഗങ്ങളാവുന്ന ഈ 'അവയവ'ങ്ങളെന്ന് ശാസ്ത്രജ്ഞര്‍ . ഇന്ദ്രിയപരമായ പരിമിതികള്‍ കടന്നുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇവ ഉപയോഗിക്കാമത്രെ. സ്വയം ഒരു 'ജൈവ-യന്ത്ര മനുഷ്യ'നായി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്.... അതിനും പരീക്ഷണങ്ങള്‍ തുടരുകയാണ്.

(The article in print-form was published in Kilivathil- the Science Pull-out of Deshabhimani dated 7 February 2013)