
മനുഷ്യന്റെ ഏറ്റവും അടുത്തുള്ള പൂര്‍വികരിലൊരാളായ 'നിയാന്‍ഡെര്‍താല്‍ മനുഷ്യ'ന്റെ (Neanderthal Man) സമ്പൂര്‍ണ ജനിതകം അനാവൃതമായി. ജര്‍മനിയിലെ മാക്സ്പ്ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. ഇതാദ്യമായാണ് ഒരു മനുഷ്യപൂര്വിക ഫോസിലിന്റെ സമ്പൂര്‍ണ ജനിതകം അനാവൃതമാവുന്നത്. മനുഷ്യന്റെ സമ്പൂര്‍ണ ജനിതകം അനാവൃതമാക്കിയ 'ഹ്യൂമന്‍ ജീനോം പ്രോജക്ട്' (Human Genome Project). പൂര്‍ത്തീകരിക്കപ്പെട്ടതിന്റെ 10-ാം വാര്ഷികത്തിലേതാണ് ഈ നേട്ടം. 2003 ഏപ്രിലിലാണ് 'ഹ്യൂമന്‍ ജിനോം പ്രോജക്ട്' പ്രസിദ്ധീകരിക്കപ്പെട്ടത്. 2013 മാര്‍ച്ച് 19ന് നിയാന്‍ഡെര്‍താല്‍ ജനിതകവും. .
തെക്കന്‍ സൈബീരിയയിലെ 'ഡെനിസോവ ഗുഹ' (Denisovan Cave) യില്‍നിന്നു ലഭിച്ച ഫോസിലിലെ ഡിഎന്‍എ ആണ് ഇതിനായി ഉപയോഗിച്ചത്. 0.038 ഗ്രാം ഭാരമുള്ള കാല്‍വിരലിലെ അസ്ഥിയില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എയെയാണ് സമ്പൂര്‍ണ ജനിതക വിശകലനത്തിനായി ഉപയോഗിച്ചത്. 2010ല്‍, നിയാന്‍ഡെര്‍താല്‍ മനുഷ്യരുടേതായ മൂന്ന് തള്ളവിരലുകളില്നിന്നുള്ള ഡിഎന്‍എയെ വിശകലനംചെയ്യുന്നതിലുടെ, നിയാന്‍ഡെര്‍താല്‍ മനുഷ്യന്റെ 'കരടു ജനിതകരേഖ' (Draft Genome) രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോഴുള്ളത് ഒരൊറ്റ നിയാന്‍ഡെര്‍താല്‍ മനുഷ്യന്റെ കാല്‍വിരല്‍ അസ്ഥിയില്‍നിന്നു വേര്‍തിരിച്ച ഡിഎന്‍എയെ അടിസ്ഥാനമാക്കിയള്ള ജനിതകശ്രേണീരൂപമാണ്. ഇതും പുതിയ പഠനത്തെ ഏറെ ശ്രദ്ധേയമാക്കുന്നു.
ജര്‍മനിയിലെ 'നിയാന്‍ഡെര്‍താല്‍ താഴ്വര' (Neanderthal Valley) യില്‍നിന്നു കണ്ടെടുത്തതിനാലാണ് 'നിയാണ്ടെര്താല് മനുഷ്യന്' ആ പേരില്‍ അറിയപ്പെടുന്നത്. ചുണ്ണാമ്പുകല്ലുകള്‍ വെട്ടിയെടുക്കുന്ന സ്ഥലമായിരുന്നു 'നിയാന്‍ഡര്‍താല്‍ താഴ്വര'. തലയോട്ടിയും തുടയെല്ലുകളും വാരിയെല്ലും മറ്റുമായിരുന്നു അന്ന് ലഭിച്ചത്. പക്ഷേ, അവ കരടിയുടെ അസ്ഥികളാണെന്നു കരുതി പര്യവേക്ഷകര്‍ അവ ഉപേക്ഷിച്ചുപോയി. 1856 ആഗസ്തിലായിരുന്നു ഈ കണ്ടെത്തല്‍. എന്നാല്‍, തിരിച്ചറിയാന്‍ വൈകിയതുകാരണം 1857ലാണ്, മനുഷ്യപൂര്വിക ഫോസിലുകളായി ഇവ അംഗീകരിക്കപ്പെട്ടത്.

അതിനുശേഷം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഏഷ്യയുടെ പശ്ചിമ-മധ്യ ഭാഗങ്ങളില്‍നിന്നും അനവധി നിയാന്‍ഡെര്‍താല്‍ ഫോസിലുകള്‍ ലഭിച്ചു. ഇവിടങ്ങളില്‍നിന്നെല്ലാമായി ഏകദേശം നാനൂറിലധികം നിയാന്‍ഡെല്‍താല്‍ ഫോസിലുകള്‍ പരിണാമ ശാസ്ത്രജ്ഞരുടെ കൈവശമുണ്ട്. ഇവയുടെയെല്ലാം പരിശോധനയിലൂടെയും പഠനത്തിലൂടെയുമാണ് നിയാന്‍ഡെല്‍താല്‍ മനുഷ്യരുടെ സ്വഭാവവിശേഷങ്ങള്‍, ജീവിതരീതി തുടങ്ങിയവ സംബന്ധിച്ചുള്ള അനുമാനങ്ങള്‍ ഇന്ന് രൂപപ്പെടുത്തിയിട്ടുള്ളത്.

ഇന്നേക്കും മൂന്നുലക്ഷം വര്‍ഷംമുമ്പാണ് 'നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍' യൂറോപ്പിലും ഏഷ്യയിലുമായി ജീവിച്ചിരുന്നതെന്നു കരുതുന്നു. ആറുലക്ഷം വര്‍ഷം പഴക്കമുള്ള നിയാന്‍ഡെര്‍താല്‍ ഫോസിലുകള്വരെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആധുനിക മനുഷ്യരെക്കാള്‍ ബലിഷ്ടമായ ശരീരത്തോകൂടിയവയായിരുന്നു 'നിയാന്‍ഡെര്‍താല്‍ മനുഷ്യരെ'ന്നാണ് കരുതപ്പെടുന്നത്. അസാമാന്യ കരുത്തുള്ള കൈകളായിരുന്നു ഇവരുടെ മുഖ്യ സവിശേഷത. എന്നാല്‍, ഈ കരുത്തിന് ആനുപാതികമായ ബുദ്ധിവളര്‍ച്ച ഇല്ലാത്തവരായിരുന്നു 'നിയാന്‍ഡെര്‍താല്‍ മനുഷ്യരെ'ന്നാണ് ഏറെക്കാലം കരുതപ്പെട്ടിരുന്നത്.
എന്നാല്‍, 2008ല്‍ നടന്ന പഠനങ്ങള്‍ ഈ ധാരണ തെറ്റാണെന്നു തെളിയിക്കുകയുണ്ടായി. ജനനസമയം, നിയാന്‍ഡെര്‍താല്‍ ശിശുക്കളുടെ മസ്തിഷ്കവലുപ്പം മനുഷ്യശിശുക്കളോട് തുല്യമായിരുന്നുവെന്നാണ് ഗവേഷണങ്ങള്‍ തെളിയിച്ചത്. മാത്രമല്ല, മുതിര്ന്നവരിലെത്തുമ്പോള്, മനുഷ്യരെക്കാള്‍ വലിയ തലച്ചോറിന്റെ ഉടമകളുമായിരുന്നു നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍. ആധുനിക മനുഷ്യരെക്കാള്‍ ബുദ്ധിപരമായി താഴ്ന്നുനില്ക്കുന്നവരായിരുന്നു നിയാന്‍ഡെര്‍താലുകള്‍ എന്ന ധാരണ തിരുത്തുന്നതായിരുന്നു ഈ കണ്ടെത്തലുകള്‍. കല്ലുകൊണ്ടുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിലും നിയാന്‍ഡെര്‍താലുകള്‍ വിദഗ്ധരായിരുന്നുവെന്നാണ് വിലയിരുത്തുന്നത്.
എന്നാല്‍,ഇതില്നിന്നെല്ലാംവ്യത്യസ്തമായ ചില ചോദ്യങ്ങളായിരുന്നു നിയാന്‍ഡെര്‍താല്‍ മനുഷ്യന്റെ സമ്പൂര്‍ണ ജനിതകവിശകലനം അനിവാര്യമാക്കിയത്. നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. പക്ഷേ, അവയുടെ വംശനാശം എന്നാണ് സംഭവിച്ചതെന്ന് കൃത്യമായി പറയാന്‍ ശാസ്ത്രജ്ഞര്‍ക്കു കഴിഞ്ഞിട്ടില്ല.
ഏകദേശം 80,000 വര്‍ഷം മുമ്പ്, യൂറോപ്പില്‍ കഴിഞ്ഞിരുന്ന നിയാന്‍ഡെര്‍താല്‍ മനുഷ്യര്‍, ആഫ്രിക്കയില്‍നിന്നു വന്നെത്തിയ ആദിമനുഷ്യരുമായി വംശസങ്കരണത്തിന് വിധേയരായി എന്നതാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണങ്ങളിലൊന്ന്. ഇതിലൂടെ ആധുനികമനുഷ്യരില്‍ ലയിക്കുകയായിരുന്നു നിയാന്ഡെര്താലുകളുടെ വംശമെന്ന് ഒരു സങ്കല്‍പ്പമുണ്ട്. ഇത് ശരിവയ്ക്കുന്നതായിരുന്നു സമ്പൂര്‍ണ ജനിതകശ്രേണീ പഠനത്തിലൂടെ ലഭ്യമായ തെളിവുകള്‍. ആധുനിക മനുഷ്യരുടേതായ ജീനുകള്‍, നിയാന്‍ഡെര്‍താല്‍ മനുഷ്യരിലും കാണപ്പെട്ടതാണ് ഇതിനടിസ്ഥാനം. ഒന്നുമുതല്‍ നാലുശതമാനംവരെയുള്ള ജീനുകള്‍ ഇത്തരത്തില്‍ ആധുനികമനുഷ്യരുടെ പ്രതിനിധികളായി നിയാന്‍ഡെര്‍താല്‍ മനുഷ്യരിലുണ്ട്.
(This article by me was published in Kilivathil- the Science Supplement of Deshabhimani Daily)