Monday, December 9, 2013

സ്വര്‍ണം കായ്ക്കുന്ന മരങ്ങള്‍

  • "അതിന് സ്വര്‍ണംകായ്ക്കുന്ന മരമൊന്നുമില്ലല്ലോ, എന്റെ വീട്ടില്‍" എന്ന് പലരും പറയുന്നതു കേട്ടിട്ടുണ്ടാവും. "പണം കായ്ക്കുന്ന മര"വും "സ്വര്‍ണം കായ്ക്കുന്ന മര"വും വെറും സങ്കല്‍പ്പങ്ങളാണെന്ന് അറിയാമായിരുന്നതുകൊണ്ടാവും നാളിതുവരെയും ആരും അവയെ അന്വേഷിച്ചു പുറപ്പെടാത്തത്. എന്നാല്‍, പോയവാരം, ഏറെ അതിശയത്തോടെ ലോകം ആ വാര്‍ത്ത വായിച്ചറിഞ്ഞു. സ്വര്‍ണം കായ്ക്കുന്ന മരത്തെ കണ്ടെത്തിയിരിക്കുന്നു! മരമല്ല, മരങ്ങളെത്തന്നെ!
  • പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍നിന്നാണ് ഇവ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വര്‍ണം ഇലകളിലാണ് ഉള്ളതത്രെ. പിന്നെ മരത്തിന്റെ പുറന്തൊലിയിലും. ഇത് അത്ര വിശേഷപ്പെട്ട, അപൂര്‍വ ഇനത്തില്‍പ്പെട്ട മരമൊന്നുമല്ല. നമ്മുടെ നാട്ടിലും വളരുന്ന യൂക്കാലിമരങ്ങളാണ് ഈ വിധം ഇലയിലും തൊലിയിലുംസ്വര്‍ണമുണ്ടാക്കുന്നത്.ജീവലോകത്തിലെ സ്വര്‍ണനിക്ഷേപം ചൂണ്ടിക്കാട്ടുന്ന ആദ്യ റിപ്പോര്‍ട്ട് എന്ന പ്രത്യേകതയാണ് ഈ പ്രബന്ധത്തെ ശ്രദ്ധേയമാക്കുന്നത്.                                    
    സ്വര്‍ണം നിറയുന്ന ഇലകളുള്ള ഈ യൂക്കാലിമരങ്ങള്‍ വളരുന്ന പ്രദേശം പണ്ടുമുതല്‍ക്കേ സ്വര്‍ണനിക്ഷേപത്തിനു പേരുകേട്ടതാണ്. എന്നാല്‍, സ്വര്‍ണം ഖനനംചെയ്തെടുക്കുന്നതിലെ അധിക സാമ്പത്തികച്ചെലവു കണക്കിലെടുക്കപ്പെട്ടതിലൂടെ ഇവിടം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ട മട്ടിലാണ്. ഭൗമനിരപ്പില്‍നിന്ന് 30 മീറ്ററോളം ആഴത്തിലാണ് ഇവിടെയുള്ള സ്വര്‍ണനിക്ഷേപങ്ങള്‍ കിടക്കുന്നത്. എന്നാല്‍ 40 മീറ്ററോളം ആഴത്തില്‍ വളരുന്ന വേരുകളുള്ള യൂക്കാലിമരങ്ങള്‍, മണ്ണില്‍നിന്ന് ജലവും ലവണങ്ങളും വലിച്ചെടുക്കുന്നതോടൊപ്പം, സ്വര്‍ണത്തിന്റെ ചെറുകണികകളെയും വലിച്ചെടുക്കുകയായിരുന്നു.

    പക്ഷേ, ചെടികളെ സംബന്ധിച്ചിടത്തോളം സ്വര്‍ണമെന്ന മൂലകത്തിന്റെ ഏതൊരു രൂപവും "സഹിച്ചുകൂടാനാവാത്ത" വിഷമാണ്. അതിനാല്‍, യൂക്കാലിമരങ്ങള്‍ അവയെ ഇലകളിലേക്കു തള്ളിവിട്ടു. ഇല പൊഴിയുമ്പോള്‍, "വിഷമയ"മായ സ്വര്‍ണവും പുറന്തള്ളപ്പെടും. അതായിരുന്നു ലക്ഷ്യം. ഈ സ്വര്‍ണമാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കു കിട്ടിയിരിക്കുന്നത്.ഓസ്ട്രേലിയയിലെ "കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷ"നിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്.
    യൂക്കാലിമരങ്ങളുടെ ഇലകളും ചെറുചില്ലകളും പുറന്തൊലിയും ശേഖരിച്ച അവര്‍, അതിനെ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കി. സിന്‍ക്രോട്രോണ്‍ എന്ന സാങ്കേതിക സംവിധാനത്തെയാണ് പരിശോധനയ്ക്കായി ഉപയോഗിച്ചത്. അവിശ്വസനീയമായിരുന്നു ഫലം. ഇലകളില്‍ 80പിപിഎം (പാര്‍ട്സ് പെര്‍ മില്യണ്‍) എന്ന കണക്കില്‍ സ്വര്‍ണം അടങ്ങിയിരിക്കുന്നു. നേരിയ തോതില്‍ (4 പിപിഎം) പുറന്തൊലിയിലും. എത്തിച്ചേരാന്‍ കഴിയാത്ത ആഴത്തില്‍ കിടന്ന സ്വര്‍ണത്തെ, പ്രകൃതിതന്നെ പുറത്തെത്തിച്ചിരിക്കുന്നുവെന്നു സാരം!
  • നിലമ്പൂരിന്റേയും അട്ടപ്പാടിയുടേയും വിവിധ ഭാഗങ്ങളില്‍ സ്വര്‍ണ്ണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ വയനാടിന്റെ വിവിധ ഭാഗങ്ങളിലും. ഓസ്ട്രേലിയയിലും മറ്റും 20 ടണ്‍ മണ്ണില്‍ 1 ഗ്രാം എന്ന കണക്കില്‍ സ്വര്‍ണ്ണം കാണപ്പെടുമ്പോള്‍ അട്ടപ്പാടിയില്‍ അത് ഒരു ടണ്‍ മണ്ണില്‍ 15 ഗ്രാം എന്ന കണക്കിലാണ്. നിലമ്പൂര്‍ മേഖലയാകെ ഒരു ടണ്‍ മണ്ണില്‍ 1/2 ഗ്രാം എന്ന കണക്കിലും. ചാലിയാറിന്റേയും പുന്നപ്പുഴയുടേയും തീരങ്ങളിലും സ്വര്‍ണ്ണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വളരുന്ന മരങ്ങളുടെ ഇലകളില്‍നിന്നും സ്വര്‍ണ്ണം വേര്‍തിരിക്കാനുള്ള സാധ്യത പഠവിധേയമാക്കാവുന്നതാണ്. 
  •  "നേചര്‍ കമ്യൂണിക്കേഷന്‍സ്" എന്ന ഗവേഷണ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 
  • Link to Original Paperhttp://www.nature.com