Thursday, November 21, 2013

ചൊവ്വയിലെ മീഥേന്‍: ജീവന്റെ കൈയ്യൊപ്പോ?

ഇന്ന് നമ്മള്‍ കാണുന്ന ചൊവ്വ, ഒരു "ശ്മശാനഭൂമി"യാണോ? എന്നുവെച്ചാല്‍ മുമ്പെങ്ങോ ഒരു നാഗരികതയും സംസ്കാരവും നിലനിന്ന ഒരു ഭൂമി? കാലാന്തരത്തിലെങ്ങോ, ജീവന്റെ നിലനില്‍പ്പ് അസാധ്യമായിത്തീര്‍ന്നതിനെത്തുടര്‍ന്ന് എല്ലാം തകര്‍ന്നടിഞ്ഞ്, നശിച്ച്, വെണ്ണീറായിപ്പോയ ഭൂമി? എങ്കില്‍ അന്നത്തെ ജീവാംശത്തിന്റെ ബാക്കിയായി എന്തെങ്കിലും, ഒരു ചെറിയ സൂചനയെങ്കിലും അവിടെ അവശേഷിച്ചിട്ടുണ്ടാവില്ലേ? ഇതൊന്നും ഭാവനയില്‍ മാത്രം അടിയുറയ്ക്കുന്ന ചോദ്യങ്ങളല്ല.

വളരെകാലംമുമ്പ്, അതായത്, ഇന്നേയ്ക്ക് 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വയ്ക്ക് ഭൂമിയുടേതുപോലെയുള്ള കട്ടിയുള്ള ഒരു അന്തരീക്ഷം ഉണ്ടായിരുന്നുവത്രെ. അന്തരീക്ഷം മാത്രമല്ല, ദ്രാവകരൂപത്തിലുള്ള ജലവും. അത് ചൊവ്വയുടെ പ്രതലത്തിലൂടെ ഒഴുകിയിരുന്നു, നദികള്‍പോലെ. ഒരുപക്ഷേ, കെട്ടിക്കിടന്നിട്ടുണ്ടാവാം, തടാകംപോലെ, സമുദ്രംപോലെ. ജലമുണ്ടെങ്കില്‍ ജീവനുമുണ്ടാവാമെന്നാണ്. കാരണം, ഭൂമിയില്‍ അങ്ങനെയായിരുന്നല്ലോ. കടലിലാണല്ലോ സൂക്ഷ്മജീവികളെപ്പോലെ ജീവന്‍ ഉത്ഭവിക്കുകയും പിന്നീടത് കരയിലേക്കു പടരുകയും ചെയ്തത്.
എന്നാലിപ്പോള്‍ ചൊവ്വയില്‍ ജലമില്ല. തീരെ നേര്‍ത്തതെന്നു പറയാമെങ്കിലും പറയത്തക്ക അന്തരീക്ഷമില്ല. ഇതിനിടയ്ക്ക് എന്താണ് സംഭവിച്ചത്? ചൊവ്വയിലെ ജലമെല്ലാം എങ്ങോട്ടുപോയി? ഇതേക്കുറിച്ചെല്ലാം പഠിക്കാനാണ് നാസയുടെ "മാവെന്‍" (MAVEN: Mars Atmosphere and Volatile Evolution Mission) പുറപ്പെട്ടതും. ചൊവ്വയുടെ ഉപരിതലത്തില്‍നിന്ന് ജലം നഷ്ടമായതെങ്ങനെ? അത് ബാഷ്പരൂപത്തിലാണോ നഷ്ടമായത്? ചൊവ്വയുടെ അന്തരീക്ഷത്തിന് എന്തെങ്കിലും തരത്തിലുള്ള പരിണാമം സംഭവിച്ചിട്ടുണ്ടോ? ഇതൊക്കെയാണ്  "മാവെന്‍" അന്വേഷിക്കുന്നത്.

ശാസ്ത്രജ്ഞര്‍ക്കിടയില്‍ അംഗീകരിക്കപ്പെട്ട പ്രബലമായ ഒരു സിദ്ധാന്തം അനുസരിച്ച്, ചൊവ്വയിലെ അന്തരീക്ഷത്തിന്റെ രൂപവും ഭാവവും മാറ്റിമറിച്ചത്, ചൊവ്വയുടെ കാന്തികമണ്ഡലത്തിനുണ്ടായ ബലക്ഷയമാണ്. കാന്തികമണ്ഡലത്തിന്റെ ശക്തിക്ഷയിപ്പിച്ചതാകട്ടെ, ചൊവ്വയില്‍ നിരന്തരമായി വന്നടിച്ചുകൊണ്ടിരിക്കുന്ന "സൗരവാത" ങ്ങളുടെ പ്രഭാവവും. മണിക്കൂറില്‍, ദശലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ചാര്‍ജിതകണങ്ങളുടെ പ്രവാഹമാണ് "സൗരവാതങ്ങള്‍".
നാസ-യുടെതന്നെ മുന്‍ ചൊവ്വാദൗത്യങ്ങളിലൊന്നായ "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍"' (Mars Global Surveyor), ചൊവ്വയുടെ കാന്തികമണ്ഡലത്തിന്റെ ശക്തികുറയുന്നത് ഇപ്പോഴും തുടരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാന്തികമണ്ഡലത്തിന്റെ ശക്തി കുറഞ്ഞുവരുന്നതിന്റെ തോതും "മാര്‍സ് ഗ്ലോബല്‍ സര്‍വേയര്‍" കണ്ടെത്തിയിരുന്നു. ഇതു മുന്‍നിര്‍ത്തിയുള്ള കണക്കുകൂട്ടലിലൂടെയാണ് ഇന്നേയ്ക്കും 4000 ദശലക്ഷം വര്‍ഷംമുമ്പ്, ചൊവ്വ മറ്റൊരു "ഭൂമി"യായിരുന്നുവെന്ന സങ്കല്‍പ്പനം ശാസ്ത്രജ്ഞര്‍ അവതരിപ്പിക്കുന്നത്.

ഇതു ശരിയാണോ എന്ന് ഉറപ്പിക്കുക മാത്രമാണ് "മാവെന്‍" ദൗത്യത്തിന്റെ ജോലി. ഇതിനായി ആറ് നിരീക്ഷണോപകരണങ്ങള്‍ "മാവെനി"ല്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍പ്പെടാതെ വേറിട്ടുനില്‍ക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഉപകരണവും "മാവെനി"ലുണ്ട്. "ചൊവ്വയിലെ ജീവന്റെ കൈയൊപ്പ്" എന്നു വിശേഷിപ്പിക്കുന്ന മീഥേന്‍  വാതകം, യഥാര്‍ഥത്തില്‍ അങ്ങനെയുള്ള ഒരു സൂചകംതന്നെയാണോ എന്നു വ്യക്തമായി തിരിച്ചറിയുകയാണ് NGIMS (Neutral Gas and Ion Mass Spectrometer) എന്ന് പേരുള്ള ഈ ഉപകരണത്തിന്റെ ജോലി.
ചൊവ്വയുടെ അന്തരീക്ഷത്തില്‍ ഉള്ളതായി കണ്ടെത്തപ്പെട്ടിരിക്കുന്ന മീഥേന്‍, സൂക്ഷ്മജീവികളില്‍നിന്നുള്ളതാണെങ്കില്‍, അതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ് 'കാര്‍ബണ്‍ 12' ആയിരിക്കും. തികച്ചും രാസപരമായ പ്രവര്‍ത്തനങ്ങള്‍മൂലവും മീഥേന്‍ ഉത്പാദിപ്പിക്കപ്പെടാം.എങ്കില്‍ അതില്‍ കാര്‍ബണിന്റെ മറ്റൊരു ഐസോടോപ്പായ 'കാര്‍ബണ്‍14'  ആയിരിക്കും. ഇത് തിരിച്ചറിയുന്നതിനുള്ള ഉപകരണമാണ് NGIMS. മീഥേന്‍ ഉണ്ടോ ഇല്ലയോ എന്ന് തിരിച്ചറിയുന്നതിനുള്ള 'മീഥേന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ്' (Methane Sensor for Mars)  എന്ന ഉപകരണം മാത്രമേ മംഗള്‍യാനിലുള്ളൂ.

The Print Edition of this article was published in 'Kilivathil', the Science Supplement of Deshabhimani Daily.