Friday, January 3, 2014

ശാസ്ത്രം@2013

  • 2013 ജനുവരി 8: ഡച്ച് കമ്പനിയായ "മാര്‍സ് വണ്‍", ചൊവ്വയിലേക്ക് സ്ഥിരതാമസത്തിനായി ആളുകളെ കയറ്റി അയക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. 2022ലാകും ചൊവ്വായാത്രികരുടെ ആദ്യസംഘം ഭൂമിയില്‍നിന്നു യാത്രതിരിക്കുക. ഇവര്‍ക്ക് ചൊവ്വയില്‍ സ്ഥിരമായി താമസിക്കുന്നതിനുള്ള എല്ലാ സൗകര്യവും "മാര്‍സ് വണ്‍" കമ്പനിതന്നെ അവിടെ ഒരുക്കുന്നുണ്ട്.
  • 2013 ജനുവരി 12: 2012ല്‍ "ദൈവകണ"(Higgs Boson) ത്തിന്റെ കണ്ടെത്തലിലൂടെ ലോകപ്രശസ്തമായ സേണ്‍ പരീക്ഷണശാലയിലെ "കണികാത്വരകയന്ത്രം"  താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തുന്നതായി സേണ്‍ അധികൃതര്‍ പ്രഖ്യാപിച്ചു. 18 മാസത്തിനുശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് തീരുമാനം. പുതുക്കല്‍ പ്രവൃത്തികള്‍ക്കായാണ് അടച്ചിടല്‍.
  • 2013 ഫെബ്രുവരി 19: "ബുദ്ധന്‍ ചിരിക്കുന്നു" (Operation Smiling Budha) എന്ന പേരില്‍ 1974 മെയ് 18ന് ഇന്ത്യ നടത്തിയതായി പറയുന്നആദ്യത്തെ ആണവപരീക്ഷണം യഥാര്‍ഥത്തില്‍ പരാജയമായിരുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടന. രാജസ്ഥാനിലെ പൊക്രാനില്‍ നടത്തിയ ആണവപരീക്ഷണം, അതില്‍നിന്നുള്ള ഊര്‍ജമാത്രയുടെ അടിസ്ഥാനത്തിലാണ് പരാജയമായി കണക്കാക്കുന്നതത്രെ.
    • 2013 ഫെബ്രുവരി 23: "ചാന്ദ്രയാനി"ന്റെ തുടര്‍ദൗത്യമായ "ചാന്ദ്രയാന്‍-2",റഷ്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ "റോസ്കോമോസു"മായുള്ള സംയുക്ത ഗവേഷണ പദ്ധതിയാക്കാന്‍ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയുടെ ആദ്യത്തെ "മൂണ്‍ലാന്‍ഡര്‍" (Moon Lander) ആണ് "ചാന്ദ്രയാന്‍-2" (അതായത് ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുകയും സഞ്ചരിക്കുകയും ചെയ്യാന്‍കഴിയുന്ന വാഹനം).
      • 2013 മാര്‍ച്ച് 4: ഭൂമിയില്‍നിന്ന് ഏറ്റവും അകലേക്ക് യാത്രചെയ്യുന്ന മനുഷ്യനിര്‍മിത വാഹനം എന്ന ബഹുമതി "വോയേജര്‍ 1"  എന്ന പര്യവേക്ഷണവാഹനം കരസ്ഥമാക്കിയതായി "നാസ" അറിയിച്ചു. 1977 സെപ്തംബര്‍ അഞ്ചിന് വിക്ഷേപിച്ച "വോയേജര്‍-1" ഇപ്പോള്‍ സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിട്ടതായാണ് കണക്കാക്കുന്നത്. ഭൗമേതര ജീവസമൂഹങ്ങളെ കണ്ടെത്തുകയാണ് "വോയേജര്‍-1"ന്റെ ലക്ഷ്യങ്ങളിലൊന്ന്. 
    • 2013 മാര്‍ച്ച് 27: ഭൂമിയുടെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ടിബറ്റന്‍പീഠഭൂമി യിലെ മഞ്ഞുമലകള്‍ ഉരുകാന്‍തുടങ്ങുന്നതായി പഠനം. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള "കാര്‍ബണ്‍ മലിനീകരണ"മാണ് ഇതിന് ഇടയാക്കുന്നത്. മഞ്ഞുരുക്കം, ടിബറ്റില്‍നിന്ന് ഉത്ഭവിക്കുന്ന നദികളിലെ ജലവിതാനത്തില്‍ മാറ്റമുണ്ടാക്കുമെന്നതിനാല്‍, ഇതുമൂലം ഗുരുതരമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.
    • 2013 ഏപ്രില്‍ 15: "തമോദ്രവ്യം", "ശ്രാമദ്രവ്യം" എന്നീ പേരുകളില്‍ അറിയപ്പെടുന്ന "ഡാര്‍ക്ക്മാറ്റര്‍" അഥവാ "കാണാന്‍ കഴിയാത്ത ദ്രവ്യം" യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നതായി ശാസ്ത്രജ്ഞര്‍ക്ക് സൂചന ലഭിച്ചു. തമോദ്രവ്യ സാന്നിധ്യത്തിന്റെ സൂചനയായി കരുതുന്ന "വിമ്പ്" (Weakly Interracting Massiv Particles) സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞതിലൂടെയാണിത്.
    2013 ഏപ്രില്‍ 24: ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ് (Hubble Space Telescope) അതിന്റെ 23-ാം വാര്‍ഷികം ആചരിച്ചു. 1990 ഏപ്രില്‍ 24നാണ്, ഹബ്ബിള്‍ സ്പെയ്സ് ടെലസ്കോപ്പ് വിക്ഷേപിച്ചത്. അമേരിക്കന്‍ ജ്യോതിശാസ്ത്രജ്ഞനായ എഡ്വിന്‍ ഹബ്ബിളി ന്റെ ബഹുമാനാര്‍ഥമാണ് ഈ ബഹിരാകാശ ദൂരദര്‍ശിനിക്ക്, അദ്ദേഹത്തിന്റെ പേരു നല്‍കിയത്. പ്രപഞ്ചം വികസിക്കുന്നു എന്നതിന് ആദ്യത്തെ തെളിവു നല്‍കിയത് ഇദ്ദേഹമാണ്.

    2013 മെയ് 5: ചൊവ്വയിലേക്ക് രണ്ടു ബഹിരാകാശ ദൂരദര്‍ശിനികളെ അയക്കാന്‍ തീരുമാനിച്ചതായി "നാസ" പ്രഖ്യാപിച്ചു. ചൊവ്വയെ ചുറ്റിസഞ്ചരിച്ചുകൊണ്ടാകും ഇവ നിരീക്ഷണം നടത്തുന്നത്. "മാര്‍സ് ഓര്‍ബിറ്റിങ് സ്പെയ്സ് ടെലസ്കോപ്പ്"  എന്നാണ് ഒന്നിന്റെ പേര്. മറ്റേതിന്റെ പേര് "വൈഡ് ഫീല്‍ഡ് ഇന്‍ഫ്രാറെഡ് സര്‍വേ ടെലസ്കോപ്പ്  എന്നും.

    • 2013 ജൂണ്‍ 6: കാന്തികശക്തികൊണ്ട് പാളത്തില്‍ ഉയര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന ട്രെയിന്‍, അഥവാ മഗ്ലെവ് ട്രെയിനിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യ പരീക്ഷണഓട്ടം ജപ്പാന്‍ വിജയകരമായി നടത്തി. മണിക്കൂറില്‍ 500 കിലോമീറ്ററാണ് ഈ ട്രെയിനിന്റെ വേഗം. 2027 ലാകും ഈ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായും തുടങ്ങുന്നത്.

    2013 ജൂലൈ 15: നെപ്ട്യൂണിന് പുതിയൊരു ഉപഗ്രഹംകൂടി ഉള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളുടെ എണ്ണം ഇതോടെ 14 ആയി മാറി. ട/2004 ച1 എന്നാണ് പുതിയ ഉപഗ്രഹത്തിന് പേരു നല്‍കിയിരിക്കുന്നത്. മാര്‍ക്ക് ഷോവാള്‍ട്ടര്‍ എന്ന അമേരിക്കന്‍ വാനനിരീക്ഷകനാണ് നെപ്ട്യൂണിന്റെ ഉപഗ്രഹങ്ങളില്‍ ഏറ്റവു ചെറുതായ ഇതിനെ കണ്ടെത്തിയത്.
    • 2013 ജൂലൈ 17: ലോകത്തിലെ ഏറ്റവും വലിയ വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. സാധാരണ മൈക്രോസ്കോപ് ഉപയോഗിച്ചുപോലും കാണാന്‍കഴിയുന്നു എന്നതാണ് "പാന്‍ഡോറാ വൈറസ്" (Pandora Virus) എന്നു പേരിട്ട ഇതിന്റെ പ്രത്യേകത. ഈ വൈറസിന്റെ രണ്ട് ഇനങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
    2013 ആഗസ്ത് 7: വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലൊന്നായ ടൈറ്റനി ല്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവാമെന്ന് "നാസ". "ടൈറ്റന്" അടുത്തുകൂടി പറന്ന "ഗലീലിയോ" എന്ന പര്യവേക്ഷണദൗത്യം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. "ടൈറ്റനി"ലിറങ്ങുന്ന ഒരു പര്യവേക്ഷണദൗത്യം അയക്കാനും "നാസ"യ്ക്ക് പദ്ധതിയുണ്ട്.
    • 2013 ആഗസ്ത് 30: ഇന്ത്യയുടെ ആദ്യത്തെ സമ്പൂര്‍ണ സൈനിക ഉപഗ്രഹമായ "രുക്മിണി" ഫ്രഞ്ച് ഗയാനയില്‍നിന്നു വിക്ഷേപിച്ചു. ഭൂസ്ഥിര ഉപഗ്രഹമായി പ്രവര്‍ത്തിക്കുന്ന ഇത് ഇന്ത്യന്‍ മഹാസമുദ്രമേഖലയിലുള്ള ഇന്ത്യന്‍ നാവികസേനയുടെ നിരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കും. ഈ പരമ്പരയിലെ അടുത്ത ഉപഗ്രഹം ഇന്ത്യ അടുത്തുതന്നെ വിക്ഷേപിക്കും.
    2013 സെപ്തംബര്‍ 9: ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ ഏറ്റവും പുതിയ പര്യവേക്ഷണദൗത്യമായ "ലാഡീ"  വിക്ഷേപിച്ചു. "ലൂണാര്‍ അറ്റ്മോസ്ഫിയര്‍ ആന്‍ഡ് ഡസ്റ്റ് എന്‍വിറോണ്‍മെന്റ് എക്സ്പ്ലോറര്‍" എന്നതാണ് പൂര്‍ണരൂപം. ചന്ദ്രനെ വലംവയ്ക്കുന്നതരത്തിലാണ് ഇത് സംവിധാനം ചെയ്തിട്ടുള്ളത്.
    • 2013 ഒക്ടോബര്‍ 12: "ജപ്പാന്‍ജ്വര" ത്തിനെതിരെ ഫലപ്രദമാവുന്ന ലോകത്തിലെ ആദ്യ വാക്സിനായി SA 14-14-2 നെ ലോകാരോഗ്യസംഘടന അംഗീകരിച്ചു. "പാത്ത്"  എന്ന സന്നദ്ധസംഘടനയുടെ സാമ്പത്തികസഹായത്തോടെ ചൈനയാണ് ഇതു നിര്‍മിക്കുന്നത്.
    2013 നവംബര്‍ 6 : ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണദൗത്യമായ "മംഗള്‍യാന്‍" അഥവാ "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍"  ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്നു വിജയകരമായി വിക്ഷേപിച്ചു. 2014 സെപ്തംബര്‍ 24നാകും "മംഗള്‍യാന്‍" ചൊവ്വയിലെത്തുക. പിഎസ്എല്‍വി റോക്കറ്റായിരുന്നു  വിക്ഷേപണത്തിന് ഉപയോഗിച്ചത്.
    2013 നവംബര്‍ 18: "മാവെന്‍ "  എന്ന പേരുള്ള അമേരിക്കന്‍ പര്യവേക്ഷണവാഹനം ചൊവ്വയിലേക്ക് യാത്രതിരിച്ചു. "മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വോളറ്റൈല്‍ ഇവല്യൂഷന്‍"  എന്നതാണ് "MAVEN" എന്നതിന്റെ പൂര്‍ണരൂപം. 2014 സെപ്തംബര്‍ 22ന് "മാവെന്‍" ചൊവ്വയില്‍ എത്തുമെന്നാണ് കരുതുന്നത്.
  • 2013 ഡിസംബര്‍ 16: ചൈനയുടെ "ചാങ് ഇ 3"  എന്ന ചാന്ദ്രപര്യവേക്ഷണ ദൗത്യം വിജയകരമായി ചന്ദ്രനിലെത്തി. മാതൃവാഹനത്തില്‍നിന്ന്, ജേഡ് എന്ന പേരുള്ള ചാന്ദ്രവാഹനം  ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഇറക്കുന്നതിലും ചൈന വിജയിച്ചു. ഇതോടെ, ചന്ദ്രനില്‍ വാഹനമിറക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന.
  • Print Edition of this was published in Kilivathil, Deshabhimani dt. 2nd January 2014. Linkhttp://www.deshabhimani.com