Monday, January 20, 2014

2014: ക്രിസ്റ്റലോഗ്രാഫിയുടെ വര്‍ഷം

അരിപ്പൊടിക്കോലങ്ങളില്‍ എന്തെങ്കിലും ശാസ്ത്രമുണ്ടോ? ഉണ്ടെന്നാണ് യുനെസ്കോ പറയുന്നത്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ടശേഷം, അതില്‍നിന്നുണ്ടാവുന്ന നിഴലുകളെ നോക്കിയാല്‍, നമുക്ക് കോലമെഴുത്തിലെപ്പോലുള്ള രൂപങ്ങളെ കാണാമത്രെ! പരലുകള്‍ക്ക് 'ക്രിസ്റ്റലുകള്‍' (Crystals) എന്നാണ് ഇംഗ്ലീഷില്‍ പേര്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ട്, അതിന്റെ ഉള്‍ഘടന പഠിക്കാനായി നടത്തുന്ന ശ്രമമാണ് 'ക്രിസ്റ്റലോഗ്രാഫി' (Crystallography). 

ഒരു നിഴല്‍ചിത്രമാണ് നമുക്കു ലഭിക്കുക. അതാണ് 'ക്രിസ്റ്റലോഗ്രാഫ്'. ഈ ചിത്രം നോക്കിയാല്‍ നമുക്കു കാണാം, ആറ്റമുകള്‍ പരസ്പരം കൈകോര്‍ത്തുനില്‍ക്കുന്നത്. നിരനിരയായി. ചങ്ങലപോലെ മാത്രമല്ല, ത്രികോണങ്ങളായി, ചതുര്‍ഭുജങ്ങളായി. മനോഹരമായൊരു കാഴ്ചയാണത്. ഇതൊരു വെറും കൗതുകവുമല്ല. ഇന്ന് ലോകത്ത് ഏറ്റവുമധികം വികാസംപ്രാപിച്ച ശാസ്ത്ര-സങ്കേതമാണ് 'ക്രിസ്റ്റലോഗ്രാഫി'. ഈ വര്‍ഷത്തെ, 2014നെ, യുനെസ്കോ, ഈ സങ്കേതത്തിന്റെ വര്‍ഷമായാണ് പ്രഖ്യാപിക്കുന്നത്- ക്രിസ്റ്റലോഗ്രാഫിയുടെ വര്‍ഷം - International Year of Crystallography
'ക്രിസ്റ്റലോഗ്രാഫി' സങ്കേതം അതിന്റെ 100-ാം വാര്‍ഷികം ആചരിക്കുന്ന വേളയിലാണ് "യുനെസ്കോ" ഈ വര്‍ഷാചരണം സംഘടിപ്പിക്കുന്നത്. അത് ഒരു നോബേല്‍ സമ്മാനത്തിന്റെ കഥകൂടിയാണ്. 1914-ല്‍ ഭൗതികശാസ്ത്രത്തിനായി നല്‍കപ്പെട്ട നൊബേല്‍ സമ്മാനത്തിന്റെ കഥ. മാക്സ് വൊണ്‍ല്യൂ എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് അത് ലഭിച്ചത്. പരലുകളിലൂടെ എക്സ്റേ കടത്തിവിട്ടാല്‍, പ്രകാശത്തിനെന്നതുപോലെ അതിനും പ്രകീര്‍ണനം (Diffraction) സംഭവിക്കുമെന്നും അത് ഒരു പ്രതലത്തില്‍ പതിപ്പിച്ചാല്‍ നമുക്ക് 'ക്രിസ്റ്റലോഗ്രാഫ്' എന്ന നിഴല്‍ചിത്രം ലഭിക്കുമെന്നും ആദ്യമായി കണ്ടെത്തിയത് മാക്സ് വൊണ്‍ ല്യൂ ആയിരുന്നു. 

ഈ കണ്ടെത്തലിനായിരുന്നു 1914ലെ നൊബേല്‍ സമ്മാനം. ഈ സങ്കേതം ഉപയോഗിച്ചാല്‍, ഏതുതരം ദ്രവ്യത്തിനുള്ളിലെയും ആറ്റമുകളുടെ ഘടന, ത്രിമാനഘടന, അറിയാമെന്ന് തുടര്‍ന്നുള്ള പരീക്ഷണങ്ങളിലൂടെ രണ്ടു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. വില്യം ബ്രാഗും ലോറന്‍സ് ബ്രാഗും. ഇവര്‍ക്കായിരുന്നു അടുത്ത നോബേല്‍- 1915ലെ ഭൗതികശാസ്ത്ര നൊബേല്‍ സമ്മാനം. 
ഒരു പദാര്‍ഥത്തിനുള്ളിലെ ആറ്റങ്ങളുടെ ത്രിമാനഘടന എന്തിനറിയണം എന്ന ചോദ്യം അന്ന് പലരും ചോദിച്ചിരുന്നു. എന്നാലിന്ന്, ഈ സങ്കേതമില്ലെങ്കില്‍ രാസവ്യവസായമില്ല എന്ന അവസ്ഥയാണുള്ളത്. ഉദാഹരണമായി മരുന്നുവ്യവസായം. ചിലമരുന്നുകളുടെ ലേബലില്‍, ഒരേ രാസസംയുക്തത്തിന്റെ പേരാണ് അച്ചടിച്ചിരിക്കുന്നതെങ്കിലും, അത് രോഗം ശമിപ്പിക്കണമെന്നില്ല. കാരണം, യഥാര്‍ഥ 'ഐസോമെര്‍' രൂപമല്ല ഇതിലുള്ളത്. ഇത്തരം കള്ളത്തരങ്ങള്‍ കണ്ടുപിടിക്കാന്‍ 'ക്രിസ്റ്റലോഗ്രാഫി' സങ്കേതം ഉപയോഗിക്കാം. 
                                                                                    
ഇതുപോലെത്തന്നെ പ്രസക്തമാവുന്നതാണ് 'മിനറളോജി'(Minerology) എന്ന മറ്റൊരു മേഖല. ഒരു ലോഹം വേര്‍തിരിക്കാന്‍ കഴിയുന്നതരത്തിലുള്ള 'ലോഹധാതു'ക്കളാണ് 'അയിരുകള്‍'(Ores) എന്നറിയപ്പെടുന്നത്. എല്ലാ ലോഹധാതുക്കളും (Minerals) 'അയിരുകള്‍' ആകണമെന്നില്ല. യഥാര്‍ഥ അയിരുകള്‍, ഒരു പ്രത്യേക ക്രിസ്റ്റലീയ ഘടന ആവശ്യപ്പെടുന്നവയാണ്. അവയെ തിരിച്ചറിയാന്‍ ക്രിസ്റ്റലോഗ്രാഫി ഉപയോഗിക്കുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല. 
ഇനി ഉല്‍ക്കാശിലകളുടെ കാര്യം നോക്കുക. ഇവയുടെ ക്രിസ്റ്റലീയഘടന പഠിച്ചാല്‍, അവ ഏതു ഗ്രഹത്തില്‍നിന്നു വന്നയാണെന്ന് തിരിച്ചറിയാന്‍ പറ്റും. അല്ലെങ്കില്‍, സൗരയൂഥത്തിന്റെ ഏതു ഭാഗങ്ങളില്‍നിന്നു വന്നവയാണെന്ന് പറയാന്‍പറ്റും. 'ക്രിസ്റ്റലോഗ്രാഫി'യിലൂടെ മാത്രമേ ഇതൊക്കെയും സാധ്യമാവൂ. എന്നാല്‍ സാധാരണ ജനങ്ങള്‍ ഇതൊന്നും അറിയുന്നില്ല. അവരെ ഇതൊക്കെയും ബോധ്യപ്പെടുത്തുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. 

Website of the International Year of Crystallography: http://www.iycr2014.org

Print Edition of this was published in Kilivathil, the Science Supplement of Deshabhimani dt. 16th January 2014.