Monday, February 3, 2014

തുളസിയും നമുക്ക് നഷ്ടമാവുമോ...?

"അവര്‍ക്ക് കുരുമുളകു വള്ളിയല്ലേ കൊണ്ടുപോകാനാവൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോവാനാവില്ലല്ലോ"- എന്നുപറഞ്ഞ് ആശ്വസിച്ചത് പഴയകഥ. അമേരിക്കയിലെ ഒരു പരീക്ഷണശാലയില്‍ ജനിതകവ്യതികരണം കാത്തുകഴിയുന്ന നമ്മുടെ തുളസിച്ചെടി പറയുന്നതു മറ്റൊരു കഥ. വെസ്റ്റേണ്‍ കെന്‍ടക്കി സര്‍വകലാശാലയിലെ ഗവേഷകരാണ് തുളസിച്ചെടിയെ ജനിതകവ്യതികരണത്തിനു വിധേയമാക്കാനൊരുങ്ങുന്നത്.

തുളസിയില കൈകൊണ്ടു ഞെരടിയാല്‍, ഒരുതരം ഗന്ധം പുറത്തുവരുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവും. 'യൂജിനോള്‍' എന്ന ജൈവസംയുക്തത്തിന്റെ സാന്നിധ്യമാണ് ഇതിന് ഇടയാക്കുന്നത്. അതിവിശിഷ്ടമായ ഔഷധമാണ് 'യൂജിനോള്‍' എന്നാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഉദാഹരണമായി വന്‍കുടലിനെ ബാധിക്കുന്ന അര്‍ബുദത്തെ സുഖപ്പെടുത്താന്‍ തുളസിനീരിലുള്ള 'യൂജിനോളി'നു കഴിയുമത്രെ. അതുപോലെ സ്തനാര്‍ബുദ ത്തെ ഭേദമാക്കാനും.
റബര്‍, പ്ലാസ്റ്റിക് തുടങ്ങിയവ കാലാന്തരത്തില്‍ വിണ്ടുകീറി നശിക്കുന്നതും പൊട്ടിപ്പോവുന്നതും ഒഴിവാക്കാനും 'യൂജിനോളി'നു കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയിലൂടെയും മറ്റും ശരീരത്തിന്റെ ഭാഗമാക്കി മാറ്റപ്പെടുന്ന കൃത്രിമ അവയവങ്ങളുടെ കാര്യത്തില്‍ ഇതിന് പ്രത്യേക പ്രസക്തിയുണ്ട്. 'യൂജിനോളി'ന്റെ വന്‍തോതിലുള്ള ഉല്‍പ്പാദനമാണ് ഇതൊക്കെയും ആവശ്യപ്പെടുന്നത്. ഇതിനായുള്ള ശ്രമത്തിന്റെ ഭാഗമാണ് തുളസിയില്‍ വരുത്താനിരിക്കുന്ന ജനിതകവ്യതികരണം.

തുളസിച്ചെടിയില്‍നിന്ന് ഇപ്പോള്‍ കിട്ടുന്നതിനെക്കാള്‍ കൂടിയ അളവില്‍ 'യൂജിനോളി'നെ പുറത്തെടുക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട ഗവേഷണമാണ് കെന്‍ടക്കി സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്നത്. തുളസിച്ചെടിയില്‍ 'യൂജിനോള്‍' ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്ന ജീനിനെ കണ്ടെത്തുകയും അതിന്റെ പ്രവര്‍ത്തനമികവ് കൂട്ടിയെടുക്കുകയുമാണ് ഗവേഷണപദ്ധതിയുടെ ലക്ഷ്യം. ഇപ്പോള്‍ പ്രാഥമിക ദശയിലാണെങ്കിലും ഗവേഷണം വിജയിച്ചാല്‍, ജനിതക പരിവര്‍ത്തനം വരുത്തിയ തുളസിയാകും സൃഷ്ടിക്കപ്പെടുക. അതായത് "ജനിതക തുളസി".
അമേരിക്കന്‍ സുപ്രീം കോടതി 2013 ജൂലൈയില്‍ പുറപ്പെടുവിച്ച വിധിന്യായം അനുസരിച്ച്, ജനിതകങ്ങളെ (ജീനോമുകളെ-) പേറ്റന്റ്ചെയ്യുക സാധ്യമല്ല. അവ മനുഷ്യനിര്‍മിതമല്ലാത്തതാണ് കാരണം.പ്രകൃതിയില്‍ നേരത്തെ ഉണ്ടായിരുന്ന ഒരു കാര്യത്തെ, ഏതെങ്കിലുമൊരാള്‍ കണ്ടെത്തി എന്നുപറഞ്ഞ് അതിനെ പേറ്റന്റ്ചെയ്യുക സാധ്യമല്ലെന്നാണ് കോടതി വിധി. എന്നാല്‍, ജനിതകവ്യവസ്ഥയില്‍ കൃത്രിമമായി മാറ്റംവരുത്തുകയാണെങ്കില്‍, അത് പേറ്റന്റ് ചെയ്യാം.

ഇതിന്റെ അടിസ്ഥാനത്തില്‍, കെന്‍ടക്കി സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക്, അവര്‍ സൃഷ്ടിക്കുന്ന "ജനിതക തുളസി"യെ പേറ്റന്റ് ചെയ്യാം. ബൗധിക സ്വത്തവകാശനിയമത്തിന്റെ പേരില്‍ ഇത് ചോദ്യംചെയ്യുക സാധ്യമല്ല. തുളസിച്ചെടി ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ വളരുന്നുണ്ട്. എങ്കിലും, തുളസിയുടെ ജന്മദേശം ഇന്ത്യയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ തുളസിച്ചെടി നമ്മുടേതാണെന്നു വാദിക്കാന്‍ നമുക്കാവില്ല.
കാരണം, നമ്മുടെ നാട്ടില്‍ ഇന്നു വളരുന്ന, കൃഷിചെയ്യുന്ന അനേകം ചെടികള്‍ ഇന്ത്യയില്‍ ജനിച്ചുവളര്‍ന്നവയല്ല. ഉദാഹരണമായി, എത്യോപ്യയാണ് കാപ്പിയുടെ ജന്മദേശം. റബര്‍ വന്നത് ബ്രസീലില്‍നിന്നാണ്. കശുവണ്ടി വന്നതും അവിടെനിന്നാണ്. ഇതൊക്കെയും നൂറ്റാണ്ടുമുമ്പ് സംഭവിച്ച കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ കശുവണ്ടിയിലോ കാപ്പിയിലോ റബറിലോ നമ്മള്‍ ജനിതകവ്യതികരണത്തിനു ശ്രമിക്കുകയാണെങ്കില്‍, അതു തടയാനോ അതിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന ജനിതക ഇനത്തില്‍ അവകാശവാദം ഉന്നയിക്കാനോ ബ്രസീലിനോ എത്യോപ്യക്കോ അവകാശമില്ല.

രാജ്യാന്തരവേദികളില്‍ ഇന്ത്യ ഇക്കാര്യം പലപ്രാവശ്യം ഉന്നയിച്ചിട്ടുണ്ട്, അവകാശമുണ്ടാവണം എന്നാവശ്യപ്പെട്ടുകൊണ്ട്. എന്നാല്‍, ഈ അവകാശവാദങ്ങളൊക്കെയും പരാജയപ്പെടുകയായിരുന്നു. "ജനിതക തുളസി" സൃഷ്ടിക്കുമ്പോള്‍, ഇത്തരം ചര്‍ച്ചകള്‍ കൂടുതല്‍ സജീവമാകുമെന്നാണ് പ്രതീക്ഷ.

Source: http://www.wku.edu

Print Edition of this story was published in 'Kilivathil', the Science Supplement of Deshabhimani Daily dated 2nd February 2014.