Friday, March 28, 2014

കാണാത്തതു കാണും കേള്‍ക്കും: ലിഗൊ

നക്ഷത്രങ്ങള്‍ക്കും മരണമുണ്ടെന്നാണ് പറയുന്നത്. അവ പൊട്ടിത്തെറിച്ചാണ് മരിക്കുകയത്രെ! ഇങ്ങനെയൊരു നക്ഷത്രം മരിച്ചുപോയാലും, ഒരുപക്ഷേ നമ്മള്‍ ആകാശത്ത് ആ നക്ഷത്രത്തെ അതുപോലെ കണ്ടെന്നുവരും. നക്ഷത്രം "ജീവിച്ചിരുന്നപ്പോള്‍" അതു പൊഴിച്ചിരുന്ന പ്രകാശം അപ്പോഴാകും ഭൂമിയിലെത്തുന്നത്. അതുകൊണ്ട്, നമ്മള്‍ നോക്കുമ്പോള്‍ നക്ഷത്രം അങ്ങനെത്തന്നെ കാണും! ഇതൊരു ചെറിയ കാര്യമല്ല. നമ്മള്‍ വരച്ചുണ്ടാക്കുന്ന നക്ഷത്രമാപ്പെല്ലാം ഇതുകാരണം തെറ്റിപ്പോവാം. നക്ഷത്രം അതാ നില്‍ക്കുന്നു എന്നു പറയുന്ന ഇടങ്ങളില്‍ അത് യഥാര്‍ഥത്തില്‍ ഇല്ലായിരിക്കാം. എന്താണ് ഇതിനു പരിഹാരം? വഴി ഒന്നേയുള്ളു. നക്ഷത്രം പൊട്ടിത്തെറിക്കുന്നത് കേള്‍ക്കുക! കേള്‍ക്കുകയോ? അതെ! അതിനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിനായി ഒരു നിരീക്ഷണപദ്ധതിക്കും അവര്‍ തുടക്കമിട്ടിരിക്കുകയാണ്, 'ലിഗൊ' (LIGO) എന്ന പേരില്‍. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ഇന്ത്യ ഈ പദ്ധതിയില്‍ അംഗമാവാനൊരുങ്ങുന്നു എന്നതാണ്.
എന്താണ് 'ലിഗൊ' പദ്ധതി എന്ന് അറിയുന്നതിനുമുമ്പ്, ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്നാണ് 'ഗ്രാവിറ്റേഷണല്‍ വേവ്സ്' (Gravitational Waves) എന്നത്. 'ഗുരുത്വതരംഗങ്ങള്‍' എന്ന് ഇതിന് വിവര്‍ത്തനം പറയാം. ഗുരുത്വാകര്‍ഷണസിദ്ധാന്തം ആവിഷ്കരിച്ചത് ഐസക് ന്യൂട്ടണ്‍ ആയിരുന്നുവെങ്കിലും അദ്ദേഹം 'ഗുരുത്വതരംഗ'ങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഐന്‍സ്റ്റീനാണ് ആദ്യമായി അവയെക്കുറിച്ചു പറഞ്ഞത്- 1916ല്‍. തന്റെ പ്രശസ്തമായ 'പൊതു ആപേക്ഷികതാസിദ്ധാന്ത' (General Theory of Relativity) ത്തിന്റെ ഭാഗമായാണ് അദ്ദേഹം അതേക്കുറിച്ചു പറഞ്ഞത്.
വളരെ വലിയ വസ്തുക്കള്‍, നമുക്കു സങ്കല്‍പ്പിക്കാനാവുന്നതിനെക്കാള്‍ വലുപ്പമാര്‍ന്ന വസ്തുക്കള്‍, ഉദാഹരണമായി നക്ഷത്ര ങ്ങളെപ്പോലുള്ളവ, പെട്ടെന്ന് ചലിക്കാനിടയായാല്‍ അത് ചില തരംഗങ്ങളെ ഉണര്‍ത്തിവിടുമെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്. 'ഗ്രാവിറ്റേഷണല്‍ വേവസ്' എന്നാണ് അദ്ദേഹം അവയ്ക്ക് പേര്‍വിളിച്ചത്. എന്നാല്‍, ഇങ്ങനെയുള്ള തരംഗങ്ങളുണ്ടാവാം എന്നു പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതു കണ്ടെത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതിനായുള്ള അന്വേഷണത്തിന്റെ തുടക്കമാണ് 'ലിഗോ'പദ്ധതി. എന്തിന് നമ്മള്‍ ഈ തരംഗത്തിനു പിറകെ പോകണമെന്നതാകും ഇപ്പോള്‍ മനസ്സിലുയരുന്ന ചോദ്യം. അതിന് ഉത്തരം ഐന്‍സ്റ്റീന്‍തന്നെ പറഞ്ഞിട്ടുണ്ട്. നമ്മള്‍ ദൂരദര്‍ശിനി ഉപയോഗിച്ച് നമുക്കു ചുറ്റുമുള്ള പ്രപഞ്ചത്തെ നോക്കുന്നു അല്ലെങ്കില്‍ വെറും കണ്ണുകൊണ്ട് നോക്കുന്നു. കാണുന്നതെന്താണോ അതാണ് യാഥാര്‍ഥ്യം എന്ന്നമ്മള്‍ വിചാരിക്കുന്നു. എന്നാല്‍, ഈ കാഴ്ച ആപേക്ഷികമാണെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്.
സ്ഥലവും കാലവും ചേര്‍ന്നൊരുക്കുന്ന ഒരു മായക്കാഴ്ചയാണ് നമ്മള്‍ കാണുന്നത്. അത് യഥാര്‍ഥം ആവണമെന്നില്ല. 'സ്ഥല'(Space)വും 'കാല'(Time)വും ഊടുംപാവുമാവുന്ന ഒരു വലയോടാണ് അദ്ദേഹം കാര്യങ്ങളെ ഉപമിച്ചത്. ഈ വല ഇങ്ങനെ വലിഞ്ഞുനില്‍ക്കുകയാണ്- മെയ്യഭ്യാസികള്‍ താഴെവീണു പരിക്കുപറ്റാതിരിക്കാന്‍, ഒരു സര്‍ക്കസ്കൂടാരത്തിനുള്ളില്‍ വലിച്ചുകെട്ടിയിരിക്കുന്ന വലപോലെ. സ്ഥലവും കാലവും നിയതമായി വലയംപ്രാപിച്ചു നില്‍ക്കുകയാണ്. അപ്പോഴാണ്, ഒരഭ്യാസി വലയിലേക്കു ചാടുന്നത്, അല്ലെങ്കില്‍ കാല്‍വഴുതി വീഴുന്നത്. വല ചലിക്കും. ചലിക്കുമെന്നു മാത്രമല്ല, അത് വലിഞ്ഞു താഴും. അതിന്റെ ആകൃതിക്ക് മാറ്റമുണ്ടാവും.
സ്ഥലവും കാലവുമാണല്ലോ ഈ വലയിലെ ഇഴകള്‍. അത് മാറിമറിയും. 'സ്ഥല-കാല-വക്രതകള്‍' (Ripples in Space-Time)എന്നാണ് ഐന്‍സ്റ്റീന്‍ ഇതിനെ വിളിച്ചത്. ഈ മാറ്റത്തിന്റെ, 'വിപ്ലവ'ത്തിന്റെ സന്ദേശവാഹകരാണ് 'ഗുരുത്വതരംഗ'ങ്ങള്‍. ഊര്‍ജവാഹികളാണ് ഗുരുത്വതരംഗങ്ങള്‍. അവ ആ ഊര്‍ജത്തെയുംകൊണ്ട് സങ്കല്‍പ്പാതീതമായ ദൂരങ്ങള്‍ സഞ്ചരിക്കും. എന്നാല്‍, നമ്മളിതുവരെയും ഈ ഊര്‍ജത്തെ അറിഞ്ഞിട്ടില്ല. ഈ ഊര്‍ജരൂപം പ്രകാശമായിരുന്നെങ്കില്‍ നമ്മള്‍ അതിനെ അറിഞ്ഞേനെ. കാരണം, നമ്മുടെ കൈവശം പ്രകാശം പിടിച്ചെടുക്കാന്‍ കഴിയുന്ന ദൂരദര്‍ശിനിയുണ്ട്. ആ ഊര്‍ജരൂപം റേഡിയോ തരംഗങ്ങളായിരുന്നെങ്കിലും നമ്മള്‍ അവയെ അറിഞ്ഞേനെ. കാരണം നമ്മുടെ കൈവശം 'റേഡിയോ ടെലസ്കോപ്പു'കളുണ്ട്. അത് എക്സ്റേ ആയിരുന്നെങ്കില്‍പ്പോലും നമ്മള്‍ കണ്ടെത്തിയേനെ. നമുക്ക് 'എക്സ്റേ ടെലസ്കോപ്പു'കളുണ്ട്. ഇന്‍ഫ്രാറെഡ് വികിരണങ്ങളായിരുന്നെങ്കില്‍പ്പോലും 'ഇന്‍ഫ്രാറെഡ് ടെലസ്കോപ്പ്' ഉപയോഗിച്ച് നാം അതിനെ മനസ്സിലാക്കിയേനെ. നിലവില്‍, ഇതൊക്കെയും ഉപയോഗിച്ചാണ് നമ്മള്‍ 'ദൃശ്യപ്രപഞ്ച'ത്തിന്റെ ചിത്രം വരച്ചിരിക്കുന്നത്. ഇത് ഇപ്പോഴും അപൂര്‍ണമാണെന്നു പറയേണ്ടതില്ലല്ലോ. ഈ ചിത്രം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് 'ലിഗോ'പദ്ധതി. പ്രപഞ്ചത്തെ നാം ഇന്ന് അറിയുന്നതില്‍ കൂടുതല്‍ കണ്ടറിയാനും കേട്ടറിയാനും ഈ പദ്ധതി ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണ് പ്രതീക്ഷ.

എന്താണ് ലിഗൊ?
ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്സര്‍വേറ്ററി  എന്ന വാക്കിന്റെ ചുരുക്കരൂപമാണ് ലിഗൊ. കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് 1992ല്‍ തുടക്കമിട്ട ഗവേഷണപദ്ധതിയാണിത്. ഇംഗീഷ് അക്ഷരമാലയിലെ ഘ ആകൃതിയിലുള്ള ഒരു കുഴലിനുള്ളില്‍ക്കൂടി തലങ്ങും വിലങ്ങും നിരന്തരം പ്രസരിച്ചുകൊണ്ടിരിക്കുന്ന ലേസര്‍ രശ്മികളാണ് 'ലിഗൊ' നിരീക്ഷണകേന്ദ്രത്തിന്റെ മുഖ്യഭാഗം. പല കാരണങ്ങള്‍കൊണ്ടും ലേസര്‍ രശ്മികളുടെ ഈ പ്രസരണം, പ്രാദേശികമായ സ്വാധീനങ്ങള്‍ക്കു വിധേയമാവാം. ഇത് നിരീക്ഷണങ്ങളിലെ കൃത്യതയെ ബാധിക്കുന്നതാവും. അതുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലിഗൊ പദ്ധതിയുടെ ഭാഗമായി നിരീക്ഷണോപകരണങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ചെന്നൈ, കാണ്‍പുര്‍ ഐഐടികളും തിരുവനന്തപുരം 'ഐസറും' ലിഗൊ പദ്ധതിയില്‍ പങ്കാളികളാകും.

Website: http://www.ligo.caltech.edu

Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily.  Link:  http://www.deshabhimani.com