Saturday, May 3, 2014

ഗ്ലൂക്ക: ഇത് ഏഴാം ഡോളി

സ്വതവേ ഔഷധഗുണമുള്ളതാണ് ആട്ടിന്‍പാല്‍. എന്നാല്‍, സ്ഥിരമായി കഴിക്കേണ്ടുന്ന മരുന്നുകള്‍ ആട്ടിന്‍പാലിലൂടെ ലഭ്യമാക്കാനായാലോ? മരുന്നുവാങ്ങാന്‍ പിന്നെ പൈസ ചെലവാക്കേണ്ടതില്ല. പകരം ആട്ടിന്‍പാല്‍ കുടിച്ചാല്‍ മതി. പൊതുവേ, സാമ്പത്തികശേഷി കുറഞ്ഞവരാണ് ആടിനെ വളര്‍ത്തുന്നത്. അതുകൊണ്ട്, സാധാരണക്കാര്‍ക്കാകും കൂടുതലായും ഇതിന്റെ പ്രയോജനം ലഭിക്കുക. സാധാരണരീതിയിലുള്ള ചികിത്സ അസാധ്യമായ ജനിതകരോഗങ്ങളുടെ ചികിത്സയിലാകും ഇതില്‍നിന്നുള്ള പ്രയോജനം ഏറെയും സാധ്യമാവുന്നത്. ഉദാഹരണമായി അരിവാള്‍രോഗം  ഹീമോഫീലിയ തുടങ്ങിയവ. ഇതിനെല്ലാമായുള്ള ആദ്യ പരീക്ഷണത്തിനായി ശാസ്ത്രജ്ഞര്‍ ഒരുങ്ങുകയാണ്. അതിനുള്ള ആദ്യപടി എന്നതരത്തില്‍, ആദ്യത്തെ ആട് ക്ലോണ്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്- ഗ്ലൂക്ക എന്ന പേരില്‍.

ഗ്ലൂക്ക പിറന്നിട്ട് ഇപ്പോള്‍ ആഴ്ചകളേ ആവുന്നുള്ളു എങ്കിലും ഗ്ലൂക്കയുടെ പാല്‍ കുടിച്ചാല്‍ ഒരു പ്രത്യേകതരം ജനിതകരോഗം മാറുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഗൗച്ചര്‍ ഡിസീസ് (Gaucher's Disease)എന്നതാണ് ഈ ജനിതകരോഗത്തിന്റെ പേര്. 1882ല്‍ തിരിച്ചറിഞ്ഞ രോഗമാണെങ്കിലും 1965ല്‍ മാത്രമാണ് ഇതിന്റെ ജനിതകകാരണം വെളിപ്പെടുത്തപ്പെട്ടത്. ചികിത്സക്ക് ഉപയോഗിക്കാവുന്ന ആദ്യത്തെ മരുന്ന് വിപണിയിലെത്തിയതുപോലും 1994ല്‍ മാത്രമാണ്. സാധാരണ മനുഷ്യരുടെ ശരീരത്തില്‍ കാണുന്ന ഒരുതരം രാസാഗ്നി , ഈ രോഗമുള്ളവരുടെ ശരീരത്തില്‍ കാണില്ല. ഗ്ലൂക്കോ സെറിബ്രോസിഡേസ്  (Glucocerebrosidase)എന്ന ഈ രാസാഗ്നി ഇല്ലാതിരിക്കുന്നത് ഗുരുതരമായ പല ശാരീരിക വിഷമതകള്‍ക്കും കാരണമാവും. കരള്‍, പ്ലീഹ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുക, അസ്ഥികള്‍ ഒടിഞ്ഞുപോവുന്ന പ്രവണത ഉണ്ടാവുക, നാഡീസംബന്ധമായ കുഴപ്പങ്ങളുണ്ടാവുക തുടങ്ങിയവയൊക്കെയാണ് കുഴപ്പങ്ങള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം എന്നതു മാത്രമാണ് ഇക്കാര്യത്തിലുള്ള ഏക ആശ്വാസം.
ഗൗച്ചര്‍ രോഗമുള്ളവരുടെ ശരീരത്തില്‍ കാണപ്പെടാത്ത രാസാഗ്നി അഥവാ ഗ്ലൂക്കോ സെറിബ്രോസിഡേസ് കൃത്രിമമായി നല്‍കുക എന്നതു മാത്രമാണ് ഈ രോഗത്തിനുള്ള ചികിത്സ. എന്നാല്‍,ഇത്തരത്തിലുള്ള ചികിത്സക്ക് ചെലവ് വളരെ കൂടുതലാണ്. ബ്രസീലിലെ ഗവണ്‍മെന്റ് സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്തുന്ന ചികിത്സയുടെ ചെലവ് പ്രതിവര്‍ഷം 250 ദശലക്ഷം പൗണ്ടോളം എത്തുന്നതായാണ് കണക്ക്. പൊതുജനാരോഗ്യവകുപ്പിന് ഇത് വമ്പിച്ച സാമ്പത്തികബാധ്യതയായി മാറുന്നുണ്ട്. ഇതിനു പരിഹാരമായുള്ളതായിരുന്നു ക്ലോണിങ് പരീക്ഷണം.
 
ഗ്ലൂക്കോ സെറിബ്രോസിഡേസ് രാസാഗ്നി ഉല്‍പ്പാദിപ്പിക്കുന്ന ജീന്‍ മനുഷ്യനില്‍നിന്ന് ആടുകളിലേക്ക് മാറ്റിവയ്ക്കാനുള്ള പരീക്ഷണസാധ്യത അങ്ങനെയാണ് ആദ്യമായി പരിഗണിക്കപ്പെട്ടത്. ഭ്രൂണകോശങ്ങളിലേക്കാണ് ഈ ജീന്‍ മാറ്റിവയ്ക്കപ്പെട്ടത്. അതിനാല്‍, ആടിന്റെ ശരീരത്തിലെ എല്ലാ കോശങ്ങളിലും ഈ ജീന്‍ ഉണ്ടായിരുന്നു. പിന്നീട്, അകിടുകോശങ്ങളില്‍ മാത്രമായി ഈ ജീനിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിപ്പിക്കുകയായിരുന്നു. ജീന്‍ പ്രവര്‍ത്തനത്തെ ഒരു 'സ്വിച്ച്' എന്നതുപോലെ നിയന്ത്രിക്കുന്ന 'പ്രൊമോട്ടര്‍' ഘടകം ഉപയോഗിച്ചാണ് ഇതു സാധിച്ചത്. ഇതിലൂടെ ഗ്ലൂക്ക ചുരത്തുന്ന പാലില്‍ മറ്റ് പ്രോട്ടീനുകള്‍ക്കൊപ്പം ഈ രാസാഗ്നിയുമുണ്ടായി- ഗൗച്ചര്‍ രോഗികള്‍ക്കു വേണ്ട ഗ്ലൂക്കോ സെറിബ്രോസിഡേസ്. ബ്രസീലിലെ ഫോര്‍ട്ടലേസാ സര്‍വകലാശാല  യിലാണ് ഇതിനായുള്ള ഗവേഷണങ്ങള്‍ നടന്നതും ഗ്ലൂക്ക പിറന്നതും.
ബ്രസീലിനെ സംബന്ധിച്ചിടത്തോളം, വെറുമൊരു ക്ലോണാട് മാത്രമല്ല ഗ്ലൂക്ക. ജനിതക പരിവര്‍ത്തനം വരുത്തപ്പെട്ട ആടിന്റെ ക്ലോണ്‍പതിപ്പാണ് ഗ്ലൂക്ക. ഇത്തരത്തില്‍ നോക്കുമ്പോള്‍, അത് ക്ലോണ്‍ സൃഷ്ടി എന്നതിനോടൊപ്പം ജനിതകപരിവര്‍ത്തനം വരുത്തിയ ക്ലോണ്‍പതിപ്പുകൂടിയാണ്. അതായത് 'ട്രാന്‍സ്ജീനിക് ക്ലോണ്‍'. "ജീന്‍ മാറ്റിവയ്ക്കപ്പെട്ട ക്ലോണ്‍" എന്നര്‍ഥം. നിലവില്‍ ഈ വിശേഷണത്തിന് അര്‍ഹമാകുന്ന തരത്തില്‍ 'ട്രാന്‍സ്ജീനിക്' ആയ ആടുകോണ്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അമേരിക്കയില്‍ മാത്രമാണ്. "മിറ" എന്നു പേരിട്ടു വിളിക്കപ്പെട്ട ഇതിനെ 'ആന്റി ത്രോംബിന്‍'  എന്ന ജീവാ ഔഷധം നിര്‍മിക്കാനായാണ് 'ക്ലോണ്‍'ചെയ്യപ്പെട്ടത്. ഇതേ ലക്ഷ്യത്തോടെയുള്ള പദ്ധതിയുമായി ഇപ്പോള്‍ മുന്നോട്ടുപോവുന്ന രാജ്യം ഇറാനാണ്. വെച്ചൂര്‍ പശുവില്‍നിന്ന് പോഷകാംശം വര്‍ധിപ്പിച്ച പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതി, കേരളത്തിലെ ഒരു ഗവേഷണസ്ഥാപനം വിഭാവനം ചെയ്യുന്നുണ്ടെങ്കിലും അത് ഇനിയും പ്രായോഗികതലത്തില്‍ എത്തിയിട്ടില്ല.
 
ഇത് ഏഴാം ഡോളി 
ലോകത്തിലെ ആദ്യ ലക്ഷണയുക്തമായ ക്ലോണ്‍ എന്ന് അറിയപ്പെടുന്നത് 'ഡോളി'യെന്ന ചെമ്മരിയാടാണല്ലോ. 1996ലായിരുന്നു സ്കോട്ട്ലന്‍ഡിലെ റോസ്ലിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോളിയുടെ പിറവി. (1995ല്‍, ഇതേ ഗവേഷണസ്ഥാപനം രണ്ട് ചെമ്മരിയാടുകളെ ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചിരുന്നുവെങ്കിലും (മേഗനും മെറാഗും) 'ലക്ഷണയുക്തമായ ക്ലോണ്‍' എന്ന ബഹുമതി ഡോളിക്കുതന്നെയാണ്). പോളി, മോളി എന്നീ പേരുകളില്‍ അറിയപ്പെട്ട ചെമ്മരിയാടുകളായിരുന്നു ഡോളിയുടെ പിന്‍ഗാമികളായത്. 1997ലായിരുന്നു ഇവ സൃഷ്ടിക്കപ്പെട്ടത്. 1998ല്‍, അമേരിക്കയിലെ 'ജെന്‍സം'ഗവേഷണശാലയില്‍ മിറ എന്ന് പേരിട്ടുവിളിച്ച ക്ലോണാട് പിറന്നു. ലോകത്തെ അഞ്ചാമത്തെ ക്ലോണാട് ആയിരുന്നു ഹന്ന. ഇറാനിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു ഇതിന്റെ ജനനം. ആറാമത്തെ ക്ലോണാടിനെ അവതരിപ്പിച്ചത് ഇന്ത്യയായിരുന്നു. പഷ്മിന ഇനത്തില്‍പ്പെട്ട ലോകത്തെ ആദ്യത്തെ ക്ലോണാട് ആയിരുന്നു നൂറി (2013).

Link to Original Paper published in the Journal Reproduction, Fertility and Development: http://www.publish.csiro.au

Print Edition of this was published in Kilivathil, the Science Supplement of Deshabhimani Daily dated 1st May 2014.