Saturday, December 27, 2014

അറക്കപ്പൊടി താരമാവുന്നു!

അറക്കപ്പൊടി താരമാവുന്നു!അതെ, തടി അറക്കവാള്‍കൊണ്ടു മുറിക്കുമ്പോള്‍ താഴെ വീഴുന്ന പൊടിതന്നെ. നിലവില്‍ ഇത് ഒരു പാഴ്വസ്തുവായാണ് കണക്കാക്കുന്നത്. വളരെ ചെറിയൊരു ശതമാനം മാത്രം കാര്‍ഡ്ബോര്‍ഡ് ഉണ്ടാക്കാനായി ഉപയോഗിക്കുന്നു. "പൊടിയടുപ്പുകള്‍' സാധാരണമായിരുന്ന കാലത്ത് ഉണ്ടായിരുന്ന പ്രചാരവും ഇപ്പോള്‍ കുറഞ്ഞുവരികയാണ്. ഫലത്തില്‍ ഒരു പാഴ്വസ്തുതന്നെ. എന്നാല്‍, അറക്കപ്പൊടിയില്‍നിന്ന് പെട്രോള്‍ നിര്‍മിക്കാമെന്നു പറയുകയാണ് ശാസ്ത്രജ്ഞരിപ്പോള്‍. എനര്‍ജി ആന്‍ഡ് എന്‍വയോണ്‍മെന്റ്' എന്ന ജേണലിലാണ് ഇതുസംബന്ധമായ പ്രബന്ധം പ്രസിദ്ധീകരിച്ചത്. 

അറക്കപ്പൊടിയുടെ അടിസ്ഥാനഘടകങ്ങളിലൊന്ന് സെല്ലുലോസാണ്. ഇതിന്റെ രാസഘടനയില്‍നിന്ന് ഓക്സിജന്‍ ആറ്റത്തെ മാറ്റിയെടുത്താല്‍ അത് ഹൈഡ്രജനും കാര്‍ബണും മാത്രം അടങ്ങുന്ന സംയുക്തമായി മാറും. മാലമാലയായി കാണുന്ന ഇതുതന്നെയാണ് ഹൈഡ്രജന്റെയും കാര്‍ബണിന്റെയും നിശ്ചിത അനുപാതത്തിലേക്കെത്തുമ്പോള്‍ പെട്രോളായി മാറുന്നത്. ഇന്ത്യയിലാകമാനമായി പ്രതിവര്‍ഷം രണ്ടു ദശലക്ഷം ടണ്‍ അറക്കപ്പൊടി ഉല്‍പ്പാദിപ്പിക്കുണ്ടെന്നാണ് കണക്ക്. ഇതത്രയും പെട്രോളാക്കി മാറ്റാന്‍കഴിയുകയാണെങ്കില്‍, പെട്രോള്‍വിലയുടെ കാര്യത്തില്‍ നമുക്ക് തിരിഞ്ഞുനോട്ടം പിന്നീട് ആവശ്യമായിവരില്ല. 
ബല്‍ജിയത്തിലെ ല്യൂവെന്‍ കത്തോലിക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച ശാസ്ത്രനേട്ടം എന്നു വിശേഷിപ്പിക്കാവുന്ന ഈ കണ്ടെത്തല്‍ നടത്തിയത്. സെല്ലുലോസ് അറക്കപ്പൊടിയില്‍ മാത്രമല്ല അടങ്ങിയിരിക്കുന്നത്. പരുത്തിനൂലിലും പഴംതുണിയിലും വൈക്കോലില്‍പ്പോലും ഒരു അനുബന്ധഘടകമോ മുഖ്യഘടകമോ ആയി സെല്ലുലോസുണ്ട്. എന്നാല്‍, ഏറ്റവും ലാഭകരമായ സ്രോതസ്സ് എന്ന നിലയ്ക്കാണ് അറക്കപ്പൊടി പരിഗണിക്കുന്നത്. മാത്രമല്ല, അത് ഉപയോഗിക്കുന്നതിലൂടെയുള്ള പരിസ്ഥിതിദൂഷ്യവും കുറവാണ്. 

ജൈവപെട്രോള്‍ അഥവാ ജൈവഡീസല്‍തരുന്ന ചെടികള്‍ വന്‍തോതില്‍ നട്ടുപിടിപ്പിച്ചാണ് അവയെ ഇന്ധനിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കാര്‍ഷിക ഭക്ഷ്യവിളകള്‍ക്കായി നീക്കിവച്ച വിളഭൂമിയാണ് അവയെ നീക്കംചെയ്ത് പലപ്പോഴും ഇതിനായി ഉപയോഗിക്കുന്നത്. ഇതുമൂലമുള്ള സാമ്പത്തിക/ജീവീയ പ്രത്യാഘാതങ്ങള്‍ കെനിയപോലുള്ള രാജ്യങ്ങളില്‍ വലിയ വാര്‍ത്തയാവുകയാണിന്ന്. എന്നാല്‍, ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കൊന്നും നേരിട്ട് വഴിയൊരുക്കാത്തതാണ് പകുതിയും പാഴ്വസ്തുപോലെയായ അറക്കപ്പൊടിയെ പ്രയോജനപ്പെടുത്താനുള്ള ശ്രമം. 
 പ്രകൃതിയിലെ ഭൗതികമണ്ഡലത്തില്‍നിന്ന് ജൈവമണ്ഡലത്തിലേക്കെത്തിയ കാര്‍ബണ്‍, തികച്ചും പ്രയോജനക്ഷമതയാര്‍ന്ന പാതയിലൂടെ തിരിച്ചയക്കപ്പെടുന്നു എന്ന മേന്മയും ഇതിനുണ്ട്. " തുടക്കം ജര്‍മനിയില്‍കല്‍ക്കരിയില്‍നിന്നു പെട്രോള്‍ നിര്‍മിക്കാമെന്നു തെളിയിച്ചത് ജര്‍മനിയായിരുന്നു. ഫ്രെഡെറിച്ച് ബെര്‍ജിയസ് എന്ന ജര്‍മന്‍കാരനായിരുന്നു ഇതു വികസിപ്പിച്ചത്. 1913ല്‍ ഇദ്ദേഹം ഇതിന്റെ പേരില്‍ പേറ്റന്റ് നേടുകയും ഒരു സുഹൃത്തിന്റെ സഹായത്തോടെ 1919ല്‍ വ്യാവസായികോല്‍പ്പാദനം ആരംഭിക്കുകയും ചെയ്തു. ബെര്‍ജിയസ് പ്രക്രിയ എന്നാണ് ഇത് അറിയപ്പെട്ടത്. 

വിമാനത്തില്‍ ഉപയോഗിക്കാന്‍കഴിയുന്ന തരത്തിലുള്ള സംശുദ്ധമായ പെട്രോ ഇന്ധനം നിര്‍മിക്കാര്‍ ബെര്‍ജിയസ് പ്രക്രിയക്ക് സാധിച്ചു. രണ്ടാം ലോകയുദ്ധകാലത്ത്, അടിസ്ഥാനമാക്കിയുള്ള ഇന്ധനഫാക്ടറികളെയാണ് യുദ്ധവിമാനങ്ങള്‍ പറപ്പിക്കാന്‍ ജര്‍മനി മുഖ്യമായും ഉപയോഗിച്ചത്. കല്‍ക്കരിയില്‍നിന്ന് ഇതേ പ്രക്രിയയിലൂടെ ഭക്ഷ്യഎണ്ണ നിര്‍മിച്ച് അതിന്റെ ഭക്ഷ്യയോഗ്യത യുദ്ധത്തടവുകാരില്‍ പരീക്ഷിച്ച ക്രൂരതയുടെ ചരിത്രവും ഇതിന്റെ ഭാഗമാവുന്നുണ്ട്. ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടതോടെ അവ്വിധംതന്നെ അവസാനിച്ച പരീക്ഷണങ്ങളാണ് കല്‍ക്കരിക്കുപകരം വെറുംതടിയും തടിയില്‍നിന്നുള്ള അറക്കപ്പൊടിയും ഉപയോഗിച്ചാല്‍ മതിയാവുന്നതരത്തില്‍ ഇപ്പോള്‍ പരിഷ്കരിക്കപ്പെട്ടത്. 
അറക്കപ്പൊടിയെ വായുവിന്റെ അസാന്നിധ്യത്തില്‍ ചൂടാക്കുകയും അതില്‍നിന്ന് ഒരു ജൈവഎണ്ണ വേര്‍തിരിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. അതിനുശേഷം ഇതിനെ രാസാഗ്നികളുടെ സഹായത്തോടെ ഇതില്‍നിന്ന് ഓക്സിജനെ നീക്കംചെയ്യുകയും അപ്പോള്‍ ഉണ്ടാവുന്ന താല്‍ക്കാലിക രാസഘടനയെ രാസാഗ്നികളെ ഉപയോഗിച്ച് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. പെട്രോള്‍ അല്ലെങ്കില്‍ മറ്റുതരത്തില്‍ ഉപയോഗക്ഷമമായ ഇന്ധനമാകും ഇതില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. 

Details can be had from: E-mail: bert.sels@biw.kuleuven.be

Link to Paper in Energy and Environmental Science Journal: http://pubs.rsc.org


A Print-Edition of this article can be found inhttp://www.deshabhimani.com