Thursday, January 29, 2015

രാസായുധങ്ങള്‍@100

ചരിത്രം എന്നുമോര്‍ക്കുന്ന ഒരു വാര്‍ഷികവുമായാണ് 2015 കടന്നുവരുന്നത്. പക്ഷേ, ആരും അത് അറിയുകയോ ആഘോഷിക്കുകയോ ചെയ്യുന്നില്ലെന്ന് മാത്രം. ഹിറ്റ്ലറുടെ നാസിസപ്പട ആളുകളെ കൂട്ടക്കൊല ചെയ്യുകയും മുഷ്യത്വരഹിതമായി പീഠിപ്പിക്കുകയും ചെയ്തിരുന്ന ഓഷോവിറ്റ്സ് കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് മോചിപ്പിക്കപ്പെട്ടതിന്റെ 70ാം വാര്‍ഷികമാണത്. 1945 ജുവരി 27 ാണ് സോവിയറ്റ് യൂണിയന്റെ ചെമ്പട അവിടേയ്ക്ക് കടന്നുചെല്ലുകയും അവിടെയുണ്ടായിരുന്ന 7000ത്തില്‍പ്പരം അന്തേവാസികളെ മോചിപ്പിക്കുകയും ചെയ്തത്. ഹിറ്റ്ലറുടെ അവസാനം എന്നതുപോലെ ഓഷോവിറ്റ്സ് ക്യാമ്പിന്റേയും അവസാനം ഉറപ്പുവരുത്തിയത് സോവിയറ്റ് ചെമ്പടയായിരുന്നു. അതോടൊപ്പം അറിയപ്പെടാത്ത മറ്റൊരുവാര്‍ഷികവും 2015 ജുവരിയുടേതായുണ്ട്. രാസായുധം യുദ്ധരംഗത്ത് ആദ്യമായി ഉപയോഗിച് ചതിന്റെ 100-ാം വാര്‍ഷികം. പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള  ബോളിമോവ് (Battle of Bolmov) എന്ന സ്ഥലത്താണ് ഈ ആക്രമണം ഉണ്ടായത്. 

ശ്വാസംമുട്ടിക്കുന്ന, ശ്വസനാവയവങ്ങളെ തിരിച്ചുവരവില്ലാതെ തകര്‍ക്കുന്ന സൈലൈല്‍ ബ്രോമൈഡ് (Xylyl bromide) എന്ന വിഷപദാര്‍ഥമാണ് റഷ്യന്‍സേനയ്ക്കെതിരെ ഉപയോഗിച്ചത്. ചരിത്രത്തിലെ ആദ്യത്തെ രാസായുധ പ്രയോഗമായി ചിത്രീകരിക്കുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞ് വൈപ്രസ് എന്ന സ്ഥലത്തു നടന്ന ചെറുയുദ്ധത്തില്‍ ഫ്രഞ്ചുകാര്‍ക്കെതിരെ രാസായുധം പ്രയോഗിച്ചതാണ്. ക്ലോറിന്‍ വാതകത്തെയാണ് നാസിപ്പട അവിടെ ഉപയോഗിച്ചത്. ബോളിമോറിലെ രക്തസാക്ഷികള്‍ തമസ്കരിക്കപ്പെടുമ്പോള്‍, ഒപ്പം മറയ്ക്കപ്പെടുന്നവയുടെ കൂട്ടത്തില്‍, സൈലൈല്‍ ബ്രോമൈഡ് എന്ന, ലോകത്തിലെ ഈ ആദ്യത്തെ രാസായുധത്തിന്റെ ചരിത്രവുമുണ്ട്.അടിസ്ഥാനപരമായി ശ്വസനാവയവങ്ങള്‍ക്ക് അസ്വാസ്ഥ്യം ഉണ്ടാക്കുന്ന രാസപദാര്‍ഥമാണ് സൈലൈല്‍ ബ്രോമൈഡ്. ഇതുകൊണ്ടുള്ള ആക്രമണത്തിനു വിധേയരാകുന്നവര്‍ക്ക്, അതിശക്തമായ തുമ്മലും ഛര്‍ദി മുതലായ അസ്വാസ്ഥ്യങ്ങളും ഉണ്ടാവും. ഇത് അത്ര ഗൗരവമുള്ള കാര്യമല്ലെങ്കിലും യുദ്ധരംഗത്ത് ഇതിന് തന്ത്രപരമായ പ്രാധാന്യമുണ്ട്.

ഛര്‍ദിയും തുമ്മലും ഉണ്ടാവുമ്പോള്‍ ഒരു പട്ടാളക്കാരന് രാസായുധപ്രയോഗത്തെ തടയാനായി ധരിച്ചിരിക്കുന്ന മുഖാവരണം മാറ്റുകയല്ലാതെ മറ്റു നിവൃത്തിയില്ലാത്ത അവസ്ഥ വരും. അത് നീക്കംചെയ്യപ്പെട്ട അവസ്ഥയിലാകും കൂടുതല്‍ മാരകമായ രണ്ടാമത്തെ രാസായുധത്തിന്റെ പ്രയോഗം. ശ്വസിച്ചാല്‍ മരണം ഉറപ്പാവുന്ന തരത്തിലുള്ള വിഷവാതകമാണ് ഇപ്പോള്‍ വരുന്നത്. അതിലൊന്നാണ് ക്ലോറിന്‍. ബേയര്‍ തുടങ്ങിയ ജര്‍മന്‍ രാസ വ്യാവസായിക കമ്പനികള്‍, അവര്‍ ഉല്‍പ്പാദിച്ചിരുന്ന രാസപദാര്‍ഥങ്ങള്‍ക്കൊപ്പം വെറുതെ പുറന്തള്ളിയിരുന്ന ഉപോല്‍പ്പന്നമായിരുന്നു ക്ലോറിന്‍. ഇതിന് രാസായുധം എന്ന തരത്തിലുള്ള പ്രയോജനക്ഷമത കണ്ടെത്തിക്കൊടുത്തത് പ്രശസ്ത ജര്‍മന്‍ ശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് ഹേബര്‍ ആയിരുന്നു. നാസിപ്പടയുടെ ഇതുസംബന്ധമായ നീക്കങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നവര്‍ വിഷവാതകപ്രയോഗം തടയുന്നതിന് മുഖാവരണം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഇതു നല്‍കുന്ന സുരക്ഷ നീക്കം ചെയ്യുന്നതിനായിരുന്നു സൈലൈല്‍ ബ്രോമൈഡ് ഉപയോഗിക്കപ്പെട്ടത്.
സൈലൈല്‍ ബ്രോമൈഡ് അടങ്ങുന്ന 18,000 ബോംബുകളാണ് റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ ഉപയോഗിച്ചത്. 1915 ജനുവരി 31നായിരുന്നു ഇത്. ബോളിമോവിനുശേഷം റഷ്യന്‍സേനയ്ക്കെതിരെ നാസികള്‍ രാസായുധം ഉപയോഗിച്ചത് അവിടെനിന്ന് അല്‍പ്പം മാറി, റാവ്കാനദിയുടെ തീരത്തെത്തിയപ്പോഴാണ്. 9000 പേരെ മ്യതപ്രായരാക്കിയ ഇത് 1000 പേരുടെ ജീവനെടുക്കുകയും ചെയ്തു. 5,730 സിലിന്‍ഡറുകളിലായി എത്തിച്ച 168 ടണ്‍ ക്ലോറിന്‍ വാതകം വൈപ്രസ് യുദ്ധത്തില്‍ നാസികള്‍ ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും, നദീതീരത്തെ കൂട്ടക്കൊലയ്ക്ക് എത്ര ടണ്‍ ക്ലോറിന്‍ ഉപയോഗിച്ചു എന്നതിന് കണക്കേതുമില്ല. ശ്വാസകോശത്തിലെത്തുന്ന ക്ലോറിന്‍ വാതകം അവിടെയുള്ള ജലാംശവുമായി പ്രതിപ്രവര്‍ത്തിക്കുന്നതിലൂടെ ഏറ്റവും ശക്തമായ ആസിഡുകളിലൊന്നായ ഹൈഡ്രോക്ലോറിക് ആസിഡായി മാറുന്നു. മരിക്കാതെ രക്ഷപ്പെട്ടവര്‍തന്നെ നിലയ്ക്കാത്ത ചുമയുമായി നിത്യരോഗികളായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുക. മാത്രമല്ല, മാരകഫലങ്ങള്‍ പുറത്തറിഞ്ഞതിനുശേഷം ഇതിന് മനഃശാത്രപരമായ ഒരു ആക്രമണശേഷിയും കൈവന്നിരുന്നു. പച്ചനിറത്തിലുള്ള ഒരു പുകയുടെ രൂപത്തിലാണ് ഇത് അന്തരീക്ഷത്തില്‍ പടര്‍ന്നിരുന്നത്. അതുകൊണ്ട്, പട്ടാളക്കാരില്‍ ഭീതിപടര്‍ത്താനും ക്ലോറിന്‍ പ്രയോഗത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഇത് പിന്നീട് നിറമില്ലാത്ത വിഷവാതകങ്ങള്‍ വികസിപ്പിക്കുന്നതിലേക്കു നയിക്കുകയും ചെയ്തു.
ഇതിന് ഉദാഹരണമാവുന്നതായിരുന്നു ഉടനടിയുള്ള മരണം ഉറപ്പുവരുത്തുന്ന ഫോസ്ജീന്‍. ഒന്നാം ലോക യുദ്ധകാലത്ത്,ജര്‍മനിയും ബ്രിട്ടനും ഫ്രാന്‍സും അമേരിക്കയും വെവ്വേറെയായി 1,90,000 ടണ്‍ ഫോസ്ജീന്‍ വാതകം സിലിന്‍ഡറുകളിലാക്കി സൂക്ഷിച്ചിരുന്നതായാണ് കണക്ക്. ക്രൂരതയുടെ നേര്‍ചിത്രമൊരുക്കി പിന്നീടു വന്നതായിരുന്നു മസ്റ്റാര്‍ഡ് വാതകം (Mustard Gas). പടിഞ്ഞാറന്‍ മുന്നണിയില്‍ ഇത് ഉപയോഗിച്ചതിലൂടെ 56,000 റഷ്യന്‍ പട്ടാളക്കാര്‍ മരിച്ചു. പലസ്തീനെതിരെയാണ് ബ്രിട്ടന്‍ ആദ്യമായി, തങ്ങളുടേതായ മസ്റ്റാര്‍ഡ് വാതകം പരീക്ഷിക്കുന്നത്, 1915 ഏപ്രിലില്‍ നടന്ന ഗാസാ യുദ്ധത്തിലൂടെ. ഇതിനുശേഷം ഇത്രയും വ്യാപകമായ തരത്തില്‍ മസ്റ്റാര്‍ഡ് വാതകം ഉപയോഗിച്ചത് ഇറാന്‍-ഇറാഖ് യുദ്ധകാലത്തായിരുന്നു.രാസായുധങ്ങള്‍ വികസിപ്പിച്ചതും ഉപയോഗിച്ചതും ഒന്നാം ലോക യുദ്ധകാലത്തായിരുന്നുവെങ്കിലും യുദ്ധരംഗത്ത് ഏതെങ്കിലും തരത്തിലുള്ള വിഷപദാര്‍ഥം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള രാജ്യാന്തര ഉടമ്പടി നേരത്തെ നിലനിന്നിരുന്നു. 1899ലെ ഹേഗ് ഉടമ്പടിയുടെ 23-ാം അനുച്ഛേദമായിരുന്നു ഇത് വിലക്കിയിരുന്നത്. എന്നാല്‍, ഇത് വിഷംപുരട്ടിയ വെടിയുണ്ടകളോ പീരങ്കിയുണ്ടകളോ ഉപയോഗിക്കുന്നതിനെ മാത്രമാണ് വിലക്കുന്നതെന്നുപറഞ്ഞാണ് ജര്‍മനി, വിഷവാതകങ്ങള്‍ നിറച്ച ബോംബുകള്‍ ഉപയോഗിച്ചുതുടങ്ങിയത്. രാസായുധങ്ങളും ജൈവായുധങ്ങളും ഒരു പരിഷ്കൃതസമൂഹത്തിന്റെ മനഃസാക്ഷിക്കു ചേര്‍ന്നവയല്ലെന്നു പറഞ്ഞാണ് അവയെ വിലക്കിയത്, ജനീവാകരാര്‍  ആയിരുന്നു.
1925 ജൂണ്‍ 17ന് ഒപ്പുവയ്ച്ച ഇത് രാസായുധങ്ങളുടെയും ജൈവായുധങ്ങളുടെയും യുദ്ധരംഗത്തെ ഉപയോഗം മാത്രമാണ് വിലക്കിയത്. അവ നിര്‍മിക്കുന്നതിനോ സംഭരിക്കുന്നതിനോ ജനീവാകരാര്‍ വിലക്ക് ഏര്‍പ്പെടുത്തിയില്ല. 133 രാജ്യങ്ങള്‍ കക്ഷികളായിരുന്ന ഈ ഉടമ്പടി, വെറും നോക്കുകുത്തിയാവുന്നതിന് ഇത് ഇടയാക്കി. ഇത്തരം സാങ്കേതികമായ പഴുതുകളൊന്നുമില്ലാത്ത ഉടമ്പടി രാസായുധങ്ങളുടെ നിയന്ത്രണത്തിനും നിരോധത്തിനും മാത്രമായി നിലവിലെത്തുന്നത് 1993ലാണ്. രാസായുധ നിയന്ത്രണ ഉടമ്പടി  എന്നറിയപ്പെടുന്ന ഇതനുസരിച്ച് കൈവശമുള്ള രാസായുധശേഖരം നശിപ്പിക്കുമെങ്കിലും താല്‍ക്കാലികമായി കൈയില്‍വയ്ക്കുമെന്ന് പറഞ്ഞിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് സിറിയ. ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ അത് കൈവശംവയ്ക്കുന്നത് ഇസ്രയേലും. രാസായുധഉടമ്പടിയുടെ പരിധിയില്‍വരാത്ത ചില രാസവസ്തുക്കള്‍ ഇന്നും വ്യാപകമായി സംഭരിക്കപ്പെടുന്നുമുണ്ട്. ഉദാഹരണമായി, വിയത്നാമിലും കെറിയന്‍ യുദ്ധത്തിലും അമേരിക്കയും മലയായില്‍ ബ്രിട്ടനും ഉപയോഗിച്ച ഏജന്റ് ഓറഞ്ച്  പോലെയുള്ള രാസവസ്തുക്കള്‍.
എന്താണ്  രാസായുധങ്ങള്‍?
രാസവസ്തുക്കളെ ആയുധമായി ഉപയോഗിക്കുന്നതാണ്, പൊതുവായി പറഞ്ഞാല്‍ രാസായുധങ്ങള്‍ (Chemical Weapons). മനുഷ്യരുള്‍പ്പെടെയുള്ള ജീവികളുടെ മരണമോ രോഗാവസ്ഥയോ ആണ് ഇവ ലക്ഷ്യമാക്കുന്നത്. രാസവസ്തുക്കള്‍ക്കു പകരം രോഗാണുക്കളെയാണ് ഉപയോഗിക്കുന്നതെങ്കില്‍, ജൈവായുധങ്ങള്‍ എന്നാകും അവ അറിയപ്പെടുക. എന്നാല്‍, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷപദാര്‍ഥങ്ങളെയാണ് ആയുധമായി ഉപയോഗിക്കുന്നതെങ്കില്‍, അവയെ ഒരേ സമയം രാസായുധങ്ങളായും ജൈവായുധങ്ങളായും കണക്കാക്കേണ്ടിവരും. ഇക്കാരണത്താല്‍, രാസായുധ നിയന്ത്രണ ഉടമ്പടിയില്‍ ഫലത്തില്‍ ജൈവായുധങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇന്ന് നിലവിലുള്ളതും വികസിപ്പിക്കപ്പെട്ടതുമായ രാസായുധങ്ങളെ താഴെപറയുന്ന തരത്തില്‍ ഇനംതിരിക്കാവുന്നതാണ്:
ശ്വാസംമുട്ടുണ്ടാക്കുന്നവ (Choking Agents): ശ്വാസംകിട്ടാതെയുള്ള മരണം സൃഷ്ടിക്കുന്നവയാണിവ. ഉദാ: ഫോസ്ജീന്‍, ഡൈഫോസ്ജീന്‍.പൊള്ളലുണ്ടാക്കുന്നവ (Blister Agents)-:-: കണ്ണ്, ശ്വാസകോശങ്ങള്‍, ത്വക്ക് എന്നിവിടങ്ങളില്‍ പൊള്ളലുണ്ടാക്കുന്നവ. ഉദാ: മസ്റ്റാര്‍ഡ് വാതകം, വിനൈല്‍ ആര്‍സിന്‍.
നാഡീവിഷങ്ങള്‍ (Nerve Agents)-:: നാഡീവ്യവസ്ഥയെ തകര്‍ക്കുന്നവയോ പേശികളെ തളര്‍ത്തുന്നവയോ. ഉദാ: സാറിന്‍, ടാബുന്‍, സൈക്ലോസാറിന്‍.
ജീവവായുവിനെ തടയുന്നവ (Blood Agents) ശരീരകോശങ്ങള്‍ക്ക് രക്തത്തിലൂടെ ഓക്സിജന്‍ കിട്ടുന്നതിനെ തടയുന്നവ. ഉദാ: സയനോജെന്‍ ക്ലോറൈഡ്, ഹൈഡ്രജന്‍ സയനൈഡ്.
ചൊറിച്ചിലുണ്ടാക്കുന്നവ (Irritant Agents): അതികഠിനമായ ഛര്‍ദി, തുമ്മല്‍, കണ്ണുനീറ്റല്‍ എന്നിവ സൃഷ്ടിക്കുന്നവ. ഉദാ: സൈലൈല്‍ ബ്രോമൈഡ്, ആഡംസൈറ്റ്.
മാനസികനിലയെ തകര്‍ക്കുന്നവ (Psychochemical Agents): അസ്വാഭാവികമായ മാനസികവ്യാപാരങ്ങള്‍ക്ക് വഴിയൊരുക്കുന്നവ. ഉദാ: ഫെന്‍സൈക്ലിഡൈന്‍, എല്‍എസ്ഡി(LSD).
രോഗാണു വിഷങ്ങള്‍(Toxic Agents): ഭക്ഷ്യവിഷബാധയോ രോഗങ്ങളോ സൃഷ്ടിക്കുന്ന രോഗാണുവിഷങ്ങള്‍. ഉദാ: ആന്ത്രാക്സ്, പന്നിപ്പനി, പക്ഷിപ്പനി തുടങ്ങിയവ സൃഷ്ടിക്കുന്നവ.

A Print Edition of this was published in Kilivathil, Supplement to Deshabhimani Daily dt. 29-01-2015. Linkhttp://www.deshabhimani.com