Thursday, September 7, 2017

ഇനി ചെറിയവനല്ല വൈറസ്

  • നമ്മുടെ കാഴ്ചയ്ക്കപ്പുറം, സൂക്ഷ്മജീവികളുടേതായ ലോകമുണ്ടെന്നു കണ്ടെത്തിയത് അന്റോണ്‍ വാന്‍ ലീവെന്‍ ഹൂക്ക് എന്ന ശാസ്ത്രജ്ഞനാണ്. അന്ന്, 1676-ല്‍ റോയല്‍ സൊസൈറ്റിക്കെഴുതിയ കത്തില്‍ അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: "ഞാന്‍ കണ്ടു, ഒരുതുള്ളി വെള്ളത്തില്‍, ഈല്‍മത്സ്യത്തെപ്പോലെ നീന്തിത്തുടിക്കുന്ന ഒരുപറ്റം സൂക്ഷ്മജീവികളെ, അല്ല, ഒരു ജീവസമൂഹത്തെ...." ലീവെന്‍ ഹൂക്കിന്റെ ഈ കണ്ടെത്തല്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് "ബാക്ടീരിയ" എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവികളെ കണ്ടെത്തുന്നത്.

    നന്നേ ചെറിയ വലുപ്പത്തിലൂടെ കാഴ്ചയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയായിരുന്നു 'ബാക്ടീരിയ'കള്‍. അതിലും ചെറിയ വലുപ്പത്തില്‍ ജീവന് നിലനില്‍ക്കാനാവില്ലെന്നായിരുന്നു ശാസ്ത്രലോകം അപ്പോള്‍ കരുതിയത്. ദിമിത്ര ഇവാനോവ്സ്കി (Dimitri Ivanovsky) എന്ന റഷ്യന്‍ ശാസ്ത്രജ്ഞനാണ് ഈ ധാരണ തിരുത്തിയത്- 1892ല്‍.
    പുകയില ഇടിച്ചുപിഴിഞ്ഞ് ഉണ്ടാക്കിയ ചാറില്‍നിന്ന് അദ്ദേഹം 'ബാക്ടീരിയ'കളെക്കാള്‍ വലുപ്പത്തില്‍ ചെറിയൊരുതരം സൂക്ഷ്മാണുക്കളെ കണ്ടെത്തി. 'വൈറസ്' (Virus)  എന്നാണ് ഇവയ്ക്ക് പേരു നല്‍കിയത്. 

    അന്നുമുതല്‍ ഇന്നുവരെ 'ബാക്ടീരിയകളെക്കാള്‍ വലുപ്പത്തില്‍ ചെറിയവയാണ് വൈറസുകള്‍'എന്ന പൊതുധാരണയാണ് സാമാന്യജനത്തിനും ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും ഇടയില്‍ ഉള്ളത്. എന്നാല്‍, ഇപ്പോഴിതാ, ബാക്ടീരിയയോളം വലുപ്പമുള്ള വൈറസിനെ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വൈറസ് എന്നു വിശേഷിപ്പിക്കുന്ന ഇതിനു നല്‍കിയിരിക്കുന്ന പേര് പാന്‍ഡോറ വൈറസ് (Pandora Virus) എന്നാണ്. ഫ്രാന്‍സിലെ എയ്ക്സ് മാര്‍സില്ലെ സര്‍വകലാശാല ഗവേഷണകരാണ് കണ്ടെത്തലിനുപിന്നില്‍.

    സൂക്ഷ്മജീവികളുടെ വലുപ്പം സാധാരണ നാനോ മീറ്ററിലാണ് പറയുന്നത്. ഒരു മില്ലിമീറ്ററിന്റെ 10 ലക്ഷത്തില്‍ ഒരംശത്തെയാണ് നാനോ മീറ്റര്‍ എന്നുപറയുന്നത്. സാധാരണ 1000 നാനോ മീറ്ററാണ് ഒരു ബാക്ടീരിയയുടെ ശരാശരി വലുപ്പം. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസിന്റെ വലുപ്പം 1400 നാനോ മീറ്ററാണ്. അതായത് ബാക്ടീരിയയെക്കാള്‍ വലുപ്പമുള്ള വൈറസ്! 

    സാധാരണ മൈക്രോസ്കോപ്പിലൂടെ കാണാന്‍ കഴിയുന്നു എന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. വൈറസിനെ നിരീക്ഷിക്കാന്‍ ഇതുവരെ ഉപയോഗിച്ചിരുന്നത് ഇലക്ട്രോണ്‍ മൈക്രോസ്കോപ്പാണ്. എന്നാല്‍ ഇനി പ്രകാശംകൊണ്ടു പ്രവര്‍ത്തിക്കുന്ന സാധാരണ മൈക്രോസ്കോപ്പിലൂടെയും വൈറസിനെ കാണാനാവും 'പാന്‍ഡോറാ വൈറസി'നെ! 

    സാധാരണ മൈക്രോസ്കോപ്പ് അഥവാ 'ലൈറ്റ് മൈക്രോസ്കോപ്പി' (Light Microsope)ന്റെ ദൃശ്യപരിധി സംബന്ധമായ നിര്‍വചനം ഇനിമേല്‍ മാറ്റിയെഴുതേണ്ടിവരും. ബാക്ടീരിയയെ കാണാന്‍ ലൈറ്റ് മൈക്രോസ്കോപ്പ്, വൈറസിനെ കാണാന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് എന്ന പറച്ചില്‍ ഇനിമേല്‍ നിലനില്‍ക്കാത്തതാവും.
    അതേസമയം, സാധാരണ വൈറസുകളുടെ വലുപ്പം 20 മുതല്‍ 300 നാനോ മീറ്ററിനുള്ളില്‍ നില്‍ക്കുന്നതാണെന്നും ഓര്‍മിക്കുക. 'പാന്‍ഡോറ വൈറസി'ന്റെ വലുപ്പം 1400 നാനോ മീറ്ററോളം ആയതിനാലാണ് അത് വൈറസുകള്‍ക്കിടയിലെ ഭീമനായി മാറുന്നത്. 

    ഏതെങ്കിലുമൊരു ജീവശരീരത്തിനുള്ളില്‍ കടക്കുമ്പോഴേ വൈറസ് ഒരു 'ജീവി'യെപ്പോലെ പെരുമാറുകയുള്ളൂ. ജീവശരീരത്തിനു പുറത്താകുമ്പോള്‍ അത് വെറുമൊരു 'വസ്തു"'മാത്രമാകും. ജീവനില്ലാത്ത വെറുമൊരു "വസ്തു". ഈ ലോകത്ത് ഇന്നേവരെ തിരിച്ചറിയപ്പെട്ട വൈറസുകളെല്ലാം ഇങ്ങനെ "കള്ളം നടിച്ച് കിടക്കുന്നവ"യാണ്. അല്ലെങ്കില്‍ അങ്ങനെയായിരുന്നു ശാസ്ത്രസമൂഹത്തിന്റെയാകെ പൊതുധാരണ. 

    ഈ ധാരണയാണ് പുതിയ 'ഭീമന്‍വൈറസ്' ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള ഒരു ശുദ്ധജല തടാകത്തിനടിയിലെ ചളിയില്‍നിന്നാണ് ശാസ്ത്രജ്ഞര്‍ക്ക് ഇതിനെ ലഭിച്ചത്. വൈറസുകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയും എന്ന സൂചന നല്‍കുന്നതാണ് ഈ കണ്ടെത്തല്‍.

    എന്താണ് വൈറസുകള്‍?
     
    ബാക്ടീരിയകളെക്കാള്‍ വളരെ ചെറുതെന്നു കരുതപ്പെട്ട അതിസൂക്ഷ്മ "ജീവഘടക"ങ്ങളാണ് വൈറസുകള്‍. ജീവനുള്ള എന്തിനെയും ആക്രമിച്ചു കീഴടക്കി, രോഗങ്ങള്‍ വരുത്താന്‍കഴിയുന്നവയായാണ് വൈറസുകളെ കണക്കാക്കുന്നത്. ഏറ്റവും സുപരിചിതമായ ജലദോഷംമുതല്‍ എയ്ഡ്സ് വരെയുള്ള അസുഖങ്ങള്‍ക്കു കാരണമാവുന്നത് വൈറസുകളാണ്.

    ഇത് ഗൈറസ്
     
    'പാന്‍ഡോറ വൈറസ്' ഉള്‍പ്പെടുന്ന ഭീമന്‍ വൈറസുകള്‍ക്ക് ശാസ്ത്രജ്ഞര്‍ പുതിയൊരു പേരാണ് നല്‍കിയിരിക്കുന്നത്. 'ഗൈറസ്' (Girus).


     'ജയന്റ് വൈറസ്(Giant Virus)' എന്നതിന്റെ ചുരുക്കരൂപമാണ് 'ഗൈറസ്'.

    വലുപ്പത്തിലെ താരതമ്യം 
    പാന്‍ഡോറ വൈറസ് 1400 നാനോ മീറ്റര്‍
    ബാക്ടീരിയ (ശരാശരി) 1000 നാനോ മീറ്റര്‍
    സാധാരണ വൈറസ് 20-300 നാനോ മീറ്റര്‍
    ....................................................................................

    'വിക്കിപ്പീഡിയ' എന്ന ഓണ്‍ലെെന്‍ എന്‍സെെക്ളോപീഡിയയിലെ ഒരു എന്‍ട്രിയില്‍ 'കിളിവാതിലി'ല്‍ ഞാന്‍ എഴുതിയ ലേഖനത്തിന്റെ റെഫറന്‍സ് കാണിച്ചിരിക്കുന്നു. വിക്കിപീഡിയയിലെ ലിങ്ക് ഇതാണ്- 


    Reference: http://www.deshabhimani.com

    Courtesy: A print version of this article was published in Kilivathil, the Science Supplement of Deshabhimani Daily, dated 12th July 2013.