ഫിലിപ്പീന്‍സില്‍വെച്ച് അവിടുത്തെ ഗോത്രവര്‍ഗക്കാരുമായുണ്ടായ യുദ്ധത്തില്‍ അവര്‍ അദ്ദേഹത്തെ മുളകൊണ്ടുള്ള കുന്തംകൊണ്ടെറിഞ്ഞു വീഴ്ത്തി. പിന്നീട് വളഞ്ഞുനിന്ന് വെട്ടിനുറുക്കിക്കൊന്നു. 239 നാവികരാണ് പോയത്, അഞ്ച് കപ്പലുകളിലായി. അതില്‍ ഒരെണ്ണം മാത്രമാണ് തിരിച്ചുവന്നത്, 18 പേരുമായി. എങ്കിലും രണ്ടുകാര്യങ്ങള്‍ക്ക് തീര്‍ച്ചയും തുടക്കവുമായി. ഭൂമി പരന്നതല്ല, ഉരുണ്ടതാണ് എന്നതായിരുന്നു തീര്‍ച്ചപ്പെട്ട വസ്തുത. വ്യപാരം എന്നത് ആഗോളാടിസ്ഥാനത്തിലേക്ക് വ്യാപിക്കുകയും അതിനായി രാജ്യാന്തരമായി സാധുത അവകാശപ്പെടാനാവുന്ന നിയമങ്ങളും ഉടമ്പടികളും രൂപമെടുക്കുന്നതിനും ഇത് കാരണമായി. ഇത് പുതിയൊരു സാമ്പത്തികവ്യവസ്ഥതന്നെ സ്യഷ്ടിക്കുകയുണ്ടായി. അതാണ് പില്‍ക്കാലങ്ങളില്‍ വ്യവഹാരങ്ങളിലേക്കും സംവാദങ്ങളിലേക്കും കടന്നുവന്ന ആഗോളവല്‍ക്കരണം (Globalization) എന്ന വാക്ക്. മഗല്ലന്‍ നടത്തിയ കപ്പല്‍യാത്രയുടെ 500ം വാര്‍ഷികം 2019 മുതല്‍ 2022 വരെ സ്പെയിന്‍ ഔദ്യോഗികമായി ആചരിച്ചിരുന്നു.
മഗല്ലന്‍ ദ്വീപ്
സത്യത്തില്‍ മഗല്ലന്‍ നടത്തിയ പര്യവേഷണം മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിയിരുന്നു: അറ്റ്ലാന്‍റിക്പസഫിക് സമുദ്രങ്ങള്‍ക്കിടയില്‍ കപ്പല്‍സഞ്ചാരത്തിന് യോഗ്യമായ ഒരു കടലിടുക്ക് നിലനില്‍ക്കുന്നു എന്ന കണ്ടെത്തലായിരുന്നു അത്. അപ്രതീക്ഷിതമായ ചുഴലികള്‍ക്കും കടല്‍ച്ചുഴികള്‍ക്കും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒന്നായിരുന്നു ഈ കടലിടുക്ക്. എങ്കിലും കേപ് ഹോണ്‍ (Cape Horn) ചുറ്റി, പുറംകടലിലൂടെപ്പോയി കൊടുങ്കാറ്റില്‍പ്പെടുന്നതിനെക്കാള്‍ സുരക്ഷിതമെന്ന ഖ്യാതി തെക്കന്‍ചിലിയെ അതിരിടുന്ന ഈ കടലിടുക്കിനുണ്ടായിരുന്നു. പനാമാ കനാല്‍ നിര്‍മ്മിക്കപ്പെടുന്നതുവരേയ്ക്കും നാവികര്‍ക്കിടയിലെ ഈ സല്‍പ്പേര് ഒളിമങ്ങാതെ നിലനില്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഇപ്പോഴും ഈ കടലിടുക്ക് മഗല്ലന്‍റെ പേരില്‍ത്തന്നെ (Strait of Magellan)യാണ് അറിയപ്പെടുന്നത്. മാത്രമല്ല, മഗല്ലന്‍ സ്ട്രൈറ്റ് കടന്നുകിട്ടിയാല്‍ ചെന്നിറങ്ങുന്ന വിശാലസമുദ്രത്തിനും ഏറെക്കാലം ആ പേരുതന്നെയായിരുന്നു മഗല്ലന്‍റെ മഹാസമുദ്രം (The Sea of Magellan)! പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെയാണ് താരതമ്യേന ശാന്തമായ ഈ സമുദ്രം പുതിയൊരുപേരില്‍ അറിയപ്പെട്ടുതുടങ്ങിയത്: പസഫിക് സമുദ്രം. മഗല്ലെനാല്‍ കണ്ടുപിടിക്കപ്പെട്ടതെങ്കിലും അവ്വിധം പ്രശസ്തമാവാത്ത ഒരു ദ്വീപുമുണ്ട്. ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കൈയ്യൊഴിഞ്ഞ് കണ്ണീരിലാഴ്ത്തിയ റോഹിന്‍ക്യ അഭയാര്‍ത്ഥികള്‍ക്ക് ആതിഥ്യമൊരുക്കുകയും പൗരത്വംനല്‍കി അംഗീകരിക്കാനും തയ്യാറായ ഒരേയൊരു രാജ്യം: ഫിലിപ്പീന്‍സ്.

1521 മാര്‍ച്ച് 31ന് മഗല്ലന്‍ അവിടെയുള്ള ഏറ്റവും ഉയര്‍ന്ന മലയ്ക്കുമുകളില്‍ ഒരു കുരിശ് സ്ഥാപിക്കുകയുണ്ടായി. മാത്രമല്ല, ആദ്യത്തെ സമൂഹപ്രാര്‍ത്ഥനയും അവിടെ നടത്തി. എന്നാല്‍, ദ്വീപിലെ ഗോത്രവര്‍ഗജനതയെ ക്രിസ്തീയതയിലേക്ക് പരിവര്‍ത്തനംചെയ്യാനുള്ള മഗല്ലന്‍റെ ശ്രമങ്ങളെ എതിര്‍ക്കുന്നവരും അവിടെ ഉണ്ടായിരുന്നു. സെബു ദ്വീപി (Cebu Island)ലെ മതപരിവര്‍ത്തന ശ്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷം മക്റ്റാന്‍ ദ്വീപി(Mactan Island)ലേക്ക് കടക്കാന്‍ ശ്രമിക്കവേയായിരുന്നു ആക്രമണം. 1521 ഏപ്രില്‍ 21ന,് തോല്‍ക്കുമെന്ന ഉറപ്പോടെതന്നെ മഗല്ലന്‍ ഒരു ചെറിയ പടയാളിസംഘവുമായി മക്റ്റാന്‍ ദ്വീപിന്‍റെ തലവനായിരുന്ന ലാപുലാപു(Lapu-Lapu)വിന്‍റെ വന്‍പടയെ നേരിട്ടു. മഗല്ലന്‍ കൊല്ലപ്പെട്ടു. അംഗഛേദങ്ങളാല്‍ വിരൂപമാക്കപ്പെട്ട അദ്ദേഹത്തിന്‍റെ മ്യതശരീരം അവര്‍ കൊണ്ടുപോയി. പണം കൊടുത്ത് അത് നേടിയെടുക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ലാപുലാപുവിന് അത് സമ്മതമായിരുന്നില്ല. മഗല്ലന്‍റെ ഭാര്യയും മകനും മഗല്ലന്‍ തിരിച്ചെത്തും മുമ്പുതന്നെ മരണപ്പെട്ടു പോയിരുന്നതിനാല്‍ തന്‍റേതായ ഒന്നും ഈ ഭൂമിയില്‍ ബാക്കിവെക്കാതെ മക്റ്റാന്‍ദ്വീപിന്‍റെ മണ്ണില്‍ മഗല്ലന്‍റെ സ്മ്യതികള്‍ എന്നന്നേക്കുമായി അവസാനിച്ചു.
കേരളീയര്‍ കണ്ട മഗല്ലന്‍
യുവാവായ മഗല്ലനെ കേരളത്തിലെ പഴയ തലമുറ നേരില്‍കണ്ടിട്ടുണ്ടാവണം. തന്‍റെ ഇരുപത്തിയഞ്ചാം വയസിലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയിലേക്ക് വരുന്നത്. പോര്‍ട്ടുഗീസ് ആധിപത്യന്‍കീഴിലായ ഇന്ത്യ(‘Estado da India’)യുടെ ആദ്യത്തെ വൈസ്രോയിയായി നിയോഗിതനായ ഫ്രാന്‍സിസ്കോ ഡീ അല്‍മെയ്ഡ (Don Francisco de Almeida, 1450-1510)-യെ അവരോധിക്കാനായി അയയ്ക്കപ്പെട്ട കപ്പല്‍പ്പടയോടൊപ്പമാണ് അദ്ദേഹം ആദ്യമായി ഇന്ത്യയിലെത്തുന്നത്. പോര്‍ട്ടുഗലിലെ രാജാവായ മാനുവല്‍ ഒന്നാമനാണ് വൈസ്രോയിയായി അല്‍മെയ്ഡയെ ഇന്ത്യയിലേക്കയച്ചത്, 22 കപ്പലുകളുടെ അകമ്പടിയോടെ. അത്തരമൊരു ഉന്നതതലസംഘത്തോടൊപ്പം എത്താന്‍ മഗല്ലനെ പ്രാപ്തനാക്കിയത് അദ്ദേഹത്തിന്‍റെ കുലീനതയായിരുന്നു. പോര്‍ട്ടുഗലില്‍ വീഞ്ഞിനുപേരുകേട്ട സാബ്രോസാ എന്ന ചെറുപട്ടണത്തിലെ ഒരു ധനാഢ്യകുടുംബത്തിലെ അംഗമായിരുന്നു മഗല്ലന്‍. ആ മുന്‍സിപ്പാലിറ്റിയുടെ മേയര്‍ ആയിരുന്നു മഗല്ലന്‍റെ പിതാവ്. ജോണ്‍ രണ്ടാമന്‍ രാജാവിന്‍റെ സഹധര്‍മ്മിണിയായിരുന്ന എലിയാനൊര്‍ രാജ്ഞിയുടെ സ്വകാര്യസന്ദേശവാഹകനായിട്ടായിരുന്നു മഗല്ലന്‍ ആദ്യമായി പോര്‍ച്ചുഗല്‍കൊട്ടാരത്തില്‍ കടക്കുന്നത്.

കൊട്ടാരത്തിലാണ് മഗല്ലന്‍ വളര്‍ന്നത്. ജോണ്‍ രണ്ടാമന്‍റെ ഭരണകാലത്തിനുശേഷം മാനുവല്‍ ഒന്നാമന്‍ അധികാരമേറ്റപ്പോള്‍, അദ്ദേഹത്തിന്‍റെ സൈന്യത്തില്‍ മെഗല്ലനും ഉള്‍പ്പെടുത്തപ്പെട്ടു, 1495ല്‍. തുടര്‍ന്നാണ് ഫ്രാന്‍സിസ്കോ അല്‍മെയ്ഡയെ അനുഗമിക്കാനുള്ള ആജ്ഞയുണ്ടാവുന്നത്. 1505ല്‍ ഇന്ത്യയിലെത്തിയ അദ്ദേഹം എട്ടുവര്‍ഷം ഇന്ത്യയിലുണ്ടായിരുന്നു. ഗോവയിലും കൊച്ചിയിലും കൊല്ലത്തും അദ്ദേഹം താമസിച്ചിരുന്നു. ഈ കാലയളവില്‍ നടന്ന അനവധി യുദ്ധങ്ങളില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 1506ലെ കണ്ണൂര്‍ യുദ്ധം (Battle of Cannanore). കണ്ണൂര്‍ തുറമുഖമായിരുന്നു യുദ്ധഭൂമി. ഫ്രാന്‍സിസ്കോ അല്‍മെയ്ഡയുടെ മകനായ ല്യൂറെന്‍കൊ ഡീ അല്‍മെയ്ഡ (Leurenco de Almeida, 1480-1508)യായിരുന്നു യുദ്ധം നയിച്ചിരുന്നത്. മറുവശത്ത് സാമൂതിരിയും. സാമൂതിരിയും പീരങ്കി ഘടിപ്പിച്ച കപ്പല്‍പ്പടയെ ഒരുക്കിയിരുന്നു. ഇറ്റലിയിലെ മിലനില്‍ നിര്‍മ്മിച്ചതും പീരങ്കികള്‍ പിടിപ്പിച്ചതുമായ 200 പടക്കപ്പലുകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തില്‍നിന്നുള്ള പട്ടാളക്കാരേയും വരുത്തിയിരുന്നു. തുര്‍ക്കികളും അറബികളും തദ്ദേശീയരുമുള്‍ പ്പെടുന്ന സാമൂതിരിപ്പടയ്ക്ക് പക്ഷേ പോര്‍ച്ചുഗീസ് സൈനിക ശക്തിക്കുമുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. സാമൂതിരി തോറ്റു.

കണ്ണൂരില്‍ സാന്‍റോ ആന്‍ജലോ എന്ന പേരിലറിയപ്പെട്ട പോര്‍ച്ചുഗീസ് കോട്ട പണിഞ്ഞത് ആദ്യ വൈസ്രോയിയായ ഫ്രാന്‍സിസ്കോ അല്‍മെയ്ഡയായിരുന്നു, 1505-ല്‍. പോര്‍ച്ചുഗീസുകാരും കോഴിക്കോട് സാമൂതിരിയും തമ്മില്‍ നിലനിന്നിരുന്ന വൈരം അവരുമായുള്ള സുഗന്ധദ്രവ്യവ്യവസായത്തെ ബാധിക്കുന്ന സാഹചര്യമായിരുന്നു നിലനിന്നിരുന്നു. ഈ അവസ്ഥ മനസിലാക്കിയ കണ്ണൂരിലെ കോലത്തിരി, പോര്‍ച്ചുഗീസുകാരെ തങ്ങളുമായി വ്യാപാരത്തിലേര്‍പ്പെടാന്‍ ക്ഷണിച്ചു. അതേുടര്‍ന്നാണ് സെയ്ന്‍റ് ആന്‍ജലോ കോട്ട പണിയപ്പെട്ടത്. എന്നാല്‍ അതിന് അനുമതി നല്‍കിയിരുന്ന മൂത്ത കോലത്തിരി 1506-ല്‍ മരിച്ചു. തുടര്‍ന്നുനടന്ന അനന്തരവകാശിത്തര്‍ക്കത്തില്‍ മദ്ധ്യസ്ഥം പിടിക്കാന്‍ സാമൂതിരി തന്‍റെ പ്രതിനിധികളെ അയച്ചു. അതേത്തുടര്‍ന്ന് അവരോധിതനായ പുതിയ കോലത്തിരിരാജാവ് അതിനാല്‍ത്തന്നെ സാമൂതിരി യോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ പോര്‍ച്ചുഗീസുകാരുടെ വിരോധം സമ്പാദിക്കാനുള്ള നടപടികളിലേര്‍പ്പെട്ടു.

അതിനിടെയാണ് കണ്ണൂര്‍തീരം വഴി കടന്നുപോവാനൊരുങ്ങിയ ഒരു ഇന്ത്യന്‍ ചരക്കുകപ്പല്‍ പോര്‍ച്ചുഗീസുകാര്‍ മുക്കിയത്. കപ്പല്‍ജീവനക്കാരെയും നാവികരേയും പായ്പ്പലിന്‍റെ തൂണില്‍ കെട്ടിവെച്ചശേഷമായിരുന്നു കപ്പല്‍ മുക്കിയത്. ഇതില്‍ രോക്ഷാകുലരായ കോലത്തുനാട്ടിലെ ജനങ്ങള്‍ അവരുടെ രാജാവായ കോലത്തിരിയോട് പോര്‍ച്ചുഗീസുകാരെ നിലയ്ക്കുനിറുത്തണമെന്ന് അപേക്ഷിച്ചു. തുടര്‍ന്ന് കോലത്തിരി 40,000 നായര്‍ പടയാളികളുമായി പോര്‍ച്ചുഗീസുകാരെ ആക്രമിച്ചു. സാമൂതിരിയും അവളവറ്റ ആയുധങ്ങളും പടക്കോപ്പുകളും നല്‍കി കോലത്തിരിയെ സഹായിച്ചു. സെയ്ന്‍റ് ആന്‍ജലോ കോട്ടയിലെ പീരങ്കികള്‍ നിരന്തരമായി ഗര്‍ജ്ജിച്ചുവെങ്കിലും കോലത്തിരിയുടെ സൈന്യം പഞ്ഞിനിറച്ച ചാക്കുകള്‍ അട്ടിയായി ഇട്ട് അവയെ പ്രതിരോധിച്ചു. 1507 ഏപ്രില്‍ 27ന് ആരംഭിച്ച കോട്ട പിടിക്കല്‍ശ്രമം നാലുമാസത്തോളം നീണ്ടു.

കോട്ടപിടിച്ചെടുത്തിട്ട് അവിടെ വെച്ച് ഓണസദ്യ ഉണ്ണണമെന്നാ യിരുന്നു കോലത്തിരിയുടെ ആഗ്രഹം. കോട്ടയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ പോര്‍ച്ചുഗീസുകാര്‍ പട്ടിണികിടന്നു മരിക്കു മെന്നായി. എങ്കിലും പെന്നെുണ്ടായ ഒരു വേലിയേറ്റം സ്യഷ്ടിച്ച വലിയ ചെമ്മീനുകളുടെ ചാകര അവര്‍ക്കു തുണയായി. 1507 ഓഗസറ്റ് 15നായിരുന്നു ഈ അത്ഭുതപ്രതിഭാസം സംഭവിച്ചതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉണ്ടായതെന്നാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. അതോടെ പട്ടിണിമരണത്തില്‍നിന്നും കരകയറാന്‍ പോര്‍ച്ചുഗീസുകാര്‍ക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ഓണത്തിനുമുമ്പു നടത്താനായി കോലത്തിരി നിശ്ചയിച്ചിരുന്ന അപ്രതീക്ഷിതആക്രമണം എന്ന ആശയം വിജയിച്ചില്ല. എങ്കിലും പോര്‍ച്ചുഗീസ് പക്ഷത്തില്‍ കടുത്ത ആള്‍നാശം വരുത്താന്‍ കോലത്തിരിക്ക് സാധിച്ചു. കോട്ടയ്ക്ക് ചുറ്റുമുള്ള പ്രതിരോധം കൂടുതല്‍ ശക്തമാക്കിക്കൊണ്ട് കോലത്തിരിസൈന്യം നിലകൊണ്ടു.

എന്നാല്‍, 1507 ഓഗസ്റ്റ് 27ന് ട്രീസ്റ്റാവോ ഡാ കന്‍ഹ (Tristao da Cunha, 1460-1540)-യുടെ നേത്യത്വത്തിലുള്ള പതിനൊന്ന് പോര്‍ച്ചുഗീസ് പടക്കപ്പലുകള്‍ കണ്ണൂര്‍തീരമണഞ്ഞു. അതില്‍നിന്നുമുള്ള വെറും 300 പോര്‍ച്ചുഗീസ് പട്ടാളക്കാരുടെ സഹായത്തോടെ ആന്‍ജലോകോട്ടയെ മോചിപ്പിച്ചു. ഈ യുദ്ധത്തില്‍ മഗല്ലന് മുറിവുപറ്റിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. കോട്ട തിരിച്ചുപിടിച്ച ശേഷമായിരുന്നു ഈ വിവരം പുറംലോകം അറിയുന്നത്. എന്തായാലും څമലബാറി'ല്‍നിന്നുള്ള സുഗന്ധവ്യാപാരം തിരിച്ചുപിടിക്കുന്നതില്‍ പോര്‍ട്ടുഗലിനെ സഹായിച്ചതില്‍ മഗല്ലെനും പങ്കുണ്ട്. സ്വന്തം രക്തത്താലാണ് നഷ്ടപ്രതാപത്തിന്‍റെ ആ വീണ്ടെടുക്കല്‍ അദ്ദേഹം എഴുതിവെച്ചതും.
ലോകം ചുറ്റാനുള്ള യാത്ര
കണ്ണൂര്‍കോട്ട തിരിച്ചുപിടിക്കാനുള്ള യുദ്ധത്തിലെ പങ്കാളിത്തം മഗല്ലന് ഒരു വീരപരിവേഷം ചാര്‍ത്തിക്കൊടുത്തു. 1509-ലെ ഡ്യൂ യുദ്ധ(Battle of Diu)ത്തിലും മഗല്ലന്‍ പങ്കെടുത്തിരുന്നു. അതിനുശേഷം അദ്ദേഹം കേരളം വിട്ടു. പിന്നീട് നമ്മള്‍ മഗല്ലനെ കാണുന്നത് 1511-ല്‍ നടന്ന മലാക്കാ കിഴടക്കല്‍ ആക്രമണത്തിന്‍റെ കാലത്താണ്. മലാക്കയിലെ പുതിയ ഗവര്‍ണ്ണറായി നിയമിതനായ അല്‍ഫോണ്‍സോ ഡി അല്‍ബുക്കെര്‍ക്കിന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അത്. 1512-1513 കാലത്ത് മഗല്ലന്‍ വീണ്ടും ജന്‍മദേശമായ പോര്‍ട്ടുഗലില്‍ തിരിച്ചെത്തി. ഇടക്കാലത്ത് മൊറോക്കോയിലേക്ക് അയയ്ക്കപ്പെട്ട മഗല്ലന് അവിടെവെച്ച് കാലിന് പരിക്ക് പറ്റി. അജീവനാന്തമുള്ള ഒരു മുടന്താണ് അത് സമ്മാനിച്ചത്. മാത്രമല്ല, മൂര്‍വംശജരുമായി കള്ളക്കച്ചവടത്തിലേര്‍പ്പെട്ടു എന്നൊരു അപഖ്യാതിയും അദ്ദേഹത്തിന് വന്നുചേര്‍ന്നു.

ഇതില്‍ കഴമ്പില്ലെന്ന് പിന്നീട് തെളിയിക്കപ്പെട്ടുവെങ്കിലും പോര്‍ട്ടുഗല്‍ രാജാവില്‍നിന്നും പിന്നീട് ഔദ്യോഗികമായ ഭരപ്പെടുത്തലുകളൊന്നും ലഭിക്കാതിരിക്കാന്‍ ഇത് കാരണമായി. സുഗന്ധവ്യാപാരത്തിനുള്ള പുതിയ ഉറവിടങ്ങള്‍ തേടിയുള്ള ഒരു പര്യവേഷണദൗത്യന് അനുമതി തരണമെന്ന മഗല്ലന്‍റെ അപേക്ഷ പോര്‍ട്ടുഗല്‍ രാജാവായ മാനുവല്‍ ഒന്നാമന്‍ പരിഗണിച്ചില്ല. എന്നാല്‍ തന്നെ പോര്‍ട്ടുഗല്‍ വിട്ട് സ്പെയിനിലേക്ക് പോകാനനുവദിക്കണമെന്ന് മഗല്ലന്‍ ആവശ്യപ്പെട്ടു. അത് അനുവദിക്കപ്പെട്ടുവെങ്കിലും രാജ്യദ്രോഹി എന്ന പരിവേഷവുമായിട്ടായിരുന്നു മഗല്ലന് സ്വന്തം രാജ്യം വിട്ടുപോവാനായത്. സ്പെയ്നിലെത്തിയ മഗല്ലന് സെവില്ലെ നഗരത്തില്‍ ഒരു സുഹ്യത്തിനെ കിട്ടി, ഡിയോഗൊ ബാര്‍ബോസ. അദ്ഹേത്തിന്‍റെ രണ്ടാം ഭാര്യയിലുണ്ടായ മകള്‍ ബിയാട്രിസിനെ മഗല്ലന്‍ വിവാഹം കഴിച്ചു.

അറ്റ്ലാന്‍റിക്കില്‍നിന്നും പസഫിക് സമുദ്രത്തിലേക്ക് കടക്കാന്‍ പുതിയൊരു പാത, സുഗന്ധകയറ്റുമതിക്കുള്ള പുതിയ ഇടങ്ങള്‍... തന്‍റെ സ്വപ്നങ്ങള്‍ മാറ്റിവെയ്ക്കാന്‍ അപ്പോഴും മഗല്ലന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം തദ്ദേശീയനായ ഒരു ഭൂപടപണ്ഡിതനെ കണ്ടുപിടിച്ച് അതിനുള്ള സാധ്യതകളെക്കുറിച്ച് വിശദമായി പഠിച്ചു. പിന്നീട് നേരേ സ്പെയിനിലെ രാജാവിനെ ചെന്നുകണ്ടു. ഉദ്ദേശ്യം അറിയിച്ചു. നിലവില്‍ എല്ലാവരും കിഴക്കോട്ടാണു പോവുന്നത്, പുതിയ സുഗന്ധതീരങ്ങള്‍ തേടി. അങ്ങനെയെങ്കില്‍ ആഫ്രിക്കാമുനമ്പ് ചുറ്റിപ്പോവണം. അതാവട്ടെ, പോര്‍ച്ചുഗീസുകാരുടെ നിയന്ത്രണത്തിലും. പക്ഷേ ഞാന്‍ പടിഞ്ഞാറോട്ടു പോകാനാഗ്രഹിക്കുന്നു, സ്പെയിനില്‍നിന്നും. ഇതുവരെ ആരും അങ്ങനെ പോയിട്ടില്ല. പക്ഷേ, അങ്ങ് അത് അനുവദിക്കുകയാണെങ്കില്‍ വിലപ്പെട്ട വിവരങ്ങളുമായി ഞാന്‍ തിരിച്ചുവരും.

സ്പെയിനിലെ രാജാവ് ചാള്‍സ് ഒന്നാമന് സന്തോഷമായി. അദ്ദേഹം അഞ്ച് കപ്പലുകളും യാത്രയ്ക്കുവേണ്ട സമ്പത്തും രണ്ടു വര്‍ഷത്തോളം തുടര്‍ച്ചയായി സഞ്ചരിക്കാന്‍ പാകത്തിലുള്ളഭക്ഷ്യശേഖരവും മഗല്ലന് ഒരുക്കിക്കൊടുത്തു.. സഹയാത്രികരായി സ്പാനിഷ് നാവികരും കമാന്‍ഡര്‍മാരുമടക്കം 270 പേര്‍. അതില്‍ നാല്‍പ്പതോളം പേര്‍ മഗല്ലന്‍റെ നാട്ടില്‍നിന്നുള്ളവര്‍, പോര്‍ച്ചുഗീസുകാര്‍. 1519 സെപ്തംബര്‍ 20-ന് സ്പെയിന്‍തീരത്തുനിന്നും മഗല്ലന്‍റെ കപ്പല്‍വ്യൂഹം അറ്റ്ലാന്‍റിക് സമുദ്രത്തിലൂടെ പടിഞ്ഞാറു ദിശയിലേക്കു നീങ്ങി. ഡിസംബറോടെ ലാറ്റിനമേരിക്കന്‍ തീരദേശനഗരമായ റിയോ ഡി ജനേറൊവിലെത്തിയ അവര്‍ പിന്നീട് തീരംവിട്ടൊഴിയാതെ തെക്കുദിശയില്‍ നീങ്ങി. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ അവര്‍ക്ക് പ്രക്യതാല്‍ത്തന്നെ തുറമുഖമെന്നപോലെ രൂപമെടുത്തിരിക്കുന്ന ഒരിടത്ത് നങ്കൂരമിടേണ്ടതായി വന്നു. സെയ്ന്‍റ് ജൂലിയന്‍ എന്നാണ് ആ നഗരത്തിന്‍റെ പേരെന്ന് മനസിലാക്കിയ അവര്‍ ശൈത്യകാലം അവസാനിക്കുംവരെ അവിടെ കഴിയാന്‍ തീരുമാനിച്ചു.

ഇന്നത്തെ അര്‍ജന്‍റീനയുടെ ഭാഗമായിരുന്ന സെയിന്‍റ് ജൂലിയനിലെ തങ്ങലിനിടെ അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായി. കപ്പല്‍വ്യൂഹത്തിലെ സ്പാനിഷ് നാവികരും കമാന്‍ഡര്‍മാരും ചേര്‍ന്ന് ഒരു കലാപത്തിന് തിരികൊളുത്തി. മഗല്ലന്‍ വളരെ കാര്‍ക്കശ്യത്തോടെ അതിനെ നേരിടുകയും പരാജയപ്പെടുത്തുകയുംചെയ്തു. കലാപത്തിന് നേത്യത്വംനല്‍കിയ മൂന്നുപേരെ അദ്ദേഹം കൊന്നു. മറ്റു കലാപകാരിയെ ചങ്ങലയ്ക്കിട്ട് കപ്പലിലെ പങ്കായക്കാരാക്കി മ്യഗീയമായി പീഠിപ്പിച്ചു. അങ്ങനെ കലാപം അടിച്ചമര്‍ത്തപ്പെട്ടുവെങ്കിലും അഞ്ചു കപ്പലുകളില്‍ മൂന്നെണ്ണത്തിന്‍റെ നിയന്ത്രണം മഗല്ലന് നഷ്ടമായി.
ശൈത്യകാലം അവസാനിക്കുന്നതിനുമുമ്പേ യാത്ര തുടരേണ്ടിവന്ന മഗല്ലന്‍റെ കപ്പല്‍വ്യൂഹത്തില്‍പ്പെട്ട സാന്‍റിയാഗോ എന്ന കപ്പല്‍ ഒരു കൊടുങ്കാറ്റില്‍പ്പെട്ടു.
നാവികരെയെല്ലാം രക്ഷിക്കാന്‍ കഴിഞ്ഞു വെങ്കിലും കപ്പല്‍ മുങ്ങി. അവശേഷിച്ച നാലു കപ്പലുകളുമായി സഞ്ചരിക്കുമ്പോള്‍ തങ്ങള്‍ ഒരു ഉള്‍ക്കടലിലൂടെയാണ് നീങ്ങുന്നതെന്ന് മഗല്ലനു മനസിലായി. അതാകട്ടെ വീതി കുറഞ്ഞുകുറഞ്ഞ് അവസാനം ഒരു കടലിടുക്കിന്‍റെ രൂപത്തിലായി. മുന്നോട്ടുതന്നെ പോവണമെന്നായിരുന്നു മഗല്ലന്‍റെ തീരുമാനം. കടലിടുക്കിലൂടെയുള്ള യാത്ര അപകടം പതിയിരിക്കുന്നതാ യിരുന്നു. കോളിളിക്കം പിടിച്ച കടല്‍. മരണയാത്രയവും. നാലു കപ്പലുകളിലൊരെണ്ണം, സാന്‍ അന്‍റോണിയോ, ജീവഭയം മുന്‍നിറുത്തി പിന്‍തിരിഞ്ഞ് സ്പെയിനിലേക്ക് തിരിച്ചുപോവാനുള്ള തങ്ങളുടെ തീരുമാനം അറിയിച്ചു. മഗല്ലന്‍റെ നേത്യത്വത്തില്‍ അവശേഷിച്ച മൂന്നു കപ്പലുകള്‍ കടലിടുക്കിലേക്ക് കടന്നു.

1520 നവംബറോടെ പസഫിക് സമുദ്രത്തിലെത്തിയ മഗല്ലന്‍റെ കപ്പല്‍വ്യഹം അത് മുറിച്ചുകടന്ന് ഏഷ്യാവന്‍കരയിലെത്തുക എന്ന ലക്ഷ്യത്തോടെ മുന്നോട്ടു നീങ്ങി. മൂന്നോ നാലോ ദിവസംകൊണ്ട് ഏഷ്യാവന്‍കരയ്ക്ക് സമീപമുള്ള ഏതെങ്കിലും ദ്വീപ് കണായ്വരുമെന്നായിരുന്നു മഗല്ലന്‍റെ പ്രതീക്ഷ. എന്നാല്‍ മൂന്നര മാസം കഴിഞ്ഞിട്ടും മറുകര കാണാന്‍ അവര്‍ക്കു കഴിഞ്ഞില്ല. സംഭരിച്ചിരുന്ന ഭക്ഷ്യവസ്തുക്കള്‍ തീര്‍ന്നതിനാല്‍ പട്ടിണിയായി. മുപ്പതോളംപേര്‍ പട്ടിണികിടന്നു മരിച്ചു. പോഷകാഹാരക്കുറവുമൂലം മിക്കപ്പേരും സ്കര്‍വിപോലുള്ള അസുഖങ്ങള്‍ ബാധിച്ച് അവശരായി. 1521 മാര്‍ച്ച് 6ന് കപ്പല്‍ കരയിലുറച്ചുപോയിരിക്കുന്നതായി അവര്‍ കണ്ടു. പടിഞ്ഞാറന്‍ പെസഫിക് സമുദ്രത്തിലെ ഗുവാം എന്ന ദ്വീപിന്‍റെ തീരമായിരുന്നു അത്. ഇന്നത്തെ മൈക്രൊനേഷ്യയുടെ ഭാഗം. ദ്വീപുകാര്‍ കൂട്ടമായി കപ്പലുകളില്‍ കടന്നു. കണ്ണില്‍ക്കണ്ടല്ലൊം എടുത്തുകൊണ്ടു പോയി. മഗല്ലന്‍ തന്‍റെ ആള്‍ക്കാരെ അയച്ച് ദ്വീപുവാസികളില്‍ നിന്നും അവ തിരിച്ചെടുക്കുകയും അവരുടെ കുടിലുകള്‍ കത്തിക്കുകയും ചെയ്തു. എങ്കിലും പ്രത്യാക്രമണം ഭയന്ന് അവര്‍ക്ക് പെട്ടെന്ന് അവിടംവിട്ട് പോരേണ്ടതായി വന്നു.

മാര്‍ച്ച് 16ന് മഗല്ലനും സംഘവും പരിചയമില്ലാത്ത പുതിയൊരു ദ്വീപിലെത്തി. ലിമാസാവാ (Limasawa) എന്നാണ് ആ ദ്വീപിന്‍റെ പേരെന്ന് മനസിലാക്കിയ മഗല്ലന്‍ തദ്ദേശീയവാസികളോട് ക്രിസ്തുമതത്തെക്കുറിച്ച് പറഞ്ഞു. അനേകംപേര്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ തയ്യാറായി. മാര്‍ച്ച് 31ന്, മഗല്ലന്‍ ആയിരങ്ങളെ പങ്കെടുപ്പിച്ചുകെണ്ട് അവര്‍ക്കായി കൊണ്ടുവന്ന പുതിയ ദൈവത്തിനോടായി ഒരു സമൂഹപ്രാര്‍ത്ഥന സംഘടിപ്പിച്ചു. മലമുകളില്‍ ഒരു കുരിശു സ്ഥാപിച്ചു. അത് വലിയൊരു വാര്‍ത്തയായി. അയല്‍ദ്വീപുകളില്‍നിന്നു നോക്കിയാലും അത് കാണാമായിരുന്നു. എന്നാല്‍ അയല്‍ദ്വീപായ മക്റ്റന്‍ (ങമരമേി) നിവാസികള്‍ അനുകൂലമായല്ല പ്രതികരിച്ചത്. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ മാക്റ്റന്‍ ദ്വീപിലെ മൂപ്പന്‍ ലാപുലാപുവിന്‍റെ സൈനികര്‍ മഗല്ലനെ കുന്തമെറിഞ്ഞ് വീഴ്ത്തിയതും കൊന്നതും നാം നേരത്തേ കണ്ടുകഴിഞ്ഞതാണല്ലോ.
ആകാശഗംഗയിലെ മഗല്ലന്‍
മഗല്ലന്‍റെ കൊല്ലപ്പെടലിനുശേഷവും ഉടനേ അവിടംവിട്ടുപോവാന്‍ മഗല്ലന്‍റെ കപ്പല്‍വ്യൂഹത്തില്‍ അവശേഷിച്ചവര്‍ക്ക് കഴിഞ്ഞില്ല. തൊട്ടടുത്ത സെബുദ്വീപിലെ ഭരണാധികാരിയായിരുന്ന രാജാ ഹുമാബോണ്‍ (Raja Humabon) അവര്‍ക്ക് ആതിഥ്യമരുളി. മഗല്ലനുമായി അടുത്ത സൗഹ്യദംപുലര്‍ത്തിയിരുന്ന രാജാ ഹുമാബോണ്‍ ക്രിസ്തുമതം സ്വീകരിച്ചിരുന്നു, ഡോണ്‍ കാര്‍ലോസ് എന്ന പുതിയ പേരില്‍. എന്നാല്‍ അതൊരു ചതിയായിരുന്നു. പോര്‍ച്ചുഗീസുകാരും സ്പെയ്ന്‍കാരു മുള്‍പ്പെടുന്ന നാവികര്‍ക്കായി ഒരുക്കിയ വിരുന്നുസല്‍ക്കാരത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ വിഷംചേര്‍ത്തിരുന്നു. അനേകംപേര്‍ മരിച്ചു. അവശേഷിച്ചവര്‍ രക്ഷപ്പെട്ട് കപ്പലില്‍കയറി എങ്ങോട്ടെന്നില്ലാതെ പാഞ്ഞു.

അവസാനം മൊളൂക്കാസിലെത്തി. അപ്പോഴേക്കും 1521 നവംബര്‍ ആയിരുന്നു. അവിടെനിന്നും സംഭരിച്ച സുഗന്ധദ്രവ്യങ്ങളുമായി രണ്ടു കപ്പലുകളില്‍ സ്പെയിനിലേക്കു തിരിച്ചു. എന്നാല്‍ പിന്നീട് ഒരു കപ്പല്‍ മാത്രമേ കടല്‍യാത്രക്ക് പൂര്‍ണ്ണയോഗ്യമായുള്ളൂ എന്ന് കണ്ടെത്തി. തുടര്‍ന്ന് മറ്റേ കപ്പലിനെ ഉപേക്ഷിച്ച് ഒരു കപ്പല്‍ മാത്രം യാത്ര തുടര്‍ന്നു. വിക്ടോറിയ എന്നായിരുന്നു ആ കപ്പലിന്‍റെ പേര്. 1522 സെപ്റ്റംബര്‍ 6ന് വിക്ടോറിയ സ്പെയിനില്‍ തിരിച്ചെത്തി. എന്നാല്‍, നല്ല ഒരു സ്വീകരണമല്ല സ്പെയിനില്‍ അവരെ കാത്തിരുന്നത്. മഗല്ലന്‍ കൊല്ലപ്പെടാതെ മടങ്ങിവന്നിരുന്നുവെങ്കില്‍ കപ്പലിറങ്ങുമ്പോള്‍ത്തന്നെ അദ്ദേഹം വധിക്കപ്പെടുമായിരുന്നു. പസഫിക് സമുദ്രത്തിലേക്കു നീങ്ങുന്ന കടലിടുക്കിലേക്കു കടക്കാതെ, തിരികെപോയിരുന്ന സാന്‍ അന്‍റോണിയോ കപ്പലിലെ സ്പാനിഷ് നാവികര്‍ പറഞ്ഞ കഥകളായിരുന്നു കാരണം.

മഗല്ലനാല്‍ അടിച്ചമര്‍ത്തപ്പെട്ട കലാപത്തെക്കുറിച്ച് നിറംപിടിപ്പിച്ച കഥകളായിരുന്നു അവര്‍ പ്രചരിപ്പിച്ചത്. സ്പാനിഷ് നാവികരേയും കമാന്‍ഡര്‍മാരേയും കൊന്നുകളയുന്നതിലൂടെ സ്പെയിനിലെ സിംഹാസനത്തെ അവഹേളിക്കുകയായിരുന്നു മഗല്ലന്‍ എന്ന ചിന്തയെ അവര്‍ പരിപോഷിപ്പിച്ചു. മഗല്ലന്‍റെ ജന്‍മദേശമായ പോര്‍ട്ടുഗലിലും അദ്ദേഹം ആരാധിക്കപ്പെട്ടില്ല.. കാരണം, പോര്‍ട്ടുഗല്‍ വിട്ട് സ്പെയിനിലേക്ക് കുടിയേറിയ മഗല്ലന്‍ അവരെ സംബന്ധിച്ചിടത്തോളം രാജ്യദ്രോഹിയായിരുന്നു. ഭൂമിയെ ചുറ്റിയുള്ള കപ്പല്‍യാത്ര, ഭൂമി പരന്നതല്ല, ഉരുണ്ടതാണെന്ന തെളിയിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ മഗല്ലന്‍ കൈവരിച്ച നേട്ടങ്ങള്‍ അതുകൊണ്ടുതന്നെ അംഗീകരിക്കപ്പെടാതെ പോയി. മഗല്ലന്‍റെ പേരില്‍ അറിയപ്പെടുന്ന കടലിടുക്ക് മാത്രമാണ് ഭൂമിയില്‍ അദ്ദേഹത്തിന്‍റെ ഓര്‍മ്മ നിലനിറുത്തുന്നത്.

ഭൂമയില്‍നിന്നു നോക്കുമ്പോള്‍ കാണുന്ന രണ്ട് ചെറിയ നക്ഷത്രവ്യൂഹങ്ങള്‍ക്ക് മഗല്ലന്‍റെ പേരിട്ടുകൊണ്ട് ആ അസ്തമയസൂര്യനെ വീണ്ടുമുയര്‍ത്തിയത് ജ്യോതിശാസ്ത്രജ്ഞരായിരുന്നു. മഗല്ലെനിക് മേഘങ്ങള്‍ (Magellanic Clouds) എന്ന് പേരിട്ടിരിക്കുന്ന ഇവ നമ്മുടെ നക്ഷത്രവ്യൂഹമായ ആകാശഗംഗയെ വലയംവെയ്ക്കുന്നവയത്രേ! 1989-ല്‍ നാസ വിക്ഷേപിച്ച ശുക്രപര്യവേഷണപേടകത്തിനും മഗല്ലന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്.
ശീതയുദ്ധകാലത്ത് അന്തര്‍വാഹിനി ഉപയോഗിച്ച് ലോകംമുഴുവന്‍ നിരന്തരമായി ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കാന്‍ അമേരിക്ക വിഭാവനംചെയ്ത പദ്ധതിക്കും മഗല്ലന്‍റെ പേരാണ് നല്‍കിയിരുന്നത്: പ്രോജക്ട് മഗല്ലന്‍.
1982-ലെ നൊബേല്‍സമ്മാനം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രഭാഷണത്തില്‍, ഗബ്രിയേല്‍ ഗാസിയ മാര്‍ക്വേസ് ലോകസഞ്ചാരിയായ മഗല്ലനെക്കുറിച്ച് പറയുകയുണ്ടായി. അവിശ്വസനീയമെന്ന് തോന്നുന്ന കാര്യങ്ങള്‍ പറയുന്ന ഒരാള്‍ എങ്ങനെ ഒരു സ്വപ്നസഞ്ചാരിയായി കരുതപ്പെടുന്നു എന്ന് വിശദീകരിക്കാനാണ് അദ്ദേഹം മഗല്ലനെ ഉദ്ധരിച്ചത്. മഗല്ലന്‍റെ യാത്രയെക്കുറിച്ച് യഥാതഥമായ വിവരണങ്ങള്‍ നല്‍കിയ അന്‍റോണിയോ പിഗാഫെറ്റ(Antonio Pigafetta)യുടെ ഫസ്റ്റ് വോയേജ് എറൗണ്‍ട് ദ വേള്‍ഡ് (Viaggio attorno al mondo) എന്ന ക്യതിയെ നിങ്ങള്‍ മാജിക്കല്‍ റിയലിസമായികണ്ടാല്‍ എനിക്ക് പരാതിയില്ലെന്നാണ് മാര്‍ക്വേസ് പറഞ്ഞത്!