Thursday, January 1, 2026

നിശബ്ദമാക്കപ്പെട്ട വസന്തങ്ങൾ

DDT-ക്കെതിരെ ഏറ്റവും ശക്തമായ തരത്തിലുള്ള ഒരു ജനകീയപൊതുബോധം ലോകത്തിലെമ്പാടുമായിത്തന്നെ വളരാനിടയാക്കിയ പുസ്തകമാണ് സൈലന്‍റ് സ്പ്രിങ് (Silent Spring). 1962 സെപ്റ്റംബര്‍ 27ന് ആണ് സൈലന്‍റ് സ്പ്രിങ്  പ്രസിദ്ധീക്യതമായത്. റേച്ചല്‍ കാഴ്സണ്‍ (Rachel Carson)  എന്ന അമേരിക്കന്‍ ജീവശാസ്ത്രജ്ഞയായിരുന്നു കീടനാശിനിക്കമ്പനികളുടെ വന്‍പിച്ച എതിര്‍പ്പിനിടയാക്കിയ ഈ പുസ്തകം എഴുതിയത്. ഇന്‍സെക്ട് ബോംബ് എന്ന പേരില്‍ പ്രസിദ്ധി നേടിയിരുന്ന DDT- വിവേചനരഹിതമായി  ഉപയോഗിക്കുന്നപക്ഷം പാടാന്‍ പക്ഷികളില്ലാതിരിക്കുന്ന വസന്തങ്ങളായിരിക്കും ഇനിയുണ്ടാവുകയെന്ന് കാഴ്സണ്‍ മുന്നറിയിപ്പ് നല്‍കി. DDT മാത്രമല്ല, മനുഷ്യനിര്‍മ്മിതവും മനുഷ്യജന്യവുമായ എല്ലാ വിഷവസ്തുക്കളും മനുഷ്യനുള്‍പ്പെടെയുള്ള ജീവികളുടെ നിലനില്‍പ്പിന് എങ്ങനെ ഭീഷണിയാവുന്നു എന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ റേച്ചല്‍ കാഴ്സണ് കഴിഞ്ഞു. ഇതിലൂടെ, ڇമനുഷ്യനായിരിക്കണം എല്ലാറ്റിന്‍റേയും മാനദണ്ഡംڈ, മാന്‍ ഈസ് ദ മെഷര്‍ ഓഫ് ദ വേള്‍ഡ് (Man is the measure of the world)  എന്ന പഴയ ചിന്തയില്‍നിന്നു മാറി, മനുഷ്യനുള്‍പ്പെടുന്ന പരിസ്ഥിതിയുടെ നിലനില്‍പ്പും പരിഗണിക്കേണ്ടതുണ്ട് എന്ന പുതിയൊരു ചിന്ത ഉദയംകൊണ്ടു. ഇന്ന് ഇത് പുതിയൊരു ആശയമായി തോന്നില്ലെങ്കിലും അത് രൂപംകൊണ്ട കാലത്ത്, 1960-കളില്‍ അതിന് വന്‍പിച്ച എതിര്‍പ്പ് നേരിടേണ്ടി വന്നു. രാസകീടനാശിനികള്‍ നിര്‍മ്മിക്കുന്ന വന്‍കിട കുത്തകകമ്പനികളാണ് ഇതിനെതിരെ വന്‍തോതില്‍ പ്രചാരവേലകള്‍ നടത്തിയത്. എങ്കിലും കീടനാശിനികള്‍ ഉള്‍പ്പെടെയുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയിലേല്‍പ്പിക്കുന്ന ആഘാതം സംബന്ധമായി പുതിയ പഠനങ്ങളും ഗവേഷണങ്ങളും നടക്കാന്‍ റേച്ചല്‍ കാഴ്സണ്‍ നല്‍കിയ മുന്നറിയിപ്പ് കാരണമായി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇത്തരം പഠനങ്ങളില്‍ പലതും വെളിപ്പെടുത്തിയത്. എന്നാല്‍ അതേസമയം പൊതുജനങ്ങളില്‍ നിന്നും അവ മറച്ചുവെയ്ക്കാനുള്ള ശ്രമങ്ങളുമുണ്ടായി. അതുകൊണ്ടുതന്നെ പൊതുജനങ്ങളെ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്നതിനായി സംഘടിതമായ ശ്രമങ്ങള്‍ നടത്തേണ്ടതിന്‍റെ ആവശ്യകതയും ഉയര്‍ന്നുവന്നു. ഇതാണ് ലോകമെമ്പാടുമായി പരിസ്ഥിതിചിന്ത എന്ന എന്‍വയോണ്‍മെന്‍റലിസം ഉയര്‍ന്നുവരാന്‍ കാരണമായത്. ഈ ജനകീയപ്രസ്ഥാനത്തിന് അടിത്തറ പാകിയ ആദ്യപുസ്തകം എന്ന നിലയ്ക്കാണ് റേച്ചല്‍കാഴ്സണിന്‍റെ സൈലന്‍റ്സ്പ്രിങ് ഇന്നും പ്രസക്തമാവുന്നതും.

DDT-യുടെ കഥ

      ലോകത്തിലെ ഏറ്റവും സുപരിചിതമായ കീടനാശിനികളിലൊന്നാണ് DDT. 'ഉറുമ്പുപൊടി' എന്ന പേരില്‍ കേരളത്തില്‍പ്പോലും വര്‍ഷങ്ങള്‍ക്കു മുമ്പേ DDT സ്ഥാനമുറപ്പിച്ചിരുന്നു. ഉറുമ്പുകള്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്നം ആയിരുന്നില്ലെങ്കിലും പേനിനെ നശിപ്പിക്കാന്‍ DDT നിര്‍ലോഭം ഉപയോഗിക്കുന്ന രീതി 1960-കള്‍ക്കുമുമ്പും അതിനുശേഷവും കേരളീയര്‍ക്കിടെയില്‍ ഉണ്ടായിരുന്നു. DDT-യുടെ ദോഷഫലങ്ങളെക്കുറിച്ച് ലോകം പൊതുവേ അജ്ഞമായിരുന്നതാണ് ഇതിന് കാരണമായത്. സത്യത്തില്‍, രണ്ടാം ലോകമഹായുദ്ധമാണ് DDT-യുടെ സാര്‍വ്വജനീനതയ്ക്ക് കാരണമായത്. ഭൂമധ്യരേഖയോടടുത്ത ട്രോപ്പിക്കല്‍മേഖലയിലെ രാജ്യങ്ങളില്‍ യുദ്ധം ചെയ്യേണ്ടിവന്ന യൂറോപ്പുകാരായ പട്ടാളക്കാര്‍ക്ക് മലേറിയ, ടൈഫസ്പനി തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു. കൊതുകുകളായിരുന്നു മലേറിയ പരത്തിയിരുന്നത്. പേനുകളും ചെള്ളുകളുമായിരുന്നു ടൈഫസ്പനി പടരാന്‍ കാരണം. യുദ്ധകാലത്തെ കുടിയൊഴിപ്പിക്കലുകളും വ്യത്തിഹീനമായ പരിസരങ്ങളിലെ കൂട്ടമായ പാര്‍പ്പിക്കലുകളും ഇത്തരം രോഗങ്ങളുടെ ആക്കം കൂട്ടി. ചതുപ്പുനിലങ്ങള്‍ നിറഞ്ഞസ്ഥലങ്ങളില്‍ കഴിയേണ്ടിവന്ന പട്ടാളക്കാര്‍ക്കിടയില്‍ മലമ്പനി ഒരു വലിയ പ്രശ്നമായി. കൊതുകിനെ നിയന്ത്രിക്കുക എന്നതു മാത്രമായിരുന്നു പരിഹാരമായി ചെയ്യാവുന്ന ഒരേയൊരു മാര്‍ഗം. DDT-യുടെ കണ്ടെത്തലായിരുന്നു ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. യുദ്ധപരമായ പ്രാധാന്യം കാരണം ഇത് DDT-യെ ലോകപ്രശസ്തമാക്കുകയും ചെയ്തു.

ജര്‍മ്മനിയിലെ സ്ട്രാസ്ബെര്‍ഗ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന ഓത്മാര്‍ സെഡ്ലര്‍ (Othmar Zeidler) ആയിരുന്നു 1874-ല്‍ DDT കണ്ടെത്തിയത്. പഠനം പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി സമര്‍പ്പിക്കേണ്ട തീസിസിനുവേണ്ടി നടത്തിയ പരീക്ഷണങ്ങളാണ് ഓത്മാര്‍ സെഡ്ലറെ DDT-യുടെ കണ്ടെത്തലിലേക്ക് നയിച്ചത്. ക്ളോറാല്‍ ഹൈഡ്രേറ്റ് ഗാഢ സള്‍ഫ്യറിക്കാസിഡിന്‍റെ സാന്നിധ്യത്തില്‍ ക്ളോറോബെന്‍സീനുമായി പ്രതിപ്രവര്‍ത്തിപ്പിക്കുന്നതിലൂടെയാണ് DDT സ്യഷ്ടിക്കപ്പെട്ടത്. എന്നാല്‍ പുതിയൊരു രാസസംയുക്തം എന്നതിലുപരിയായി  ഡൈക്ളോറോഡൈഫിനൈല്‍ട്രൈക്ളോറോഈഥേന്‍ എന്ന DDT-യുടെ ഗുണവിശേഷങ്ങള്‍ അന്വേഷിക്കാന്‍ ഓസ്ട്രിയക്കാരനായ ഓത്മാര്‍ സെഡ്ലര്‍ മിനക്കെട്ടില്ല. തീസിസ് സമര്‍പ്പിച്ചശേഷം വിയന്ന സര്‍വ്വകലാശാലയിലേക്ക് മാറിയ ഓത്മാര്‍ സെഡ്ലര്‍, എന്തുകൊണ്ടോ DDT-യില്‍ തന്‍റെ ഗവേഷണപ്രവ്യത്തികള്‍ തുടര്‍ന്നില്ല.  ഇക്കാരണത്താല്‍ DDT,  കീടനാശിനി എന്ന നിലയില്‍ അറിയപ്പെടാതെ, പിന്നേയും 65 വര്‍ഷത്തോളം ഓത്മാര്‍ സെഡ്ലറിന്‍റെ തീസിസില്‍ത്തന്നെ വിസ്മ്യതിയുടെ പൊടിപിടിച്ചു കിടന്നു. 1939-ല്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ഒരു സ്വകാര്യ രാസവ്യവസായ കമ്പനിയില്‍ ജോലിചെയ്തിരുന്ന പോള്‍ ഹെര്‍മന്‍ മുള്ളര്‍ എന്ന ഗവേഷകനായിരുന്നു DDT-യുടെ കീടനാശിനിസ്വഭാവം കണ്ടെത്തിയത്.  ക്ളോത്ത് മോത്ത് (Cloth Moth) എന്നറിയപ്പെടുന്ന കീടത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഏതെങ്കിലും രാസസംയുക്തം കണ്ടെത്തുക എന്ന ജോലിയാണ് പോള്‍ മുള്ളറിനു നല്‍കിയിരുന്നത്. യാദ്യച്ഛികമായാണ്, പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന കീടങ്ങള്‍ ഉടനടിയല്ലെങ്കിലും DDT പ്രയോഗിക്കുന്നതിലൂടെ ചത്തുപോവുന്നതായി അദ്ദേഹം കണ്ടെത്തിയത്.  മാത്രമല്ല, ഉരുളക്കിഴങ്ങിനെ ബാധിക്കുന്ന കൊളെറാഡോ പൊട്ടറ്റോ ബീറ്റില്‍ എന്ന കീടത്തിനെതിരേയും DDT ഫലപ്രദമാണെന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി.    

അതേവര്‍ഷം, 1939-ല്‍ത്തന്നെ, പോള്‍ മുള്ളര്‍ DDT-യുടെ പേറ്റന്‍റിനായി അപേക്ഷിക്കുകയും സ്വിസ്ഗവണ്‍മെന്‍റ് അത് അനുവദിക്കുകയും ചെയ്തു. സ്വിറ്റ്സര്‍ലന്‍ഡിന്‍റെ പ്രധാന ഭക്ഷ്യവിളകളിലൊന്നായ ഉരുളക്കിഴങ്ങിന് കടുത്ത നാശം വിതയ്ക്കുന്ന പുതിയ കീടമായിരുന്നു കൊളെറാഡോ പൊട്ടറ്റോ ബീറ്റില്‍. അതുകൊണ്ടുതന്നെ പോള്‍ മുള്ളറിന്‍റെ കണ്ടുപിടുത്തം സവിശേഷശ്രദ്ധ നേടാന്‍ വളരെയധികം വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. സ്വിസ്ഗവണ്‍മെന്‍റ് കാര്‍ഷിക ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹായത്തോടെ DDT,  ഉരുളക്കിഴങ്ങിന്‍റെ കീടങ്ങള്‍ക്കുനേരെ വന്‍തോതില്‍ പ്രയോഗിക്കുകയും അത് രാജ്യമൊട്ടാകെയുള്ള ഉരുളക്കിഴങ്ങ് വിളകളെ സര്‍വ്വനാശത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്തു.  DDT-യുടെ ഈ കീടനാശിനീപ്രഭാവം മറ്റു കീടങ്ങള്‍ക്കെതിരേയും ഫലപ്രദമാണോ എന്ന് പരീക്ഷിക്കാനും സ്വിസ്ഗവണ്‍മെന്‍റ് തുടര്‍ന്ന് തയ്യാറാവുകയുണ്ടായി. 1939 മുതല്‍ 1942 വരെ ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നു. ആപ്പിളിനെ ബാധിക്കുന്ന ആപ്പിള്‍,  റാസ്പ്ബെറി, കാബേജ്, വിളവെടുക്കപ്പെട്ട ധാന്യങ്ങള്‍ തുടങ്ങിയവയെ ബാധിക്കുന്ന കീടങ്ങള്‍ക്കെതിരേയും DDT ഫലപ്രദമാവുന്നതായി ഈ പരീക്ഷണങ്ങള്‍ തെളിയിച്ചു. സ്ക്കൂളുകളും അഭയാര്‍ത്ഥിക്യാമ്പുകളും കേന്ദ്രീകരിച്ചു നടത്തിയ പരീക്ഷണങ്ങളിലൂടെ മൂട്ട, പേന്‍, ചെള്ള്, ഈച്ച തുടങ്ങിയ ക്ഷുദ്രജീവികള്‍ക്കെതിരേയും  DDT-യുടെ നശീകരണശക്തി സംശയാതീതമായി തെളിയിക്കപ്പെട്ടു. സ്വിറ്റ്സര്‍ലന്‍ഡ് കീടങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ DDT ഉപയോഗിച്ച് യുദ്ധം ചെയ്യുമ്പോള്‍ യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ പരസ്പരം യുദ്ധംചെയ്യുകയായിരുന്നു. അതേ! രണ്ടാം ലോകമഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സ്വിറ്റ്സര്‍ലന്‍ഡില്‍ ഈ പരീക്ഷണങ്ങളൊക്കേയും അരങ്ങേറിയത്.

സ്വിറ്റ്സര്‍ലന്‍ഡ് നിഷ്പക്ഷരാജ്യമായിരുന്നതിനാല്‍ അവര്‍ DDT-യുടെ സാങ്കേതികവിദ്യ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിരുന്ന, ഇരുചേരികളില്‍പ്പെട്ട രാജ്യങ്ങള്‍ക്കും 1942-ല്‍ ഒരുപോലെ കൈമാറി. സഖ്യചേരിയില്‍പ്പെട്ട രാജ്യങ്ങളെല്ലാം പട്ടാളബാരക്കുകളിലേയും ക്യാമ്പുകളിലേയും പേന്‍, മൂട്ട തുടങ്ങിയവയാല്‍ പൊറുതിമുട്ടിയിരുന്നതിനാല്‍ DDT-യെ ഒരു വരദാനമെന്നതരത്തില്‍ സര്‍വ്വാത്മനാതന്നെ സ്വീകരിച്ചു. അച്ചുതണ്ടുശക്തികള്‍ എന്നറിയപ്പെട്ടിരുന്ന ആക്സിസ് പവേഴ്സി(Axis Powers)ല്‍പെട്ട ജര്‍മ്മനി പക്ഷേ, DDT-യുടെ പ്രയോഗത്തില്‍ വലിയ താല്‍പ്പര്യമെടുത്തില്ല. DDT-യുടെ പേരില്‍ സ്വിറ്റ്സര്‍ലന്‍ഡിന് നല്‍കേണ്ടുന്ന പ്രതിഫലത്തുക അഥവാ പേറ്റന്‍റ്ഫീ ലാഭിക്കുകയായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം. ഇക്കാരണത്താല്‍, ഹിറ്റ്ലറുടെ നിര്‍ദ്ദേശപ്രകാരം, ജര്‍മ്മനിയിലെ ശാസ്ത്രജ്ഞര്‍ DDT-ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു  രാസകീടനാശനി വികസിപ്പിക്കുന്നതിനായി പരിശ്രമിച്ചു. ഇതിന്‍റെ പരിണതിയായിരുന്നു ഡൈഫ്ളൂറോ ഡൈ ഫിനൈല്‍ ട്രൈഫ്ളൂറോ ഈഥേന്‍ (Di Fluro Diphenyl Tri Chloro Ethane) എന്ന DFDT. ഇത് കീടങ്ങള്‍ക്കെതിരെ DDT-ക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതും പരിസ്ഥിതിയെ DDT-യോളം മലിന പ്പെടുത്താത്തതുമാണെന്നായിരുന്നു ജര്‍മ്മനിയുടെ വാദം. മലേറിയ, ടൈഫസ് എന്നിവയെ നേരിടുന്നതില്‍ DDT-യാണ് കൂടുതല്‍ ഫലപ്രദമെന്ന് അവകാശപ്പെട്ട ജര്‍മ്മനി DDT വ്യാവസായികമായി ഉത്പാദിപ്പിക്കാനും തുടങ്ങി. എന്നാല്‍ സഖ്യകക്ഷികളില്‍പ്പെട്ട ഇതരരാജ്യങ്ങള്‍ ജര്‍മ്മനിയുടെ ഈ അവകാശവാദം അംഗീകരിക്കാന്‍ തയ്യാറായില്ല. മാത്രമല്ല, ഈ രാജ്യങ്ങളിലെ മിലിട്ടറി ഇന്‍റലിജെന്‍സ് നടത്തിയ രഹസ്യാനേഷണത്തില്‍ DDT-യുടെ ഫലപ്രാപ്തി സംബന്ധമായി ജര്‍മ്മനി നടത്തിയ അവകാശവാദങ്ങള്‍ വെറും പ്രചാരവേലയാണെന്നും തെളിയിക്കപ്പെട്ടു.

ആന്‍ഫ്രാങ്കിനെ നഷ്ടമാക്കിയ ടൈഫസ് 

      DDT-യുടെ ഫലപ്രാപ്തി തെളിയിക്കുന്നതിനായി സ്വിറ്റ്സര്‍ലന്‍ഡ് വിപുലമായ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും ബ്രിട്ടണും അമേരിക്കയും ആദ്യകാലങ്ങളില്‍ അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. സ്വന്തമായിത്തന്നെ പരീക്ഷണങ്ങള്‍ നടത്തുന്നതിനായിരുന്നു അവരുടെ തീരുമാനം. രണ്ടാം ലോകമഹായുദ്ധകാലത്ത് പടര്‍ന്നുപിടിച്ച ടൈഫസ് പനി, തൊഴിലില്ലായ്മ, ദാരിദ്ര്യം  എന്നിവ മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയായിരുന്നു. ടൈഫസ് പനി ബാധിച്ചവരില്‍ നാലിലൊരുഭാഗവും മരണത്തിന് കീഴടങ്ങിയിരുന്നു. ജെ. ആര്‍. ഗൈഗി (J. R. Geigy) എന്ന കമ്പനിയായിരുന്നു സ്വിറ്റ്സര്‍ലന്‍ഡില്‍ DDT ഉത്പാദിപ്പിച്ചിരുന്നത്. 1943-ല്‍ ഈ കമ്പനി അമേരിക്കയില്‍ അതിന്‍റെ ഒരു ഉപവിഭാഗം ആരംഭിക്കുകയും DDT-യുടെ വന്‍തോതിലുള്ള ഉത്പാദനം ആരംഭിക്കുകയും ചെയ്തു. സിന്‍സിനാറ്റി കെമിക്കല്‍ വര്‍ക്സ് (Cincinnati Chemical Works) എന്നായിരുന്നു ഈ  ഉപകമ്പനിയുടെ പേര്. എന്നാല്‍ 1944 ആയപ്പോഴേക്കും ആകെ 15 കമ്പനികള്‍ അമേരിക്കയില്‍ DDT-യുടെ ഉത്പാദകരായി നിലവിലെത്തുകയുണ്ടായി. DDT-യുടെ ഉത്പാദനം നടത്തുന്നതിനുള്ള ലൈസന്‍സ് നല്‍കുന്നതില്‍ സ്വിസ് കമ്പനിയായ ജെ. ആര്‍. ഗൈഗി കര്‍ശനമായ നിലപാടുകള്‍ കൈക്കൊള്ളാതിരുന്നതായിരുന്നു ഇതിനു കാരണം. വളരെ തുച്ഛമായ തുക മാത്രമായിരുന്നു പേറ്റന്‍റ്ഫീ ആയി ജെ. ആര്‍. ഗൈഗി ആവശ്യപ്പെട്ടിരുന്നത്. ഇക്കാരണത്താല്‍ അമേരിക്കയെക്കൂടാതെ ബ്രിട്ടണ്‍, കാനഡ എന്നിവിടങ്ങളില്‍ DDT നിര്‍മ്മിക്കുന്ന കമ്പനികള്‍ വ്യാപകമാവുകയും DDT ഏറ്റവും സുലഭമായി ലഭിക്കുന്ന കീടനാശിനികളിലൊന്നായി മാറുകയും ചെയ്തു. ചെള്ള്, പേന്‍, കൊതുക് തുടങ്ങിയവ മൂലം ഉണ്ടാവുന്ന രോഗങ്ങളുടെ നിയന്ത്രണത്തിനായിരുന്നു DDT പ്രധാനമായും ഉപയോഗിക്കപ്പെട്ടത്.

ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പേ പോളണ്ടിലും മറ്റ് യൂറോപ്യന്‍രാജ്യങ്ങളിലും ടൈഫസ് ഒരു 'തദ്ദേശീയരോഗം' അഥവാ എന്‍ഡെമിക് ഡിസീസ് ആയി നിലനിന്നിരുന്നു.  എന്നാല്‍ യുദ്ധം തുടങ്ങിയതോടെ, പടിഞ്ഞാറന്‍ മുന്നണിയില്‍ രോഗം വ്യാപകമാവുകയും അത് കിഴക്കന്‍ മുന്നണിയിലേക്കും പടര്‍ന്നുപിടിക്കുകയും ചെയ്തു. കിഴക്കന്‍മുന്നണിയില്‍പെട്ട സെര്‍ബിയയില്‍ മാത്രം 1,50,000-ത്തോളംപേര്‍ ടൈഫസ്ബാധയാല്‍ മരിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനു മുന്‍പേ റഷ്യയില്‍ ടൈഫസ്പനി രൂക്ഷമാവുകയും ഏകദേശം മൂന്നു ദശലക്ഷത്തോളംപേര്‍ മരിക്കുകയും ചെയ്തിരുന്നു. ജര്‍മ്മന്‍കാര്‍ക്ക് സോവിയറ്റ്റഷ്യയിലെ സ്റ്റാലിന്‍ഗ്രാഡിനെ കീഴ്പ്പെടുത്താന്‍ കഴിയാതിരുന്നതിന് ഒരു കാരണം അവര്‍ക്ക് ടൈഫസ്പനിയെ പ്രതിരോധിക്കാന്‍ കഴിയാത്തതായിരുന്നു. എന്നാല്‍ ജര്‍മ്മനിയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ എത്തിക്കപ്പെട്ടവര്‍ക്കിടയില്‍ ടൈഫസ്രോഗം വ്യാപകമാവുകയും  അരലക്ഷത്തിലേറെപ്പേര്‍ മരിക്കുകയും ചെയ്തു. സ്ത്രീകളേയും കുട്ടികളേയുമടക്കം താമസിപ്പിച്ചിരുന്ന വടക്കന്‍ ജര്‍മ്മനിയിലുള്ള ബെര്‍ജന്‍ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു മരണനിരക്ക് ഏറ്റവും കൂടുതല്‍. 

തന്‍റെ ഡയറിക്കുറിപ്പുകളിലൂടെ ലോകപ്രശസ്തി നേടിയ ആന്‍ഫ്രാങ്ക് എന്ന പെണ്‍കുട്ടിയും ടൈഫസ്ബാധിച്ച് ബെര്‍ജന്‍ ബെല്‍സന്‍ കോണ്‍സന്‍ട്രേഷന്‍ക്യാമ്പില്‍ വെച്ചാണ് മരിച്ചത്. പതിനാറുവയസു പൂര്‍ത്തിയാവുംമുമ്പേ, മരണത്തിനു കീഴടങ്ങേണ്ടി വന്ന ആന്‍ഫ്രാങ്കിന്‍റെ ഡയറിക്കുറിപ്പുകളിലൂടെയാണ് നാസിക്രൂരതകള്‍ പുറംലോകം ആദ്യമായറിയുന്നത്. പക്ഷേ, ജര്‍മ്മനിക്കുപുറത്ത് ഇറ്റലിയിലെ നേപ്പിള്‍സില്‍ 1943-ല്‍ ടൈഫസ്രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ത്തന്നെ DDT ഉപയോഗിക്കുന്നതിലൂടെ അത് നിയന്ത്രണവിധേയമായിരുന്നു. 1943 മാര്‍ച്ചിലായിരുന്നു ഇറ്റലിയില്‍ ആദ്യമായി ടൈഫസ് രോഗം പടര്‍ന്നുപിടിച്ചത്. റഷ്യയില്‍ നിന്നും മടങ്ങിവന്ന ഇറ്റാലിയന്‍ പട്ടാളക്കാരിലായിരുന്നു അത് പ്രത്യക്ഷപ്പെട്ടത്. ഇവരെ മിലിട്ടറിഹോസ്പിറ്റലുകളില്‍ ചികിത്സയ്ക്ക് വിധേയമാക്കിയെങ്കിലും അതിലൂടെ രോഗത്തിന്‍റെ പകര്‍ച്ചയെ നിയന്ത്രിക്കാനായില്ല. ജര്‍മ്മന്‍ പട്ടാളക്കാര്‍ സിസിലിയും അനുബന്ധ തുറമുഖനഗരങ്ങളിലുമുള്ള മൂന്നു ലക്ഷത്തിലധികംപേരെ ഒഴിപ്പിച്ചിരുന്നു. ഇവര്‍ ഇറ്റലിയുടെ മറ്റുഭാഗങ്ങളില്‍ ഇടതിങ്ങി പാര്‍ക്കുകയായിരുന്നു. 

അതേസമയം ജെയിലുകളില്‍ ടൈഫസ് പടരുകയായിരുന്നു. ശുചിമുറികള്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നകാരണം കുളി അസാധ്യമായിരുന്നു. ജര്‍മ്മന്‍കാരാവട്ടെ, തങ്ങള്‍ പിന്‍വാങ്ങുന്നതിനും ദിവസങ്ങള്‍ക്കുമുമ്പ്, 1943 സെപ്റ്റംബര്‍ 30-ന് സിസിലിയിലെ പോഗിയോറിയല്‍ എന്ന ജെയില്‍ തുറന്ന് തടവുകാരെ ഓടിപ്പോവാനനുവദിച്ചു. ഇതിലൂടെ, കുടിയൊഴിക്കപ്പെട്ട ജനങ്ങള്‍ ഇടതിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലങ്ങളില്‍ ടൈഫസ് മാരകമായി പടര്‍ന്നുപിടിച്ചു. അമേരിക്കന്‍സൈന്യമായിരുന്നു ഇതിനെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചത്. വടക്കനാഫ്രിക്കയില്‍ യുദ്ധത്തടവുകാരായി പിടിച്ചിരുന്നവരില്‍ ടൈഫസ് പടര്‍ന്നുപിടിച്ചപ്പോള്‍ അമേരിക്കന്‍സൈന്യം അതിനെതിരെ ഉഉഠ ഒരു ഘടകമാവുന്ന നിയോസൈഡ് (Neocide) എന്ന കീടനാശിനി ഉപയോഗിച്ചിരുന്നു. ഇതേമാത്യകയില്‍ അവര്‍ നേപ്പിള്‍സില്‍, 1944 ജനുവരിയില്‍ സ്ഥാപിക്കപ്പെട്ട രണ്ട് ഡീലൗസിങ് സ്റ്റേഷനുകളിലൂടെ, 1.3  ദശലക്ഷം സിവിലന്‍മാരില്‍ DDT അടിസ്ഥാനമാവുന്ന കീടനാശിനീമിശ്രിതം പ്രയോഗിച്ചു.  ഇതിലൂടെ വെറും മൂന്നാഴ്ചക്കുള്ളില്‍ത്തന്നെ ടൈഫസ്രോഗബാധ നിയന്ത്രണവിധേയമായി.

മലേറിയയക്കെതിരേ

     ടൈഫസിനെതിരെ DDT നേടിയ വിജയം കൊതുകുജന്യരോഗമായ മലേറിയയുടെ നിയന്ത്രണത്തിനായും അത് ഉപയോഗിക്ക പ്പെടാനുള്ള സാധ്യതയിലേക്ക് നയിച്ചു. ബര്‍മ്മ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും യൂറോപ്പിലേയും പസഫിക്ദ്വീപുകളിലേയും പട്ടാളക്യാമ്പുകളിലേക്ക് മലേറിയ അതിവേഗം പടരുന്ന കാലമായിരുന്നു അത്. 1944 സെപ്റ്റംബര്‍ 28-ന് നടത്തിയ ഒരു റേഡിയോ പ്രഭാഷണത്തിലൂടെ വിന്‍സന്‍റ് ചര്‍ച്ചില്‍ ആണ് DDT എന്ന പുതിയ കീടനാശിനിയെക്കുറിച്ച് ലോകത്തിനോട് പറഞ്ഞത്. ബര്‍മ്മയിലെ ബ്രിട്ടീഷ്സൈനികരും പെസഫിക്മേഖലയിലെ അമേരിക്കന്‍സൈന്യവും DDT-യിലൂടെ മലേറിയക്കെതിരെ വിജയംവരിച്ചതായി അദ്ദേഹം അവകാശപ്പെടുകയുണ്ടായി. പൈറെത്രം, ഡെറിസ് എന്നീ ജൈവകീടനാശിനികളായിരു ന്നു കൊതുകിന്‍റേയും ടൈഫസിനു കാരണമാവുന്ന കീടങ്ങളുടേയും നിയന്ത്രണത്തിനായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പൈറെത്രം (ജ്യൃലവേൃൗാ) ലഭിക്കുന്ന ചെടികളുടെ ലഭ്യതയ്ക്കു മേലുള്ള സമ്പൂര്‍ണ്ണനിയന്ത്രണം രണ്ടാംലോക മഹായുദ്ധകാലത്ത് ജപ്പാന്‍ കയ്യടക്കുകയുണ്ടായി. അതുപോലെ, അച്ചുതണ്ടുശക്തികള്‍ ബ്രിട്ടന്‍റെ അധീനതയിലായിരുന്ന ഈസ്റ്റ്ഇന്‍ഡീസ് കീഴടക്കിയപ്പോള്‍ അവിടെ നിന്നുമുള്ള ഡെറിസ്കീടനാശികളുടെ വരവും നിലച്ചു. ഇതെല്ലാം  DDT യുദ്ധമുഖങ്ങളില്‍പ്പോലും പ്രാധാന്യമേറുന്ന, അതേസമയം നിക്കോട്ടിനെക്കാള്‍ സുരക്ഷിതമായ, ഏക രാസ കീടനാശിനിയായി അവരോധിക്കപ്പെടാന്‍ കാരണമായി. കാര്‍ഷികമേഖലയിലെ കീടങ്ങള്‍ക്കെതിരേയുള്ള പരീക്ഷണ ങ്ങള്‍ വിജയിച്ചതോടെ ലോകമെമ്പാടുമുള്ള കര്‍ഷകരും DDT-യെ സര്‍വ്വാത്മനാ സ്വീകരിക്കാന്‍ തുടങ്ങി. ബോംബര്‍വിമാനങ്ങള്‍ രൂപമാറ്റംവരുത്തി ആകാശത്തുനിന്നും DDT-സ്പ്രേ ചെയ്യാന്‍ ഉപയോഗിക്കുന്നതിലൂടെ ആധുനിക ക്യഷിക്ക് പുതിയൊരുമുഖംതന്നെ കൈവരുന്ന സ്ഥിതിയായി.

വെള്ളത്തില്‍ ലയിക്കുന്ന ഒന്നായിരുന്നില്ല DDT എന്നാല്‍ അത് മണ്ണെണ്ണയില്‍ ലയിക്കുമായിരുന്നു. 1940-കളില്‍ മലേറിയക്കെതിരെ  DDT ആദ്യമായി ഉപയോഗിക്കപ്പെട്ടപ്പോള്‍ അത് മണ്ണെണ്ണയില്‍ കലര്‍ത്തി ചുമരുകളില്‍ സ്പ്രേ ചെയ്യുകയാണ് ചെയ്തിരുന്നത്. എന്നാല്‍ മണ്ണെണ്ണയുടെ ഗന്ധം സ്വീകാര്യമായി തോന്നാത്തതിനാല്‍ പിന്നീടാണ് അത് നിഷ്ക്രിയസ്വഭാവമുള്ള മറ്റൊരു പൊടിയുമായി കലര്‍ത്തി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതോടൊപ്പം വെള്ളത്തില്‍ ലയിക്കുന്ന തരത്തിലുള്ള ഒരു രാസസംയുക്തവും ഉള്‍ച്ചേര്‍ക്കപ്പെട്ടു. ഇക്കാരണത്താല്‍ ചുമരുകളില്‍ പെയിന്‍റ് എന്നതുപോലെ DDT പ്രയോഗിക്കാന്‍ കഴിയുമെന്നായി. മണ്ണെണ്ണയ്ക്കുപകരം വെള്ളം ഉപയോഗിക്കാനായത് DDT-യുടെ സാര്‍വ്വത്രികത വര്‍ദ്ധിക്കാന്‍ കാരണമായി. ചുമര്‍ ഉണങ്ങുന്നതോടെ ചാരനിറത്തില്‍ പറ്റിപ്പിടിക്കുന്ന DDT വായുവിലേക്ക് പടരുന്നതിന്‍റെ അളവ് തുലോം കുറവായിരുന്നു. DDT-യുടെ വേപ്പര്‍പ്രഷര്‍ (Vapour Pressure) കുറവായതായിരുന്നു ഇതിന് കാരണം. ഇക്കാരണത്താല്‍ ചുമരില്‍ പറ്റിപിടിച്ചിരിക്കുന്ന DDT ശ്വാസകോശങ്ങളിലേക്ക് കടക്കാനുള്ള സാധ്യത കുറവായിരുന്നു. ശ്വാസകോശങ്ങളിലേക്ക് എത്തപ്പെടുന്നതിനുമുമ്പുതന്നെ ശരീരത്തിന്‍റെ സ്വാഭാവികമായ പ്രതിരോധസംവിധാനങ്ങള്‍ അതിനെ പുറന്തള്ളുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതേസമയം ശരീരം കൊഴുപ്പ് സംഭരിക്കുന്ന കലകളില്‍ DDT അടിഞ്ഞുകൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഇതുകൊണ്ട് ദോഷഫലങ്ങള്‍ ഉണ്ടാവും. മനുഷ്യശരീരം DDT-യെ എങ്ങനെ പുറന്തള്ളുന്നു എന്നതു സംബന്ധിച്ച് ഇനിയും പഠനങ്ങള്‍ നടക്കേണ്ടതായുണ്ട്. എങ്കിലും മനുഷ്യരിലെ DDT-യുടെ പ്രഭാവമല്ല പില്‍ക്കാലത്ത് വിവാദമായിത്തീര്‍ന്നത്.

നിശബ്ദവ സന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ്


മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കാമ്പസില്‍ വളര്‍ന്നിരുന്ന എല്‍മ് (Elm)  മരങ്ങളില്‍ തുടര്‍ച്ചയായി DDT പ്രയോഗിച്ചിരുന്നു. ഡച്ച് എല്‍മ് ഡിസീസ ് (Dutch Elm Disease) എന്നറിയപ്പെട്ടിരുന്ന ഒരുതരം ഫംഗസ്രോഗം പടര്‍ത്തുന്ന തടിതുരപ്പന്‍വണ്ടുകളെ കൊല്ലാനായിരുന്നു DDT സ്പ്രേ ചെയ്തിരുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയായി, വസന്തകാലത്തും വേനല്‍ക്കാലത്തുമാണ്, മരങ്ങളുടെ ചില്ലകളിലും തായ്ത്തടിയിലുമായി ഇത് ചെയ്തിരുന്നത്. ഇതിലൂടെ എല്‍മ് മരങ്ങളിലെ ഫംഗസ്രോഗം നിയന്ത്രണവിധേയമായി എങ്കിലും കുരുവികളടക്കമുള്ള വിവിധതരംപക്ഷികള്‍ ചത്തുവീഴുന്ന അവസ്ഥ സംജാതമായി. മിഷിഗണ്‍ കാമ്പസില്‍ മാത്രമല്ല, അമേരിക്കയിലെമ്പാടും, DDT പ്രയോഗിക്കപ്പെട്ട മരങ്ങളില്‍ പ്രാണികളേയും ചെറുജീവിക ളേയും ഇരതേടിയെത്തിയ പക്ഷികള്‍ ചത്തുവീണു. അമേരിക്കന്‍ റോബിന്‍, ബ്രൗണ്‍ ക്രീപ്പര്‍, അമേരിക്കന്‍ വുഡ്കോക്ക് തുടങ്ങി ഒട്ടനവധി പക്ഷിസ്പീഷീസുകള്‍ 1947 മുതല്‍ 1950-കള്‍ വരെയുള്ള കാലഘട്ടത്തില്‍ ചത്തു. DDT-യുടെ ഉപയോഗമാണ് ഇതിനിടയാക്കിയതെന്ന റേച്ചല്‍ കാഴ്സന്‍റെ നിരീക്ഷണം അംഗീകരിക്കപ്പെട്ടതോടെയാണ് പക്ഷികള്‍ പാടുന്ന വസന്തകാലങ്ങള്‍, എന്നന്നേയ്ക്കുമായി നഷ്ടമാവാതെ, ലോകത്തിന് തിരികെലഭിക്കുകയും ചെയ്തത്.

നിഷ്പ്രഭമാകാതെ DDT

      പക്ഷേ ലോകം അങ്ങനെ ചിന്തിക്കുമ്പോള്‍പ്പോലും, മലേറിയയെ നിയന്ത്രിക്കുന്നതില്‍ DDT വഹിച്ച പങ്കുമൂലം അതിനെ ഒരു അവശ്യകീടനാശിനിയായി ഉയര്‍ത്തിക്കാട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. 1960കളില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ മലേറിയ ബാധയുടെ തീവ്രത കുറയ്ക്കുന്നതില്‍ DDT വളരെയധികം ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു. മലേറിയ പരത്തുന്ന കൊതുകുകളെ നശിപ്പിക്കുന്നതിലൂടെ, ആഫ്രിക്കയ്ക്കു പുറത്തുള്ള 21 രാജ്യങ്ങള്‍ മലേറിയയെ അകറ്റിനിറുത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. DDT ഉപയോഗിക്കുന്നതിലൂടെ, 1960-കളുടെ മധ്യത്തില്‍ത്തന്നെ തെയ്വാന്‍ മലേറിയാമുക്തമാവുകയും നേപ്പാള്‍ അതിലേക്ക് ചുവടുവെയ്ക്കുകയും ചെയ്തു. ഇത്തരം ഫലങ്ങള്‍ ലോകാരോഗ്യസംഘടന മലേറിയക്കെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ DDT-യെ തുടര്‍ന്നും ശുപാര്‍ശ ചെയ്യുന്നതിന് കാരണമായി. മലേറിയ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി അമേരിക്കയുടെ  യുഎസ്എയിഡ് (USAID) എന്ന സ്ഥാപനം വഴി യുണിസെഫ് സാമ്പത്തികസഹായം നല്‍കിയിരുന്നതും DDT-യുടെ സ്വീകാര്യത വര്‍ദ്ധിക്കാന്‍ സഹായകമായി.

എങ്കിലും 1970-ല്‍, ലോകാരോഗ്യസംഘടനക്കുള്ളില്‍ത്തന്നെ DDT-ക്കെതിരെ ഒറ്റപ്പെട്ട  പ്രതിസ്വരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. തുടര്‍ന്ന്, 1971-ല്‍, ലോകാരോഗ്യസംഘടന DDT-യുടെ ഉപയോഗത്തെ ശക്തമായി ന്യായീകരിച്ചുകൊണ്ടുള്ള ഒരു നയരേഖ പുറത്തിറക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, DDT-യോടൊപ്പം കൊതുകുലാര്‍വകളെ നശിപ്പിക്കുന്ന മല്‍സ്യങ്ങള്‍, ഫംഗസുകള്‍, ബാക്ടീരിയകള്‍ എന്നിവയെ കൂടി മലേറിയാനിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് 1971-ലെ ഈ നയരേഖയില്‍ WHO നിര്‍ദ്ദേശിക്കുകയുണ്ടായി. പക്ഷേ, ഗുരുതരമായ പരിസ്ഥിതിനാശം വരുത്തുന്നതും ഡെര്‍ട്ടിഡസന്‍ (Dirty Dozen)  എന്ന് വിശേഷിപ്പിക്കപ്പെട്ടതുമായ വിഷവസ്തുക്കളുടെ കൂട്ടത്തില്‍ DDT-യേയുമുള്‍പ്പെടുത്താന്‍  1995-ല്‍ ഐക്യരാഷ്ട്രസഭ തീരുമാനമെടുത്തതോടെ DDT-യുടെ പ്രതാപകാലം അവസാനിച്ചു എന്നുതന്നെ പറയാം. 

'ഡെര്‍ട്ടി ഡസന്‍'

     ഐക്യരാഷ്ട്രസഭയ്ക്കൂ കീഴിലുള്ള യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്‍റ് പോഗ്രാം അഥവാ UNEP-യുടെ ഗവേണിങ് കൗണ്‍സില്‍ ആയിരുന്നു ഡെര്‍ട്ടി ഡസന്‍  എന്ന പേരില്‍ 12 മാരകവിഷവസ്തുക്കളെ പട്ടികപ്പെടുത്തി നിയന്ത്രിക്കണം എന്ന നിര്‍ദ്ദേശം ഉന്നയിച്ചത്. 1995 മെയ് 25-നാണ് ഡചഋജ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. ഇതിനായി ഒരു ഉച്ചകോടി നടത്താനും ഉടമ്പടി രൂപപ്പെടുത്താനും തുടര്‍ന്ന് തീരുമാനമായി. 1996-ല്‍ ഇതിനായി വിളിച്ചുചേര്‍ക്കപ്പെട്ട രാജ്യാന്തരപ്രതിനിധിസമ്മേളനത്തെ ലോകാരോഗ്യസംഘടന പിന്തുണച്ചതോടെ അത് വലിയ വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. പരിസ്ഥിതിയുടെ മാത്രമല്ല മനുഷ്യന്‍റേയും ആരോഗ്യത്തെ നശിപ്പിക്കുന്ന  രാസവസ്തുക്കള്‍ നിരോധിക്കണം എന്നുതന്നെ ആവശ്യമുയര്‍ന്നു. 1998 മുതല്‍ 2000 വരെ സ്റ്റോക്ക് ഹോമില്‍ ഇതിനായി രാജാന്തരസമ്മേളനങ്ങള്‍ നടന്നു. 2001-ല്‍ സ്റ്റോക്ക്ഹോം ഉടമ്പടി എന്ന പേരില്‍ ഇത് പ്രതിനിധിരാജ്യങ്ങളുടെ ഒപ്പുവെയ്ക്കലിനായി സമര്‍പ്പിക്കപ്പെട്ടു. സ്റ്റോക്ക്ഹോം കണ്‍വെന്‍ഷന്‍ ഓണ്‍ പെര്‍സിസ്റ്റന്‍റ് ഓര്‍ഗാനിക് പൊളൂട്ടന്‍റ്സ് (Stockholm Convention on Persistent Organic Pollutants)  എന്ന പൂര്‍ണ്ണരൂപമുള്ള ഇത് 2004 മെയ് 17-ന് നിലവിലെത്തുകയുണ്ടായി.  A, B, C  എന്നിങ്ങനെയുള്ള മൂന്ന് വിഭാഗങ്ങളിലായാണ് ഇതില്‍ മാരകവിഷസ്വഭാവമുള്ള രാസവസ്തുക്കളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍, ഉപയോഗം പരിമിതപ്പെടുത്തേണ്ടത് അഥവാ റെസ്ട്രിക്റ്റഡ് (RESTRICTED) എന്ന വിഭാഗത്തിലാണ് DDT-യെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം 'ഡെര്‍ട്ടി ഡസന്‍' എന്ന പേരില്‍ 12 രാസവസ്തുക്കള്‍ മാത്രം ഉണ്ടായിരുന്ന ഈ പട്ടികയില്‍ ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ അടക്കം 29 വിഷപദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്.

എന്നാല്‍ സ്റ്റോക്ക്ഹോം ഉടമ്പടി നിലവില്‍ വന്നശേഷവും DDT സമ്പൂര്‍ണ്ണമായി നിരോധിക്കപ്പെടുകയുണ്ടായില്ല. ഗ്രീന്‍പീസ്, വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് എന്നീ സംഘടനകള്‍ ശക്തമായി വാദിച്ചുവെങ്കിലും ഉഉഠയുടെ സമ്പൂര്‍ണ്ണനിരോധനം സാധ്യമായില്ല. മലേറിയ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ നിയന്ത്രണത്തില്‍ ്നിന്നും DDT-യെ ഒഴിവാക്കുക അസാധ്യമായതായിരുന്നു ഇതിന് കാരണം. ഇക്കാരണത്താല്‍ത്തന്നെ സ്റ്റോക്ക്ഹോം ഉടമ്പടി DDT-യെ അതിന്‍റെ അനുഛേദംആയില്‍ ആണ് ഉള്‍പ്പെടുത്തിയത്. അതായത് അംഗരാജ്യങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം ഉത്പാദനവും ഉപയോഗവും സാധ്യമാവും എന്ന തരത്തില്‍. ഇതേത്തുടര്‍ന്ന് 30 രാജ്യങ്ങള്‍ പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങളില്‍ DDT ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, 2009 ആയപ്പോഴേക്കും DDT ഉപയോഗിക്കുന്നതി നുള്ള അനുമതി തേടുന്ന രാജ്യങ്ങള്‍ ഇന്ത്യ, ചൈന, എത്തിയോപ്പിയ എന്നിവയായി ചുരുങ്ങി. നിലവില്‍ ലോകത്തില്‍ ഏറ്റവുമധികം DDT ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ്സ് എന്ന കമ്പനിയാണ് ഇന്ത്യയില്‍ DDT നിര്‍മ്മിക്കുകയും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നത്. 2021 ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ 27 രാസകീടനാശിനി കളെ നിരോധിക്കാനായി പട്ടികപ്പെടുത്തിയെങ്കിലും അതില്‍ DDT ഉള്‍പ്പെടുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്.

ഇന്ത്യയില്‍, സ്റ്റോക്ഹോം ഉടമ്പടി നിലവിലെത്തുന്നതിനും മുമ്പേ DDT നിരോധിക്കുകയുണ്ടായി എന്നതും ശ്രദ്ധേയമാണ്. 1969 മെയില്‍ ഇന്ത്യ DDT-യെ നിരോധിച്ചിരുന്നു. 2004 മെയ് 17-ന് മാത്രമാണ് നിലവിലെത്തുന്നത്. എങ്കിലും, പൊതുജനാരോഗ്യ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമാണ് ഇന്ത്യയില്‍ ഇപ്പോള്‍ DDT ഉപയോഗിക്കാന്‍ അനുമതിയുള്ളത്. സ്റ്റോക്ഹോം ഉടമ്പടിയില്‍ ഒപ്പുവെച്ച 151 രാജ്യങ്ങള്‍ DDT-യുടെ ഉപയോഗം മലേറിയ അടക്കമുള്ള കൊതുകുജന്യരോഗങ്ങളുടെ നിയന്ത്രണത്തിനായി മാത്രം പരിമിതപ്പെടുത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. DDT കാരണമുള്ള പാരിസ്ഥിതികവും ആരോഗ്യപരവു മായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബദല്‍മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും സ്റ്റോക്ഹോം ഉടമ്പടി നിര്‍ദ്ദേശിക്കുന്നു. കൊതുകുകളുടെ നിയന്ത്രണം സാധ്യമാക്കാന്‍ ജൈവനിയന്ത്രണം അടക്കമുള്ള മാര്‍ഗങ്ങള്‍ പരീക്ഷിക്കാനും ഉടമ്പടി നിര്‍ദ്ദേശിക്കുന്നു. DDT-ക്ക് പകരമായി ഉപയോഗിക്കാവുന്ന സുരക്ഷിതകീടനാശിനികള്‍ വികസിപ്പിക്കാനുള്ള ഗവേഷങ്ങള്‍ ത്വരിതപ്പെടുത്താനും ഉടമ്പടി നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ അതുവരേയ്ക്കും 1874-ലെ ഒരു ഗവേഷണപ്രബന്ധത്തില്‍ നിന്നും തുടക്കമായ DDT-യുടെ ജൈത്രയാത്ര തുടരുക തന്നെ ചെയ്യും.