സത്യാഗ്രഹം എന്ന സമാന്തരങ്ങളില്ലാത്ത സമരമാര്‍ഗം ഗാന്ധിജി ആദ്യമായി ഉപയോഗിച്ചത് ഇന്നത്തെ ബീഹാറില്‍പ്പെടുന്ന ചമ്പാരനില്‍, ബ്രിട്ടീഷുകാരായ ഭൂവുടമകള്‍ക്കെതിരെ സമരംചെയ്തിരുന്ന കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ്. ചമ്പാരിനില്‍നിന്നുയര്‍ന്നുവന്ന ഈ കൊടുങ്കാറ്റാണ് ദേശീയമായ ഒരൊറ്റവികാരമായിപ്പടര്‍ന്ന് ഇന്ത്യന്‍സ്വാതന്ത്ര്യസമരസ്ര്ഥാനത്തിനു തുടക്കമിട്ട ത്. ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നായിരുന്ന ബ്രിട്ടീഷ്സാമ്രാജ്യത്തെ അതിര്‍ത്തികളില്‍ ഒരിക്കലും സൂര്യനസ്തമിക്കാത്ത അധീശശക്തികളിലൊന്നിനെ, ഒരു പുല്‍ക്കൊടി നേരിടുന്നതിനു സമാനമായിരുന്നു സത്യാഗ്രഹം എന്ന സമരമാര്‍ഗം. ചമ്പാരന്‍ സത്യാഗ്രഹത്തിന്‍റെ നൂറാം വാര്‍ഷികമാണ് 2015ലേത്. പക്ഷേ, ഇന്ത്യന്‍സ്വതന്ത്രപ്രസ്ഥാനത്തിന്‍റെ തീച്ചൂളയിലേക്ക് ഒരിക്കലുമണയാത്ത അഗ്നിസ്ഫുലിംഗങ്ങളെറിഞ്ഞുകൊടുത്ത അന്നത്തെ സാമൂഹ്യപശ്ത്താലം മാത്രമാണ് നാമിതുവരേയ്ക്കും പക്ഷേ വിലയിരുത്തിയിട്ടുള്ളത്.പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ ശാസ്ത്രപുരോഗതിക്കും അറിഞ്ഞോ അറിയാതെയോ അതില്‍ അതിന്‍റേതായ ഒരു പങ്കുവഹിക്കാനുണ്ടായിരുന്നു. വ്യവസായവിപ്ളവത്തിന്‍റെ ആകാശം പതിവിലേറെ ചുവപ്പേറ്റിയ, പത്തൊമ്പതാംനൂറ്റാണ്ടിന്‍റെ അസ്തമയകാലത്തുനിന്നുമുള്ള ഒരു ചരിത്രം ചമ്പാരനിലെ കര്‍ഷകസമരങ്ങള്‍ക്കു പിന്നിലായി ഇപ്പോഴും ആരാലും വായിക്കാതെ കിടക്കുന്നുണ്ട്.
'ഇന്‍ഡിഗോ നേഷന്‍'
1498-ല്‍ ഇന്ത്യയിലേക്കുള്ള കപ്പല്‍പ്പാത കണ്ടെത്തപ്പെടുന്നതിനുമുമ്പേ യൂറോപ്പുകാര്‍ക്ക് പരിചയമുണ്ടായിരുന്ന ഒന്നായിരുന്നു ഇന്‍ഡിഗോ. പ്രക്യതിപകരുന്ന ചായങ്ങളില്‍ ഒരിക്കലും ഒളിമങ്ങാത്ത ഒരേയൊരണ്ണം: ക്യഷ്ണവര്‍ണ്ണംനീലനിറം. ഈജിപ്റ്റിലെ മമ്മികള്‍ പോലും ശതാബ്ദങ്ങളുടെ വിരുന്നുകാരെ കാത്തുകിടന്നത് വസ്ത്രാവരണങ്ങളിലെ ഇന്‍ഡിഗോ നിറവുമായിട്ടായിരുന്നു. ചരിത്രാതീതകാലം മുതല്‍ക്കേ ഇന്‍ഡിഗോയുടെ ഉറവിടമായിരുന്നു ഇന്ത്യ. ഗ്രീക്കുകാര്‍ ഇന്‍ഡിക്കോസ് (Indikos) എന്നു പേരിട്ടിരുന്ന ഇന്‍ഡിഗോയുടെ അര്‍ത്ഥംതന്നെ څഇന്ത്യയില്‍നിന്നുള്ളچതെന്നായിരുന്നു. നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പുള്ള സംസ്ക്യതലിഖിതങ്ങളില്‍പ്പോലും ഇന്‍ഡിഗോയുടെസ്രോതസ്സിനെക്കുറിച്ചും നിര്‍മ്മിതിയെക്കുറിച്ചും പരാമര്‍ശമുണ്ട്. ലോകത്തിനു മുഴുവനുംവേണ്ട ഇന്‍ഡിഗോ സംഭാവന ചെയ്തുകൊണ്ട് ഇന്ത്യ ഒന്നാമതുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനം വരേയ്ക്കും ഇതുതന്നെയായിരുന്നു സ്ഥിതി.
ചിത്രശലഭങ്ങളെപ്പോലെ തോന്നിക്കുന്ന ചുവന്ന പൂക്കളും മെലിഞ്ഞുനീണ്ട പച്ചക്കായ്കളുമുള്ള ഒരു കൊച്ചുചെടിയായിരുന്നു ഇന്‍ഡിഗോ. പയറുചെടിയുടെ കുടുംബമായ പാപ്പിലിയോണേസി(Papilionaceae)യില്‍പ്പെടുന്ന കുലീനമായ ഒരംഗം. ശാസ്ത്രീയനാമം ഇന്‍ഡിഗോഫെറാ ടിങ്ടോറിയ (Indigofera tinctoria).നീലച്ചായം കിട്ടാന്‍ ലോകത്തിനുവേറെ മാര്‍ഗമില്ലാത്തതുകൊണ്ടല്ല ഇന്ത്യയില്‍മാത്രമുള്ള ഇന്‍ഡിഗോച്ചെടിക്ക് ഇത്രയും പ്രാധാന്യമുണ്ടായത്. തെക്കേഅമേരിക്കയിലുംമറ്റുമായി ഇതിന് ചില അപരന്‍മാരുമുണ്ടായിരുന്നു. പക്ഷേ, വിപണിക്കു താല്‍പ്പര്യം ഇന്ത്യന്‍ ഇന്‍ഡിഗോ തന്നെയായിരുന്നു. 1893-1897 കാലഘട്ടത്തില്‍ 6 ലക്ഷത്തിലധികം ഏക്കര്‍ സ്ഥലത്താണ് ഇന്ത്യയില്‍ ഇന്‍ഡിഗോ ക്യഷിചെയ്തിരുന്നത്. ഇന്‍ഡിഗോ പരിപാലനത്തില്‍മാത്രമല്ല, ഇലകളില്‍നിന്നും നീലച്ചായം വേര്‍തിരിക്കുന്നകാര്യത്തിലും ഇന്ത്യയ്ക്ക് നാട്ടറിവുകളുടേതായ തനതുസമ്പത്തുണ്ടാണായിരുന്നു. മറ്റ് ചില ചേരുവകളുംചേര്‍ത്ത് നന്നായിപൊടിച്ച് കടുംനീലനിറത്തില്‍ തയ്യാറാക്കിയിരുന്ന ഇതിനുപകരം പൊന്നുകൊടുക്കാന്‍ തയ്യാറായിരുന്നു യൂറോപ്പുകാര്‍. ഏറ്റവും വിലപിടിച്ച ചായങ്ങളിലൊന്നായിരുന്നു ഇന്‍ഡിഗോ. ബ്ളൂ ഗോള്‍ഡ് (ആഹൗല ഏീഹറ)എന്നാണ് യൂറോപ്പുകാര്‍ അതിനെ വിളിച്ചിരുന്നത്. ഒരുപക്ഷേ, ഇക്കാര്യത്തില്‍ നിന്നുതന്നെയാവണം ഇന്‍ഡിഗോകര്‍ഷകരുടെ കഷ്ടകാലവും ആരംഭിക്കുന്നത്.
ക്യത്രിമഇന്‍ഡിഗോ
വ്യവസായികവിപ്ളവം യൂറോപ്പിന്‍റെ സിരകളില്‍ പടര്‍ന്നിരുന്ന കാലമായിരുന്നു അത്. വിലപിടിപ്പുള്ള എന്തിനും തത്തുല്യമായ രാസപ്രതിരൂപങ്ങള്‍ വിപണിയിലിറക്കി ലാഭംകൊയ്യാനായി രാസവ്യവസായകമ്പനികള്‍ പരസ്പരം മത്സരിക്കുന്ന സമയം. വ്യാവസായികഉത്പന്നങ്ങള്‍ പരിഷ്ക്യതസമൂഹത്തിന്‍റെ മുഖമുദ്രകൂടിയായപ്പോള്‍ എല്ലാ വ്യാവസായിക സംരംഭങ്ങളുടേയും മുഖ്യശ്രദ്ധ അതിലേക്കായി. ഇന്‍ഡിഗോയുടെ കാര്യത്തിലും ഒരു അപരനായുള്ള അന്വേഷണം സ്വാഭാവികമായുരുന്നു. അന്നത്തെ ഏറ്റവും വലിയ രാസവ്യവസായസംരംഭമായിരുന്നു ജര്‍മ്മനിയിലെ BASF (Badische Anilin Soda Fabrik എന്ന് ജര്‍മ്മന്‍, ഇംഗ്ളീഷില്‍ Badische Anilin and Soda Company) എന്ന കമ്പനി. 1860കളില്‍ത്തന്നെ ചില പ്രക്യതിദത്തചായങ്ങള്‍ക്ക് പകരക്കാരെ സ്യഷ്ടിച്ചുകൊണ്ട് പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന BASF-ന്‍റെ അടുത്ത ലക്ഷ്യം ഇന്‍ഡിഗോ ആയിരുന്നു.
അന്നത്തെ കാലത്തുപോലും പത്തുലക്ഷംപൗണ്ട് ഇതിനായുള്ള ഗവേഷണങ്ങള്‍ക്കായി ചെലവഴിച്ചിട്ടുണ്ടെന്നറിയുമ്പോള്‍ ഇതിന് കമ്പനി സ്വപ്നംകണ്ടിരുന്ന വിപണനമൂല്യം ഊഹിക്കാവുന്നതാണല്ലോ. അങ്ങനെയിരിക്കെയാണ് ഇന്‍ഡിഗോയുടെ രാസഘടന പുറത്തുവന്നത്,1880ല്‍. ഒരു പ്രത്യേകഗവേഷണസംഘത്തെ ഇന്‍ഡിഗോ നിര്‍മ്മാണത്തിനായിമാത്രം നിയോഗിച്ചുകൊണ്ടാണ് BASF ഇതിനെ സ്വാഗതംചെയ്തത്. ഒരു നേരിയ വിജയം ഇതിനിടെ കടന്നുവന്നെങ്കിലും രാസവ്യവസായശാലവഴിയുള്ള അതിന്‍റെ നിര്‍മ്മാണം പ്രക്യതിദത്ത ഇന്‍ഡിഗോയെക്കാള്‍ ചെലവേറുന്നതായിരുന്നു. പക്ഷേ, ഗവേഷണത്തിന് പുതിയൊരു ദിശാബോധമുണ്ടാകുവാന്‍ അത് സഹായകമായി. വിജയം സമീപസ്ഥവുമായിരുന്നു. 1890-ല്‍, കാള്‍ ഹ്യൂമന്‍ (Carl Heumann) എന്ന BASF ശാസ്ത്രജ്ഞന്‍ ഇന്‍ഡിഗോച്ചായം ക്യതിമമായി നിര്‍മ്മിക്കുന്നതില്‍ ആത്യന്തികമായി വിജയിച്ചു. എങ്കിലും കുറഞ്ഞ ചെലവില്‍, ഫാക്ടറി അടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കാന്‍തക്കവണ്ണം അതിനെ പരുവപ്പെടുത്താന്‍ ഹ്യൂമാന് കഴിഞ്ഞില്ല. അതിനുള്ള തുടര്‍ഗവേഷണങ്ങള്‍ക്കിടയിലായിരുന്നു ചരിത്രത്തിന്‍റെ തന്നെ ഗതി തിരുത്താന്‍ പര്യാപ്തമായിത്തീര്‍ന്ന ഒരു സംഭവത്തിന് ജര്‍മ്മനിയിലെ BASF-ഗവേഷണശാല സാക്ഷ്യംവഹിച്ചത്.
പൊട്ടിവീണ ഒരു തെര്‍മോമീറ്റര്‍
കാള്‍ ഹ്യൂമാന്‍, ഇന്‍ഡിഗോ നിര്‍മ്മാണത്തിനുള്ള അടിസ്ഥാനഘടകമായിക്കണ്ടത് ആന്ത്രാനിലിക്ആസിഡ് (Anthranilic Acid) എന്ന രാസസംയുക്തമായിരുന്നു. ഏറ്റവുംകുറഞ്ഞ ചെലവില്‍ ഇത് നിര്‍മ്മിക്കുന്നതിനായിരുന്നു തടസമുണ്ടായിരുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ക്കൊടുവിലാണ് അക്കാലത്ത് അനാവശ്യമായി കെട്ടിക്കിടന്നിരുന്ന നാഫ്തലിന് ഒരു പ്രയോജനം കണ്ടെത്തുന്നതിലേക്ക് ശാസ്ത്രജ്ഞരുടെ ശ്രദ്ധപതിഞ്ഞത്. നാഫ്തലിനെ സള്‍ഫ്യൂറിക്കാസിഡുമായി ചേര്‍ത്ത് ഉയര്‍ന്ന താപനിലയില്‍ ചൂടാക്കിയാല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന് തിരയുകയായിരുന്നു ലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. സാപ്പര്‍ എന്നു പേരുള്ള ഒരു പരീക്ഷണസഹായിയായിരുന്നു അന്ന് ഡ്യൂട്ടിക്കുണ്ടായിരുന്നത്. പുതുതായി ജോലികിട്ടിയ ഒരാളായിരുന്നു ഇതിനായി ഒരുക്കിയ പരീക്ഷണസംവിധാനത്തില്‍ തെര്‍മോമീറ്റര്‍ ഘടിപ്പിച്ചത്. പരിചയക്കുറവുമൂലം അത് ശരിയായി ഉറപ്പിക്കാന്‍ അയാള്‍ക്കുകഴിഞ്ഞില്ല. അത് ഇളകി താഴെ വീണു.
വീണത് രാസപ്രവര്‍ത്തനത്തിനായി തയ്യാറാക്കിവച്ചിരുന്ന മിശ്രിതത്തിലേക്കായിരുന്നു. വീണമാത്രയില്‍ത്തന്നെ പൊട്ടി ഉള്ളിലെ മെര്‍ക്കുറി രാസമിശ്രിതത്തില്‍ കലരുകയും ചെയ്തു! ഞൊടിയിടയ്ക്കുള്ളിലാണ് എല്ലാം സംഭവിച്ചത്. നിസ്സഹായനായി അത് കണ്ടുനില്‍ക്കാനേ സാപ്പറിന് കഴിഞ്ഞുള്ളൂ. പക്ഷേ, അത്ഭുതകരമായ ഒരു കാര്യം അതിനകം സംഭവിച്ചുകഴിഞ്ഞിരുന്നു. അതുവരെ വളരെ പതുക്കെ നടന്നിരുന്ന രാസപ്രവര്‍ത്തനം, മെര്‍ക്കുറിയുടെ സാന്നിധ്യത്തില്‍ വളരെ വേഗത്തില്‍ നടന്നു. പൊട്ടിവീണ തെര്‍മോമീറ്ററിനുള്ളിലെ മെര്‍ക്കുറി, സള്‍ഫ്യൂറിക്കാസിഡുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടായ മെര്‍ക്കുറിക് സള്‍ഫേറ്റ് ഒരു രാസത്വരകമായി പ്രവര്‍ത്തിച്ചുകൊണ്ട് രാസപ്രവര്‍ത്തനത്തിന്‍റെ വേഗത വര്‍ദ്ധിപ്പിച്ചതായിരുന്നു കാരണം. പ്രതീക്ഷിച്ച ഉല്‍പ്പന്നമായിരുന്നില്ല കിട്ടിയതെങ്കിലും അതിന് കാള്‍ ഹ്യൂമാന്‍ ക്യത്രിമഇന്‍ഡിഗോയുടെ അടിസ്ഥാനനിര്‍മ്മാണഘടകമായി കണ്ടെത്തിയ ആന്ത്രാനിലിക് ആസിഡുമായി വളരെയടുത്ത രാസബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍, കാള്‍ ന്യൂമാന്‍റെ നേത്യത്വത്തിലുള്ള ഗവേഷണസംഘം, വ്യാവസായികതലത്തിലുള്ള ഉത്പാദനത്തിന് ഉപയുക്തമാവുന്നതരത്തില്‍ ഇന്‍ഡിഗോയുടെ നിര്‍മ്മാണം രൂപകല്‍പ്പന ചെയ്തു, 1897-ല്‍!
ഇന്‍ഡിഗോവിപണിയുടെ തകര്‍ച്ച
പ്രക്യതിദത്ത ഇന്‍ഡിഗോയുടെ വിപണിയെ ഇടിച്ചുതാഴ്ത്തിക്കൊണ്ടാണ് അതിന്‍റെ രാസപ്രതിരൂപം ആഗോളവിപണികള്‍ കീഴടക്കിയത്. ആകര്‍ഷകമായ പാക്കറ്റുകളില്‍വന്ന ഫാക്ടറിനിര്‍മ്മിത ഇന്‍ഡിഗോയെ ജനം ആവേശത്തോടെ സ്വീകരിച്ചു. വിലക്കുറവ് ആകര്‍ഷകത്വത്തിനുള്ള മറ്റൊരു ഘടകമായി. പ്രക്യതിദത്ത ഇന്‍ഡിഗോയുടെ ഉത്പാദനത്തേയും വിതരണത്തേയും ഇത് പിന്നീടൊരു തിരിച്ചുപോക്ക് അസാധ്യമാവുന്ന തരത്തിലാണ് തകര്‍ത്തത്. ബംഗാളിലും ഗുജറാത്തും ബീഹാറുമുള്‍പ്പെടുന്ന പ്രോവിന്‍സുകളിലുമായിട്ടായിരുന്നു അന്ന് ഇന്ത്യയിലെ ഇന്‍ഡിഗോക്യഷി. ഭൂമി പാട്ടത്തിനെടുത്ത് ക്യഷിചെയ്യുന്നവരായിരുന്നു അന്ന് ഇവിടങ്ങളിലെ ഇന്‍ഡിഗോകര്‍ഷകര്‍. 'തീന്‍കാതിയ' എന്ന പാട്ടസമ്പ്രദായമനുസരിച്ച് ക്യഷിഭൂമിയുടെ ഒരുഭാഗം എപ്പോഴും ഇന്‍ഡിഗോക്യഷിക്കായി നീക്കിവെയ്ക്കണമായിരുന്നു.
പന്ത്രണ്ട് ശതമാനം വാര്‍ഷികപലിശയോടകൂടിയതായിരുന്നു പാട്ടത്തുക. രാജ്യാന്തരവിപണിയില്‍ ഇന്‍ഡിഗോയ്ക്ക് നേരിട്ട തകര്‍ച്ചമൂലം പാട്ടത്തുക തിരിച്ചടയ്ക്കാന്‍ തക്കവണ്ണമുള്ള വരുമാനമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞില്ല. പാട്ടത്തുക തിരിച്ചുനല്‍കാത്ത കര്‍ഷകരെ ബ്രിട്ടീഷുകാരായ ഭൂവുടമകള്‍ ക്രൂരമായി പീഠിപ്പിക്കാന്‍ തുടങ്ങി. പോരാത്തതിന് പുതിയൊരു നികുതികൂടി പാട്ടക്കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്തു. ഇന്‍ഡിഗോ കയറ്റുമതിയെ ആശ്രയിച്ചിരുന്ന ബ്രിട്ടീഷുകാര്‍ക്ക് അവര്‍ക്കുണ്ടായ നഷ്ടം തിരിച്ചുപിടിക്കാനായിരുന്നു ഈ കരിനിയമം. ഇതിനെതിരെ കര്‍ഷകര്‍ പ്രതിക്ഷേധിച്ചു. ചമ്പാരനിലായിരുന്നു പ്രശ്നങ്ങള്‍ ഏറ്റവും രൂക്ഷം.
ഗാന്ധിജി ചമ്പാരനില്‍
ചമ്പാരനിലെ പിപ്ര എന്ന സ്ഥലത്ത്, 1914-ലാണ് ഇന്‍ഡിഗോ കര്‍ഷകര്‍ ആദ്യമായി ഭൂവുടമകള്‍ക്കെതിരെ പ്രക്ഷോഭം തുടങ്ങിയത്. ബ്രിട്ടീഷ് പട്ടാളത്തിന്‍റെ സഹായത്തോടെ ഭൂവുടമകള്‍ അത് അതിക്രൂരമായി അടിച്ചമര്‍ത്തി. എന്നാല്‍ സമരം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കുന്നതിനായി ഗാന്ധിജി അവിടേക്കെത്തി. അവിടെ കണ്ട കാഴ്ചകള്‍ തന്‍റെ ആത്മകഥയില്‍ അദ്ദേഹം ഇങ്ങനെ വിവരിക്കുന്നുണ്ട്: "ഇത്രയും കണ്ണീരില്‍നിന്നാണ് ഈ നീലച്ചായത്തിന്‍റെ പിറവിയെന്ന് ഞാനറിഞ്ഞിരുന്നില്ല, പായ്ക്കറ്റ് രൂപത്തില്‍ അത് ഞാന്‍ മുമ്പ് കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും..". വലിയൊരു കുഴപ്പത്തിന്‍റെ തുടക്കമായാണ് പ്രാദേശികഭരണാധികാരികള്‍ ഗാനധിജിയുടെ ചമ്പാരന്‍സന്ദര്‍ശനത്തെ കണ്ടത്. പോലീസ് സൂപ്രണ്ട് മുഖാന്തിരം, എത്രയും പെട്ടെന്ന് ചമ്പാരന്‍ വിട്ടുപൊയ്ക്കൊള്ളാന്‍ അവര്‍ ഗാന്ധിജിക്ക് അന്ത്യശാസനമയച്ചു. അതു നിക്ഷേധിച്ച ഗാന്ധിജി, കര്‍ഷകരോടൊപ്പം ചേര്‍ന്നുകൊണ്ട് സത്യാഗ്രഹം എന്ന സമരമുറ പ്രയോഗിച്ചു.
ഇന്‍ഡിഗോവിപ്ളവം
ഇന്ത്യാചരിത്രത്തില്‍ ഇന്‍ഡിഗോവിപ്ളവം (നീല്‍വിദ്രോഹ) എന്നറിയപ്പെടുന്നത് പക്ഷേ, ചമ്പാരനിലെ ഇന്‍ഡിഗോ കര്‍ഷകര്‍ നടത്തിയ സമരമല്ല. ബംഗാളിലായിരുന്നു അത് നടന്നത്. 1859 ഫെബ്രുവരിയില്‍, ഇനി ഇന്‍ഡിഗോച്ചെടിയുടെ വിത്തുകള്‍ വിതയ്ക്കേണ്ടതില്ലെന്ന് കര്‍ഷകര്‍ തീരുമാനമെടുത്തതോടെയാണ് സമരം പൊട്ടിപ്പുറപ്പെട്ടത്. എന്നാല്‍, അരനൂറ്റാണ്ടിലേറെയായി കര്‍ഷകസമൂഹം അനുഭവിച്ചിരുന്ന കൊടിയ പീഠനങ്ങളാണ് അവസാനം ഇങ്ങനെയൊരു പൊട്ടിത്തെറിയിലേക്ക് നയിച്ചത്. ഭക്ഷ്യവിളകള്‍ ക്യഷിചെയ്യാനനുവദിക്കാതെ, ഇന്‍ഡിഗോച്ചെടി മാത്രം ക്യഷി ചെയ്യിച്ചിരുന്ന ഭൂവുടമകള്‍ കര്‍ഷകരെ അടിമകളായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. വിപണിവിലയുടെ രണ്ടര ശതമാനം മാത്രമാണ് ജമീന്ദാര്‍മാരും ബ്രിട്ടീഷുകാരുമടങ്ങുന്ന ഭൂവുടമകള്‍ നല്‍കിയിരുന്നത്. പാട്ടത്തുക തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന പലരും കടക്കാരായി ജീവിക്കുകയും കടക്കാരായിത്തന്നെ മരിക്കുകയും ആ കടംവീടാന്‍ അടുത്ത തലമുറ നിര്‍ബന്ധിതമാവുകയുമായിരുന്നു. ക്യത്യമായി പണം തിരിച്ചടയ്ക്കാത്ത കര്‍ഷകരെ ഭൂവുടമകള്‍ കൊല്ലുകയും അവരുടെ വീടും വസ്തുവകകളും നശിപ്പിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ഭൂവുടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
1833-ല്‍ പാസാക്കപ്പെട്ട ഇന്‍ഡിഗോ ആക്ട് ഭൂവുടമകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതായിരുന്നു. ഇതാണ് അവസാനം ഇന്‍ഡിഗോവിപ്ളവത്തിലേക്ക് നയിച്ചത്. കര്‍ഷകര്‍ ഇന്‍ഡിഗോ സംഭരണശാലകള്‍ ആക്രമിക്കുകയും ഭൂവുടമകളെ വിചാരണചെയ്ത് കൊല്ലുകയും ചെയ്തു. പല ഭൂവുടമകളും നാടുവിട്ടോടി. എന്നാല്‍ ജമീന്ദാര്‍സേന ബ്രിട്ടീഷ് പട്ടാളത്തിന്‍റെ സഹായത്തോടെ ശക്തമായി സമരത്തെ നേരിട്ടു. അനേകം കര്‍ഷകരെ അതിക്രൂരമായി മര്‍ദ്ധിച്ച് കൊന്നു. എതിര്‍ക്കാന്‍ ആളില്ലാതാവുംവരെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. എങ്കിലും ബംഗാളിലാകെ പടര്‍ന്ന സമരം വലിയ വാര്‍ത്താപ്രാധാന്യംനേടി. ഇതേത്തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്‍മെന്‍റ് 1860ല്‍ സ്ഥിതിഗതികളെ ക്കുറിച്ച് പഠിക്കുന്നതിനായി څഇന്‍ഡിഗോകമ്മിഷچനെ നിയമിച്ചു. ഇ.ഡബ്ളിയൂ. എല്‍. ടവര്‍ ആയിരുന്നു കമ്മിഷനെ നയിച്ചത്. "രക്തക്കറ പുരളാത്ത ഒരു പായ്ക്കറ്റ് ഇന്‍ഡിഗോ പോലും ഇംഗ്ളണ്ടില്‍ എത്തിച്ചേരുന്നില്ല" എന്നാണ് അദ്ദേഹം തന്‍റെ റിപ്പോര്‍ട്ടില്‍ എഴുതിയത്. ഇന്‍ഡിഗോവിപ്ളവം പ്രമേയമാക്കി എഴുതപ്പെട്ട ഒരു നാടകവും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിന് വിധേയമായിരുന്നു. ദീനബന്ധു മിത്ര രചിച്ച 'നീല്‍ദര്‍പ്പണ്‍' എന്ന നാടകം എന്ന നാടകം, മൈക്കേല്‍ മധുസൂധന്‍ മിത്ര എന്നയാള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തു. ഇത് പ്രസിദ്ധപ്പെടുത്തിയ റെവറെന്‍റ് ജെയിംസ് ലോങ് തടവിലാക്കപ്പെടുകയും അദ്ദേഹത്തിന് വലിയൊരു തുക പിഴയിടുകയും ചെയ്തു. എന്നാല്‍ ഈ പിഴസംഖ്യ ഒരു ഇന്ത്യാക്കാരന്‍ അടച്ചുതീര്‍ത്തു. ബംഗാളിലെ പൊതുവേദിയില്‍ ആദ്യം കളിച്ച പ്രൊഫഷണല്‍ നാടകവും നീല്‍ദര്‍പ്പണ്‍ ആയിരുന്നു.
വേര്‍ഡ്സ്വര്‍ത്ത് കവിതയിലും
ഇംഗ്ളണ്ടിലെത്തിയ ഇന്‍ഡിഗോച്ചായം ഉപയോഗിച്ച് തുണികള്‍ക്ക് നിറംപിടിപ്പിക്കുന്ന വ്യവസായവും തൊഴിലാളിപീഠനത്തിന്‍റെ ഇരുട്ടറകളായിരുന്നു. അനേകം വിഷവസ്തുക്കള്‍ ചേര്‍ത്ത് പരുവപ്പെടുത്തിയെടുക്കുന്ന ചായമാണ് തുണികളില്‍ ഉപയോഗിച്ചിരുന്നത്. ഇത് ഇന്‍ഡിഗോ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളില്‍ പലരും അപകടത്തില്‍ പെടുന്നതിനോ രോഗഗ്രസ്തരാവുന്നതിനോ ഇടയാക്കിയിരുന്നു. താന്‍ ജീവിച്ച കോക്കെര്‍മൗത്ത് നഗരത്തിലെ ഇന്‍ഡിഗോ ഫാക്ടറികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കഷ്ടപ്പാടിനെക്കുറിച്ച ് വേര്‍ഡ്സ്വര്‍ത്ത് തന്‍റെ ആത്മകഥാപരമായ കവിതയില്‍ പരാമര്‍ശിക്കുന്നുണ്ട്. പ്രിലൂഡ് (Prelude) എന്ന കവിത ഇങ്ങനെ പറയുന്നു:
‘Doubtless, I should have then made common cause
With some who perished; haply perished too
A poor mistaken and bewildered offering
Unknown to those bare souls of miller blue’










