Monday, February 22, 2010

നിറം നഷ്ടമാവുന്ന പവിഴപ്പുറ്റുകള്‍


ജീവശാസ്‌ത്രപരമായി `സീലന്ററേറ്റ' (Coelenterata) എന്ന ജീവവര്‍ഗത്തില്‍ ഉള്‍പ്പെടുന്നവയാണ്‌ പവിഴപ്പുറ്റുകള്‍. പരിണാമത്തിന്റെ കാര്യത്തില്‍, മറ്റു ജീവികളെ അപേക്ഷിച്ച്‌ അത്ര മെച്ചപ്പെട്ടതല്ല ഇവയുടെ സ്ഥാനം. ഏകകോശ ജീവികളില്‍നിന്ന്‌ ജീവന്‍ പരിണമിച്ചു തുടങ്ങുന്നതിന്റെ ആദ്യ പടിയാണ്‌ ശാരീരികമായ എല്ലാ സന്നാഹങ്ങളും `അത്യാവശത്തിനു'മാത്രം കൈമുതലായുള്ള ഈ ജീവികള്‍.കടല്‍ത്തിരമാലകളുടെ തഴുകലിനെ ജീവിതതാളമാക്കി മാറ്റിയ ജീവസമൂഹത്തെയാണ്‌ `പവിഴപ്പുറ്റുകള്‍' പ്രതിനിധാനം ചെയ്യുന്നത്‌. അനേകമനേകം ചെറുസുഷിരങ്ങളും പൊള്ളയായ ചാലുകളും നിറഞ്ഞ പാറപ്പരപ്പുകള്‍ പോലെയാണ്‌ കടലില്‍ ഇവ കാണപ്പെടുന്നത്‌. സമുദ്രനിരപ്പിന്‌ അധികം താഴെയല്ലാതെ, ചിലപ്പോഴൊക്കെ അല്‍പ്പമായി മുകളിലേക്കുയര്‍ന്നും കാണപ്പെടുന്ന ഇവ, അവയെ ചുറ്റിപ്പറ്റിയുള്ള സസ്യങ്ങളാലും സവിശേഷമായ കടല്‍ജീവികളാലും ഏറ്റവും മനോഹരമായ കാഴ്‌ചയാണ്‌. പവിഴപ്പുറ്റുകള്‍പോലെ വര്‍ണവൈവിധ്യം നിറഞ്ഞ മറ്റൊരു ജീവപരിസ്ഥിതി നമ്മുടെ ഭൂമിയിലില്ല, അതുപോലെ ജൈവവൈവിധ്യമാര്‍ന്നതും. കരയില്‍ ഈ ജീവവൈപുല്യത്തിനു പകരമാവാന്‍ `മഴക്കാടുകള്‍' മാത്രമേയുള്ളു. അതുകൊണ്ട്‌ `കടലിലെ മഴക്കാടുകള്‍' (Rain-forests of the Sea) എന്നാണ്‌ പവിഴപ്പുറ്റുകള്‍ അറിയപ്പെടുന്നത്‌.

സമുദ്രജലത്തിന്റെ താപനിലയിലെ ചെറിയ വ്യതിയാനംപോലും അവയ്‌ക്ക്‌ അസഹ്യമായിരുന്നു. തണുത്ത ജലമുള്ള സമുദ്രങ്ങളിലാണ്‌ അതിനാല്‍ അവ ആദ്യം കോളനികള്‍ സ്ഥാപിച്ചത്‌ (200 സെല്‍ഷ്യസ്‌ വരെ താപനിലയുള്ളവയില്‍). അതിജീവനത്തിനായുള്ള ഈ സമരത്തിനിടയിലാണ്‌ അവര്‍ക്ക്‌ ഒരു സസ്യവിഭാഗത്തെ കൂട്ടിനു കിട്ടിയത്‌- ``സുവോസാന്തെല്ലെ'' (Zooxanthellae) എന്ന പേരിലറിയുന്ന സൂക്ഷ്‌മശരീരികളായ ആല്‍ഗകള്‍. സൂര്യന്റെ ചൂടില്‍നിന്നും അല്‍ട്രാവയലറ്റ്‌ രശ്‌മികളില്‍നിന്നും ഒരു പുതപ്പുപോലെ ഇത്തരം സസ്യങ്ങള്‍ പവിഴപ്പുറ്റുകളെ പൊതിഞ്ഞുസൂക്ഷിച്ചു. ഒപ്പം പ്രകാശസംശ്ലേഷണം നടത്തിയുണ്ടാക്കുന്ന ഭക്ഷണത്തിലെ ഒരുഭാഗം പവിഴപ്പുറ്റുകള്‍ക്ക്‌ നല്‍കുകയും ചെയ്‌തു.

ഇന്നത്തെ കാലാവസ്ഥാമാറ്റം പവിഴപ്പുറ്റുകള്‍ക്ക്‌ ഭീഷണിയാവുന്നതിന്റെ പ്രധാന കാരണം ആഗോളതാപനം പവിഴപ്പുറ്റുകളും ആല്‍ഗകളുമായുള്ള സൗഹൃദത്തിന്‌ വിഘാതമാവുന്നതാണ്‌. ചൂടുപിടിക്കുന്ന സമുദ്രജലം, മലിനീകരണവും മറ്റ്‌ മനുഷ്യജന്യ പ്രവര്‍ത്തനങ്ങളുമായിച്ചേര്‍ന്ന്‌ ആല്‍ഗകളുടെ നാശത്തിനിടയാക്കുന്നു. ഇങ്ങനെ നശിക്കാന്‍തുടങ്ങുന്നു എന്നതിന്റെ ആദ്യ സൂചനയാണ്‌ പവിഴപ്പുറ്റുകളിലെ ആല്‍ഗകളുടെ നിറംനഷ്ടപ്പെടല്‍ (Coral Bleaching). ആല്‍ഗകള്‍ നശിക്കുന്നതോടെ പോഷകാംശവും ലവണാംശവും നഷ്ടമാവുന്നതിലൂടെ പവിഴപ്പുറ്റുകളും ക്ഷയിക്കാന്‍ തുടങ്ങും. പരസ്‌പാരശ്രയത്തിലൂടെ ഒപ്പം കഴിഞ്ഞിരുന്ന ജീവികളും ഒന്നൊന്നായി നശിക്കുന്നതിലൂടെ പവിഴപ്പുറ്റുകള്‍ എന്ന ആവാസവ്യവസ്ഥയ്‌ക്കും അവസാനമാവും.

Ref: Glynn PW (1991) Coral reef bleaching in the 1980s and possible connections with global warming. Trends in Ecology and Evolution 6:175-179.