Thursday, February 25, 2010

ബോട്ട്‌യാത്ര ഭൂമിക്ക്‌ പുറത്ത്‌


















പായ വിടര്‍ത്തിയ കപ്പലുകളിലൂടെയാണ്‌ മനുഷ്യന്‍ പുതുലോകങ്ങളിലേക്ക്‌ യാത്രചെയ്‌തത്‌. പായ്‌ക്കപ്പലുകള്‍ക്ക്‌ പുറകിലായാണ്‌ പലപ്പോഴും ചരിത്രവും വന്നെത്തിയത്‌. വന്‍കരകളും ദ്വീപുകളും വിട്ട്‌ ആകാശത്തിലെ പുതിയ തീരങ്ങള്‍ തേടിയപ്പോഴും ജലയാത്രയോടുള്ള ഈ ഭ്രമം അവസാനിച്ചിരുന്നില്ല. ബഹിരാകാശ വാഹനങ്ങള്‍ അതുകൊണ്ടാണ്‌ `സ്‌പേയ്‌സ്‌ഷിപ്പ്‌' എന്ന്‌ വിളിക്കപ്പെട്ടത്‌. ഇപ്പോഴിതാ, ഭൗമേതരമായ ഒരു `ബോട്ട്‌ യാത്ര'ക്ക്‌ അരങ്ങൊരുക്കുന്നതിലേക്കും ആ താത്‌പര്യം എത്തിച്ചേര്‍ന്നിരിക്കുന്നു. ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ ടൈറ്റനിലാണ്‌ ഈ ബോട്ട്‌ യാത്ര. ചരിത്രത്തിലാദ്യമായാണ്‌ ഭൂമിക്ക്‌ പുറത്ത്‌ ഇത്തരമൊരു പര്യവേഷണ ദൗത്യം. നാസയാണ്‌ അതിശയകരമായ ഈ ദൗത്യത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌.


ടൈറ്റനിലല്ലാതെ മറ്റൊരിടത്തും ഇതുപോലൊരു കപ്പല്‍യാത്ര സാധ്യമല്ലെന്നതാണ്‌ ശ്രദ്ധേയമായ മറ്റൊരു വസ്‌തുത. ഭൂമിയിലല്ലാതെ ഉപരിതലത്തില്‍ വിശാലമായ ദ്രാവകപ്പരപ്പുകളുള്ളത്‌ ടൈറ്റനില്‍ മാത്രമാണ്‌. ഇവിടെയുള്ള നമ്മുടെ സമുദ്രങ്ങളെപ്പോലെ വിശാലമാണവ. മഹാസമുദ്രങ്ങള്‍ പോ ലെയുള്ള ഇവയിലേക്ക്‌ ഒഴുകിയെത്തു ന്ന നദികളുമുണ്ട്‌. നദികളിലെ പ്രവാഹമാകാന്‍ പെയ്‌തിറങ്ങുന്ന മഴയും. പ ക്ഷേ, എല്ലാത്തിലും ഒരു വ്യത്യാസം മാത്രം. ജലമല്ല ഒഴുകിനിറയുന്ന ഇവയിലൊന്നും. മീഥേനാണത്‌. മേഘമാ യും മഴയായും പുഴയായുമെല്ലാം. ശനിയുടെ തന്നെ മറ്റുപഗ്രഹ ങ്ങള്‍ക്കൊ ന്നും ഈ പ്രത്യേകതയുമില്ല. മീഥേനില്‍ വളരാന്‍ കഴിയുന്ന സൂക്ഷ്‌മജീവികള്‍ ടൈറ്റനിലുണ്ടാവാമെന്നും ശാ സ്‌ത്രജ്ഞര്‍ കരുതുന്നു. ഇതൊക്കെ നേരിട്ടറിയാനാണ്‌ പുതിയദൗത്യം.

``ടൈറ്റന്‍ മെയര്‍ എക്‌സ്‌പ്ലോറര്‍'' എന്നാണ്‌ നാസ സവിശേഷമായ ഈ പഠന ദൗത്യത്തിന്‌ പേരിട്ടിരിക്കുന്നത്‌. ചുരുക്കത്തില്‍ `ടൈം'(TiME). ടൈറ്റനിലെ `ലിഗൈയ മെയര്‍' എന്ന ഭാഗത്താണ്‌ ഇത്‌ ചെന്നിറങ്ങുക. ഉപരിതലത്തില്‍ ഉരുണ്ടു സഞ്ചരിക്കാന്‍ പാകത്തില്‍ സാധാരണ ബഹിരാകാശ ദൗത്യങ്ങളില്‍ കാണുന്ന `റോവര്‍' സംവിധാനത്തിനു പകരം ഇവിടെ ഒരു `യന്ത്രവത്‌കൃത ബോട്ടാണ്‌' പുറത്തിറങ്ങുക. മീഥേന്‍ സമുദ്രത്തിലൂടെ തുഴഞ്ഞു സഞ്ചരിക്കുന്നതിനിടയില്‍ അതിന്റെ ഭൗതിക ഘടനയും അടിത്തട്ടും `പര്യവേഷണ നൗക' പഠനവിധേയമാക്കും. അന്തരീക്ഷത്തിന്റെ സവിശേഷതകളും ഇതിലൂടെ അനാവൃതമാകും. ബാഷ്‌പരൂപത്തില്‍ ജലമില്ലാത്ത വായുമണ്‌ഡലമാണിവിടെ എന്നതാണ്‌ പൊതുധാരണ. ഇതും വ്യക്തമായറിയാന്‍ `ടൈം' ദൗത്യം സഹായകമാകും.

പുറമേനിന്നു നോക്കിയാല്‍ ഒന്നും കാണാനാവാത്ത തരത്തില്‍ കട്ടിയുള്ളതാണ്‌ ടൈറ്റന്റെ അന്തരീക്ഷം. സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും പ്രതിഫലിക്കപ്പെടാനും ഇത്‌ കാരണമാകുന്നു. ഇത്‌ മൂലമുണ്ടാകുന്ന `ഹരിതഗൃഹവിരുദ്ധ പ്രഭാവ'(Anti-Green House Effect)മാണ്‌ ടൈറ്റന്റെ താപനില വളരെ താഴെയായി പിടിച്ചുനിര്‍ത്തുന്നത്‌. 179 ഡിഗ്രി സെല്‍ഷ്യസാണ്‌ അവിടത്തെ ഉപരിതല താപം. അതേസമയം, മീഥേന്‍ മേഘങ്ങള്‍ അല്‍പ്പമായ `ഹരിത ഗൃഹപ്രഭാവ'ത്തിലും കുറച്ച്‌ ചൂടും പകര്‍ന്നു നല്‍കുന്നു. ടൈറ്റനിലെ ഈ സവിശേഷ പരിസ്ഥിതി ആദിമ ഭൂമിയിലേതിന്‌ തുല്യമാണെന്നും ശാസ്‌ത്രജ്ഞര്‍ കരുതുന്നുണ്ട്‌. അതുകൊണ്ട്‌ സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പുള്ള ഭൂമിയെ നേരിട്ടു കാണുന്ന പ്രതീതിയായിരിക്കും ടൈറ്റനിലെ ബോട്ടുയാത്ര സമ്മാനക്കുകയെന്നാണ്‌ അവരുടെ പ്രതീക്ഷ. ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാകുന്ന ഈ ദൗത്യം 2016 ജനുവരിയിലായിരിക്കും വിക്ഷേപിക്കപ്പെടുക






.