Thursday, February 25, 2010

ബോട്ട്‌യാത്ര ഭൂമിക്ക്‌ പുറത്ത്‌


















പായ വിടര്‍ത്തിയ കപ്പലുകളിലൂടെയാണ്‌ മനുഷ്യന്‍ പുതുലോകങ്ങളിലേക്ക്‌ യാത്രചെയ്‌തത്‌. പായ്‌ക്കപ്പലുകള്‍ക്ക്‌ പുറകിലായാണ്‌ പലപ്പോഴും ചരിത്രവും വന്നെത്തിയത്‌. വന്‍കരകളും ദ്വീപുകളും വിട്ട്‌ ആകാശത്തിലെ പുതിയ തീരങ്ങള്‍ തേടിയപ്പോഴും ജലയാത്രയോടുള്ള ഈ ഭ്രമം അവസാനിച്ചിരുന്നില്ല. ബഹിരാകാശ വാഹനങ്ങള്‍ അതുകൊണ്ടാണ്‌ `സ്‌പേയ്‌സ്‌ഷിപ്പ്‌' എന്ന്‌ വിളിക്കപ്പെട്ടത്‌. ഇപ്പോഴിതാ, ഭൗമേതരമായ ഒരു `ബോട്ട്‌ യാത്ര'ക്ക്‌ അരങ്ങൊരുക്കുന്നതിലേക്കും ആ താത്‌പര്യം എത്തിച്ചേര്‍ന്നിരിക്കുന്നു. ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ ടൈറ്റനിലാണ്‌ ഈ ബോട്ട്‌ യാത്ര. ചരിത്രത്തിലാദ്യമായാണ്‌ ഭൂമിക്ക്‌ പുറത്ത്‌ ഇത്തരമൊരു പര്യവേഷണ ദൗത്യം. നാസയാണ്‌ അതിശയകരമായ ഈ ദൗത്യത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌.


ടൈറ്റനിലല്ലാതെ മറ്റൊരിടത്തും ഇതുപോലൊരു കപ്പല്‍യാത്ര സാധ്യമല്ലെന്നതാണ്‌ ശ്രദ്ധേയമായ മറ്റൊരു വസ്‌തുത. ഭൂമിയിലല്ലാതെ ഉപരിതലത്തില്‍ വിശാലമായ ദ്രാവകപ്പരപ്പുകളുള്ളത്‌ ടൈറ്റനില്‍ മാത്രമാണ്‌. ഇവിടെയുള്ള നമ്മുടെ സമുദ്രങ്ങളെപ്പോലെ വിശാലമാണവ. മഹാസമുദ്രങ്ങള്‍ പോ ലെയുള്ള ഇവയിലേക്ക്‌ ഒഴുകിയെത്തു ന്ന നദികളുമുണ്ട്‌. നദികളിലെ പ്രവാഹമാകാന്‍ പെയ്‌തിറങ്ങുന്ന മഴയും. പ ക്ഷേ, എല്ലാത്തിലും ഒരു വ്യത്യാസം മാത്രം. ജലമല്ല ഒഴുകിനിറയുന്ന ഇവയിലൊന്നും. മീഥേനാണത്‌. മേഘമാ യും മഴയായും പുഴയായുമെല്ലാം. ശനിയുടെ തന്നെ മറ്റുപഗ്രഹ ങ്ങള്‍ക്കൊ ന്നും ഈ പ്രത്യേകതയുമില്ല. മീഥേനില്‍ വളരാന്‍ കഴിയുന്ന സൂക്ഷ്‌മജീവികള്‍ ടൈറ്റനിലുണ്ടാവാമെന്നും ശാ സ്‌ത്രജ്ഞര്‍ കരുതുന്നു. ഇതൊക്കെ നേരിട്ടറിയാനാണ്‌ പുതിയദൗത്യം.

``ടൈറ്റന്‍ മെയര്‍ എക്‌സ്‌പ്ലോറര്‍'' എന്നാണ്‌ നാസ സവിശേഷമായ ഈ പഠന ദൗത്യത്തിന്‌ പേരിട്ടിരിക്കുന്നത്‌. ചുരുക്കത്തില്‍ `ടൈം'(TiME). ടൈറ്റനിലെ `ലിഗൈയ മെയര്‍' എന്ന ഭാഗത്താണ്‌ ഇത്‌ ചെന്നിറങ്ങുക. ഉപരിതലത്തില്‍ ഉരുണ്ടു സഞ്ചരിക്കാന്‍ പാകത്തില്‍ സാധാരണ ബഹിരാകാശ ദൗത്യങ്ങളില്‍ കാണുന്ന `റോവര്‍' സംവിധാനത്തിനു പകരം ഇവിടെ ഒരു `യന്ത്രവത്‌കൃത ബോട്ടാണ്‌' പുറത്തിറങ്ങുക. മീഥേന്‍ സമുദ്രത്തിലൂടെ തുഴഞ്ഞു സഞ്ചരിക്കുന്നതിനിടയില്‍ അതിന്റെ ഭൗതിക ഘടനയും അടിത്തട്ടും `പര്യവേഷണ നൗക' പഠനവിധേയമാക്കും. അന്തരീക്ഷത്തിന്റെ സവിശേഷതകളും ഇതിലൂടെ അനാവൃതമാകും. ബാഷ്‌പരൂപത്തില്‍ ജലമില്ലാത്ത വായുമണ്‌ഡലമാണിവിടെ എന്നതാണ്‌ പൊതുധാരണ. ഇതും വ്യക്തമായറിയാന്‍ `ടൈം' ദൗത്യം സഹായകമാകും.

പുറമേനിന്നു നോക്കിയാല്‍ ഒന്നും കാണാനാവാത്ത തരത്തില്‍ കട്ടിയുള്ളതാണ്‌ ടൈറ്റന്റെ അന്തരീക്ഷം. സൂര്യപ്രകാശത്തിന്റെ ഭൂരിഭാഗവും പ്രതിഫലിക്കപ്പെടാനും ഇത്‌ കാരണമാകുന്നു. ഇത്‌ മൂലമുണ്ടാകുന്ന `ഹരിതഗൃഹവിരുദ്ധ പ്രഭാവ'(Anti-Green House Effect)മാണ്‌ ടൈറ്റന്റെ താപനില വളരെ താഴെയായി പിടിച്ചുനിര്‍ത്തുന്നത്‌. 179 ഡിഗ്രി സെല്‍ഷ്യസാണ്‌ അവിടത്തെ ഉപരിതല താപം. അതേസമയം, മീഥേന്‍ മേഘങ്ങള്‍ അല്‍പ്പമായ `ഹരിത ഗൃഹപ്രഭാവ'ത്തിലും കുറച്ച്‌ ചൂടും പകര്‍ന്നു നല്‍കുന്നു. ടൈറ്റനിലെ ഈ സവിശേഷ പരിസ്ഥിതി ആദിമ ഭൂമിയിലേതിന്‌ തുല്യമാണെന്നും ശാസ്‌ത്രജ്ഞര്‍ കരുതുന്നുണ്ട്‌. അതുകൊണ്ട്‌ സഹസ്രാബ്‌ദങ്ങള്‍ക്ക്‌ മുമ്പുള്ള ഭൂമിയെ നേരിട്ടു കാണുന്ന പ്രതീതിയായിരിക്കും ടൈറ്റനിലെ ബോട്ടുയാത്ര സമ്മാനക്കുകയെന്നാണ്‌ അവരുടെ പ്രതീക്ഷ. ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാകുന്ന ഈ ദൗത്യം 2016 ജനുവരിയിലായിരിക്കും വിക്ഷേപിക്കപ്പെടുക






.

Monday, February 22, 2010

നിറം നഷ്ടമാവുന്ന പവിഴപ്പുറ്റുകള്‍


ജീവശാസ്‌ത്രപരമായി `സീലന്ററേറ്റ' (Coelenterata) എന്ന ജീവവര്‍ഗത്തില്‍ ഉള്‍പ്പെടുന്നവയാണ്‌ പവിഴപ്പുറ്റുകള്‍. പരിണാമത്തിന്റെ കാര്യത്തില്‍, മറ്റു ജീവികളെ അപേക്ഷിച്ച്‌ അത്ര മെച്ചപ്പെട്ടതല്ല ഇവയുടെ സ്ഥാനം. ഏകകോശ ജീവികളില്‍നിന്ന്‌ ജീവന്‍ പരിണമിച്ചു തുടങ്ങുന്നതിന്റെ ആദ്യ പടിയാണ്‌ ശാരീരികമായ എല്ലാ സന്നാഹങ്ങളും `അത്യാവശത്തിനു'മാത്രം കൈമുതലായുള്ള ഈ ജീവികള്‍.കടല്‍ത്തിരമാലകളുടെ തഴുകലിനെ ജീവിതതാളമാക്കി മാറ്റിയ ജീവസമൂഹത്തെയാണ്‌ `പവിഴപ്പുറ്റുകള്‍' പ്രതിനിധാനം ചെയ്യുന്നത്‌. അനേകമനേകം ചെറുസുഷിരങ്ങളും പൊള്ളയായ ചാലുകളും നിറഞ്ഞ പാറപ്പരപ്പുകള്‍ പോലെയാണ്‌ കടലില്‍ ഇവ കാണപ്പെടുന്നത്‌. സമുദ്രനിരപ്പിന്‌ അധികം താഴെയല്ലാതെ, ചിലപ്പോഴൊക്കെ അല്‍പ്പമായി മുകളിലേക്കുയര്‍ന്നും കാണപ്പെടുന്ന ഇവ, അവയെ ചുറ്റിപ്പറ്റിയുള്ള സസ്യങ്ങളാലും സവിശേഷമായ കടല്‍ജീവികളാലും ഏറ്റവും മനോഹരമായ കാഴ്‌ചയാണ്‌. പവിഴപ്പുറ്റുകള്‍പോലെ വര്‍ണവൈവിധ്യം നിറഞ്ഞ മറ്റൊരു ജീവപരിസ്ഥിതി നമ്മുടെ ഭൂമിയിലില്ല, അതുപോലെ ജൈവവൈവിധ്യമാര്‍ന്നതും. കരയില്‍ ഈ ജീവവൈപുല്യത്തിനു പകരമാവാന്‍ `മഴക്കാടുകള്‍' മാത്രമേയുള്ളു. അതുകൊണ്ട്‌ `കടലിലെ മഴക്കാടുകള്‍' (Rain-forests of the Sea) എന്നാണ്‌ പവിഴപ്പുറ്റുകള്‍ അറിയപ്പെടുന്നത്‌.

സമുദ്രജലത്തിന്റെ താപനിലയിലെ ചെറിയ വ്യതിയാനംപോലും അവയ്‌ക്ക്‌ അസഹ്യമായിരുന്നു. തണുത്ത ജലമുള്ള സമുദ്രങ്ങളിലാണ്‌ അതിനാല്‍ അവ ആദ്യം കോളനികള്‍ സ്ഥാപിച്ചത്‌ (200 സെല്‍ഷ്യസ്‌ വരെ താപനിലയുള്ളവയില്‍). അതിജീവനത്തിനായുള്ള ഈ സമരത്തിനിടയിലാണ്‌ അവര്‍ക്ക്‌ ഒരു സസ്യവിഭാഗത്തെ കൂട്ടിനു കിട്ടിയത്‌- ``സുവോസാന്തെല്ലെ'' (Zooxanthellae) എന്ന പേരിലറിയുന്ന സൂക്ഷ്‌മശരീരികളായ ആല്‍ഗകള്‍. സൂര്യന്റെ ചൂടില്‍നിന്നും അല്‍ട്രാവയലറ്റ്‌ രശ്‌മികളില്‍നിന്നും ഒരു പുതപ്പുപോലെ ഇത്തരം സസ്യങ്ങള്‍ പവിഴപ്പുറ്റുകളെ പൊതിഞ്ഞുസൂക്ഷിച്ചു. ഒപ്പം പ്രകാശസംശ്ലേഷണം നടത്തിയുണ്ടാക്കുന്ന ഭക്ഷണത്തിലെ ഒരുഭാഗം പവിഴപ്പുറ്റുകള്‍ക്ക്‌ നല്‍കുകയും ചെയ്‌തു.

ഇന്നത്തെ കാലാവസ്ഥാമാറ്റം പവിഴപ്പുറ്റുകള്‍ക്ക്‌ ഭീഷണിയാവുന്നതിന്റെ പ്രധാന കാരണം ആഗോളതാപനം പവിഴപ്പുറ്റുകളും ആല്‍ഗകളുമായുള്ള സൗഹൃദത്തിന്‌ വിഘാതമാവുന്നതാണ്‌. ചൂടുപിടിക്കുന്ന സമുദ്രജലം, മലിനീകരണവും മറ്റ്‌ മനുഷ്യജന്യ പ്രവര്‍ത്തനങ്ങളുമായിച്ചേര്‍ന്ന്‌ ആല്‍ഗകളുടെ നാശത്തിനിടയാക്കുന്നു. ഇങ്ങനെ നശിക്കാന്‍തുടങ്ങുന്നു എന്നതിന്റെ ആദ്യ സൂചനയാണ്‌ പവിഴപ്പുറ്റുകളിലെ ആല്‍ഗകളുടെ നിറംനഷ്ടപ്പെടല്‍ (Coral Bleaching). ആല്‍ഗകള്‍ നശിക്കുന്നതോടെ പോഷകാംശവും ലവണാംശവും നഷ്ടമാവുന്നതിലൂടെ പവിഴപ്പുറ്റുകളും ക്ഷയിക്കാന്‍ തുടങ്ങും. പരസ്‌പാരശ്രയത്തിലൂടെ ഒപ്പം കഴിഞ്ഞിരുന്ന ജീവികളും ഒന്നൊന്നായി നശിക്കുന്നതിലൂടെ പവിഴപ്പുറ്റുകള്‍ എന്ന ആവാസവ്യവസ്ഥയ്‌ക്കും അവസാനമാവും.

Ref: Glynn PW (1991) Coral reef bleaching in the 1980s and possible connections with global warming. Trends in Ecology and Evolution 6:175-179.

Thursday, February 18, 2010

ഇനി ഇന്ത്യയുടെ സ്വന്തം ജനിതക തക്കാളി

ജനിതകശാസ്‌ത്രത്തിലെ ഏറ്റവും പുതിയ വാഗ്‌ദാനങ്ങളിലൊന്ന്‌ കഴിഞ്ഞദിവസം ഇന്ത്യയുടേതായി ലോകത്തിനു മുന്നിലെത്തി- ഫ്രിഡ്‌ജില്‍ വച്ചില്ലെങ്കിലും മാസത്തിലധികം കേടാവാതിരിക്കുന്ന ജനിതക തക്കാളി (GM Tomato).

ന്യൂഡല്‍ഹിയിലെ `നാഷണല്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ പ്ലാന്റ്‌ ജീനോമിക്‌ റിസര്‍ച്ചി'ലെ ശാസ്‌ത്രജ്ഞരാണ്‌ ജനിതക തക്കാളി രൂപകല്‍പ്പന ചെയ്‌തത്‌. ചെടിയില്‍നിന്ന്‌ വേര്‍പെട്ടശേഷമുള്ള ഫലവര്‍ഗങ്ങളിലെ മാറ്റം നിയന്ത്രിക്കുന്നതിന്‌ പുറമെനിന്നുള്ള ജീനുകള്‍ ഉപയോഗിക്കാതെയുള്ള സങ്കേതമാണ്‌ അവര്‍ പരീക്ഷിച്ചത്‌. ഇക്കാരണത്താല്‍, ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ലെന്നാണ്‌ അവരുടെ വാദം.

കോശഭിത്തികളുടെ `യൗവനം' നിലനിര്‍ത്തുന്നത്‌ അവയിലെ ഗ്ലൈക്കോപ്രോട്ടീനുകളുടെ അളവാണെന്ന്‌ അവര്‍ കണ്ടെത്തിയിരുന്നു. ഗ്ലൈക്കോപ്രോട്ടീനുകളുടെ വിഘടനം തടയാനായാല്‍ ഫലങ്ങള്‍ കേടുകൂടാതെയിരിക്കുന്ന കാലാവധി നീട്ടിയെടുക്കാന്‍ കഴിയുമെന്ന്‌ ചില പ്രാഥമിക പരീക്ഷണങ്ങള്‍ തെളിയിച്ചിരുന്നു. സെല്ലുലോസ്‌, പെക്ടിന്‍ എന്നീ കോശഭിത്തിഘടകങ്ങളുമായി ചേര്‍ന്നാണ്‌ ഗ്ലൈക്കോപ്രോട്ടീനുകളുടെ നിലനില്‍പ്പ്‌. ഏറ്റവും പുതിയ ജീന്‍നിയന്ത്രണ മാര്‍ഗത്തിലൂടെയാണ്‌ ഈ നിലനില്‍പ്പ്‌ അവര്‍ സുസ്ഥിരമാക്കിയത്‌. `ആര്‍ എന്‍ എ ഇന്റര്‍ഫെറന്‍സ്‌'(RNA Interference) എന്ന ഈ സങ്കേതത്തിലൂടെ വിഘടനകാരികളായ ജീനുകളെ നിശ്ശബ്ദമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു (2006ലെ ജീവശാസ്‌ത്ര നൊബേല്‍സമ്മാനം ഈ വിധമുള്ള ജീന്‍ നിയന്ത്രണ സങ്കേതത്തിനായിരുന്നു). പുതിയൊരു ജീനിനെ ഉള്‍പ്പെടുത്തിയുള്ള നിയന്ത്രണത്തെ അപേക്ഷിച്ച്‌ അപകടരഹിതമാണ്‌ `ആര്‍ എന്‍ എ ഇന്റര്‍ഫെറന്‍സി'ന്റെ പ്രവര്‍ത്തനം.

ഫലവര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനമുള്ള ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ 50 ശതമാനം പറിച്ചെടുത്തശേഷമുള്ള കേടാകലിലൂടെയാണ്‌ നശിക്കുന്നതെന്നത്‌ പുതിയ പഠനത്തെ പ്രസക്തമാക്കുന്നു. പപ്പായ, മാമ്പഴം, വാഴപ്പഴം തുടങ്ങിയവയിലേക്കുകൂടി ഈ ജനിതകസങ്കേതം വ്യാപിക്കുന്നതിലൂടെ കാര്‍ഷികമേഖലയ്‌ക്ക്‌ സഹായകമാവുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ജനിതകവിളകളെ അപകടകരമാക്കുന്നത്‌ അവയ്‌ക്കു പിന്നിലെ കച്ചവടലക്ഷ്യങ്ങളാണെന്നു ചൂണ്ടിക്കാട്ടുന്ന അവര്‍, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗവേഷണസ്ഥാപനങ്ങള്‍ ഈ രംഗത്ത്‌ ചവടുറപ്പിക്കുന്നത്‌ ഗുണപരമായ മാറ്റമായി കാണുന്നു. മനുഷ്യരിലെ ആരോഗ്യപ്രത്യാഘാതങ്ങളെ സംബന്ധിച്ച്‌ കര്‍ശനമായ പരിശോധനകള്‍ക്കുശേഷംമാത്രമേ ജനിതക തക്കാളി കൃഷിയിടങ്ങളിലെത്തൂവെന്നും അവര്‍ ഉറപ്പുതരുന്നു. PNAS (Proceedings of National Academy of Sciences) എന്ന ഗവേഷണ ജേണലിന്റെ പുതിയ പതിപ്പിലാണ്‌ പഠനം പ്രസിദ്ധീകരിച്ചത്‌.

ജനിതകവിളകളെ സംബന്ധിച്ച്‌ ജനഹൃദയങ്ങളില്‍ ഭയപ്പാടിന്റെ ഒരു ചരിത്രമുണ്ട്‌. ജനിതക തക്കാളിയുടെ കാര്യത്തില്‍ സവിശേഷമായും. കാരണം ഗുരുതരമായ ആരോഗ്യപ്രത്യാഘാതമുണ്ടാകുമെന്നു്‌ തെളിയിക്കപ്പെട്ടതായിരുന്നു വിപണിയിലെ ആദ്യത്തെ ജനിതക തക്കാളി. കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ `കാല്‍ജിന്‍' (Calgene) എന്ന അമേരിക്കന്‍കമ്പനി 1992ലാണ്‌ അത്‌ നിര്‍മിച്ചത്‌. `ഫ്‌ളേവര്‍ സേവര്‍' (FlavrSavr) എന്ന പേരില്‍. ആഴ്‌ചകളോളം കേടില്ലാതെ സൂക്ഷിക്കാവുന്നതായിരുന്നു അത്‌. പക്ഷേ, എലികളില്‍ നടത്തിയ പരീക്ഷണം രണ്ടുവര്‍ഷത്തിലധികം വിപണിയില്‍ അതിന്‌ ആയുസ്സുണ്ടാക്കിയില്ല.

ജനിതക പരിഷ്‌കരണം തിരിച്ചറിയാന്‍ അതില്‍ ഒരു മാര്‍ക്കര്‍ ജീന്‍കൂടി (Marker Gene) ചേര്‍ത്തിരുന്നു. കെനാമൈസിന്‍ (Kanamycin) എന്ന ആന്റിബയോട്ടിക്കിനെയാണ്‌ ഈ മാര്‍ക്കര്‍ ജീന്‍ പ്രവര്‍ത്തനത്തിനായി ഉപയോഗിച്ചിരുന്നത്‌. വിപണിയിലെത്തിയ `ഫ്‌ളേവര്‍ സേവര്‍ തക്കാളി'യിലും ഈ മാര്‍ക്കര്‍ ജീനിന്റെ പ്രവര്‍ത്തനസങ്കേതം സജീവമായിരുന്നു. ഇതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്‌ കാല്‍ജീന്‍കമ്പനിയെ തകര്‍ത്തത്‌.കാല്‍ജീനിനെ വാങ്ങിയ `മോണ്‍സാന്റോ' എന്ന ബഹുരാഷ്‌ട്രകുത്തക ഉപഭോക്താക്കളുടെ എതിര്‍പ്പിലൂടെ പരിഷ്‌കരിച്ച അതേ സങ്കേതം പരുത്തിച്ചെടിയില്‍ നടപ്പാക്കി, ഇന്ത്യയിലെത്തി, വിഭര്‍ഭയിലെ കര്‍ഷകര്‍ക്ക്‌ വിറ്റു; അത്‌ കാര്‍ഷികചരിത്രത്തിലെ മറ്റൊരു കറുത്ത അധ്യായമായി.

എന്താണ്‌ ജനിതക തക്കാളി?
ശരിയായ വളര്‍ച്ചയെത്തുന്ന ഒരു ഫലം ചെടിയില്‍നിന്നു വേര്‍പെടുന്നതിനു മുന്നോടിയായി നടത്തുന്ന തയ്യാറെടുപ്പുകളാണ്‌ `പാകമാകല്‍' (Ripening) എന്നറിയപ്പെടുന്നത്‌. പച്ചനിറം മാറി മറ്റു നിറങ്ങള്‍ പടര്‍ന്നുതുടങ്ങുക, കൂടുതല്‍ മാംസളമാവുക, പഞ്ചസാര തുടങ്ങിയ സംഭൃതാഹാരങ്ങളുടെ അളവ്‌ കൂടിവരിക എന്നിവ ഇതിന്റെ പരിണതഫലങ്ങളാണ്‌. ചെടിയില്‍നിന്ന്‌ വേര്‍പെട്ടുകഴിഞ്ഞാല്‍, അഥവാ പറിച്ചെടുത്തു കഴിഞ്ഞാല്‍, ഈ പ്രവര്‍ത്തനങ്ങളെയാകെ ഒരുതരം `അപചയം' ബാധിച്ചുതുടങ്ങും. ഫലത്തിന്റെ പുറംപാളി നിര്‍മിച്ചിരിക്കുന്ന കോശങ്ങളുടെ ഭിത്തികള്‍ പതുക്കെ ദുര്‍ബലമായിവരും. ഇവയുടെ നിര്‍മാണഘടകങ്ങളായ സെല്ലുലോസ്‌, പെക്ടിന്‍ എന്നിവയെ വിഘടിപ്പിച്ച്‌ ചില രാസാഗ്നികള്‍ (Enzymes) പ്രവര്‍ത്തിക്കുന്നതാണ്‌ കാരണം. ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന ജീനുകളെ `നിശ്ശബ്ദമാക്കിയാല്‍ കോശഭിത്തികള്‍ ശിഥിലമാകുന്നതു തടയാം. അങ്ങനെയെങ്കില്‍, കേടുവരുത്തുന്ന ഫംഗസുകള്‍, കീടങ്ങള്‍ മുതലായവ ഫലവര്‍ഗങ്ങളെ ആക്രമിക്കുന്നത്‌ തടയാം. `ആല്‍ഫാ-മാന്‍, ബീറ്റ-ഹെക്‌സ്‌ (alpha-MAN, beta-HEX) എന്നീ ജീനുകളെ ഈ വിധം നിയന്ത്രിക്കുന്നതിലൂടെയാണ്‌ ജനിതക തക്കാളി യാഥാര്‍ഥ്യമാക്കിയത്‌.

ഇത്‌ ബിടി അല്ല
പുതുതായി വികസിപ്പിക്കപ്പെട്ട ജനിതക തക്കാളി മുമ്പ്‌ ഇന്ത്യയിലെത്തിയ ജനിതകവിളകളില്‍നിന്നു വ്യത്യസ്‌തമാവുന്നത്‌ അതിലെ ജനിതക വ്യതികരണത്തിലാണ്‌. ബിടി പരുത്തി, ബിടി വഴുതന എന്നിവ ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌ എന്ന ബാക്ടീരിയയെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജനിതകസങ്കേതമാണ്‌ സ്വീകരിച്ചിരുന്നത്‌. ഇക്കാരണത്താലാണ്‌ അവ `ബിടി' എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടത്‌. എന്നാല്‍ ജനിതക തക്കാളി `ആര്‍എന്‍എ ഇന്റര്‍ഫെറന്‍സ്‌' എന്ന പുതിയ സങ്കേതമാണ്‌ ജീന്‍ പരിഷ്‌കരണത്തിന്‌ ഉപയോഗിക്കുന്നത്‌. നിലവിലുള്ള ജീനിനെ നിശ്ശബ്ദമാക്കുക (Gene Silencing) എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. പുതിയതായി ജീനുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടാത്തതു കാരണം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ സാധ്യതയില്ലെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

എന്താണ്‌ ബിടി?
ബിടി (Bt) എന്നാല്‍ ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌ (Bacillus thuringiensis). ബാസിലസ്‌ ഇനത്തില്‍പ്പെട്ടതും മണ്ണില്‍ വളരുന്നതുമായ ഒരുതരം ബാക്ടീരിയയാണ്‌ ബിടി. ഷഡ്‌പദ കീടങ്ങളെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രത്യേകതരം പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കുന്നുവെന്നതാണ്‌ ഈ ബാക്ടീരിയയുടെ സവിശേഷത. `ക്രൈ-പ്രോട്ടീന്‍' (Cry-Protein) എന്നറിയപ്പെടുന്ന ഇത്‌ ഷഡ്‌പദത്തിന്റെ അന്നപഥത്തിലെത്തിയാല്‍, അവിടെ സുഷിരങ്ങളുണ്ടാക്കും ഷഡ്‌പദത്തിന്റെ ദഹനവ്യവസ്ഥയെ തകര്‍ക്കും. തുടര്‍ന്ന്‌ ഷഡ്‌പദകീടം ചത്തുപോകും. ഇതാണ്‌ ബാസിലസ്‌ തുറിഞ്ചിയെന്‍സ്‌ ഉപയോഗിച്ചുള്ള കീടനിയന്ത്രണത്തിന്റെ അടിസ്ഥാനം. ബാസിലസ്‌ തുറിഞ്ചിയന്‍സ്‌ അടങ്ങിയ ദ്രാവകം കീടനാശിനിയായി തളിച്ച്‌ വിളകളെ രക്ഷിക്കാം. അല്ലെങ്കില്‍ കീടനാശകനായ ക്രൈ-പ്രോട്ടീന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ജീനിനെ (Cry-Gene) ആവശ്യാനുസരണം കാര്‍ഷികവിളസസ്യങ്ങളിലേക്ക്‌ കടത്തിവിടാം. ഇത്തരത്തില്‍ `ക്രൈ-ജീന്‍' സന്നിവേശിപ്പിക്കപ്പെട്ട കാര്‍ഷികവിളകളുടെ പേരുകള്‍ ജീന്‍ സ്രോതസ്സിന്റെ പേരുചേര്‍ത്താണ്‌ ഉപയോഗിക്കാറുള്ളത്‌. അതായത്‌, ബാസിലസ്‌ തുറിഞ്ചിയെന്‍സിസ്‌ എന്ന ജീന്‍ സ്രോതസ്സിന്റെ സൂചകമായി ബിടി എന്നീ രണ്ട്‌ അക്ഷരങ്ങള്‍ മുന്നില്‍ ചേര്‍ക്കുന്നതിലൂടെ. ഇതാണ്‌ ബിടി പരുത്തി, ബിടി ചോളം, ബിടി വഴുതന എന്നീ പേരുകള്‍ക്കടിസ്ഥാനം.

ബിടി വഴുതന (bt Brinjal) വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാന്‍ അനുമതി നല്‍കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ ജനിതക എന്‍ജിനിയറിങ്‌ അംഗീകാര കമീഷന്‍ (Genetic Engineering Approval Commission- GEAC) മുമ്പാകെ വാദിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്രധാന വാദം, ജനിതക വഴുതനയുടെ ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ വേണ്ടത്ര പഠനം ഇനിയും നടന്നിട്ടില്ലെന്നാണ്‌.

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകളുടെ ജീനുകള്‍ മനുഷ്യശരീരകോശങ്ങളില്‍ വലിയ മാറ്റം വരുത്തുമെന്ന്‌ അമേരിക്കയിലെ ദേശീയ ശാസ്‌ത്ര അക്കാദമി ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നടന്ന പഠനങ്ങള്‍ നല്‍കുന്ന സൂചന. ജനിതക വിത്തുകള്‍ക്ക്‌ പ്രതിരോധശേഷി കൂടുതലാണെന്ന്‌ ബിടി കമ്പനികളും വാദിക്കുന്നു. ഇതുവഴി വിത്തിന്റെ ഫീസായി (റോയല്‍റ്റി) കര്‍ഷകരില്‍നിന്ന്‌ ഈടാക്കാനും ഓരോ പുതിയ കൃഷിക്കും വീണ്ടും വിത്ത്‌ കമ്പനിയില്‍നിന്നു വാങ്ങാനും കര്‍ഷകരെ നിര്‍ബന്ധിതരാക്കാനും കഴിയും. ഇതിനുദാഹരണമായി ഇന്ത്യയില്‍ ബിടി പരുത്തി വിതച്ച ദുരന്തം കര്‍ഷകരും ചൂണ്ടിക്കാട്ടുന്നു.

Ref:  Meli, Vijaykumar S.et al. Enhancement of fruit shelf life by suppressing N-glycan processing enzymes PNAS February 9, 2010 vol. 107 no. 6 2413-2418.