Saturday, April 16, 2011

നമ്മുടെ കണിക്കൊന്ന, അവരുടെ 'ലാബുര്‍ണം'!

മലയാളിക്ക് വിഷുക്കണിയെന്നാല്‍ കണിക്കൊന്നയാണ്. മേടച്ചൂടിന്റെ നെറുകയില്‍ മഞ്ഞച്ചാര്‍ത്തണിഞ്ഞ് സമൃദ്ധിയുടെ പൂമരമാവുന്ന കണിക്കൊന്ന. പൂവുകളുടെ ഈ സ്വര്‍ണവര്‍ണമാണ് കണിക്കൊന്നയെ വരാനിരിക്കുന്ന നല്ല നാളെയുടെ നാന്ദിയാക്കുന്നത്. ഇലകളെപ്പോലും പൂക്കളാക്കിമാറ്റി കണിക്കൊന്ന ചിലപ്പോള്‍ മീനമാസത്തിന്റെ തുടക്കത്തില്‍ത്തന്നെ മലയാളഗ്രാമങ്ങളെ മഞ്ഞയുടെ വര്‍ണശോഭകൊണ്ടു നിറയ്ക്കുന്നതുകാണാം. പക്ഷേ, ഈ കാഴ്ച നമുക്കുമാത്രം സ്വന്തമെന്നു കരുതിയാല്‍ തെറ്റി. കേരളീയര്‍ക്കായല്ലെങ്കിലും കണിക്കൊന്നപോലെ പൂത്തുലയുന്ന ഒരു മരം യൂറോപ്പിലുമുണ്ട്. ബാള്‍ക്കന്‍തീരത്തെ പര്‍വതദേശങ്ങളില്‍ കാണുന്ന 'ലാബുര്‍ണം (Laburnum) ഒറ്റനോട്ടത്തില്‍ കണിക്കൊന്നയെന്നുതോന്നുന്ന, അതുപോലെ തൊങ്ങല്‍പിടിപ്പിച്ച പൂങ്കുലകള്‍ തൂക്കിയിടുന്ന ഈ മരത്തിന് യൂറോപ്പുകാര്‍ അര്‍ഥവത്തായ വിളിപ്പേരും നല്‍കിയിട്ടുണ്ട്- 'ഗോള്‍ഡന്‍ ചെയിന്‍'!
സ്വര്‍ണത്തെ ഇതളുകളായും പരാഗങ്ങളായും പരിണമിപ്പിച്ച് അതുകൊണ്ട് ചങ്ങലതീര്‍ക്കുന്ന ഈ മരത്തിന് പൂവുകളുടെ നിറത്തിലും തരത്തിലും കണിക്കൊന്നയോടുള്ള സാദൃശ്യം അതിശയപ്പെടുത്തുന്നതാണ്. സസ്യശാസ്ത്രജ്ഞരുടെ കണക്കില്‍ രണ്ടും ഒരേ സസ്യകുടുംബത്തിലെ അംഗങ്ങളാണ്- പയറുവര്‍ഗത്തില്‍പ്പെടുന്ന ചെടികളുടെ കുടുംബമായ 'ഫാബെസിയെ' (Fabaceae)യിലെ. വ്യത്യസ്ത ജനുസ്സുകളാണ് രണ്ടും എന്ന വ്യത്യാസമേയുള്ളു. കണിക്കൊന്നയുടെ ജനുസ്സ് 'കാസിയ' (Cassia)യാണ്. ശാസ്ത്രീയനാമം കാസിയ ഫിസ്റ്റുല (Cassia fistula) എന്നും 'ലാബുര്‍ണം' എന്ന യൂറോപ്പുകാരുടെ കണിക്കൊന്നയ്ക്ക് രണ്ടിനങ്ങളുണ്ട്. രണ്ടിനും മഞ്ഞപ്പൂക്കളാണ്. കുലകുലയായി താഴേക്കു തൂങ്ങിനില്‍ക്കുന്ന തരത്തിലുള്ളവ. മഞ്ഞയുടെ പ്രഭയ്ക്ക് കുറവൊന്നുമില്ലെങ്കിലും കണിക്കൊന്നയുടെ പൂങ്കലയുടെ അത്രത്തോളം നീളമില്ലാത്തവയാണ് 'ലാബുര്‍ണ'ത്തിന്റെ പൂങ്കുലകള്‍. പക്ഷേ, ദൂരക്കാഴ്ചയില്‍ രണ്ടും ഒരുപോലെയാണ്. പോരാത്തതിന് ഇല മുഴുവന്‍ പൊഴിച്ചാണ് 'ലാബര്‍ണ'വും പൂക്കുന്നത്; കണിക്കൊന്നയെപ്പോലെ!
തെക്കന്‍ യൂറോപ്പിലെ പര്‍വതനിരകളിലും അതിന്റെ താഴ്വാരങ്ങളിലും സാധാരണ കാണുന്ന മരമാണ് 'ലാബുര്‍ണം'. സ്കോട്ട്ലന്‍ഡിലും ഫ്രാന്‍സിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം 'ലാബുര്‍ണ'മുണ്ട്. പൂത്തുലഞ്ഞ 'ലാബുര്‍ണം' മരങ്ങള്‍കൊണ്ട് നിറയുന്നവയാണ് മേയിലെ ഇറ്റലിയുടെ മലഞ്ചെരിവുകള്‍. അതിനാല്‍ ആ പൂക്കാലത്തെ അവര്‍ 'മാഗിയൊ' (Maggio) എന്നു വിളിക്കുന്നു. പൂവിടല്‍ തുടങ്ങുന്ന കാര്യത്തില്‍ കണിക്കൊന്നയേക്കാള്‍ അല്‍പ്പം താമസിച്ചുള്ളതാണ് 'ലാബുര്‍ണ'ത്തിന്റെ തുടക്കം. മേയിലെ ആദ്യ ആഴ്ചയിലേ ലാബുര്‍ണങ്ങള്‍ പൂക്കൂ. അത് ജൂലൈവരെ നീണ്ടുനില്‍ക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കണിക്കൊന്നയുമായി വിദൂരമായ ഒരു ചാര്‍ച്ചപ്പെടലുമുണ്ട്. വേനല്‍ച്ചൂടിന്റെ പാരമ്യത്തിലാണല്ലോ കണിക്കൊന്നയുടെ പൂക്കല്‍. 'ലാബുര്‍ണ'ത്തിനും ഇതുപോലെയുള്ള ഒരു ഋതുബദ്ധസ്വഭാവമുണ്ട്. ഫെബ്രുവരിമുതല്‍ ഏപ്രില്‍വരെയാണ് യൂറോപ്പിലെ വസന്തകാലം. പിന്നെ വേനല്‍ക്കാലമാണ്, മെയ്മുതല്‍ ജൂലൈവരെ. അപ്പോഴാണ് 'ലാബുര്‍ണ'വും പൂക്കുന്നത്, വേനലിന്റെ നാന്ദിപോലെ; വേനല്‍പ്പൂപോലെ!
'ലാബുര്‍ണ'ത്തിന്റെ രണ്ടു സ്പീഷീസുകളിലൊന്നായ 'ലാബുര്‍ണം ആല്‍പിനം' (Laburnum alpinum) ഏതാണ്ട് മൂന്നു നൂറ്റാണ്ടിലേറെയായി ബ്രിട്ടനിലെ പൂന്തോട്ടങ്ങളില്‍ വളര്‍ത്തുന്നുണ്ട്. സ്കോട്ട്ലന്‍ഡില്‍നിന്നു വന്നതെന്ന കണക്കില്‍ അവര്‍ അതിനെ 'സ്കോച്ച് ലാബുര്‍ണം' എന്നാണ് വിളിക്കുന്നത്. 16-ാം നൂറ്റാണ്ടിന്റെ തുടക്കംമുതല്‍ക്കേ ബ്രിട്ടീഷുകാര്‍ക്ക് ഇതിനെ പരിചയമുണ്ടായിരുന്നു എന്നാണ് സസ്യവിജ്ഞാനസംബന്ധമായ രേഖകള്‍ പറയുന്നത്. ഇതിനും വളരെമുമ്പ് ബ്രിട്ടനിലേക്കെത്തിയതാണ് 'ലാബുര്‍ണ'ത്തിന്റെ രണ്ടാം സ്പീഷീസായ 'ലാബുര്‍ണം അനാഗൈറോയ്ഡസ്' (Laburnum anagyroides). 1560 കളിലാണ് ഇത് ഇംഗ്ളണ്ടിലെത്തിയത്. പിന്നെയും 30 വര്‍ഷം കഴിഞ്ഞായിരുന്നു 'ലാബുര്‍ണം ആല്‍പിന'ത്തിന്റെ വരവ്. ഭംഗി പക്ഷേ 'ആല്‍പിനം' ഇനത്തിനായിരുന്നു. അതിനാല്‍ ഒരു പൂന്തോട്ടവൃക്ഷമായി അത് വേഗം പ്രചരിച്ചു. പിന്നീട് ഇന്ത്യയിലെത്തിയ ബ്രിട്ടീഷുകാര്‍ ഒരുപക്ഷേ 'ലാബുര്‍ണ'ത്തെപ്പോലെ തോന്നിച്ച കണിക്കൊന്ന കണ്ട് അന്തംവിട്ടിരിക്കാം. ആ അന്തംവിടലില്‍നിന്ന് കണിക്കൊന്നയ്ക്ക് ഒരു പേരും കിട്ടി- 'ഇന്ത്യന്‍ ലാബുര്‍ണം' (Indian Laburnum).
ഇതുകൂടാതെ മറ്റൊരു ഇംഗ്ളീഷ് പേരിലൂടെയും കണിക്കൊന്നയും 'ലാബുര്‍ണ'വും സാദൃശ്യപ്പെടുന്നുണ്ട്. 'ഗോള്‍ഡന്‍ ഷവര്‍' (Golden Shower) എന്നാണ് കണിക്കൊന്നയുടെ ഇതര ഇംഗ്ളീഷ്നാമം. 'ലാബുര്‍ണ'ത്തെ 'ഗോള്‍ഡന്‍ ചെയിന്‍' എന്നും വിളിക്കുന്നു.മാര്‍ച്ച്മുതല്‍ക്കേ ഇരുമരങ്ങളും ഇലപൊഴിച്ചുതുടങ്ങും. ജലനഷ്ടം തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു മാസത്തെ സംബന്ധിച്ചിടത്തോളം മണ്ണില്‍നിന്ന് അത് വലിച്ചെടുക്കുന്ന ജലത്തിന്റെ 90 ശതമാനത്തിലേറെയും ബാഷ്പീകരണംവഴി നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇലകളിലെ സൂക്ഷ്മസുഷിരങ്ങളാണ് ഈ ബാഷ്പീകരണപ്രവര്‍ത്തനത്തിന്റെ വാതായനങ്ങള്‍. അതിനാല്‍ അവ ഇല പൊഴിക്കുന്നു. സൂര്യതാപത്തിന്റെ കാഠിന്യം താങ്ങാന്‍കഴിയാത്ത 'ഹരിതക' (Chlorophyll) വര്‍ണകത്തെ മഞ്ഞനിറത്തിന് പ്രാമുഖ്യമുള്ള മറ്റു വര്‍ണകങ്ങള്‍കൊണ്ട് പൊതിഞ്ഞുസംരക്ഷിക്കാനും കൂട്ടമായുള്ള പൂവിടല്‍ സഹായിക്കുന്നു. ഈ അതിജീവന തന്ത്രത്തിന്റെ കാര്യത്തില്‍ 'ലാബുര്‍ണ'ത്തിനും 'ഇന്ത്യന്‍ ലാബുര്‍ണ'ത്തിനും ഒരേ പാതതന്നെയാണെന്നതും ശ്രദ്ധയമായ മറ്റൊരു സാമ്യമാണ്.