ഷേക്സ്പിയറിന്‍റെ ജീവിതകാലത്തെ (1564-1616) ഇംഗ്ളണ്ട്, കാര്‍ഷികസമ്പദ്വ്യവസ്ഥയെ പുണര്‍ന്നുനില്‍ക്കുന്ന കഥാപാത്രങ്ങള്‍, അഴിഞ്ഞുവീഴാന്‍ വൈകുന്ന കര്‍ട്ടനുവേണ്ടി അനന്തമായി കാത്തുനില്‍ക്കേണ്ട അവസ്ഥയിലുള്ളതായിരുന്നു. കടല്‍കടന്നുള്ള നാവികാടിസ്ഥിത വ്യാപാരം ഇംഗ്ളണ്ടിന്‍റെ കാവല്‍മാലാഖയായ ധനദേവതയെ അലോസരപൂര്‍ണ്ണമായിട്ടായിരുന്നുവെങ്കിലും ആകര്‍ഷിച്ചിരുന്നിരുന്ന കാലം. സ്ട്രാറ്റ്ഫോര്‍ഡ് ഓണ്‍ അവണ്‍ തന്നെ നാഗരികതയുടെ ആടയാഭരണങ്ങള്‍ ധ്യതിയില്‍ എടുത്തണിഞ്ഞ ഒരു അരങ്ങേറ്റക്കാരിയെപ്പേലെയാണ് തോന്നിച്ചത്. ഷേക്സ്പിയറിന്‍റെ തൂലികാചിത്രങ്ങള്‍ തത്തല്‍ക്കാല കാര്‍ഷികചരിത്രങ്ങളുടെ പരിപ്രേക്ഷ്യങ്ങളെ ഒരിക്കലും അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നതും ശ്രദ്ധയമാണ്. എലിസബത്തിയന്‍ കാലഘട്ടത്തിന്‍റെ സാംസ്കാരികചമയങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ രംഗപടങ്ങളില്‍ പ്രതിഫലിച്ചത്. കര്‍ഷകനായിരുന്നു എന്നുപറയുന്നതിനെക്കാള്‍ ഒരു കായികാഭ്യാസിയായിരുന്നു ഷേക്സ്പിയര്‍ എന്നുപറയുന്നതിനായിരിക്കും ചരിത്രസാധുതയെന്ന് ഷേക്സ്പിയേഴ്സ് ഇംഗ്ളണ്ട് (Shakespeare’s England, ed. Walter Alexander Releigh et al., 1985) എന്ന പുസ്തകത്തില്‍ ആര്‍. ഇ.പ്രൊതെറൊ (R. E. Prothero) പറയുന്നുണ്ട്. ക്യഷിയോടുള്ള ബന്ധമല്ല, കാര്‍ഷികകേന്ദ്രീക്യതമായിരുന്ന ഗ്രാമീണ ജീവിതശൈലികളോടുള്ള അടുപ്പമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നതെന്നും പ്രൊതെറൊ പറയുന്നു. ഷേക്സ്പിയേഴ്സ് ഇമേജറി ആന്‍റ് വാട്ട് ഇറ്റ് ടെല്‍സ് അസ് (Shakespeare’s Imagery and What It Tells Us – Caroline Spurgeon, 1935) എന്ന പുസ്തകത്തില്‍, ഷേക്സ്പിയറിന്‍റെ കാര്‍ഷികസംജ്ഞകള്‍ സൂചകാര്‍ത്ഥപരമായതരത്തിലല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് കരോലിന്‍ സ്പര്‍ജിയോണും പറയുന്നു. എന്നാല്‍ ഇത്തരം അനുമാനങ്ങള്‍ ശരിയായിരുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കാര്‍ഷികമേഖലയേയും പുഷ്പഫലസസ്യപരിപാലനത്തേയും സംബന്ധിക്കുന്ന അനവധി വാക്കുകള്‍, അവയുടെ അര്‍ത്ഥക്ളിഷ്ടതയുമായി വളരെയധികം ആത്മബന്ധം പുലര്‍ത്തുന്ന തരത്തില്‍ അദ്ദേഹം ഉപയോഗിച്ചിട്ടുള്ളതായി ചൂണ്ടിക്കാട്ടുന്നു. മിസൗറി കൊളംബിയ സര്‍വകലാശാലയിലെ ആന്ത്രപ്പോളജി പ്രൊഫസറായ റോബര്‍ട്ട് എഫ് ജി സ്പിയര്‍ പറയുന്നു.
പതിനാറാം നൂറ്റാണ്ടിലെ ഇംഗ്ളീഷ് ബുദ്ധിജീവികള്‍ ക്യഷിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ക്യഷി അവരുടെ ചര്‍ച്ചകളിലേക്ക് കടന്നുവന്നത് ഇംഗ്ളണ്ടിന്‍റെ സ്വന്തമായ ഒരു കാര്‍ഷികപാരമ്പര്യം സ്യഷ്ടിച്ചുകൊടുത്ത രണ്ട് ഗ്രന്ഥസമുച്ചയങ്ങളിലൂടെയായിരുന്നു: സര്‍ അന്‍റോണി ഫിറ്റ്സ്ഹെര്‍ബെര്‍ട്ട്, തോമസ് ടെസര്‍ എന്നിവര്‍ വെവ്വേറെയായെഴുതിയ ഈ രണ്ടു പുസ്തകങ്ങള്‍, ഇംഗ്ളീഷ് ജനതയുടെ ജീവിതത്തില്‍ കാര്‍ഷികസസ്ക്യതിയുടെ വേരോട്ടം എത്ര ആഴത്തില്‍ ലബ്ധപ്രതിഷ്ഠമായിരുന്നുവെന്ന് തെളിയിക്കുന്നവയാണ്. സന്തോഷകരമായ കുടുംബജീവിതത്തിന് കാര്‍ഷികചര്യകളെക്കുറിച്ച് പ്രായോഗികപരിജ്ഞാനം സിദ്ധിച്ച ഭാര്യ അനിവാര്യമാണെന്ന പൊതുബോധത്തെ സമൂഹമനസാക്ഷിയിലേക്ക് ആഴത്തില്‍ പ്രേക്ഷണം ചെയ്യിക്കാന്‍ ഇവരുടെ പുസ്തകങ്ങള്‍ക്ക് കഴിഞ്ഞു. പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട കാര്‍ഷികഗ്രന്ഥങ്ങള്‍ ഇവയില്‍നിന്നും ക്യഷിചര്യകളെ മാത്രം വേര്‍പെടുത്തുകയായിരുന്നു ചെയ്തതെങ്കിലും പിന്നെയുള്ള ഒരു നൂറ്റാണ്ടുകാലത്തോളം ഓള്‍ഡ് ഇംഗ്ളീഷ് ഫാമിങ് ബുക്സ് (The Old English Farming Books from Fitzherbert to Tull, 1523-1730)എന്ന പേരില്‍ പില്‍ക്കാലത്ത് സമാഹരിക്കപ്പെട്ട ഈ പുസ്തകങ്ങള്‍ ഷേക്സ്പിയറിന്‍റെ സാഹിത്യലോകത്തേയും കാര്‍ഷികോത്ഖനനത്തിന് പ്രാപ്തമാക്കിക്കൊണ്ടാണ് കടന്നുപോയത്. സെപ്തംബര്‍ മാസത്തില്‍ തുടങ്ങി ഓഗസ്റ്റില്‍ അവസാനിക്കുന്ന തരത്തിലാണ് തോമസ് ടെസര്‍ തന്‍റെ പുസ്തകത്തില്‍ ഒരു വര്‍ഷക്കാലത്തേക്കുള്ള ക്യഷിപ്പണികള്‍ സമയബന്ധിതമായി ക്രമപ്പെടുത്തിയിരുന്നത്. ഓരോ മാസത്തേയും ക്യഷിപ്പണികള്‍ക്കായി ഉപയോഗിക്കേണ്ടുന്ന കാര്‍ഷികോപകരണങ്ങളുടെ വിപുലമായ ഒരു പട്ടികയോടെയാണ് ടെസറുടെ പുസ്തകം തുടങ്ങുന്നത്. വൈയ്ക്കാല്‍ത്തുറുവിലേക്ക് കയറാനുള്ള ഏണിയാണ് ആദ്യ ഉപകരണം. അവസാനമായി പറയുന്നത് പട്ടിക്ക് കിടന്നുറങ്ങാനുള്ള കിടക്കയെക്കുറിച്ചുമാണ് (പട്ടി പുല്‍ക്കൂട്ടില്‍ കയറിക്കിടന്നാലുള്ള അവസ്ഥയെക്കുറിച്ചുള്ള ഇംഗ്ളീഷ് പഴഞ്ചൊല്ല് ഇവിടെയോര്‍ക്കാം!). ദ ടെംപെസ്റ്റി (The Tempest)ല്‍, 'അരിവാള്‍' (sickle) എന്നതിനെ ഒരു സൂചകമായി ഉപയോഗിച്ചിരിക്കുന്നത് കാണാം: (Act 4: Scene 1: Line 134). അതുപോലെ രണ്ട് സോണറ്റുകളിലും അരിവാളിനെ രൂപകാര്‍ത്ഥത്തില്‍ ഉപയോഗിച്ചിട്ടുണ്ട് :(126.2/116.10). ധാന്യത്തെ പതിരില്‍ നിന്നും വേര്‍പെടുത്താനുപയോഗിക്കുന്ന 'വടി' (flail), ഉമിപാറ്റിക്കളയാനുപയോഗിക്കുന്ന മുറം (fan), വൈയ്ക്കോല്‍ കൂട്ടാനുള്ള ഉപകരണം (rake), പൊഴിഞ്ഞുവീഴുന്ന ധാന്യം ശേഖരിക്കുന്നതിനുള്ള ചൂല് (broom), എന്നിവയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഹെന്‍റി ദ സിക്സ്ത് (Henry the Sixth, 2:01:131), ഹെന്‍റി ദ ഫിഫ്ത് (Henry the Fifth, 2:04:98), ട്രോയിലസ് ആന്‍റ് ക്രെസിഡ (Troilus and Cressida, 1:03:27), ദ ടൂ നോബിള്‍ കിന്‍സ്മെന്‍ (The Two Noble Kinsmen, prologue 18), എ മിഡ്സമ്മര്‍ നൈറ്റ്സ് ഡ്രീം (A Mid-summer Night’s Dream, 5:01:389) എന്നിവയിലുണ്ട്. ധാന്യത്തെ ഇതര ഖരമാലിന്യങ്ങളില്‍ നിന്നും വേര്‍തിരിക്കാനുപയോഗിക്കുന്ന അരിപ്പ(Sieve)യെക്കുറിച്ച് മച്ച് അഡൊ എബൗട്ട് നത്തിങ് (Much Ado About Nothing, 5:01:5),, മാക്ബെത്ത് (Macbeth, 1:03:8) എന്നിവയില്‍ പരാമര്‍ശമുണ്ട്. മണ്‍വെട്ടി(spade)യാണ് മണ്‍കോരി(shovel)യെക്കാള്‍ ഷേക്സ്പിയറിന് പ്രിയമെന്നു തോന്നുന്നു. എങ്കിലും ഹാംലെറ്റിലെ ശ്മശാനസീനില്‍ (Hamlet, 5:01:94) രണ്ടിനേക്കുറിച്ചും പറയുന്നത് കേള്‍ക്കാം. ടൈറ്റസ് ആന്‍ഡ്രോണിക്കസി(Titus Andronicus, 4:03:11)ലും മണ്‍വെട്ടി കടന്നുവരുന്നുണ്ട്. നിലമുഴുന്നതിനെ ഏറ്റവും ആലങ്കാരികമായി ഉപയോഗിച്ചുകൊണ്ടുള്ള ഒരു പരാമര്‍ശം ഹെന്‍റി ദ ഫോര്‍ത്തിന്‍റെ രണ്ടാം ഭാഗ (Henry the Fourth, 5:01:18)ത്തില്‍ കാണാം. അക്കാലങ്ങളില്‍ നിലമുഴുമ്പോള്‍, ഉഴവുചാലുകളുടെ തലഭാഗത്ത് അല്പം സ്ഥലം വെറുതേയിടുന്ന പതിവുണ്ടായിരുന്നു. ഉഴവുകാര്‍ വിശ്രമത്തിനായി ഉപയോഗിക്കുന്ന സ്ഥലമായിരുന്നു ഇത്. ഹെയ്ഡ് ലാന്‍ഡ് (hayd land). ഇങ്ങനെയൊരു പദത്തെക്കുറിച്ച് കേട്ടിട്ടില്ലായിരുന്ന ഇംഗ്ളണ്ടിലെ അച്ചടിജോലിക്കാര്‍ അതിനെ ‘hade land’എന്നു തിരുത്തുകയായിരുന്നുവെന്നും ചരിത്രമുണ്ട്), എന്നറിയപ്പെട്ടിരുന്ന ഇവിടം, കന്നുകാലികളുടെ ചാണകം വീണ് ഫലഭൂയിഷ്ഠവുമായിരുന്നു. വളപ്രയോഗം നടത്തേണ്ടുന്ന സമയം മാത്രമേ ഹെയ്ഡ്ലാന്‍ഡ് ഉഴുത്ചേര്‍ക്കുമായിരുന്നുള്ളൂ. ഇത് മിക്കവാറും ഒക്ടോബറിന്‍റെ തുടക്കത്തിലായിരിക്കും. "ഞാനത് ചെയ്യും, അതിനായുള്ള ഒരുക്കത്തിലാണ് ഞാന്‍. പക്ഷേ, ഉടനേയില്ല, ഒക്ടോബറില്‍" എന്നു പറയുന്നതിനുപകരം, “I have plans for the hayd land” എന്നാണ് ഹെന്‍റി ദ ഫോര്‍ത്തില്‍ പറയുന്നത്. ഹെയ്ഡ്ലാന്‍ഡിനോട് ലംബമായുള്ള ഉഴവുചാലുകള്‍ക്കിടയില്‍ അല്പം സ്ഥലം ഉഴാതെയിടുകയും പതിവായിരുന്നു, ഒരു നടപ്പാത പോലെ. ധാന്യച്ചെടികള്‍ വളര്‍ന്ന് പൊക്കം വെച്ചുകഴിഞ്ഞാല്‍പിന്നെ ഈ സ്ഥലം പിന്നെ ആരുടേയും കണ്ണില്‍പ്പെടില്ല. ഇവിടം കമിതാക്കള്‍ക്കുള്ള ഒരു ഒളിസങ്കേതമായി ആസ് യൂ ലൈക്ക് ഇറ്റി (As You Like It, 5:03:22)ല്‍ ഷേക്സ്പിയര്‍ വരച്ചുകാട്ടുന്നുണ്ട്. ഷേക്സ്പിയറിന്‍റെ കാര്‍ഷികപരിജ്ഞാനം ആവോളം വെളിപ്പെടുന്ന സന്ദര്‍ഭങ്ങളാണിവ. കൂടുതല്‍ ഉദാഹരണങ്ങള്‍ ഇന്‍ സെര്‍ച്ച് ഓഫ് ഷേക്സ്പിയര്‍ (In Search of Shakespeare- Michael Wood) എന്ന പുസ്തകത്തില്‍ വായിക്കാം.ഷേക്സ്പിയര്‍ എന്നത് ഒരു തൂലികാനാമം മാത്രമായിരുന്നുവെന്നും പലരും ആ പേരില്‍ എഴുതിയിരുന്നുവെന്നതും സാഹിത്യവിമര്‍ശകര്‍ എന്നുമലക്കാനായി മാറ്റിവെച്ചിരിക്കുന്ന ഒരു സ്ഥിരം വിഴുപ്പാണ്. അക്കാര്യത്തില്‍, കര്‍ഷകപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച നാടകക്യത്ത് എന്ന നിലയില്‍ യഥാര്‍ത്ഥ ഷേക്സ്പിയറിനു തുണയായിത്തീരാനും അദ്ദേഹത്തിന്‍റെ ചില ഗ്രാമീണശൈലികള്‍ സഹായകമായിട്ടുണ്ട്. ഉദാഹരണമായി, ദ കെയ്സ് ഓഫ് ഷേക്സ്പിയര്‍: ദ എന്‍ഡ് ഓഫ് ഓഥര്‍ഷിപ്പ് ക്വസ്റ്റ്യന്‍ എന്ന പുസ്തകത്തില്‍ സ്കോട്ട് മക്ക്രി വുഡ് (The End of the Authorship Question- Scott McCrea Wood) ഇങ്ങനെ ഉദ്ധരിക്കുന്നു: ആന്‍റണി ആന്‍റ് ക്ളിയോപാട്ര (Antony and Cleopatra) യില്‍, ‘the breeze upon her, like a cow in June’ എന്നൊരു പ്രയോഗമുണ്ട്. ബ്രീസ് (breeze) എന്നാല്‍ ഇളംകാറ്റ് എന്നാണല്ലോ അര്‍ത്ഥം. "ഇളംകാറ്റിന്‍റെ തഴുകലേറ്റുനില്‍ക്കുന്ന ജൂണ്‍ മാസത്തിലെ പശുവിനെപ്പോലെ" എന്ന് അതിനെ ഭാഷാന്തരീകരണം നടത്തിയാല് പക്ഷേ മഹാഅബദ്ധമാവും. കാരണം, ഷേക്സ്പിയറിന്‍റെ നാട്ടുകാരായ വാര്‍വിക്ഷെയറുകരെ സംബന്ധിച്ചിടത്തോളം ബ്രീസ് എന്നു പറഞ്ഞാല്‍ നീറ്റലുള്ള കടി സമ്മാനിക്കുന്ന ഒരുതരം കടന്തലാണ്! ക്യഷിഭൂമിയുടെ പൊതുഉടമസ്ഥതയെ നിരോധിക്കുന്നതരത്തില്‍ പതിനേഴാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നടപ്പിലാക്കാന്‍ ശ്രമിച്ച എന്‍ക്ളോഷര്‍ നിയമങ്ങള്‍ (Enclosure Acts) ക്കെതിരെ, 1607ല്‍ നടന്ന മിഡ്ലാന്‍ഡ് റിവോള്‍ട്ട് (The Midland Revolt) ഷേക്സ്പിയറിന്‍റെ ദുരന്തനാടകമായ കോറിയോലന(Coriolanus)സില്‍ പ്രതിഫലിക്കുന്നുണ്ട്. അന്ന് പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ട് ആയിരങ്ങള്‍ നോര്‍ത്ത്ഹാംപ് റ്റണ്‍ ഷെയറില്‍നിന്നും വാര്‍വിക്ഷെയറിലേക്ക് മാര്‍ച്ച്ചെയ്യുകയുണ്ടായി. വാര്‍വിക്ഷെയറില്‍ നിന്നും ലെയ്സെസ്റ്റര്‍ഷെയറിലേക്കും പടര്‍ന്ന ഈ കര്‍ഷകസമരത്തെ നേരിട്ടുകണ്ട വ്യക്തികളിലൊരാളായിരുന്നു വില്യം ഷേക്സ്പിയര്‍. അതുകൊണ്ടുതന്നെ കോറിയോലനസ് എഴുതിയത് ഷേക്സ്പിയറല്ലായെന്നും ഷേക്സ്പിയറിന്‍റ സമകാലികനായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ലൊവ് (Christopher Marlowe, 1564-1593) ആയിരുന്നുവെന്നുമുള്ള വാദത്തിന് നിലനില്പ്പില്ലാതെ വരുന്നു. കത്തീഡ്രല്‍നഗരമായ കാന്‍റര്‍ബറിയില്‍ ജനിച്ചുവളര്‍ന്ന മാര്‍ലോവിന് വാര്‍വിക്ഷെയറുകാരുടെ ഗ്രാമ്യശൈലികള്‍ക്ക് ലോഭമില്ലാതിരുന്ന എഴുതാനാവില്ല എന്നതുതന്നെയാണ് കാരണം. മിഡ്ലാന്‍ഡ് റിവോള്‍ട്ട് കാലത്ത് വാര്‍വിക്ഷെയറുകാര്‍ അനുഭവിച്ച ഭക്ഷ്യക്ഷാമവും മാര്‍ലോവിന് പരിചയമില്ലായിരുന്നു. ഒരു ദൈവനിക്ഷേധിയും കത്തോലിക്കാപ്പള്ളിയുടെ കടുത്ത എതിരാളിയുമായിരുന്ന മാര്‍ലോവ് അറസ്റ്റുചെയ്യപ്പെടുകയും കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെടുകയുമാണുണ്ടായത്. അതിന്‍റെ പേരിലാണ് വിപ്ളാഭിമുഖ്യമുള്ള ഒരു ചരിത്രപശ്ചാത്തലത്തിന്‍റെ പേരില്‍ കോറിയോലനസിന്‍റെ കര്‍ത്ത്യത്ത്വം മാര്‍ലോവിന്‍റെ പേരില്‍ ആരോപിക്കപ്പെട്ടത്. എന്നാല്‍ ഈ നാടകത്തിലെ ക്യഷിയുടേയും മണ്ണിന്‍റേയും വാക്കുകളാണ് അതിനെ ഷേക്സ്പിയറിലേക്കുതന്നെ തിരികെയെത്തിക്കുന്നത്. തീര്‍ച്ചയായും ഒരു നാട്ടിന്‍പുറത്തുകാരന്‍റെ ഭാഷയായിരുന്നു ഷേക്സ്പിയറിന്‍റേത്. അദ്ദേഹത്തിനൊരിക്കലും സര്‍വ്വകലാശാലാവിദ്യാഭ്യാസം സിദ്ധിച്ചിരുന്നില്ല. മാര്‍ലോവാകട്ടെ കേംബ്രിഡ്ജില്‍ പോയി പഠിച്ചയാളായിരുന്നു. കേംബ്രിഡ്ജിലെ ക്രിസ്റ്റി കോളേജിനുമുന്നില്‍ ഇപ്പോഴും മാര്‍ലോവിന്‍റെ പ്രതിമയുണ്ട്.
ഷേക്സ്പിയറിന്‍റെ പൂവുകള്‍
ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്തെ ഇംഗ്ളണ്ട് നാഗരികതയുടെ വര്‍ണ്ണാലങ്കാരങ്ങളില്‍ പൊതിഞ്ഞെടുത്ത ഒരു ഗ്രാമമായിരുന്നു. സ്ട്രാറ്റ്ഫോര്‍ഡ് അന്നൊരു ചെറിയ പട്ടണമായിരുന്നു. വിശാലമായ ആവണ്‍ നദിയുടെ കരയിലെ കാടുകളും മരങ്ങള്‍ക്കിടയിലെ പൂച്ചെടികളും പുല്‍ത്തകിടികളുമെല്ലാം ഹെന്‍ലി സ്ട്രീറ്റിലെ ഷേക്സ്പിയറിന്‍റെ വീട്ടില്‍നിന്നും നടന്നുപോകാവുന്ന ദൂരത്തിലായിരുന്നു. അധികം അകലെയല്ലാതെയുണ്ടായിരുന്ന ധനാഢ്യരുടെ വലിയ വീടുകള്‍ക്കു മുന്നില്‍ പ്രൗഢസുന്ദരമായ പൂന്തോട്ടങ്ങള്‍ പരിപാലിക്കപ്പെട്ടിരുന്നു. ഷേക്സ്പിയറിന്‍റെ ചെറിയ വീടിനുമുന്നിലും മനോഹരമായ ഒരു പൂന്തോട്ടവും വീടിനോട് ചേര്‍ന്ന് ഒരു തോട്ടവും ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. എന്തായാലും വിവിധതരം കാട്ടുപൂക്കളേയും നാട്ടുപൂക്കളേയും കണ്ടുമറിഞ്ഞുമാണ് ഷേക്സ്പിയര്‍ തന്‍റെ കുട്ടിക്കാലം ചിലവഴിച്ചത്. പൂവുകളെന്നാല്‍ വെറും പൂവുകളല്ലെന്നും മാന്ത്രികശക്തിയുള്ളവയും അവയ്ക്കിടയിലുണ്ടെന്നും അന്നത്തെ ഇംഗ്ളീഷ് സമൂഹം വിശ്വസിച്ചിരുന്നത് അതുപോലെ ഷേക്സ്പിയറും തന്‍റെ മനസിലേക്ക് പകര്‍ത്തിയിരുന്നു. തന്‍റെ മാതാവ് അടുക്കളയിലെ ചുമരിലടിച്ച ആണിയില്‍ തൂക്കിയിട്ടിരിക്കുന്ന ചില പൂവുകള്‍ തെംസ് നദിക്കരയില്‍ വളര്‍ന്നുനില്‍ക്കുന്ന പൂവുകളെപ്പോലെയല്ലെന്നും അവയ്ക്ക് പിശാചിനെയും ദുര്‍മന്ത്രവാദികളേയും അകറ്റിനിറുത്താനാവുമെന്നും അദ്ദേഹത്തിനറിയാമായിരുന്നു. ഇംഗ്ളണ്ടുകാരെ സംബന്ധിച്ചിടത്തോളം പല പൂവുകളും പ്രതീകങ്ങളുമായിരുന്നു. വികാരങ്ങളുടെ, ചരിത്രപുരുഷന്‍മാരുടെ, ഋതുക്കളുടെ, രാജ്യങ്ങളുടെ... ഇതൊക്കെയും അതേ ആലങ്കാരികചമത്കാരങ്ങളോടെ തന്‍റെ നാടകങ്ങളിലുടനീളം അദ്ദേഹം ഉപയോഗിച്ചിരുന്നു. നേരിട്ട് കണ്ട് പരിചയമില്ലാത്തതും ആവണ്‍നദീതീരത്തും തൊട്ടടുത്ത കാടുകളിലും വളരാത്ത ഒരൊറ്റ പൂവിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നില്ല എന്നതും യാഥാര്‍ത്ഥ്യമാണ്. കുറച്ചുകാലം (15851589) സ്ട്രാറ്റ്ഫോര്‍ഡ് വിട്ടുനിന്ന ഷേക്സ്പിയര്‍ മടങ്ങിവന്നത് പ്രശസ്തിയും പണവുമായിട്ടായിരുന്നു. നല്ലൊരുതുകതന്നെ ചിലവഴിച്ച് അദ്ദേഹം വാങ്ങിയ വീടിനു മുന്നിലുമുണ്ടായിരുന്നു ജീവിതത്തിന്‍റേതെന്നപോലെയുള്ള ഒരു വസന്താരാമം.
പുഷ്പസുരഭിലമായ ഷേക്സ്പീറിയന്‍ ഭാവനാലോകം അതിന്‍റെ വാസനാസമ്യദ്ധിയുടെ പാരമ്യത്തിലെത്തുന്നത് മുഖ്യമായും രണ്ട് നാടകങ്ങളിലാണ്: ദ വിന്‍റേഴ്സ് ടെയിലി (The Winters Tale)ലും ഏ മിഡ് സമ്മര്‍ നൈറ്റ്സ് ഡ്രീമി (A Mid Summer Night's Dream)ലും. പുതിയവീട്ടിനുമുന്നില്‍ പൂന്തോട്ടമൊരുക്കുന്ന തിരക്കിനിടയിലാണ് അദ്ദേഹം ദ വിന്‍റേഴ്സ് ടെയില്‍ (The Winters Tale) എഴുതിയത്. ഇംഗ്ളണ്ടുകാരെ സംബന്ധിച്ചിടത്തോളം ഓരോ പൂവിനും ഒരു കഥയുണ്ട്. ബി.സി. 55 ല്‍ റോമാക്കാര്‍ ഇംഗ്ളണ്ടിനെ ആക്രമിച്ചുവെന്നത് ചരിത്രമാണ്. എന്നാലന്ന് ഒരു റോമന്‍ പടയാളിയുടെ ചെരുപ്പിനടിയിലെ ചെളിയില്‍ പറ്റിപ്പിടിച്ച് ഒരു ചെടിയുടെ വിത്തുകൂടി ഇംഗ്ളണ്ടിലെത്തി. അതാണ് ഇംഗ്ളീഷുകാരുടെ ഏതൊരു ചടങ്ങിലും ഒഴിച്ചുകൂടാനാവാത്ത കാര്‍നേഷനുകള്‍ (Carnations). പലതരത്തിലുള്ള അവയ്ക്കിടയിലെ ഏറ്റവും ചെറുതാണ് ഗില്ലിപ്പൂവ് (Gillyflower). അതിലും അപൂര്‍വ്വമായുള്ളതാണ് ഇംഗ്ളീഷുകാര്‍ പിങ്ക് (Pink) എന്ന് വിളിക്കുന്ന പൂവ്. 'കുലീനമായ വലിയ കുടുംബത്തില്‍പ്പെട്ട ചെറിയ അംഗം'- എന്ന സൂചകാര്‍ത്ഥവും 'പിങ്ക്' എന്നതിനുണ്ട്. ഇതറിയാതെ റോമിയോ ആന്‍റ് ജൂലിയറ്റി (Romeo and Juliet) -ലെ ഈ വാചകം വായിച്ചാല്‍ പ്രശ്നമാകും : …the very pink of courtesy.. . അതുപോലെതന്നെയുള്ള മറ്റൊരു സന്ദര്‍ഭം ഷേക്സ്പിയറിന്‍റെ ഒരു കവിതയിലും കടന്നുവരുന്നുണ്ട്: …when turtles tread... എന്ന് ലൗസ് ലേബേഴ്സ് ലോസ്റ്റ് (Love’s Labour’s Lost) എന്ന നാടകത്തിലുള്‍പ്പെട്ട ഒരു കവിതയില്‍ ഷേക്സ്പിയര്‍ പറയുന്നുണ്ട്. ഇതിലെ 'ടര്‍ട്ടില്‍" (turtle) എന്നതിനെ ''കടലാമ' എന്ന് വിചാരിച്ച് വിശകലനംചെയ്താല്‍ ആകെ കുഴപ്പമാവും. പുല്‍ത്തകിടികളില്‍ പതിഞ്ഞുവളരുന്ന ടര്‍ട്ടില്‍ഡോവ് (turtledove) എന്ന പൂച്ചെടിയേയാണ് ഷേക്സ്പിയര്‍ ഇതിലൂടെ ഉദ്ദേശിച്ചതെന്നറിയാന്‍ അദ്ദേഹത്തിന്‍റെ കാര്‍ഷികഗ്രാമബന്ധം തിരിച്ചറിയുന്നതിലൂടെയേ കഴിയൂ. ഇതിന്‍റെയൊക്കെയും മറുപടി അദ്ദേഹം തന്നെ ഭംഗ്യന്തരേണ പറഞ്ഞുവെയ്ക്കുകയും ചെയ്തിട്ടുണ്ട്:... ജൂലിയറ്റാണ് റോമിയോയോട് ചോദിക്കുന്നത്: What's in a name? that which we call a rose, By any other name would smell as sweet… "ഒരു പേരിലെന്തിരിക്കുന്നു.. ഒരു റോസാപുഷ്പത്തെ നാം ആ പേരില്‍ വിളിച്ചില്ലെങ്കിലും അത് സുഗന്ധവാഹിതന്നെ ആയിരിക്കുമല്ലോ.."!!!
സംസാരിക്കുന്ന സ്മാരകം

















