Tuesday, December 16, 2025

അഗതാക്രിസ്റ്റി: മരണദൂതികയുടെ ഒരു നൂറ്റാണ്ട്

ന്നാം ലോകമഹായുദ്ധത്തിന്‍റെ കാലത്താണ്. ഇംഗ്ളണ്ടിലെ ഒരു എഴുത്തുകാരിയെ ഒരാള്‍ വെല്ലുവിളിച്ചു: കഥാവസാനംവരെ ഘാതകനാരെന്ന് ഒരൂഹവും നടത്തുവാനാവാത്തതരത്തിലുള്ള ഒരു കഥയെഴുതാമോ? വെല്ലുവിളിച്ചത് മറ്റാരുമായിരുന്നില്ല, എഴുത്തുകാരിയുടെ സഹോദരി തന്നെ. എന്തായാലും ആ വെല്ലുവിളി ഏറ്റെടുത്ത അവര്‍ ഒരു കഥയെഴുതി: ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സ് (The Mysterious Affair at Styles). ഒരു കൊലപാതകത്തിന്‍റെ കഥ. അതന്വേഷിക്കാന്‍വരുന്ന ഹെര്‍ക്യൂള്‍ പൊയ്റോട്ട് എന്ന ഡിറ്റക്ടീവ്. വര്‍ഷങ്ങള്‍ ശതാബ്ദി തികയ്ക്കാനൊരുങ്ങുമ്പോഴും ഈ കഥയും കഥാപാത്രവും ഇന്നും വായനക്കാരുടെ ശ്വാസഗതിയെ നിയന്ത്രിക്കുന്നു. ഉറക്കത്തെവിട്ട് വായനയെ ആശ്ഷേിക്കാന്‍ പറയുന്നു. അതാണ് അഗതാക്രിസ്റ്റി എന്ന കുറ്റാന്വേഷണകഥാകാരിയുടെ കഥ. പഴയകാലത്തിന്‍റെ  പകര്‍പ്പുപോലെയല്ല, ഇന്നലെ വായിച്ചുകേട്ട ഒരു സമകാലികസംഭവത്തിന്‍റെ തുടര്‍ച്ചപോലെയാണ് ലോകം എന്നും അഗതാക്രിസ്റ്റിയെ വായിച്ചത്. 1976-ല്‍ മരിക്കുന്നതിനുമുമ്പ് 65 നോവലുകളും 14 കഥാസമാഹാരങ്ങളും ഒരു നാടകവും അഗതാ ക്രിസ്റ്റിയുടേതായി പുറത്തുവന്നിരുന്നു. ഇവയില്‍ പലതും ശതകോടിയില്‍പ്പരം കോപ്പികളാണ് വിറ്റഴിഞ്ഞത്. 

അഗതാക്രിസ്റ്റിയുടെ കഥാപാത്രങ്ങളുടെ മരണത്തിലെല്ലാം വളരെ നീണ്ട അവതരണഗാനത്തിന്‍റെ പശ്ചാത്തലത്തിലാവതരിക്കുന്ന അതീവതന്ത്രശാലിയായ ഒരു മരണദൂതന്‍റെ കരസ്പര്‍ശം എന്നുമുണ്ടായിരുന്നു. ലോകം ഇന്നേവരെ പരിചയപ്പെട്ടിട്ടില്ലാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ വിഷങ്ങളെയാണ് തന്‍റെ പ്രിയപ്പെട്ടവരുടെ ഘാതകരായി അഗതാക്രിസ്റ്റി നിയോഗിച്ചത്. ഇതിനായി വിവിധതരം വിഷങ്ങളെക്കുറിച്ചും മരുന്നുകളെക്കുറിച്ചുമുള്ള വിപുലമായ അന്വേഷണം അവര്‍ നടത്തിയതായി കാണാം. ഇവയുടെ പ്രയോഗം, അവയുടെ പ്രവര്‍ത്തനരീതി എന്നിവയെക്കുറിച്ചുള്ള വിവരണത്തില്‍ ശാസ്ത്രീയതയുടെ കിറുക്യത്യത കണിശമായി പാലിക്കുന്നതില്‍ അവര്‍ക്കു നിര്‍ബന്ധമുണ്ടായിരുന്നതായും കാണാന്‍കഴിയും. ഇക്കാര്യത്തില്‍ അഗതാക്രിസ്റ്റിയോട് കിടപിടിക്കുന്നത് കുറ്റാന്വേഷണകഥാചരിത്രത്തിലെ ആചാര്യനായ ഷെര്‍ലക്ഹോംസ് മാത്രമാണ്. ആള്‍ക്കാരെ കൊല്ലുന്നതിനു മാത്രമല്ല, മയക്കുന്നതിനും ബോധംകെടുത്തുന്നതിനും എങ്ങനെ ഉപയോഗിക്കാമെന്നും അഗതയുടെ നോവലുകളില്‍ യഥാതഥമായ വിവരണമുണ്ട്. തികച്ചും ശാസ്ത്രീയമായ ഗവേഷണത്തിന്‍റെ പിന്‍തുടര്‍ച്ചകളായാണ് ഈ രചനകള്‍ ഉണ്ടായിരിക്കുന്നതെന്ന് നിസംശയം പറയാനാവുന്നതരത്തിലാണ് ഇവയുടെയെല്ലാം സൂക്ഷ്മാംശങ്ങള്‍ വിലയം ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ശാസ്ത്രീയമായ ഏതൊരുതരം പശ്ചാലവുമില്ലാത്ത വായനക്കാര്‍ക്കുപോലും വായിച്ചുമനസിലാക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ അവതരിപ്പിച്ചിരിക്കുന്നതും. ടെക്സാസ് സര്‍വ്വകലാശാലയിലെ ഫാര്‍മക്കോളജി വിഭാഗത്തിലെ ഒരു പ്രൊഫസര്‍ ഇതേക്കുറിച്ച് ഒരു പുസ്തകംപോലും എഴുതുകയുണ്ടായിട്ടുണ്ട്: ദ പോയിസണസ് പെന്‍ ഓഫ് അഗതാക്രിസ്റ്റി (The Poisonous Pen of Agatha Christie). തന്‍റെ 66 കഥാസന്ദര്‍ഭങ്ങളിലായി വിഷപ്രയോഗത്തിലൂടെ മരണപ്പെട്ട കഥാപാത്രങ്ങളേയും അവയുടെ മരണകാരണമായ വിഷങ്ങളുടെ ശാസ്ത്രീയമായ വിശകലനവുമാണ് ഈ പുസ്കത്തിലുള്ളത്. വൈദ്യശാസ്ത്രം ഇതുവരെ പരിചയപ്പെട്ടിട്ടുള്ള വിഷചികിത്സയുടെ പരിധിയില്‍പ്പോലുംപെടാത്ത വിഷങ്ങളുടെ ഒരു പട്ടിക അനുബന്ധമാവുന്ന ഈ പുസ്തകം അതിനായി 76 പേജുകള്‍ മാറ്റിവെയ്ക്കുന്നുമുണ്ട്. ആര്‍സെനിക് മുതല്‍ താലിയം വരെയുള്ള വിഷങ്ങളെക്കുറിച്ചും അവയോടുള്ള ശാരീരിക പ്രതികരണങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ ഈ പുസ്തകത്തിലുണ്ട്. ദ പോയിസണേഴ്സ് ഹാന്‍ഡ്ബുക്ക് (ഠവല ജീശീിലെൃچെ ഒമിറയീീസ) എന്ന പുസ്തകവും, 1920കളിലേയും 30കളിലേയും ക്രൈംഫിക്ഷന്‍ എഴുത്തുകാരെ ചരിത്രവല്‍ക്കരിക്കുന്നതിനിടെ അഗതാക്രിസ്റ്റിയുടെ രചനകളെ ആഴത്തില്‍ സ്പര്‍ശിക്കുന്നുണ്ട്. വിഷങ്ങളെ പ്രമേയവല്‍ക്കരിക്കുന്നതില്‍ തനിക്കുള്ള അഭിനിവേശം അഗതാക്രിസ്റ്റി തന്നെ പലപ്പോഴായി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലും പരിശീലനവും പകര്‍ന്നുനല്‍കിയ പശ്ചാത്തലഅറിവുകളാണ് കഥാകഥനത്തിലെ ശാസ്ത്രീയക്യത്യതകളുമായി ഒപ്പത്തിനൊപ്പമായി മുന്നോട്ടുപോകുവാന്‍ അഗതാക്രിസ്റ്റിക്ക് സഹായകമായത്. ഒന്നാംലോകമഹായുദ്ധകാലത്ത് പട്ടാളആശുപത്രിയില്‍ നഴ്സ് ആയി ജോലിചെയ്ത പരിചയവും പിന്നീട് അപ്പോതെക്കരികളുടെ സൊസൈറ്റിയില്‍ അംഗത്വമെടുക്കാനായി പാസാകേണ്ടിയിരുന്ന പരീക്ഷയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളും ശാസ്ത്രീയകുറ്റാന്വേഷണ സാഹിത്യത്തിലെ തന്‍റെ ചുവടുകളെ ഉറപ്പുള്ളതാക്കാന്‍ അവരെ സഹായിച്ചു.

വിജനതയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു വീട്ടില്‍ കഴിയുന്ന ധനാഢ്യയായ ഒരു വനിത കൊല്ലപ്പെടുന്ന കഥയായ ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സാണ് അഗതാ ക്രിസ്റ്റിയുടെ ആദ്യ ഡിറ്റക്ടീവ് നോവല്‍. സ്വന്തം ആത്മാംശത്തില്‍നിന്നാണോ ഈ കഥാപാത്രത്തെ ക്രിസ്റ്റി കണ്ടെടുത്തതെന്ന് അവരുടെ ജീവിതകഥയെക്കുറിച്ചറിയാവുന്നവര്‍ ന്യായമായും സംശയിക്കും. ഇംഗ്ളണ്ടിലെ ഡെവോന്‍ഷെയറിലുള്ള ഒരു ധനാഢ്യകുടുംബത്തിലായിരുന്നു, 1890 സെപ്തംബര്‍ 15ന്, അഗതാ ക്രിസ്റ്റിയുടെ ജനനം. ഒരു അമേരിക്കന്‍ ബിസിനസുകാരനായിരുന്നു അഗതയുടെ പിതാവ്. സമ്പത്തിന്‍റെ മടിത്തട്ടില്‍, ഇംഗ്ളീവ് ജീവിതശൈലിയുടെ എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ കുട്ടിക്കാലമായിരുന്നു ക്രിസ്റ്റിയുടേത്. എന്നാല്‍ പിതാവിന്‍റെ മരണം എല്ലാത്തിനേയും കീഴ്മേല്‍ മറിച്ചു. അപ്പോള്‍ പതിനൊന്നുവയസു മാത്രമായിരുു അഗതയ്ക്ക്. പിതാവിന്‍റെ മരണം തന്‍റെ കുട്ടിക്കാലത്തിന്‍റേയും അവസാനമായിരുന്നുവെന്നാണ് അഗതാ ക്രിസ്റ്റി തന്‍റെ ആത്മകഥയില്‍ പറയുന്നത്. അവിചാരിതമായി വന്നുചേര്‍ന്ന, അടിച്ചേല്‍പ്പിക്കപ്പെട്ട ഈ ഒറ്റപ്പെടലിന്‍റെ വേദനയെ താളുകളിലേക്ക് പകര്‍ത്തുന്നതായ ഒരു നോവല്‍ അഗത പിന്നീട് എഴുതിയിട്ടുണ്ട്: ആന്‍ഡ് ദെന്‍ ദെയര്‍ വെയര്‍ നണ്‍ (And Then There Were None)അതുവരെ സ്വകാര്യട്യൂഷനിലൂടെ വിദ്യാഭ്യാസംനേടിയിരുന്ന അഗത ആദ്യമായി സ്കൂളിലേക്കയയ്ക്കപ്പെട്ടു. എന്നാല്‍ അവിടുത്തെ കര്‍ശനമായ അച്ചടക്കത്തോടു പൊരുത്തപ്പെടാനാവാതെ അതുപേക്ഷിക്കേണ്ടിവന്നു. തുടര്‍ന്ന് പാരീസിലേക്കയയ്ക്കപ്പെട്ട അഗത അവിടെ വെച്ചാണ് തന്‍റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഇംഗ്ളണ്ടില്‍ തിരിച്ചെത്തിയതിനുശേഷമാണ് ആദ്യമായി തൂലിക കൈയിലെടുക്കുന്നതെങ്കിലും മരണത്തിന്‍റെ മണമുള്ള കഥകള്‍ പിറക്കുന്നത് വിവാഹത്തിനുശേഷമായിരുന്നു. ബ്രിട്ടീഷ് മിലിട്ടറിയില്‍ ഉദ്യോഗസ്ഥനായ ആര്‍ച്ചിബാള്‍ഡ് ക്രിസ്റ്റി ആയിരുന്നു ഭര്‍ത്താവ്. 1914ല്‍, ഒന്നാം ലോകമഹായുദ്ധകാലത്തെ ആദ്യത്തെ ക്രിസ്മസ് രാത്രിയിലാണ് അവര്‍ വിവാഹിതരായത്. പ്രണയവിഹാഹമായിരുവെങ്കിലും 1926ല്‍, ആര്‍ച്ചിബാള്‍ഡ് അഗതയോട് വിവാഹമോചനം ആവശ്യപ്പെട്ടു. സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ആദ്യദാമ്പത്യം അങ്ങനെ അവസാനിക്കുമ്പോള്‍ ഒരു അമ്മയായിക്കഴിഞ്ഞിരുന്നു അഗത. റോസലിന്‍ഡ് മാര്‍ഗരറ്റ് ആയിരുന്നു ക്രിസ്റ്റീദമ്പതിമാരുടെ ഏകമകള്‍. വിവാഹം വേര്‍പെടുത്താനുള്ള ആര്‍ച്ചിബാള്‍ഡിന്‍റെ അഭ്യര്‍ത്ഥനയ്ക്കുപിന്നില്‍ ഒരു പ്രണയമുണ്ടായിരുന്നു. നാന്‍സി നീല്‍ എന്ന സ്ത്രീയുമായുള്ള അടുപ്പമാണ് ആര്‍ച്ചിബാള്‍ഡിനെ അഗതയില്‍നിന്നും അകറ്റിയത്. എന്തായാലും ഇത് അഗതയെ മാനസികമായി തകര്‍ക്കുന്നതായിരുന്നുവെന്നാണ് ജീവചരിത്രകാരന്‍മാര്‍ പറയുന്നത്. ഉറക്കമില്ലായ്മയും വിഹ്വലതകളും നിറഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കിയ അഗതാ ആരോടും പറയാതെ വീടിട്ടുപോയ സംഭവവുമുണ്ടായി. കുടുംബജീവിതത്തിലുണ്ടായ ഈ തകര്‍ച്ച സ്വയംഉള്‍വലിയുന്ന വലിയൊരു ഒറ്റപ്പെടലിലേക്കാണ് അഗതയെ നയിച്ചത്. ഇത്തരമൊരു ജീവിതം നയിക്കുന്ന സ്ത്രീ തന്നെയാണ് ''ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സി'ലേയും മുഖ്യകഥാപാത്രം.

എമിലി ഇംഗിള്‍തോര്‍പ് എന്ന ഇവരുടെ വൈകിയുള്ള വിവാഹം അവരുടെ രണ്ടു സീമന്തപുത്രന്മാരുടെ പൈത്യകസ്വത്തുമോഹങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു. ഇവരിലൊരാള്‍ ഒരു ആശുപത്രിയിലെ ഡിസ്പെന്സറിയുമായി ബന്ധമുള്ളയാളാണ്. അങ്ങനെയിരിക്കേയാണ് എമിലി ഇംഗിള്‍തോര്‍പ് കൊല്ലപ്പെടുന്നത്. ആരായിരിക്കും ഈ മരണത്തിനുത്തരവാദി? വളരെ സങ്കീര്‍ണ്ണമായ കഥാപശ്ചാത്തലമൊരുക്കിക്കൊണ്ടാണ് അഗതാ ക്രിസ്റ്റി ഇതേക്കുറിച്ചുള്ള നമ്മുടെ ഊഹങ്ങളെ വഴിതെറ്റിക്കുന്നത്. വിരലടയാളങ്ങള്‍, കാല്‍പ്പാടുകള്‍, സന്ദര്‍ശകര്‍..ആരേയും ഒഴിവാക്കാനാവാത്ത സ്ഥിതി. എമിലി ഇംഗിള്‍തോര്‍പ്പിന്‍റെ പൂട്ടിക്കിടക്കുന്ന കിടപ്പുമുറിയില്‍നിന്നും ഉയരുന്ന നിലവിളിയോടെയാണ് കഥാഗതി മാറുന്നത്. മുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് അകത്തുകയറുന്നവര്‍ കാണുന്നത് കിടക്കയില്‍ പ്രാണവേദനയോടെ ഞെരിപിരികൊള്ളുന്ന ഇംഗിള്‍തോര്‍പ്പിനേയാണ്. തുടര്‍ന്ന് ഉപ്പൂറ്റികള്‍ക്കിടയിലേക്ക് തലതിരുകിവെയ്ക്കുന്നതരത്തില്‍ കുനിഞ്ഞുവളഞ്ഞ അവസ്ഥയില്‍ അവര്‍ ജീവന്‍ വെടിയുന്നു. മരണത്തിലെ ഈ അസ്വാഭാവികതയാണ് ഒരു കുറ്റാന്വേഷകനെ രംഗത്തെത്തിക്കുന്നത്. പക്ഷേ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം വായനക്കാരോട് പറയുന്നത് ഒരു പട്ടാളക്കാരനാണ്. ആര്‍തര്‍ ഹേസ്റ്റിങ്സ് എന്നു പേരുള്ള ഇയാള്‍ ഇംഗിള്‍തോര്‍പ്പിന്‍റെ വസതിയില്‍ത്തന്നെയാണ് താമസിക്കുന്നത്. ഷെര്‍ലക്ഹോംസ് കഥയിലെ ഡോ. വാട്സണിന്‍റെ പ്രതിരൂപമായാണ് അഗതാക്രിസ്റ്റി ആര്‍തര്‍ ഹേസ്റ്റിങ്സിനെ അവതരിപ്പിക്കുന്നത്. ഹേസ്റ്റിങ്സാണ്  കേസന്വേഷണത്തില്‍ ഡിറ്റക്ടീവായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്‍റെ സഹായിയായി മാറുന്നത്. ക്രിസ്റ്റിയുടെ മറ്റ് നോവലുകളിലും ഈ ബന്ധം ഇവര്‍ തുടരുന്നുണ്ട്. മരണം വിഷപ്രയോഗത്തിലൂടെയാണെന്ന് ഉറപ്പിക്കപ്പെടുന്നു. അതോടൊപ്പം മരണത്തിനു മുമ്പുള്ള പ്രത്യേകമായ ശാരീരികചേഷ്ടകള്‍ വിഷം സ്ട്രൈയ്ക്നിന്‍ (Strychnine) ആയിരിക്കാനുള്ള സാധ്യതയിലേക്കും വിരല്‍ചൂണ്ടുന്നു. പ്രക്യതിയില്‍ കാണുന്ന ഉഗ്രവിഷങ്ങളിലൊന്നായ ഇത് സ്ട്രൈയ്ക്നോസ് നക്സ്വൊമിക്ക (Strychnos nux-vomica) എന്ന ശാസ്ത്രീയനാമമുള്ള മരത്തിന്‍റെ വിത്തുകളിലാണ് കാണപ്പെടുന്നത്. 'വൊമിറ്റ് ബട്ടണുകള്‍' എന്നറിയപ്പെടുന്ന ഈ വിത്തുകള്‍ക്കുള്ളിലെ സ്ട്രൈയ്ക്നിന്‍വിഷം, ആല്‍ക്കലോയിഡ് എന്ന സസ്യജന്യരാസസംയുക്തങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതും പരല്‍ഘടനയുള്ളതുമാണ്. څകടുത്ത കയ്പ്പുരസത്തിലൂടെ ഓക്കാനം വരുത്തുന്നത്چ എന്ന സൂചനനല്‍കുന്നതാണ് ഈ പേരെങ്കിലും  സ്ട്രൈയ്ക്നിന്‍വിഷത്തിന്‍റെ യഥാര്‍ത്ഥസ്വരൂപം ഇതിലും ഭീകരമാണ്. നാഡീവിഷമായ ഇത് ചലനപേശികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന നാഡി കളെയാണ് ബാധിക്കുന്നത്. ഒരു നാഡീകോശത്തില്‍നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ കടന്നുപോകാന്‍ സഹായിക്കുന്ന സവിശേഷരാസസംയുക്തങ്ങളേയും അതു ബാധിക്കും അതായത് ന്യൂറോട്രാന്‍സ്മിറ്ററുകളെ. ഉയര്‍ന്ന ഡോസുകളില്‍ അത് പേശീചലനങ്ങളെ അനിയന്ത്രിതമാക്കും. അതായിരുന്നു ഇംഗിള്‍തോര്‍പ്പിന്‍റെ മരണലക്ഷണങ്ങളായിക്കണ്ടത്. എന്നാല്‍, അഗതാ ക്രിസ്റ്റി ഈ നോവല്‍ എഴുതുന്ന സമയത്ത് സ്ട്രൈയ്ക്നിന്‍വിഷം അത്ര പ്രശസ്തമായിരുന്നില്ല. 1954ല്‍ റോബേര്‍ട്ട് വുഡ്വേര്‍ഡ് (Robert Woodward) എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ അത് ക്യത്രിമമായി സ്യഷ്ടിക്കുന്നതുവരെ അതിന്‍റെ വിഷസ്വഭാവത്തെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. പതിനേഴാം നൂറ്റാണ്ടുമുതല്‍ വിരയെ കൊല്ലാനുള്ള മരുന്നായാണ് യൂറോപ്പിലുടനീളം അത് ഉപയോഗിക്കപ്പെട്ടിരുന്നത്. നാഡീവ്യവസ്ഥയെ ചെറിയ അളവില്‍ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം അറിയാമായിരുന്നതുകൊണ്ട് ഉത്തേജക ഔഷധങ്ങളുടെ കൂട്ടത്തിലാണ് അതിനെ പെടുത്തിയിരുന്നതുപോലും.

ഇംഗിള്‍തോര്‍പ്പിന്‍റെ കാര്യത്തില്‍ കുറ്റവാളിക്ക് രക്ഷപ്പെടാന്‍ പക്ഷേ പിന്നേയും പഴുതുകളുണ്ടായിരുന്നു. മരിക്കുന്നതിനു മുമ്പുള്ള ഒരാഴ്ചയായി ഇംഗിള്‍തോര്‍ പ്പ് സ്ട്രൈയ്ക്നിന്‍ കലര്‍ന്ന ഒരു ടോണിക്ക് കഴിക്കുന്നുണ്ടായിരുന്നു. കാപ്പിയിലൂടെ അവര്‍ക്ക് വിഷം നല്‍കിയിരിക്കാം എന്നാണ് പോലീസ് സംശയിച്ചത്. പക്ഷേ, കാപ്പിപ്പാത്രം എല്ലാവര്‍ക്കും കാണാവുന്ന ഒരിടത്താണു വെച്ചിരുന്നത്. അതുകൊണ്ട് ആരെങ്കിലുമൊരാള്‍ കാണാതെ അതില്‍ വിഷംകലര്‍ത്തുക അസാധ്യമായിരുന്നു. മറ്റൊന്നുകൂടിയുണ്ടായിരുന്നു. വളരെ പെട്ട്ന്നെു പ്രവര്‍ത്തിക്കുന്ന ഒരു വിഷമാണ് സ്ട്രൈയ്ക്നിന്‍. മ്യഗങ്ങളില്‍ 30 മിനിട്ടുകള്‍ക്കുള്ളില്‍ അതിന്‍റെ ഫലം കാണും. മനുഷ്യരില്‍ 15 മിനിട്ടിനുള്ളിലും. പക്ഷേ, ക്രിസ്റ്റിയുടെ കഥയില്‍ പറയുന്നതനുസരിച്ചാണെങ്കില്‍ കാപ്പി കുടിച്ച് അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ മരണലക്ഷണങ്ങള്‍ കാണിക്കുന്നത്. അതുപോലെതന്നെ അത്ര രഹസ്യമായി പ്രയോഗിക്കാവുന്ന ഒരു വിഷവുമായിരുന്നില്ല സ്ട്രൈയ്ക്നിന്‍. മരണം സംഭവിക്കുന്നതിനുമുമ്പ് കാണിക്കുന്ന ഭയാനകമായ ശാരീരികചലനങ്ങള്‍ ഏതൊരാളിലും വിഷപ്രയോഗത്തെക്കുറിച്ച് സംശയമുണര്‍ത്തുന്നതായിരുന്നു. എങ്കിലും, വേശ്യകളെ വിഷംകൊടുത്ത് കൊല്ലാനായി സ്ട്രൈയ്ക്നിന്‍ ഉപയോഗിച്ച ഒരാള്‍ യഥാര്‍ത്ഥത്തില്‍ ലണ്ടന്‍നഗരത്തില്‍ ജീവിച്ചിരുന്നു. തോമസ് നെയില്‍ ക്രീം എന്നു പേരുള്ള ഇയാള്‍ 1890 കളിലായിരുന്നു ഈ കൊലപാതകങ്ങള്‍ നടത്തിയത്. അതുപോലെ ശിക്ഷ ഏറ്റുവാങ്ങിയ മറ്റൊരാളായിരുന്നു വില്ല്യം പാമര്‍. സ്ട്രൈയ്ക്നിന്‍ ഉപയോഗിച്ചായിരുന്നു തന്‍റെ നാലു മക്കളേയും സുഹ്യത്തിനേയും ഇയാള്‍ കൊലപ്പെടുത്തിയത്. ഇതില്‍ പാമറുടെ കേസില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ക്രിസ്റ്റി തന്‍റെ കഥയെഴുതിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്. എങ്കിലും സ്ട്രൈയ്ക്നിന്‍വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടിവരുന്ന സമയം നീട്ടിയെടുക്കുന്ന കാര്യത്തില്‍ പ്രവര്‍ത്തിച്ചത് ക്രിസ്റ്റിയുടെ സ്വന്തം ബുദ്ധിയും രസതന്ത്രജ്ഞാനവുമായിരുന്നു. ഡിറ്റക്ടീവായ ഹെര്‍ക്യൂള്‍ പൊയ്റോട്ടിന്‍റെ മുന്നിലേക്ക് പൊട്ടാസ്യം ബ്രോമൈഡിന്‍റെ ഒരു ഒഴിഞ്ഞ കുപ്പി വലിച്ചെറിഞ്ഞുകൊണ്ടാണ് ക്രിസ്റ്റി ഇത് സാധിക്കുന്നത്. ഉറക്കംവരുത്തുന്നതിനുള്ള മരുന്നായി അക്കാലങ്ങളില്‍ സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു പൊട്ടാസ്യം ബ്രോമൈഡ്. ഇംഗിള്‍തോര്‍പ്പ് കഴിച്ചിരുന്ന ടോണിക്കില്‍, അത് എന്തുചെയ്യുമെന്ന് അറിയാമായിരുന്ന ആരോ അത് കലര്‍ത്തിവച്ചു. സ്ട്രൈയ്ക്നിന്‍ അടങ്ങിയിരിക്കുന്ന ഒരു ലായനിയില്‍നിന്നും അതിനെ മാത്രമായി അടിയിപ്പിക്കാന്‍ കഴിയുന്നതായിരുന്നു പൊട്ടാസ്യം ബ്രോമൈഡ്. അതിലൂടെ കഴിച്ചിരുന്ന ടോണിക്കില്‍ വളരെ കുറഞ്ഞ അളവില്‍ വിലയംചെയ്യപ്പെട്ടിരുന്ന സ്ട്രൈയ്ക്നിന്‍ മുഴുവന്‍ ടോണിക്ക്ടിന്നിന്‍റെ അടിയിലായി ഉറഞ്ഞുകൂടി. അവസാനത്തെ ഡോസ് എന്ന നിലയില്‍ ടിന്‍ കാലിയാക്കിക്കഴിച്ച ദിവസം അടിയിലടിഞ്ഞ വിഷം മുഴുവന്‍ ഒറ്റ മാത്രയായി ഇംഗിള്‍തോര്‍പ്പിന്‍റെ ശരീരത്തിലേക്കെത്തി. അവര്‍ മരിച്ചു. തീര്‍ച്ചയായും പൊട്ടാസ്യം ബ്രോമൈഡിന്‍റെ ഈ സ്വഭാവവിശേഷത്തെക്കുറിച്ച് അറിവുണ്ടായിരുന്ന ഒരാളായിരിക്കും ഇത് ചെയ്തതെന്നത് വ്യക്തമാണല്ലോ. ക്രിസ്റ്റി പറഞ്ഞുകൊടുത്ത പ്ളാനനുസരിച്ച് അതു ചെയ്തത് ആരാണെന്ന് നോവല്‍ പിന്നീട് വ്യക്തമാക്കുന്നുണ്ട്. അപ്പോത്തിക്കരി സൊസൈറ്റിയില്‍ അംഗത്വമെടുക്കാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന ഒരാള്‍ തന്‍റെ മേശപ്പുറത്തും വീട്ടിലുമായി ഉപേക്ഷിച്ചുപോയ കുറിപ്പുകളില്‍നിന്നുമാണ് തനിക്ക് ഈ വിഷതന്ത്രം രൂപപ്പെടുത്താനായതെന്ന് അഗതാ ക്രിസ്റ്റി പിന്നീടൊരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ട്. എന്തായാലും ഒരു അഗതാക്രിസ്റ്റി നോവെല്ലയ്ക്കാവശ്യമായ  എല്ലാ ചേരുവകളുമുള്ള സ്യഷ്ടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രസിദ്ധീകരിക്കപ്പെട്ട കാലത്തുതന്നെ ദ മിസ്റ്റീരിയസ് അഫെയര്‍ അറ്റ് സ്റ്റൈല്‍സ്-പത്രങ്ങളില്‍പ്പോലും വാര്‍ത്തയാവുകയുണ്ടായി. ഔഷധശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ജേണലില്‍പ്പോലും അതേക്കുറിച്ച് പരാമര്‍ശമുണ്ടായിട്ടുണ്ട്. ഒരു എഴുത്തുകാരി എന്ന നിലയ്ക്കുള്ള ഏറ്റവും ചിരസ്ഥായിയായുള്ള ഒരു അവസ്ഥയിലേക്ക് സ്വയം അവരോധിക്കപ്പെടാനും ആദ്യ പുസ്തകത്തിന്‍റെ വിജയം അഗതയെ സഹായിച്ചു.

1928-ലാണ് അര്‍ച്ചിബാള്‍ഡ് വിഹാഹമോചനംനേടി പിരിഞ്ഞത്. കുഞ്ഞിന്‍റെ സംരക്ഷണം അഗതയ്ക്ക് വിട്ടുകൊണ്ടാണ് അയാള്‍ പോയത്. അഗതാ ക്രിസ്റ്റിയുടേതായി തുടര്‍ന്നു പ്രസിദ്ധീകരിക്കപ്പെട്ട അഞ്ചു നോവലുകള്‍ ആടിയുലഞ്ഞുകൊണ്ടിരുന്ന ദാമ്പത്യകാലത്താണ് അവര്‍ എഴുതിയത്. ചില കഥാസമാഹാരങ്ങളും. ഇതൊക്കെയും വായനാലോകത്ത് വലിയ കോളിളക്കങ്ങള്‍ സ്യഷ്ടിച്ചുകൊണ്ടാണ് ഇതൊക്കെയും വായിക്കപ്പെട്ടത്. ഒരു അഗതാ ക്രിസ്റ്റി നോവല്‍ എന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് അതില്‍നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്നതിന് വായനക്കാരുടെ മനസില്‍ത്തന്നെ ചില മാനദണ്ഢങ്ങള്‍ സ്യഷടിക്കപ്പെടാന്‍ ഈ ആദ്യകാല രചനകള്‍ക്കു കഴിഞ്ഞു. മുമ്പ്, അമ്മയോടൊപ്പം ഒഴിവുകാലം ചിലവഴിച്ച ഒരോര്‍മ്മയില്‍ കെയ്റോ നിറഞ്ഞുനിന്നിരുന്നു. മരിച്ചവര്‍ക്കുവേണ്ടി, അവര്‍ എന്നെങ്കിലും തിരിച്ചുവന്നാല്‍ തങ്ങാനുള്ള താല്‍ക്കാലികഇടങ്ങളായി മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന പിരമിഡുകള്‍. അവിടേയ്ക്കു പോകുവാന്‍, അവയെ ഒന്നുകൂടി കാണുവാന്‍ മനസുതുടിച്ച അഗത അങ്ങോട്ടേയ്ക്കു പോയി. അവിടെവച്ച് ആര്‍ക്കിയോളജിയിലെ താല്‍പ്പര്യം ഒരാളെ അഗതയുടെ മുന്നിലെത്തിച്ചു. സര്‍ മാക്സ് മല്ലോവന്‍ (Sir Max Mallowan).  ആര്‍ക്കിയോളജിസ്റ്റായിരുന്ന ഇദ്ദേഹത്തെക്കുറിച്ച് പിന്നീടൊരിക്കല്‍ അഗത ഇങ്ങനെ പറഞ്ഞിട്ടുണ്ട്: നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല ഭര്‍ത്താവ് ഒരു ആര്‍ക്കിയോളജിസ്റ്റായിരിക്കും. കാരണം അയാള്‍ക്ക് പുരാവസ്തുക്കളോടാണ് താല്‍പ്പര്യം. നിങ്ങള്‍ക്ക് പ്രായമേറുന്നതനുസരിച്ച് അയാള്‍ക്ക് നിങ്ങളോടുള്ള താല്‍പ്പര്യം കൂടിവരും! 1930ല്‍ അഗത സര്‍ മാക്സ് മല്ലോവനെ വിവാഹം കഴിച്ചു. തന്നെ വൈന്‍ കുടിക്കാന്‍ പഠിപ്പിച്ചതും എഴുത്തിന്‍റെ ചെറിയ ഇടവേളകളില്‍ അല്‍പ്പം പുകയെടുക്കാന്‍ പഠിപ്പിച്ചതും മാക്സ് ആയിരുന്നുവെന്ന് തന്‍റെ ആത്മകഥയില്‍ അഗതാ പറയുന്നുണ്ട്. മാക്സുമൊരുമിച്ച് നടത്തിയ ദീര്‍ഘയാത്രകള്‍ക്കിടയില്‍നിന്നാണ് മധ്യപൂര്‍വ്വദേശം പശ്ചാത്തലമായുള്ള ചില നോവലുകള്‍ അവര്‍ എഴുതിയത്. ഉദാഹരണമായി മര്‍ഡര്‍ ഓണ്‍ ദ ഓറിയന്‍റ് എക്സ്പ്രസ് (Murder on the Orient Express).  ഇസ്താംബുള്ളിലെ സതേണ്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പെരാ പാലസ് ഹോട്ടലിലെ ഒരു മുറിയില്‍ താമസിക്കുന്നതിനിടെയാണ് അവര്‍ ഇതെഴുതിയത്.

ക്രിസ്റ്റിയുടെ നോവലുകളില്‍ ദുരൂഹതയുണര്‍ത്തുന്ന പുകക്കുഴലുകളും ഇഴപിരിയുന്ന ഇടനാളികളും ഇരുട്ടുമുറികളുമായി നിറയുന്ന ഗ്യഹചിത്രണങ്ങള്‍ ഉപജീവിക്കുന്നത് 1938 മുതല്‍ ഡെവോനിലെ ഗ്രീന്‍വേ എസ്സ്റ്റേറ്റില്‍ അവര്‍ താമസത്തിനായി വാങ്ങിയ ബംഗ്ളാവിനെയാണ്. ഈ കെട്ടിടം ഇപ്പോള്‍ ഒരു ദേശീയസ്മാരകമാണ്. ചെഷയറിലുള്ള ഒരു ചെറിയ വീട്ടിലെ താല്‍ക്കാലികതാമസവും ചില കഥകളില്‍ തനിയാവര്‍ത്തനമാവുന്നുണ്ട്. ദ അഡ്വഞ്ചര്‍ ഓഫ് ദ ക്രിസ്മസ് പുഡി (Adventure of the Christmas Pudding)ങും ആഫ്റ്റര്‍ ദ ഫുനെറ (After the Funeral)ലും. അതുപോലെ, രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കടന്നുപോക്ക് അഗതയുടെ ജീവിതത്തിലെന്നപോലെ ക്യതികളിലും പ്രതിഫലിച്ചുകാണാം. ലണ്ടനിലെ ഒരു ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റ് ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്ന സമയത്താണ് താലിയം എന്ന വിഷത്തെക്കുറിച്ച് അവര്‍ അറിയുന്നത്. താലിയം ഉള്ളില്‍ച്ചെല്ലുന്ന ഒരാള്‍ സ്വാഭാവികമായ രോഗലക്ഷണങ്ങളോടെയാണ് മരിക്കുകയെങ്കിലും തലയില്‍നിന്നും അമിതമായി പൊഴിഞ്ഞുപോവന്ന മുടി അത് വെളിപ്പെടുത്തുമെന്ന് അഗത മനസിലാക്കുന്നത് ഇവിടെ വെച്ചാണ്. ഹോസ്പിറ്റലിലെ ചീഫ് ഫാര്‍മസിസ്റ്റ് ആയിരുന്ന ഹരോള്‍ഡ് ഡേവിസ് രഹസ്യമായി വെളിപ്പെടുത്തിയ ഈ വസ്തുത പ്രമേയമായി വരുന്നതാണ് 1961ല്‍ പ്രസിദ്ധീകരിക്കപ്പെടുകയും അതിപ്രശസ്തി നേടകയും ചെയ്ത ദ പെയില്‍ ഹൗസ് (The Pale House).  എന്നാല്‍, യുദ്ധകാലജീവിതംമൂലം ചെറുതല്ലാത്ത ഒരു അപവാദത്തിലേക്കും അഗതാ ക്രിസ്റ്റി വലിച്ചിഴയ്ക്കപ്പെടുകയുണ്ടായിട്ടുണ്ട്. 1941ലെഴുതിയ എന്‍ ഓര്‍ എം (N or Mഎന്ന കഥയാണ് കുഴപ്പമായത്. യുദ്ധസന്ദേശങ്ങളിലെ കോഡുരൂപങ്ങളെ വേര്‍തിരിച്ചെഴുതുന്നതും അതീവരഹസ്യമായി പ്രവര്‍ത്തിച്ചിരുന്നതുമായ   ബ്ളെറ്റ്ചിലി പാര്‍ക്കി (Bletchley Park)ല്‍ അഗതാ ക്രിസ്റ്റിക്കുവേണ്ടി രഹസ്യംചോര്‍ത്താന്‍ ആളുണ്ടായിരുന്നു എന്ന ആരോപണമായിരുന്നു അത്. ബ്രിട്ടീഷ് ഇന്‍റലിജെന്‍സ് ഏജന്‍സിയായ എം15 ഒരു വര്‍ഷത്തോളം ഇതേക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. പിന്നീട് കമാന്‍ഡര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എംപെയര്‍ അടക്കമുള്ള ഔദ്യോഗികമുദ്രകള്‍ അഗതാ ക്രിസ്റ്റിയെ തേടിയെത്തിയെങ്കിലും ഭാവനയുടെ അപഥസഞ്ചാരങ്ങളുടെ പേരില്‍ ഒരു കഥാകാരി മുറിപ്പെടുന്നത് വേദനിപ്പിക്കുന്നതായിരുന്നു. വായനക്കാര്‍ അതുമറന്നുവെങ്കിലും അഗതാ ക്രിസ്റ്റിയുടെ പിന്നീടുള്ള എഴുത്തുകാലം അത്ര പുഷ്കലമായി മുന്നോട്ടുപോയില്ല. അവസാനകാലങ്ങളില്‍ അല്‍ഷിമേഴ്സെന്നോ മറ്റോ വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ഓര്‍മ്മത്തെറ്റുകള്‍ അഗതാ ക്രിസ്റ്റിയെ ബാധിച്ചിരുന്നതായി ചില മെഡിക്കല്‍രേഖകള്‍ പറയുന്നു. 1976 ജനുവരി 12ന്  അവര്‍ മരിച്ചു.

റിവേഴ്സ് മോഡേണിസം

അഗതാ ക്രിസ്റ്റിയുടെ കഥാലോകം, ജടിലമെന്നു തോന്നിച്ചേക്കാവുന്ന അതിന്‍റെ കഥനരീതിയ്ക്കുപരിയായി സാഹിത്യവിമര്‍ശകരുടെ പ്രത്യേകപരാമര്‍ശത്തിന് വിധേയമായിട്ടുള്ളത് മോഡേണിസം (Medernism) എന്ന സാഹിതീസരണിയുമായി ഇഴചേര്‍ന്നുള്ള അതിന്‍റെ ആവിഷ്കരണപുതുക്കങ്ങളിലൂടെയാണ്. മോഡേണിസത്തിന്‍റേതായ ചില രീതിശാസ്ത്രങ്ങള്‍ കടമെടുക്കുന്നതിലൂടെ ജനപ്രിയതയുടെ  പൊതുഇടങ്ങളില്‍മാത്രം പരസ്പരം സംവദിക്കുന്ന ഈ സമാന്തരതകള്‍ക്ക് അതിന്‍റേതായ വ്യക്തിത്വഭാവങ്ങള്‍ പകരാന്‍ അഗതാ ക്രിസ്റ്റിക്ക് കഴിഞ്ഞു. മോഡേണിസം, സൗവര്‍ണ്ണമെന്നു കരുതപ്പെടുന്ന അതിന്‍റെ തുടര്‍കാലങ്ങളിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന കാലത്താണ് അഗതാക്രിസ്റ്റി 'പോയിസണേഴ്സ് പെന്' എന്ന പേരില്‍ പ്രശസ്തമായ തന്‍റെ തൂലികയുമായി എഴുതാനിരിക്കുന്നത്. എനിക്ക് ഒരു ചെറിയ പളുങ്കുപാത്രത്തില്‍ അല്‍പ്പം വിഷദ്രാവകം തരൂ..ഞാന്‍ അതിനെ ഒരു കഥയാക്കിമാറ്റാം എന്നുള്ള വാക്കുകളിലൂടെ സ്വയംവിമര്‍ശിക്കാനും ഒരുവേള അവര്‍ തയ്യാറായിരുന്നു. ഏറ്റവും മടുപ്പിക്കുന്നതായ എന്‍റെ ഏകാന്തതയും മരണമെന്ന ഒളിനോട്ടക്കാരനുനേരെ ഒരുക്കിവെച്ച ഒരു കോപ്പ വിഷവുമായിരുന്നു തന്‍റെ എഴുത്തുകളില്‍ അവര്‍ നിറച്ചുവെച്ചത്. ലോകം മുഴുവന്‍ ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുവാനും ജീവിതത്തിന്‍റെ ചലനങ്ങള്‍ക്ക് മരണവേദനയുടെ ചടുലതകള്‍കൊണ്ട് പ്രതിരൂപമുണ്ടാക്കാനും അഗതാക്രിസ്റ്റിക്ക് കഴിഞ്ഞു. സ്വന്തം മുറിയില്‍ ഏകനായിരിക്കുന്ന എഴുത്തുകാരന്‍ തന്‍റെ സ്വപ്നങ്ങളുടെ ഘാതകര്‍ക്കുവേണ്ടിയുള്ള ലോകമാണ് സ്യഷ്ടിക്കുന്നതെന്ന പറച്ചിലിന് അഗതാക്രിസ്റ്റിയുടെ തൂലികാചിത്രങ്ങളില്‍ അതിന്‍റേതായ വീണ്ടെടുക്കലുകള്‍ കാണാം. ഒറ്റയൊറ്റയായി ചിതറിപ്പോവുന്ന ലോകങ്ങളെക്കുറിച്ചു പറയുവാനും പരിതപിക്കുവാനും ശ്രമിച്ച ഇലിയറ്റ് (T. S. Eliot), വിര്‍ജീനിയ വുള്‍ഫ് (Virginia Woolf) തുടങ്ങിയവരുടെ സര്‍ഗലോകങ്ങള്‍ക്ക് സമാന്തരമായി തനതു മാത്യകകളുടേതായ തന്‍പോരിമ സ്യഷ്ടിക്കാന്‍ അഗതാ ക്രിസ്റ്റിക്ക് കഴിഞ്ഞു. വേറിട്ടുനില്‍ക്കുക, അല്ലെങ്കില്‍ ഒറ്റപ്പെടുക എന്നതിന് ഫ്രോയിഡിന്‍റേതായ മനോവിശകലനസൂക്തങ്ങളില്‍ നിബന്ധിച്ച വിശദീകരണക്കുറിപ്പുകളുമായാണ് മോഡേണിസ്റ്റുകള്‍ വന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, മനുഷ്യനെ ഇത്രമേല്‍ യന്ത്രസമാനനാക്കി മാറ്റിയ ഘടികാരവടിവിന്‍റെ കാലത്താണ് മോഡേണിസ്റ്റുകള്‍ തന്നിലേക്കുതന്നെ തിരിഞ്ഞുനോക്കിക്കൊണ്ട് യാഥാര്‍ത്ഥ്യമെന്ന തുരുത്തുകളിലേക്ക് സ്വയം നടന്നുപോയത്. എന്നാല്‍, കലാപവും വെളിച്ചവും കൊലയും സ്വാര്‍ത്ഥതയുമുള്ള കുറ്റാന്വേഷണകഥകള്‍ക്ക് വെറുംനേരംകൊല്ലികളെന്ന ആത്മാലാപത്തില്‍നിന്നുവേറിട്ട സ്വത്വം സ്യഷ്ടിച്ച എഡ്ഗാര്‍ അലന്‍ പോ (Edgar Allan Poe)യുടേയും മറ്റും അരങ്ങുവാഴലിന് അതിനേക്കാള്‍ പഴക്കമുണ്ടായിരുന്നു. 1862ല്‍ പ്രസിദ്ധീക്യതമായ ദ മര്‍ഡേര്‍ഴ്സ് ഇന്‍ റ്യൂമോര്‍ഗ് (The Murders in Rue Morgueഎന്ന കഥയിലാണ് തന്‍റെ ഡിറ്റക്ടീവായ അഗസ്റ്റ് ഡ്യൂപിനെ (Auguste Dupin) അലന്‍പോ ആദ്യമായി അവതരിപ്പിക്കുന്നത്. ഇതുകഴിഞ്ഞ് എകദേശം 50 വര്‍ഷത്തിനുശേഷമാണ് വിപരീതവ്യക്തിത്വങ്ങള്‍ സംബന്ധമായ തന്‍റെ പ്രശസ്തമായ പ്രബന്ധം സിഗ്മണ്‍ട് ഫ്രോയിഡ് അവതരിപ്പിക്കുന്നത്. ഏകാന്തതയും ഒറ്റപ്പെടലും മുഖ്യവിഷയങ്ങളാവുന്ന ആ പ്രമേയത്തിന്‍റെ പരിണാമസ്വരൂപങ്ങളുമായി ഇലിയറ്റും വിര്‍ജീനിയ വുള്‍ഫും ഏറെ മുന്നോട്ടുപോകുന്നതിനിടെ അതിന്‍റെ മധ്യകാലത്തുനിന്നുകൊണ്ട് വീണ്ടും അലന്‍പോയിലേക്ക് യാത്രചെയ്യാനാണ് അഗതാ ക്രിസ്റ്റി ശ്രമിച്ചത്. ഇതിലൂടെ ഫ്റോയിഡ്വാദികളുടെ ആധുനികതയ്ക്ക് കാലികമായ ഒരു വിപര്യയം (“Reverse Modernism”) സ്യഷ്ടിക്കുകയായിരുന്നു അഗതാക്രിസ്റ്റിയെന്ന് പാശ്ചാത്യവിമര്‍ശകര്‍ പറയുന്നു.

ഷീ ഡിറ്റക്ടീവ്

സാഹിത്യലോകത്തില്‍ ഇന്നുവരെയുണ്ടായിട്ടുള്ള ഡിറ്റക്ടീവുകളില്‍വച്ച് ഒരു വലിയ പ്രത്യേകത അവകാശപ്പെടാനാവുന്ന ഒരു ഡിറ്റക്ടീവിനേയും അഗതാ ക്രിസ്റ്റി  സ്യഷ്ടിച്ചിട്ടുണ്ട്. മിസ് മേപ്പിള്‍ (Miss Marple)! പേരു സൂചിപ്പിക്കുന്നതുപോലെ ഒരു വനിതയായിരുന്ന ഇവരെ പുരുഷന്‍മാര്‍ അവരുടേതെന്നു മാത്രമായി കരുതിയിരുന്ന മേഖലകളിലൊന്നിലെ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്നായിത്തന്നെയാണ് അഗതാ ക്രിസ്റ്റി അവതരിപ്പിച്ചത്. 1930ല്‍ പുറത്തുവന്ന മര്‍ഡര്‍ അറ്റ് വികാരേജ് (The Murder at the Vicarageഎന്ന കഥയിലാണ് മിസ് മേപ്പിള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. നല്ല ഉയരമുള്ള, ആകാരത്തിന്‍റെ അളവുകോലന്നെപോലെ ബുദ്ധിവൈഭവവമുള്ള, നീലക്കണ്ണുകളുള്ള ഒരു സുന്ദരിയായാണ് മിസ് മേപ്പിള്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. മുഖത്തേക്ക് വാര്‍ന്നുവീഴുന്ന വെളുത്ത മുടിച്ചുരുളുകളാണ് പരിചയസമ്പന്നതയുടെ നിദാനങ്ങളെന്നപോലെ ഒരു ഡിറ്റക്ടീവിന്‍റെ പ്രൗഡിയും അപ്രമാദിത്വവും അവര്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ഒരു ഗ്രാമത്തില്‍ ജനിച്ച, ഗ്രാമീണസ്ത്രീകളുടെ എല്ലാ കുശാഗ്രബുദധിയും ഒത്തൊരുമിക്കുന്ന, പലകാരണങ്ങളാലും വിവാഹം നീണ്ടുപോയ ഒരു അവിവാഹിതയാണ്, അഗതാ ക്രിസ്റ്റി നല്‍കുന്ന ഫിക്ഷണല്‍ ബയോഗ്രാഫിയനുസരിച്ച് മിസ് മേപ്പിള്‍. ഏറ്റവും അസ്വാഭാവികമായത് വിശ്വസിക്കുകയെന്ന ഗ്രാമ്യകുതൂഹലംകൂടി മിസ് മേപ്പിളില്‍ അന്തര്‍ലീനമായിട്ടുണ്ട്. ഷെര്‍ലക്ഹോംസ് തന്‍റെ ഒഴിവുസമയങ്ങളില്‍ ചിത്രശലഭങ്ങളേയും വണ്ടുകളേയും ശേഖരിച്ചതുപോലെ മിസ് മേപ്പിളിനായി കല്‍പ്പിച്ച്നല്‍കപ്പെട്ടിരിക്കുന്ന ഹോബിയാണ് പക്ഷിനിരീക്ഷണം. അഗതാക്രിസ്റ്റിയുടെതന്നെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍: She had an almost frightening accuracy, usually proved right. ദ മര്‍ഡര്‍ ഓഫ് റോജര്‍ ആര്‍ക്ക്യോര്‍ഡ്  (The Murder of Roger Arkroyd), .എ മര്‍ഡര്‍ ഈസ് അനൗണ്‍സ്ഡ് (A murder Is Announced), എ പോക്കറ്റ് ഫുള്‍ ഓഫ് റൈ (A Pocket Full of Rye) എന്നിവയാണ് മിസ് മേപ്പിള്‍ പ്രത്യക്ഷപ്പെടുന്ന പ്രശസ്തമായ മറ്റു ക്യതികള്‍..