ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാലസാഹിത്യക്യതികളിലൊന്നായ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ 160ാം വാർഷികമായിരുന്നു 2025. സാധാരണയായി ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് എന്നാണ് നമ്മള്‍ പറയാറുള്ളതെങ്കിലും Alice’s Adventures in Wonderland എന്നതായിരുന്നു പുസ്തകത്തിന്‍റെ യഥാര്‍ത്ഥ പേര്. 1865ലാണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ ഔട്ട് ഓഫ് പ്രിന്‍റ്ആ യിട്ടില്ല എന്നതാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ലൂയിസ് കാരൊള്‍ (Lewis Carroll) എന്ന ഗണിതശാസ്ത്രജ്ഞന്‍ ആണ് ഇതെഴുതിയത് എന്നതാണ് മറ്റൊരു അതിശയം! കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടെയില്‍ 170 ഭാഷകളിലേക്ക് ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് വിവര്‍ത്തനം ചെയ്യപ്പെട്ടു. എത്ര നാടകരൂപാന്തരങ്ങള്‍ ഇതിനുണ്ടായി എന്നതിന് കണക്കില്ല! വെള്ളിത്തിരയില്‍ത്തന്നെ അനവധി പതിപ്പുകള്‍ വന്നു. ടെലിവിഷനുവേണ്ടിയുള്ള രൂപപ്പെടുത്തലുകള്‍ വേറേയും! മനുഷ്യസംസ്ക്യതിയുടേയും സംസ്കാരത്തിന്‍റേയും പ്രതിരൂപമായിത്തന്നെ കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ട ഈ ലഘുനോവല്‍ മാറി എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. മുതിര്‍ന്നവരെ സംബന്ധിച്ചിടത്തോളം ഇത് “non-sense genre”- യില്‍ പെടുന്ന ഒരു പുസ്തകമാണ്. സാഹിത്യക്യതിയാണ്. എന്നാല്‍ കുട്ടികളെ സംബന്ധിച്ചിടത്തോളം ഇത് അതിരില്ലാത്ത, വിലക്കുകളില്ലാത്ത ഭാവനാലോകമാണ്. അതേസമയം, ലോകമെമ്പാടുമുള്ള അനവധി എഴുത്തുകാരന്‍മാരേയും ചിത്രകാരന്‍മാരേയും തത്ത്വചിന്തകരേയും ഈ ചെറുനോവല്‍ സ്വാധീനിച്ചിട്ടുണ്ട്. ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ ഏറ്റവും വലിയ ആരാധകന്‍മാരിലൊരാളാ യിരുന്നു ബെര്‍ട്രന്‍ഡ് റസല്‍ (Bertrand Russell).
ഒരു നദീയാത്ര
1862 ജൂലൈ 4ലെ ബോട്ടുയാത്രക്ക് പിറ്റേദിവസം തന്നെ കാരൊള്‍ ആലീസിന്‍റെ കഥ പുതുതായി എഴുതാനാരംഭിച്ചു. എന്നാല്‍ ആ കൈയ്യെഴുത്ത് നഷ്ടമായി എന്നാണ് പറയുന്നത്. ഒരു മാസത്തിനുശേഷം ഓഗസ്റ്റില്‍ കാരൊള്‍ വീണ്ടും അതേ കുട്ടികളുമൊന്നിച്ച് ഒരു നദീയാത്ര കൂടി നടത്തി. കുട്ടികളോട് പഴയ കഥ പറഞ്ഞപ്പോള്‍ അവര്‍ ചോദിച്ച കാര്യങ്ങളേയും ഉള്‍ക്കൊള്ളിച്ച് പുതിയൊരു പതിപ്പ് തയ്യാറാക്കാന്‍ തീരുമാനിച്ചു. നവംബറില്‍ നോവല്‍ എഴുതാന്‍ തുടങ്ങി. മ്യഗങ്ങള്‍ കഥാപാത്രങ്ങളായി വരുന്നതുകൊണ്ട് തനിക്ക് മുന്‍പരിചയമില്ലാത്ത നാച്വറല്‍ ഹിസ്റ്ററിയുടെ മേഖലയില്‍ അല്‍പ്പം വായനയും ഗവേഷണവും വേണമെന്നു തോന്നി. ലിഡെലിന്‍റെ പെണ്‍മക്കളെക്കൂടാതെ മറ്റു ചില കുട്ടികളേയും നോവലിന്‍റെ പ്രാഥമികരൂപം അദ്ദേഹം കാണിച്ചിരുന്നു എന്നാണ് പറയുന്നത്. കൈയ്യെഴുത്തുപ്രതിയില്‍ സ്വന്തമായി വരച്ച ചിത്രങ്ങളും കാരൊള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അച്ചടിയിലേക്ക് പോയപ്പോള്‍ ഒരു പ്രൊഫഷണല്‍ ചിത്രകാരനെ ഏല്‍പ്പിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്നതാവും നല്ലതെന്ന് പ്രസാധകര്‍ ഉപദേശിച്ചു. തുടര്‍ന്നാണ് കാരൊള്‍ തന്നെ ജോണ്‍ ടാനിയേല്‍ (John Tenniel) എന്ന ചിത്രകാരനെ സമീപിച്ച് തന്‍റെ ഭാവനകള്‍ പകര്‍ത്താനാവശ്യപ്പെട്ടത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള രൂപങ്ങള്‍ സ്യഷ്ടിക്കാനാണ് അദ്ദേഹം പറഞ്ഞത്.
1864 നവംബര്‍ 26ന് Alice’s Adventures in Wonderland എന്ന തലക്കെട്ടോടുകൂടിയ കൈയ്യെഴുത്തു പ്രതി കാരൊള്‍ ബോട്ടുയാത്രയിലെ പെണ്‍കുട്ടികളിലൊരാളായ ആലീസ് പ്ളെസന്‍സിന് സമ്മാനിച്ചു. "A Christmas Gift to a Dear Child in Memory of a Summer's Day" എന്നാണ് അതില്‍ എഴുതിയിരുന്നത്. കാരൊള്‍ വരച്ച ചിത്രങ്ങളും കഥയിലുടനീളം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അതിനുമുമ്പേ പുസ്തകം അച്ചടിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ കാരൊള്‍ പൂര്‍ത്തിയാക്കിയിരുന്നു. 1863 ഒക്ടോബര്‍ 19ന് അദ്ദേഹം ലണ്ടനിലെ പ്രശസ്ത പ്രസാധകനായ അലക്സാണ്ടര്‍ മാക്മില്ലനെ കണ്ടുമുട്ടുകയും തന്‍റെ ആഗ്രഹം അദ്ദേഹത്തോട് പറയുകയും ചെയ്തു. തുടര്‍ന്ന് മാക്മില്ലന്‍ പബ്ളിഷേഴ്സ് 1864 ല്‍ത്തന്നെ അത് അച്ചടിച്ച് പ്രസിദ്ധീകരിക്കാനുള്ള സമ്മതം അറിയിച്ചു. പുസ്തകത്തിന്‍റെ ആദ്യ പതിപ്പ് സ്വന്തം ചെലവില്‍ത്തന്നെ അച്ചടിപ്പിച്ചുകൊള്ളാം എന്നതായിരുന്നു കാരൊളിന്‍റെ നിലപാട്. മറ്റുള്ളവരെ ആശ്രയിച്ചാല്‍ നോവലിന്‍റെ ഉള്ളടക്കത്തില്‍ കൈവെക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടതായിരുന്നു കാരണം. ചിത്രകാരന്‍മാരുമായുള്ള ഇടപെടലുകളും അദ്ദേഹം സ്വയമാണ് നിര്‍വ്വഹിച്ചത്. 1865 മേയില്‍ പുസ്തകത്തിന്‍റെ ഒരു സാമ്പ്വള്‍പേജ് കാരൊളിന് കിട്ടി. 1865 ജൂലൈയില്‍ 2,000 കോപ്പികളുമായി ആദ്യ എഡിഷന്‍ പുറത്തിറങ്ങി. റിച്ചാര്‍ഡ് ക്ളെ എന്ന കമ്പനിയായിരുന്നു മാക്മില്ലനുവേണ്ടി പുസ്തകം അച്ചടിച്ചത്.
ആദ്യപതിപ്പിന്‍റെ കുറച്ചു കോപ്പികള്‍ മാക്മില്ലന്‍ നേരിട്ടായിരുന്നു അച്ചടിച്ചത്. എന്നാല്‍ ഇതിലെ ചിത്രങ്ങള്‍ അച്ചടിക്കപ്പെട്ടതില്‍ പോരായ്മകളുണ്ടെന്ന് ചിത്രംവരച്ച ജോണ്‍ ടാനിയേല്‍ പരാതി പറഞ്ഞു. തുടര്‍ന്ന് അച്ചടി നിറുത്തിവെക്കുകയും കാരൊള്‍ തന്നെ പുതിയൊരു അച്ചടിക്കാരെ കണ്ടെത്തുകയും ചെയ്തു. 600 പൗണ്ട് ആയിരുന്നു റിച്ചാര്‍ഡ് ക്ളെ എന്ന കമ്പനി അച്ചടിച്ചെലവായി പറഞ്ഞത്. അത് മുഴുവനായിത്തന്നെ കാരൊള്‍ സ്വന്തം പോക്കറ്റില്‍ നിന്നും നല്‍കി. 1865 നവംബര്‍ 9ന് റിച്ചാര്‍ഡ് ക്ളെ അച്ചടിച്ച മനോഹരമായ കോപ്പി കാരൊള്‍ കൈപ്പറ്റി. കാരൊളിന്‍റെ നിര്‍ദ്ദേശപ്രകാരം ചുവന്ന പുറഞ്ചട്ടയായിരുന്നു അതിനുണ്ടായിരുന്നത്. അത് കുട്ടികള്‍ക്ക് കൂടുതല്‍ ഇഷ്ടമാവും എന്ന് കാരൊള്‍ കരുതി. അച്ചടിച്ച് പുറത്തുവന്ന പുസ്തകം കാരൊള്‍ ആലീസിന് സമ്മാനിച്ച കൈയ്യെഴുത്തുപ്രതിയുടെ ഇരട്ടിവലിപ്പം ഉള്ളതായിരുന്നു. 'ഭ്രാന്തമായ ഒരു ചായസല്‍ക്കാരം' (Mad Tea Party) എന്ന ഭാഗം പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു. 1865 ഡിസംബറില്‍ ക്രിസ്മസ് വിപണി ലക്ഷ്യമാക്കി പുതിയ പതിപ്പ് പുറത്തിറക്കി. അമേരിക്കന്‍ പ്രസാധകരായ ഡി. ആപ്പിള്‍ടണ്‍ ആന്‍റ് കമ്പനി (D. Appleton & Company) പുറഞ്ചട്ട മാത്രം മാറ്റി പുതിയ എഡിഷനും പുറത്തിറക്കി. എന്നാല്‍ ആലീസിന്‍റെ രൂപത്തില്‍ മാറ്റമൊന്നും വരുത്തിയില്ല.
അച്ചടിക്കപ്പെട്ട മുഴുവന്‍ കോപ്പികളും ഉടനടി വിറ്റുപോയി. 1886ല്‍ മാക്മില്ലന്‍ പുസ്തകത്തിന്‍റെ ഒരു ഫാക്സിമിലി പ്രസിദ്ധീകരിക്കുകയുണ്ടായി. കുട്ടികള്‍ക്കുവേണ്ടി എഴുതപ്പെട്ട പുതിയൊരു പുസ്തകം വില്‍പ്പനയില്‍ പുതിയ തരംഗമാവുന്നു എന്നത് വലിയ വാര്‍ത്തയായി. ഓസ്കാര്‍ വൈല്‍ഡിനെപ്പോലുള്ള സാഹിത്യകാരന്‍മാര്‍ ആലീസിന്‍റെ ആരാധകരായി മാറി. “No story in English literature has intrigued me more than Lewis Carroll's Alice in Wonderland” എന്നാണ് വാള്‍ട്ട് ഡിസ്നി ഇതേക്കുറിച്ച് പറഞ്ഞത്. സ്ക്കൂള്‍കുട്ടി ആയിരിക്കുമ്പോഴേ ഞാന്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ് വായിച്ചിരുന്നു എന്നും അദ്ദഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. വിക്ടോറിയ മഹാരാജ്ഞി പോലും പുസ്തകം വായിക്കുകയും കാരൊളിനെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടികള്‍ക്കുവേണ്ടി ഇത്രയും നന്നായി എഴുതുന്ന താങ്കള്‍ ഗണിതശാസ്ത്രത്തില്‍ പുതിയൊരു പ്രബന്ധം തയ്യാറാക്കണം എന്നൊരു നിര്‍ദ്ദേശവും രാജ്ഞി മുന്നോട്ടുവെച്ചു. എന്നാല്‍ കാരൊള്‍ ആ നിര്‍ദ്ദേശം സ്നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്. നോവലിന്‍റെ ആദ്യകാല വിവര്‍ത്തനങ്ങള്‍ തയ്യാറാക്കുന്നതിനാവശ്യമായ പരിഭാഷകരെ കാരൊള്‍ തന്നെയാണ് കണ്ടെത്തിയത്. പുസ്തകത്തിന്‍റെ മൂലരൂപം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ മാത്രമാണ് ഇപ്പോഴുള്ളത്.
കഥാസാരം
അപ്പോള്‍ വീണ്ടും വെള്ള മുയല്‍ അതുവഴി ഓടുന്നതു കണ്ടു. ധ്യതിയില്‍ മുയലിന്‍റെ കൈയ്യില്‍ നിന്നും ഒരു വീശറിയും രണ്ട് കൈയ്യുറകളും നിലത്തുവീണു. പക്ഷേ, മുയല്‍ ഇതറിയാതെ ഓടിക്കൊണ്ടിരുന്നു. വിശറിയെടുത്ത് വീശാന്‍ തുടങ്ങിയ ആലീസ് വീണ്ടും വളരെ ചെറുതായി. സ്വന്തം കണ്ണീരില്‍ത്തന്നെ നീന്തിനടക്കാന്‍ കഴിയുന്ന തരത്തില്‍ ചെറുതായിപ്പോയിരുന്നു അവള്‍. തുടര്‍ന്നുള്ള സഞ്ചാരത്തിനിടെ ആലീസ് പല മ്യഗങ്ങളേയും പക്ഷികളേയും പരിചയപ്പെട്ടു. അപ്പോള്‍ വീണ്ടും വെള്ള മുയല്‍ അവിടേക്ക് വന്നു. തന്‍റെ കളഞ്ഞുപോയ വീശറിയും കൈയ്യുറകളും തിരയുകയായിരുന്ന മുയല്‍ ആലീസിനെ കണ്ടപ്പോള്‍ തന്‍റെ വീട്ടുവേലക്കാരി യാണോ എന്ന് തെറ്റിദ്ധരിക്കുകയും തന്‍റെ വീട്ടില്‍പ്പോയി അവ കണ്ടെത്താന്‍ പറഞ്ഞു. മുയലിന്‍റെ വീട്ടിലെത്തിയ ആലീസ് വീണ്ടും ദ്രാവകം നിറഞ്ഞ ഒരു കുപ്പി കാണുകയും അത് കുടിക്കുകയും ചെയ്തു. അതോടെ പിന്നേയും വളരാന്‍ തുടങ്ങിയ ആലീസ് ആ വീട്ടിനുള്ളില്‍ കുടുങ്ങിപ്പോയി. ഇതറിഞ്ഞ മുയലും സമീപവാസികളും ചേര്‍ന്ന് അവളെ രക്ഷിക്കാന്‍ ശ്രമിച്ചു. അവര്‍ എറിഞ്ഞുകൊടുത്ത കേക്കിന്‍റെ കഷണങ്ങളിലൊന്നിനെ കഴിച്ചപ്പോള്‍ ആലീസ് വീണ്ടും പഴയ രൂപത്തിലായി. പക്ഷേ, വീടിനു പുറത്തുകടന്ന അവള്‍ കാട്ടിലേക്ക് ഓടിപ്പോവുകയാണ് ചെയ്തത്.
കാട്ടില്‍ അവള്‍ ഒരു ശലഭപ്പുഴുവിനെ കണ്ടുമുട്ടി. ഒരു കുമിളിന്‍റെ മുകളിലിരുന്ന് ഹുക്ക വലിക്കുകയായിരുന്ന ശലഭപ്പുഴു ആലീസിനോട് പല കാര്യങ്ങളും ചോദിച്ചു. തനിക്ക് എന്തോ സംഭവിച്ചിരിക്കുന്നു എന്ന് ആലീസിന് അപ്പോഴാണ് മനസിലായത്. അറിയാമായിരുന്ന പല കാര്യങ്ങളും ഇപ്പോള്‍ ഓര്‍മ്മിക്കാന്‍ കഴിയുന്നില്ല! പിരിയുംമുമ്പ് ശലഭപ്പുഴു ആലീസിനോട് ഒരു രഹസ്യം വെളിപ്പെടുത്തി. അവന്‍ ഇരുന്നിരുന്ന കുമിളിന്‍റെ ഒരുവശം കഴിച്ചാല്‍ വലിപ്പം വയ്ക്കും. മറുവശം കഴിച്ചാല്‍ ചെറുതാവും. അതുകേട്ട് കുമിളിനെ തിന്നാന്‍ തുടങ്ങിയ ആലീസിന് ശരിയായ വലിപ്പത്തിലെത്താന്‍ ആലീസിന് പലതവണ ശ്രമിക്കേണ്ടി വന്നു. ഇടയ്ക്കെപ്പൊഴോ അവളുടെ കഴുത്തിന്‍റെ നീളം മാത്രം കൂടിപ്പോയി. വ്യക്ഷത്തലപ്പുകള്‍ക്കിടയിലൂടെ ആലീസിന്‍റെ തല നീണ്ടുവരുന്നതു കണ്ട് ഒരു പ്രാവ് ആകെ പേടിച്ചു! ഒരു പാമ്പ് തന്നെ ആക്രമിക്കാന്‍ വരുന്നു എന്നാണ് പ്രാവ് കരുതിയത്. എങ്കിലും കുമിള്‍ കഴിക്കുന്നതിലൂടെത്തന്നെ അവസാനം ആലീസിന് ശരിയായ വലിപ്പത്തിലെത്താന്‍ കഴിഞ്ഞു.
കാട്ടിലൂടെ നടക്കുന്നതിനിടെ അവള്‍ ഒരു പ്രഭ്വിയുടെ വീട്ടില്‍ എത്തപ്പെട്ടു. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നതും ചെഷയര്‍ ഇനത്തില്‍പ്പെട്ടതുമായ ഒരു പൂച്ച അവിടെ ഉണ്ടായിരുന്നു. പ്രഭ്വി യുടെ കുട്ടിയെ പൂച്ച ആലീസിന് നല്‍കി. എന്നാല്‍ അപ്പോള്‍ അതൊരു പന്നിക്കുട്ടിയായി മാറി. ആലീസ് അതിനെ കാട്ടിലേക്ക് ഓടിരക്ഷപ്പെടാന്‍ അനുവദിച്ചു. ചെഷയര്‍ പൂച്ച വീണ്ടും പ്രത്യക്ഷപ്പെടുകയും ആലീസിനെ ഒരു ചായസല്‍ക്കാരം നടക്കുന്ന മരച്ചുവട്ടിലേക്ക് നയിക്കുകയും ചെയ്തു. മൂന്നുപേരാണ് അവിടെ ഉണ്ടായിരുന്നത്. ഒരു തൊപ്പിക്കാരന്‍ ചായക്കപ്പ് ഉയര്‍ത്തിക്കൊണ്ട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. പിന്നെയുള്ളത് ഒരുകാട്ടുമുയലും ഉറങ്ങിക്കൊണ്ടിരുന്ന ഒരു ചുണ്ടെലിയുമായിരുന്നു. അവിടെ എപ്പോഴും ആറുമണിയാണെന്നും അതിനാലാണ് അവര്‍ വൈകുന്നേരത്തെ ചായ ആസ്വദിക്കുന്നതെന്നുമാണ് തൊപ്പിക്കാരന്‍ ആലീസിനോട് പറഞ്ഞത്. അവര്‍ ചില കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അവര്‍ക്ക് ഒരിക്കലും കഴിയില്ല എന്ന് തോന്നി. ഉദാഹരണത്തിന് 'ഒരു കാക്ക എന്തുകൊണ്ടാണ് ഒരു എഴുത്തുമേശ ഇഷ്ടപ്പെടുന്നത്? ' അവര്‍ വെറുതേ പ്രാന്തുപറയുകയാണെന്ന് പറഞ്ഞ് ആലീസ് വേഗത്തില്‍ അവിടെ നിന്നും പോയി.
കാട്ടില്‍ അലയുന്നതിനിടെ ആലീസ് ഒരു മരത്തിന്‍റെ തടിയില്‍ ഒരു ചെറിയ വാതില്‍ കണ്ടു. അതിലൂടെ അകത്തുകടന്ന അവള്‍ വീണ്ടും താന്‍ മേശയുള്ള പഴയ മുറിയില്‍ എത്തിയിരിക്കുന്ന തായി കണ്ടു. മേശപ്പുറത്ത് ആ താക്കോല്‍ അപ്പോഴുമുണ്ടായിരുന്നു. അവള്‍ അതെടുത്ത് പൂന്തോട്ടത്തിലേക്ക് തുറക്കുന്ന ചെറിയ വാതില്‍ തുറന്നു. അപ്പോഴാണ് അതൊരു രാജ്ഞിയുടെ സദസ് ആണെന്ന് ആലീസിന് മനസിലായത്. ജീവനുള്ള ചീട്ടുകള്‍ ആയിരുന്നു രാജ്ഞിയുടെ അംഗരക്ഷകരായി നിന്നിരുന്നത.് അവിടെ ഒരു ക്രോക്കെ (Croquet) കളി നടക്കുന്നുണ്ടായിരുന്നു. മുള്ളന്‍പന്നിയെ ആണ് അവര്‍ പന്ത് ആയി ഉപയോഗിച്ചിരുന്നത്. ഫ്ളെമിംഗോ പക്ഷികളെ അടിച്ചുതെറിപ്പിക്കാനുള്ള നീളന്‍ ചുറ്റികയായും ഉപയോഗിക്കുന്നു. പടയാളികള്‍ ആയിരുന്നു വിക്കറ്റുകള്‍ (ഹൂപ്പുകള്‍). പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരിയായ രാജ്ഞി കളിയില്‍ തോല്‍ക്കുന്നവരുടെ തലവെട്ടാന്‍ തുടരെത്തുടരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അപ്പോള്‍ ചെഷയര്‍ പൂച്ച അവിടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ, തല അവളുടെ തല മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാജ്ഞി ഉടനടി പൂച്ചയുടെ തലവെട്ടാന്‍ ആജ്ഞാപിച്ചു.
പക്ഷേ, തല മാത്രമേ ഉള്ളൂ എന്നതിനാല്‍ വീണ്ടും തലവെട്ടുക അസാധ്യമാണെന്ന് ആരോ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി പൂച്ചയുടെ ഉടമസ്ഥയെ വിളിച്ചുവരുത്താന്‍ തീരുമാനമായി. പക്ഷേ, ഉടമസ്ഥയായ പ്രഭ്വി തടവറയില്‍ ആയിരുന്നു. പ്രഭ്വിയെ മോചിപ്പിച്ചാല്‍ പരിഹാരം അവര്‍ നിര്‍ദ്ദേശിക്കും എന്ന് ആലീസ് രാജ്ഞിയോട് പറഞ്ഞു. പ്രഭ്വി മേചിപ്പിക്കപ്പെട്ടുവെങ്കിലും അവര്‍ എല്ലാ കാര്യങ്ങളിലും നീതിയേത്, നീതിയല്ലാത്തതേത് എന്ന് ചൂണ്ടിക്കാട്ടാന്‍ തുടങ്ങി. അവസാനം തലവെട്ടും എന്ന ശാസനയോടെ രാജ്ഞി അവരെ പോകാനനുവദിക്കുകയായിരുന്നു. ആലീസ് പിന്നീട് പാട്ടുപാടി ന്യത്തംചെയ്യുന്ന രണ്ടുപേരെ കണ്ടെത്തി. അതിലൊരാള്‍ മോക്ക് ടര്‍ട്ടില്‍ എന്ന കടലാമ ആയിരുന്നു. മറ്റേത് ഗ്രിഫോണ്‍ എന്ന ചിറകുള്ള സിംഹരൂപിയും. ആലീസ് അവര്‍ക്ക് ന്യത്തംചെയ്യാനായി ഒരു കവിത പാടിക്കൊടുത്തു.
കവിതാലാപനം നടക്കുന്നതിനിടെ സിംഹരൂപി ആലീസിനെ പതുക്കെ അവിടെ നിന്നും മാറ്റിനിറുത്തി. കാരണം, അവിടെ അപ്പോള്‍ ഒരു കുറ്റവിചാരണ നടക്കുകയായിരുന്നു. രാജ്ഞിയുടെ വിശിഷ്ടഭോജ്യമായിരുന്ന ടാര്‍ട്ടുകള്‍ ആരോ മോഷ്ടിച്ചു. വെള്ള മുയല്‍ ആയിരുന്നു കുറ്റപത്രം വായിച്ചിരുന്നത്. കാട്ടുമുയലും ചുണ്ടെലിയുമായിരുന്നു സാക്ഷികള്‍. പക്ഷേ, യഥാര്‍ത്ഥ മോഷ്ടാവിലേക്കെത്താതെ കുറ്റം ആലീസിലേക്ക് തിരിഞ്ഞു. രാജ്ഞി ആലീസിന്‍റെ തലവെട്ടാന്‍ ആജ്ഞാപിച്ചു. എന്നാല്‍ തന്‍റെ നേരെ നീങ്ങിയ ഭടന്‍മാരോട് കയര്‍ത്തുകൊണ്ട് അവര്‍ വെറും ചീട്ടുപട്ടാളക്കാരാണെന്ന് ആലീസ് വിളിച്ചുപറഞ്ഞു. പക്ഷേ, അവര്‍ പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. അവര്‍ ആലീസിനെ നാലുപാടു നിന്നും വളയാനാരംഭിച്ചു. അപ്പോള്‍ ആലീസിനെ ആരോ കുലുക്കിവിളിച്ചു. നദീതീരത്തിരുന്ന് പകല്‍ക്കിനാവ് കണ്ട ആലീസ് ഉറങ്ങിപ്പോയതായിരുന്നു. സഹോദരിയാണ് അവളെ ഉണര്‍ത്തിയത്. മരത്തില്‍ നിന്നും പൊഴിയുന്ന ഇലകള്‍ മുഖത്തേക്ക് വീണിട്ടും അവള്‍ അറിയുന്നുണ്ടായിരുന്നില്ല. സഹോദരിയെ അതുപോലെ അവിടെയിരുന്ന് സ്വപ്നം കാണാന്‍വിട്ടിട്ട് ആലീസ് അവിടെ നിന്നും പോയി.
കാരൊളിന്‍റെ കഥ
1832-ല്‍ ബ്രിട്ടണിലെ ചെഷെയറില്‍ ആയിരുന്നു ലൂയിസ് കാരൊള്‍ എന്ന തൂലികാനാമത്തി ലറിയപ്പെടുന്ന ചാള്‍സ് ലുട്വിഡ്ഗ് ഡോഡ്ഗ്സണ്‍ (Charles Lutwidge Dodgson, 1832-1898) ജനിച്ചത്. ആംഗ്ളിക്കന്‍ ചര്‍ച്ച് വിശ്വാസികളായിരുന്നു കുടുംബം. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഒരു പഠിതാവും പിന്നീട് അവിടെ ഗണിതശാസ്ത്രത്തില്‍ പ്രൊഫസറും ആയിരുന്നു കാരൊള്‍. അതോടൊപ്പം അറിയപ്പെടുന്ന ഒരു സാഹിത്യവിമര്‍ശകനും കവിയും ഫോട്ടോഗ്രാഫറും കൂടി ആയിരുന്നു അദ്ദേഹം. ഗണിതശാസ്ത്രസംബന്ധിയായ 14 പുസ്തകങ്ങള്‍ കാരൊള്‍ എഴുതുകയുണ്ടായി. എന്നാല്‍ Alice’s Adventures in Wonderland ആയിരുന്നു ആദ്യ ബാലസാഹിത്യക്യതി. Through the Looking-Glass എന്ന പേരില്‍ അതിന് ഒരു തുടര്‍ച്ചയും 1871ല്‍ കാരൊള്‍ രചിക്കുകയുണ്ടായി. ഓക്സ്ഫോര്‍ഡ് ക്രൈസ്റ്റ് ചര്‍ച്ചിലെ ഡീന്‍ ആയിരുന്ന ഹെന്‍റി ലിഡെലിന്‍റെ മകള്‍ ആയിരുന്ന ആലീസ് ലിഡെലിനെ ചെറിയ കുട്ടിയായിരിക്കുമ്പോഴേ കാരൊളിന് അറിയാമായിരുന്നു. ഈ ആലീസ് ആയിരുന്നു കഥയിലെ ആലീസിന് പ്രചോദനമായതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
വൈദികന്‍മാരുടേയും പട്ടാളഉദ്യോഗസ്ഥരുടേയും കുടുംബമായിരുന്നു കാരൊളിന്‍റേത്. മിലിട്ടറി ക്യാപ്റ്റണ്‍ ആയിരുന്ന മുത്തച്ഛന്‍ 1832ലെ ഐറിഷ് വിപ്ളത്തില്‍ കൊല്ലപ്പെടുകയായിരുന്നു. 1832 ജനുവരി 27ന്, ചെഷയറിലെ ഡെയേര്‍സ്ബെറിയിലുള്ള ഓള്‍ സെയിന്‍റ്സ് പള്ളിമേടയിലായിരുന്നു കാരൊളിന്‍റെ ജനനം. പതിനൊന്ന് മക്കളില്‍ ഏറ്റവും മുതിര്‍ന്ന ആണ്‍കുട്ടിയായിരുന്നു കാരൊള്‍. പിതാവിന്‍റെ സ്ഥാനക്കയറ്റം കാരണം കാരൊളിന്‍റെ ബാല്യകാലം പൂര്‍ത്തിയാവുംമുമ്പ് കുടുംബം യോക്ക്ഷെയറിലേക്ക് താമസംമാറ്റി. പള്ളിയിലെ ഉയര്‍ന്ന ജീവനക്കാരനായിരുന്ന പിതാവിന്‍റെ വിശ്വാസധാരകള്‍ കാരൊളിനേയും സ്വാധീനിച്ചിരുന്നു വെങ്കിലും ഏറെക്കുറെ ഒരു സ്വതന്ത്രചിന്താഗതിക്കാരനായിരുന്നു കാരൊള്‍. കുട്ടിയായിരിക്കുമ്പോള്‍ തന്നെ നല്ല വായനക്കാരന്‍ ആയിരുന്ന കാരൊളിന് വിക്ക് ഒരു പ്രശ്നമായിരുന്നു. ഇത് അദ്ദേഹത്തിന്‍റെ സാമൂഹ്യജീവിതത്തെ സ്വാധീനിച്ചിരുന്നു. തന്‍റെ പേരിന്‍റെ അവസാനഭാഗം പറയുന്നതില്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്നു. څഡോഡ്ഗ്സണ്‍چഎന്നത് പറയുമ്പോള്‍ വിക്കുള്ള കാരണം څഡോഡോഡ്ഗ്സണ്‍چ എന്ന് ആയിപ്പോവുമായിരുന്നു. ഇക്കാരണത്താലാണത്രേ, തന്‍റെ പ്രതിനിധി എന്ന നിലയില്‍ ഒരു ഡോഡോപ്പക്ഷിയെ അദ്ദേഹം ആലീസിന്‍റെ കഥയില്‍ ഉള്‍ക്കൊള്ളിച്ചത്.
പന്ത്രണ്ടാം വയസില്‍ കാരൊളിനെ റിച്ച്മോണ്ട് സ്ക്കൂളിലേക്കയച്ചു. 1850ല്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നും മെട്രിക്കുലേഷന്‍ പാസായി. 1852ല്‍, ഗണിതശാസ്ത്രത്തില്‍ ഹോണേഴ്സ് പാസായി. 1854ല്‍ ബിരുദവും നേടി. 1855 മുതല്‍ ഓക്സ്ഫോര്‍ഡ് ക്രൈസ്റ്റ് കോളേജില്‍ ഗണിതശാസ്ത്ര അധ്യാപകനായി. തുടര്‍ന്നുള്ള കാല്‍നൂറ്റാണ്ടുകാലത്തോളം അദ്ദേഹം അവിടെത്തന്നെയാണ് ചിലവഴിച്ചത്. 1856ല്‍ ഹെന്‍റി ലിഡെലും അദ്ദേഹത്തിന്‍റെ കുടുംബവും ക്രൈസ്റ്റ് കോളേജിലേക്ക് വന്നു. ഡീന്‍ ആയിരുന്നു ഹെന്‍റി ലിഡെല്‍. അതിനാല്‍ അദ്ഹേം കുടുംബസമേതം കോളേില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. കാരൊള്‍ അവരുമായി സൗഹ്യദത്തിലായി, പ്രത്യേകിച്ചും ലിഡെലിന്‍റെ മൂന്ന് പെണ്‍മക്കളുമായി. ലോറിന, എഡിത്, ആലീസ് എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. കുട്ടികളുമൊത്ത് നദിയില്‍ തുഴയാന്‍ പോവുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഒഴിവുസമയ വിനോദം. അത്തരമൊരു നദീയാത്രയ്ക്കിടെ ആയിരുന്നല്ലോ അദ്ദേഹം ആദ്യമായി ആലീസിന്‍റെ കഥ പറയുന്നത്. 1898 ജനുവരി 14ന്, ന്യുമോണിയ ബാധിതനായതിനെത്തുടര്‍ന്ന് ലൂയിസ് കാരൊള്‍ മരിച്ചു. തന്‍റെ 66ാം ജന്‍മദിനത്തിന് രണ്ടാഴ്ച മുമ്പായിരുന്നു അദ്ദേഹത്തിന്‍റെ മരണം. നാലു ദിവസത്തിനുശേഷം ഹെന്‍റി ലിഡെലും മരിച്ചു. ഗില്‍ഡ്ഫോര്‍ഡിലുള്ള മൗണ്ട് സെമിത്തേരിയിലായിരുന്നു അദ്ദേഹത്തിന്‍റെ ഭൗതികശരീരം അടക്കംചെയ്തത്.
സ്മാരകങ്ങള്‍
ലൂയിസ് കാരൊള്‍ ജനിച്ച ഇംഗ്ളണ്ടിലെ ചെഷയര്‍ എന്ന സ്ഥലത്തെ ആള്‍ സെയിന്‍റ്സ് ചര്‍ച്ചിലെ ജനാലച്ചില്ലുകളില്‍ ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ചെഷയറില്‍ ത്തന്നെ Mad Tea Party-യെ സൂചിപ്പിക്കുന്ന ഒരു ശില്പവുമുണ്ട്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലും ഓസ്ട്രേലിയയിലെ അഡെലെയ്ഡിലുള്ള റൈമില്‍ പാര്‍ക്കിലും ആലീസ് ഇന്‍ വണ്ടര്‍ലാൻഡിലെ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന ശില്പങ്ങളുണ്ട്. 2015ല്‍, ആലീസ് ഇന്‍ വണ്ടര്‍ലാന്‍ഡ്ന്‍റെ 150ാം വാര്‍ഷികത്തിനോടനുബന്ധിച്ച് ബ്രിട്ടണില്‍ പോസ്റ്റേജ് സ്റ്റാമ്പുകള്‍ പുറത്തിറക്കിയിരുന്നു. 2021ല്‍, ആലീസിന്‍റേയും ചെഷയര്‍ ക്യാറ്റിന്‍റേയും രൂപം ആലേഖനം ചെയ്ത നാണയവും ബ്രിട്ടണ്‍ പുറത്തിറക്കുകയുണ്ടായി.





