Friday, January 21, 2011

ആദ്യ അന്റാര്‍ട്ടിക്കന്‍ യാത്രയ്ക്ക് 100


                                                                               
റോള്‍ഡ് അമുഡ്സെന്‍ എന്ന നോര്‍വീജിയക്കാരനായിരുന്നു ആദ്യം അന്റാര്‍ട്ടിക്കയിലെത്തിയത്- 1911 ഡിസംബര്‍ 14ന്. 1910 ജൂണ്‍ മൂന്നിനു തുടക്കമായ ഈ പര്യവേക്ഷണയാത്രയുടെ 100-ാം വാര്‍ഷികമായിരുന്നു  2010ല്‍. ഈ 100-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇന്ത്യ ദക്ഷിണധ്രുവത്തിലേക്ക് സംഘത്തെ അയച്ചതും.

ഭൂഗോളത്തിന്റെ ദക്ഷിണധ്രുവത്തെ ഉള്‍ക്കൊള്ളുന്ന ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. ഭൂപടനിര്‍മാതാവായ ജോണ്‍ ജോര്‍ജ് ബാര്‍ത്തൊലൊമ്യു (John George Bartholomew) വാണ് ഭൂമിയുടെ ഏറ്റവും തെക്കേയറ്റത്തുള്ള ഈ ഭൂഖണ്ഡത്തെ ആദ്യം 'അന്റാര്‍ട്ടിക്ക' എന്നുവിളിച്ചത്. 'വടക്കിന് വിപരീതദിശയിലുള്ളത്' എന്ന് അര്‍ഥംവരുന്ന 'അന്റാര്‍ട്ടികെ' (antarktiké) എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് അദ്ദേഹം അതിനെ രൂപപ്പെടുത്തിയത്.

                                                                                  
സ്ഥിരംപൌരന്മാരില്ലാത്തതും ഒരു രാജ്യത്തിനും പരമാധികാരമില്ലാത്തതുമായ ഭൂഖണ്ഡം എന്ന സവിശേഷത അവകാശമാക്കുന്നതാണ് അന്റാര്‍ട്ടിക്ക. 1961 ജൂണ്‍ 23ന് നിലവില്‍വന്ന 'അന്റാര്‍ട്ടിക് ഉടമ്പടി' (Antarctic Treaty) യനുസരിച്ച് ശാസ്ത്രഗവേഷണത്തിനായി അവിടെ ഗവേഷണകേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള അധികാരം മാത്രമേ ലോകരാജ്യങ്ങള്‍ക്കുള്ളു. 2048 വരെ അന്റാര്‍ട്ടിക്കയിലെ ധാതുസമ്പത്ത് ഏതൊരുതരത്തിലും ചൂഷണംചെയ്യാന്‍പാടില്ലെന്ന വ്യവസ്ഥയും ഇതിലുണ്ട്.

                                                                               
1983-ലാണ് ഇന്ത്യ അന്റാര്‍ട്ടിക് ഉടമ്പടിയില്‍ ഒപ്പുവച്ചത്. എന്നാല്‍, അതിനുമുമ്പുതന്നെ ഇന്ത്യയുടെ അന്റാര്‍ട്ടിക് പര്യവേക്ഷണ പരിപാടികള്‍ക്ക് തുടക്കമായിരുന്നു. 1971-73 കാലഘട്ടത്തില്‍, സോവിയറ്റ് പര്യവേക്ഷണസംഘത്തോടൊപ്പം ഡോ. പ്രേംജിത്ത് സെഹ്റ അന്റാര്‍ട്ടിക്ക സന്ദര്‍ശിച്ചതോടെയാണിത്. പൂര്‍ണമായും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ നേതൃത്വം നല്‍കിയ അന്റാര്‍ട്ടിക് പര്യവേഷണം 1982ലായിരുന്നു. എസ് എ ഖ്വാസിം ആയിരുന്നു 21 അംഗ ഗവേഷണസംഘത്തെ നയിച്ചത്.

                                                                            
ഇതേത്തുടര്‍ന്നാണ് 1983ല്‍ അന്റാര്‍ട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ ഗവേഷണസ്ഥാപനമായ 'ദക്ഷിണഗംഗോത്രി' സ്ഥാപിക്കപ്പെട്ടത്. ശക്തമായ ഹിമപാതംകാരണം 1989ല്‍ 'ദക്ഷിണഗംഗോത്രി' ഉപേക്ഷിക്കപ്പെടുകയുണ്ടായെങ്കിലും ഇതിന്റെ ചില ഭാഗങ്ങള്‍ സംഭരണശാലയായി ഇന്നും ഉപയോഗിക്കപ്പെടുന്നുണ്ട്. 1989 മുതല്‍ അന്റാര്‍ട്ടിക്കയില്‍ ഇന്ത്യ സ്ഥാപിച്ച രണ്ടാമത്തെ ഇന്ത്യന്‍ ഗവേഷണകേന്ദ്രമായ മൈത്രിയാണ് ഇപ്പോള്‍ സജീവം. മൈത്രിയെ കൂടാതെ 2012ല്‍ പണിപൂര്‍ത്തീകരിക്കുന്ന മൂന്നാം ഗവേഷണശാലയാണ് 'ഭാരതി'. ഇതിന്റെ ശിലാസ്ഥാപനം അടുത്തിടെ നടന്നു.