Saturday, January 8, 2011

2011-ലെ അന്താരാഷ്ട്ര വര്‍ഷാചരണങ്ങള്‍

അന്താരാഷ്ട്ര രസതന്ത്രവര്‍ഷം (International Year of Chemistry)

"രസതന്ത്രം- നമ്മുടെ ജീവിതവും ഭാവിയുമാണത്'' (Chemistry- Our Life, Our Future) എന്നതാണ് രസതന്ത്ര വര്‍ഷാചരണത്തിന്റെ മുദ്രാവാക്യം. നിത്യജീവിതത്തില്‍ നാം ഉപയോഗിക്കുന്ന എന്തിലും രസതന്ത്രത്തിന്റെ സ്പര്‍ശമുണ്ടെന്ന് സാമാന്യജനത്തെ ബോധവല്‍ക്കരിക്കുകയാണ് ഇതില്‍ അന്തര്‍ലീനമായ സന്ദേശം.

പ്ളാസ്റ്റിക്, ലോഹം, ഇന്ധനം, മരുന്നുകള്‍ അങ്ങനെ എല്ലാമെല്ലാം രസതന്ത്രത്തിന്റെ സംഭാവനയായാണ് നമ്മുടെ ജീവിതത്തിലേക്കെത്തുന്നത്. ഇന്നലത്തേതില്‍നിന്നു വ്യത്യസ്തമാണ് അവയുടെ ഇന്നത്തെ രൂപം. നാളെ അവ ഇതിലും വ്യത്യസ്തമാവും. ആര്‍ക്കെമിമുതല്‍ നാനോ കെമിസ്ട്രിവരെയുള്ള രസതന്ത്രത്തിന്റെ വളര്‍ച്ചയാണ് ഇതിനുപിന്നില്‍. ആ ജൈത്രയാത്രയില്‍ ലോകജനതയുടെ പങ്കാളിത്തവും രസതന്ത്രവര്‍ഷം അഭ്യര്‍ഥിക്കുന്നു.

ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് (International Association of Chemical Societies) ആയിരുന്നു രസതന്ത്രജ്ഞരുടെ ആഗോളസംഘടനയായ IUPAC (Iternational Union of Pure and Applied Chemistry)യുടെ മാതാവ്. രസതന്ത്രജ്ഞരുടെ ആദ്യ ആഗോളസംഘടന എന്ന ബഹുമതിയും അര്‍ഹമാക്കുന്ന ഇതിന്റെ 100-ാം വാര്‍ഷികമെന്ന നിലയ്ക്കാണ് 2011 അന്താരാഷ്ട്ര രസതന്ത്രവര്‍ഷമായി ആചരിക്കുന്നത്. Link: http://www.chemistry2011.org/

വാവലുകളുടെ വര്‍ഷം (Year of the Bat)

കാര്‍ഷികവിളകള്‍ക്ക് നാശംവരുത്തുന്ന ഷഡ്പദകീടങ്ങളെ തിന്നൊടുക്കുന്നതിലൂടെ കര്‍ഷകരുടെ യഥാര്‍ഥ മിത്രങ്ങളാവുന്നവയാണ് വാവലുകള്‍. ഒട്ടനവധി സസ്യങ്ങളില്‍ പരാഗണം നിര്‍വഹിക്കുന്നതിനും വാവലുകള്‍ സ്വയമറിയാതെ പരിശ്രമിക്കുന്നുണ്ട്. ജൈവവൈവിധ്യത്തിന്റെ കലവറകളായി അറിയപ്പെടുന്ന മഴക്കാടുകളിലെ അനേകം വൃക്ഷയിനങ്ങള്‍ സ്വാഭാവികമായ പുനരുത്ഭവത്തിനു പ്രാപ്തമാവുന്നതും വാവലുകള്‍ നടത്തുന്ന വിത്തുവിതരണത്തിലൂടെയാണ്.

എന്നാല്‍, ജനമനസ്സുകളില്‍ പൊതുവെ ഭീകരതയുടെ പര്യായമാവുന്നവയാണ് വാവലുകള്‍. പ്രേതകഥകളിലും 'ഡ്രാക്കുള'പോലുള്ള കെട്ടുകഥകളിലും വാവലുകള്‍ കഥാപാത്രമായി വരുന്നതാണ് ഇതിനു കാരണം. അടുത്തകാലത്തായി ചിലതരം പകര്‍ച്ചവ്യാധികളുടെ വാഹകരാണ് വാവലുകളെന്ന തെറ്റായ വാര്‍ത്തയും പ്രചരിക്കുകയുണ്ടായിട്ടുണ്ട്. ഇത്തരം അബദ്ധധാരണകളെ തിരുത്തുകയും വാവലുകളോടുള്ള ഭീതിയകറ്റി, അവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയുമാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിസമിതിയുടെ ആഹ്വാനപ്രകാരമാണ് 2011 വാവലുകളുടെ വര്‍ഷമായി ആചരിക്കുന്നത്.

ലോകത്തിലെ വാവല്‍ സ്പീഷീസുകളില്‍ പകുതിയിലേറെയും ഇന്ന് കടുത്ത വംശനാശഭീഷണിയിലാണ്. പ്രത്യുല്‍പ്പാദനത്തിന്റെ കാര്യത്തില്‍ വളരെ പിന്നോക്കമായ വാവലുകള്‍ക്കിടയില്‍ പ്രജനനസന്നദ്ധത വളരെ വിരളമാണ്. അടുത്തകാലത്തായി ഒരുതരം ഫംഗസ്രോഗം ലോകമെമ്പാടുമുള്ള വാവലുകള്‍ക്ക് ഭീഷണിയായി പടരുന്നുണ്ട്. 'വെള്ളമൂക്കന്‍ രോഗം'' (White-Nose Syndrome) എന്നറിയപ്പെടുന്ന ഇത് വടക്കേ അമേരിക്കയിലും കനഡയിലുമുള്ള വാവലുകള്‍ക്കിടയിലാണ് ഇന്ന് ഏറ്റവും സാധാരണം. രോഗം ബാധിക്കുന്ന വാവലുകളില്‍ 90 ശതമാനത്തോളം ചത്തുപോവുകയാണ്. കടുത്ത വംശനാശഭീഷണിയിലായ 'ഇന്ത്യാനാ വാവലു' (Indiana bat- Myotis sodalis)) കളെപ്പോലുള്ളവയില്‍ ഇത് വംശനാശത്തിന്റെ ആക്കം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. Link: http://www.yearofthebat.org/

അന്താരാഷ്ട്ര വനവര്‍ഷം (International Year of Forests)

എഴുന്നൂറ് കോടി- ഭൂമിയില്‍ അധിവസിക്കുന്ന ഒരൊറ്റ ജീവവംശത്തിന്റെ എണ്ണമാണിത്- ഹോമോ സാപ്പിയന്‍സ് എന്ന മനുഷ്യന്റെ. ഭൂമിയിലെ മൊത്തം ജീവവംശത്തിന്റെ എണ്ണമെടുത്താലും ഇതില്‍ താഴെയേ വരൂ എന്നതാണ് അതിശയം. ഇതില്‍ ഭൂരിഭാഗത്തിന്റെയും വാസസ്ഥാനമാവുന്നവയാണ് വനങ്ങള്‍. എന്നാല്‍ അതു മാത്രമല്ല വനങ്ങളുടെ പ്രസക്തി. ഇന്നും വനങ്ങളെയും വനവിഭവങ്ങളെയും ആശ്രയിച്ചുകഴിയുന്ന ജനവിഭാഗങ്ങളുണ്ട്. വനങ്ങള്‍ നശിച്ചാല്‍ ഇല്ലാതാവുന്നവയുടെ കൂട്ടത്തില്‍ ഇവരുമുണ്ടാവും.

ഇന്നത്തെ ചൂടുപിടിച്ച ആഗോള കാലാവസ്ഥയിലുമുണ്ട് വനങ്ങള്‍ക്ക് അവയുടേതായ പങ്ക്. ഭൌമാന്തരീക്ഷത്തിലുള്ളതിനേക്കാള്‍ കാര്‍ബണ്‍ഡയോക്സൈഡിനെ ഉള്‍ക്കൊള്ളുന്നവയാണ് ലോകത്തിലെ വനങ്ങള്‍. അവയിലെ സസ്യജാലം, സ്വന്തം ശരീരമായി, പ്രകാശസംശ്ളേഷണത്തിലൂടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളായാണ് കാര്‍ബണ്‍ഡയോക്സൈഡിനെ പിടിച്ചുവയ്ക്കുന്നത്. വനവിസ്തൃതി കുറയുന്നതിലൂടെ ഈ അമര്‍ച്ചചെയ്യലുകള്‍ ഇല്ലാതാവും. അധികമായി കാര്‍ബണ്‍ഡയോക്സൈഡ് അന്തരീക്ഷത്തിലേക്കെത്തും. ആഗോളതാപനത്തിന്റെ ആക്കം അതിലൂടെ വര്‍ധിക്കും. ഇതൊക്കെ ലോകജനത അറിയേണ്ടതുണ്ട്, വിവേചനരഹിതമായി വനം നശിപ്പിക്കുന്നവരും. അതിനെതിരെ പ്രതിരോധനിര ശക്തമാവുകയും വേണം. ഇതിനൊക്കെ വേണ്ടിയാണ് ഐക്യരാഷ്ട്രസംഘടന 2011നെ അന്താരാഷ്ട്ര വനവര്‍ഷമായി പ്രഖ്യാപിക്കുന്നത്. Link: http://www.un.org/forests/

അന്താരാഷ്ട്ര യുവജനവര്‍ഷം (International Year of Youth)

പ്രാദേശികതലംമുതല്‍ അന്താരാഷ്ട്രതലം വരെ തീരുമാനമെടുക്കുന്നതില്‍ യുവാക്കളെ പങ്കാളിയാക്കുക എന്ന സന്ദേശവുമായി ആചരിക്കുന്ന അന്താരാഷ്ട്ര യുവജനവര്‍ഷത്തിന് 2010 ആഗസ്ത് 12നു തുടക്കമായി. ഇത് 2011 ആഗസ്ത് 11നു സമാപിക്കും. Link: http://social.un.org/youthyear/

ആഫ്രിക്കന്‍ പൈതൃകവര്‍ഷം (International Year for People of African Descent)

ആഫ്രിക്കന്‍ പാരമ്പര്യമുള്ളവരുടെ ക്ഷേമം ഉറപ്പാക്കാന്‍ ദേശീയ, അന്താരാഷ്ട്ര പദ്ധതികള്‍ ആസൂത്രണംചെയ്തു നടപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ 2011 ആഫ്രിക്കന്‍ പൈതൃകവര്‍ഷമായി ആചരിക്കുന്നു. ആഫ്രിക്കന്‍ പൈതൃകവര്‍ഷാചരണങ്ങളെക്കുറിച്ച് അറിയാന്‍:
http://portal.unesco.org/culture/en/ev.php-URL_ID=41031&URL_DO=DO_PRINTPAGE&URL_SECTION=201.html