Wednesday, January 5, 2011

ഇന്ത്യയുടെ ജൈവവൈവിധ്യം അറിയാന്‍ വെബ്സൈറ്റ്



ഇന്ത്യയിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള ഏതൊരു ചോദ്യവുമാവട്ടെ, ഉത്തരം
തേടാന്‍ ഇതാ ഒരു വെബ്സൈറ്റ്: http://www.bisindia.org/. ഇന്ത്യയിലെ പക്ഷികള്‍,
ഉരഗങ്ങള്‍, ഉഭയജീവികള്‍, സസ്തനികള്‍ എന്നിവയെക്കുറിച്ചുള്ള ആധികാരികവും
ശാസ്ത്രീയവുമായ വിവരങ്ങള്‍ നല്‍കാന്‍ ഗവണ്‍മെന്റ് രൂപകല്‍പ്പനചെയ്ത
വെബ്സൈറ്റാണിത്. അന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷമായ 2010 അവസാനിക്കുന്ന
വേളയില്‍ അതിന്റെ ലക്ഷ്യപൂര്‍ത്തീകരണ ശ്രമങ്ങള്‍ക്കുള്ള ഇന്ത്യന്‍
സംഭാവനയായി സമര്‍പ്പിക്കപ്പെട്ട വെബ്സൈറ്റ് നിലവില്‍വന്നു.


ജൈവവൈവിധ്യമേഖലയില്‍ പഠനം നടത്തുന്ന ഇന്ത്യയിലെ വിവിധ
ഗവേഷണസ്ഥാപനങ്ങളെയും സര്‍വകലാശാലാ വകുപ്പുകളെയും വിവിധ സംസ്ഥാനങ്ങളിലെ
വനംവകുപ്പുകളെയും വിവരവിനിമയത്തിന്റെ ഒരൊറ്റച്ചരടില്‍ കോര്‍ക്കുന്നു
എന്നതാണ് പുതിയ വെബ്സൈറ്റിന്റെ പ്രത്യേകത. വ്യത്യസ്ത വിവരസ്രോതസ്സുകളെ
ഇത്തരത്തില്‍ ഒരുകുടക്കീഴിലാക്കാനുള്ള സാങ്കേതികസൌകര്യം ഒരുക്കുന്നത്
ഇന്ത്യന്‍ ബഹിരാകാശവകുപ്പും ജൈവസാങ്കേതികതാവകുപ്പും സംയുക്തമായാണ്.

                                                                             
ജൈവസമ്പത്തിന്റെ ഉപഭോഗം ആസൂത്രണപ്രക്രിയകളില്‍ മുഖ്യ അജണ്ടയായി
രൂപപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വെബ്സൈറ്റ്
നിലവിലെത്തിയിരിക്കുന്നത്. 1997 ഒക്ടോബറില്‍ തുടക്കമായ ഈ പദ്ധതി
ഇന്ത്യയിലെ 13 ഗവേഷണസ്ഥാപനങ്ങളെ ഇതിനുള്ള പ്രവര്‍ത്തനപങ്കാളികളായി
നിശ്ചയിച്ചിരുന്നു. ഏതൊരു ജീവസ്പീഷീസിനെക്കുറിച്ചും പരമാവധി വിവരങ്ങള്‍
ക്രോഡീകരിച്ച് സൂക്ഷിക്കുകയും ഒരൊറ്റ 'ക്ളിക്കി'ലൂടെ അവയെല്ലാം
ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

                                                                        
ഒരു ജീവിയുടെ ജീവശാസ്ത്രപരമായ വര്‍ഗീകൃതനില, സാമ്പത്തിക പ്രാധാന്യം,
പാരിസ്ഥിതിമൂല്യം, വംശനാശസാധ്യത, സംരക്ഷിതനില, പേറ്റന്റ് സംബന്ധമായ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിതരണം എന്നിവയെല്ലാം ലഭ്യമാവുന്ന വിവരങ്ങളില്‍ പെടുന്നു.
ജൈവവൈവിധ്യത്തെക്കുറിക്കുന്ന ഏതൊരു വിവരവും ഏതൊരാള്‍ക്കും
കൂട്ടിച്ചേര്‍ക്കാനുള്ള അവസരമൊരുക്കുന്നു എന്ന സവിശേഷത ഈ വെബ്സൈറ്റ്
പുതുമയായി അവകാശമാക്കുന്നു. ഗവേഷണവിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും
പ്രയോജനപ്പെടുന്നതരത്തിലാണ് വെബ്സൈറ്റിലെ ഉള്ളടക്ക ക്രമീകരണം.