Friday, January 21, 2011

ക്യാന്‍സറിന് പുതിയ ഇന്ത്യന്‍ മരുന്ന്


ചികിത്സ രോഗിയെ കീഴ്പ്പെടുത്തുന്ന അവസ്ഥയുണ്ട്. അര്‍ബുദരോഗചികിത്സ അതിനുദാഹരണം. പാര്‍ശ്വഫലങ്ങളിലൂടെയുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍തന്നെ കാരണം. ഇതിനു പരിഹാരവുമായെത്തിയിരിക്കയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. ക്യാന്‍സര്‍ ഭേദമാക്കുന്നതിനോടൊപ്പം ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഫലപ്രദമായി തടയുകകൂടി ചെയ്യുന്ന ഔഷധമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവന.

                                                                          
ഇന്ത്യന്‍ പ്രതിരോധ ഗവേഷണസ്ഥാപന(Defence Research and Development Organisation-DRDO) ത്തിന്റെ ആരോഗ്യഗവേഷണവിഭാഗമാണ് ഔഷധം വികസിപ്പിച്ചത്. ക്യാന്‍സര്‍ഗവേഷണരംഗത്തെ ഏറ്റവും പുതിയ സങ്കേതത്തെ പ്രായോഗികതലത്തിലെത്തിക്കുന്നു എന്ന സവിശേഷതയും ഇതിനുണ്ട്. മറ്റേതെങ്കിലും രാജ്യമോ സ്വകാര്യ ഗവേഷണസ്ഥാപനങ്ങളോ പരീക്ഷിക്കാത്ത സങ്കേതമാണിതെന്ന കാര്യവും ശ്രദ്ധേയം. അതേസമയം ചികിത്സാസുരക്ഷ സംബന്ധിച്ച ത്രിതല പരിശോധനാക്രമങ്ങളും കടന്നാണ് ഔഷധം വിപണിയിലെത്തിയത്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ അംഗീകാരവുമുണ്ട്. അതോടൊപ്പം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിപണനാനുമതിയും.

2-ഡിജി (2-DG) എന്ന പേരിലാണ് പുതിയ മരുന്നിനെ പ്രതിരോധ ഗവേഷണസ്ഥാപനം പേറ്റന്റ് ചെയ്തിരിക്കുന്നത്. "2-ഡി ഓക്സി-ഡി-ഗ്ളൂക്കോസ്' (2-Deoxy Glucose) എന്നതിന്റെ പൂര്‍ണരൂപമാണിത്. സാധാരണ ഗ്ളൂക്കോസുമായി ഘടനാപരമായി വളരെയധികം സമാനത പുലര്‍ത്തുന്ന രാസസംയുക്തമാണിത്. പക്ഷേ, ഗ്ളൂക്കോസില്‍നിന്നെന്നപോലെ ഇതില്‍നിന്നും ഊര്‍ജത്തെ വേര്‍പെടുത്തുക സാധ്യമല്ല. അര്‍ബുദകോശങ്ങള്‍ അധികമായി ഗ്ളൂക്കോസിനെ ഉപയോഗിക്കുന്നവയാണ്. അതിനാല്‍ അവ കൂടുതല്‍ 'ഊര്‍ജസ്വല'വുമാണ്. എന്നാല്‍, ഗ്ളൂക്കോസിനെയും ഡി-ഓക്സി-ഡി-ഗ്ളൂക്കോസിനെയും തമ്മില്‍ തിരിച്ചറിയാനുള്ള കഴിവ് ക്യാന്‍സര്‍കോശങ്ങള്‍ക്കില്ല. ഡി-ഓക്സി-ഡി-ഗ്ളൂക്കോസില്‍നിന്ന്ഊര്‍ജം ലഭിക്കില്ലല്ലോ. അതിലൂടെ അവ തളരും. ഇതാണ് മരുന്നിന്റെ പ്രവര്‍ത്തനം.

                                                                          
ഒരു യുദ്ധയന്ത്രത്തിന്റെ ഛായയുള്ളതാണ് രോഗപ്രതിരോധത്തിനായി പുതിയ ക്യാന്‍സര്‍ഔഷധം ശരീരത്തിനു നല്‍കുന്ന പ്രവര്‍ത്തനാവസരം. സാധാരണഗതിയില്‍, ചികിത്സക്ക് ഉപയോഗിക്കുന്ന 'കീമോതെറാപ്പി'യെയും 'റേഡിയോ തെറാപ്പി' (വികിരണചികിത്സ)യെയും ക്യാന്‍സര്‍കോശങ്ങള്‍ എതിരിട്ടു ജയിക്കും. ഉയര്‍ന്ന ഊര്‍ജക്ഷമതയാണ് ഈ പ്രതിരോധത്തിനു കാരണം. എന്നാല്‍, ഗ്ളൂക്കോസിനുപകരം 'ഡി-ഓക്സി-ഡി-ഗ്ളൂക്കോസ്' ലഭിക്കുന്ന അര്‍ബുദകോശങ്ങള്‍ക്ക് ഇത്തരത്തില്‍ ചെറുത്തുനില്‍ക്കാനാവില്ല. അതിനാല്‍ അവ ചികിത്സാരീതിയോട് കൂടുതല്‍ വിധേയത്വമുള്ളവയായിമാറും. ചുരുക്കത്തില്‍ ക്യാന്‍സര്‍ നിയന്ത്രണവിധേയമാവും. വൈകാതെ ശമിക്കും. ചികിത്സ നിര്‍ത്തിയാല്‍ തിരിച്ചുവരാനുള്ള സാധ്യത (Secondary Cancer) ഇല്ലാതാക്കുന്നു എന്ന മേന്‍യും ഇതിനുണ്ട്.

                                                                               
ക്യാന്‍സര്‍ബാധിത കോശങ്ങളെയും സാധാരണകോശങ്ങളെയും ഒരുപോലെ ശത്രുക്കളായി കാണുന്നില്ലെന്നതാണ് പുതിയ ഔഷധത്തിന്റെ മറ്റൊരു സവിശേഷത. ഇക്കാര്യത്തില്‍ പരമ്പരാഗത ചികിത്സാദ്രവ്യങ്ങള്‍ക്ക് വഴികാട്ടിയായും പുതിയ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ധിച്ച ഊര്‍ജോപയോഗത്തിലൂടെ കരുത്തുനേടിയ ക്യാന്‍സര്‍കോശങ്ങള്‍ക്കൊപ്പമാകും സാധാരണകോശങ്ങള്‍ നിലനില്‍ക്കുന്നത്. അതിനാല്‍, ശക്തര്‍ക്കുനേരെയുള്ള കടുത്ത ആക്രമണങ്ങള്‍ അവയും ഏറ്റുവാങ്ങേണ്ടിവരുന്നു. ഇതാണ് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുന്നത്. പുതിയ ഔഷധം ക്യാന്‍സര്‍കോശങ്ങളെ മാത്രമായുള്ള തെരഞ്ഞുപിടിക്കല്‍ സാധ്യമാക്കുന്നതിനാല്‍ പാര്‍ശ്വഫലങ്ങള്‍ പിന്നീടൊരു പ്രശ്നവുമാവുന്നില്ല.