"ഐസോണി"നെക്കുറിച്ച് പല വാര്‍ത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന്, അത് നിശാകാശത്തില്‍ പൂര്‍ണചന്ദ്രന്റെ പ്രകാശത്തെക്കാള്‍ അധികരിച്ച് പ്രകാശിക്കുമെന്നാണ്! ഇക്കാരണത്താല്‍ "ഈ നൂറ്റാണ്ടിലെ വാല്‍നക്ഷത്രം" എന്ന് ചിലര്‍ "ഐസോണി"നെ വിശേഷിപ്പിക്കുന്നു. എന്നാല്‍, ഇതു ശരിയല്ലെന്നാണ് ജ്യോതിശാസ്ത്രജ്ഞരുടെ അഭിപ്രായം. ഒന്നാമതായി സൂര്യനു സമീപമെത്തുമ്പോള്‍, വാല്‍നക്ഷത്രം അടക്കമുള്ള എന്തിന്റെയും തിളക്കം എത്രമാത്രമാകുമെന്ന് മുന്‍കൂട്ടി പറയുക സാധ്യമല്ല. പ്രകാശത്തിന്റെ "പുരോദിശാ വിസരണം" കാരണമാണ് തിളക്കത്തില്‍ മാറ്റം ഉണ്ടാവുന്നത്. എങ്കിലും, തിളക്കത്തിന്റെ അളവ് ("മാഗ്നിറ്റ്യൂഡ്" - എന്നാണ് ഇത് അറിയപ്പെടുന്നത്) -3 മുതല്‍ -5 വരെ ആകാമെന്ന് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു.
നവംബര്‍ 28നാണ് സൂര്യന് ഏറ്റവും അടുത്തെത്തുന്നത്- 18.6 ലക്ഷം കിലോമീറ്റര്‍ അടുത്ത്. സൂര്യനെ സമീപിക്കുന്നതോടെ വേഗം കുറയുന്ന "ഐസോണ്‍", കുറച്ചു മുന്നോട്ടുപോവുമെങ്കിലും സൂര്യനെ ചുറ്റി തിരിച്ചുവരും. ആ തിരിച്ചുവരവിന്റെ സമയത്താണ് ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്നത്. അടുത്തെത്തുന്നു എന്നു പറയാമെങ്കിലും ഇതത്ര അടുത്തുമല്ല. ഭൂമിയില്‍നിന്ന് ആറരക്കോടിയില്‍പ്പരം കിലോമീറ്റര്‍ അകലത്തുകൂടിയാകും "ഐസോണ്‍" കടന്നുപോവുന്നത്. ഡിസംബര്‍ 26നാവും ഇത്. എങ്കിലും ദൂരദര്‍ശിനി ഉപയോഗിച്ചാല്‍, ഒക്ടോബര്‍ അവസാനംമുതല്‍"ഐസോണി"നെ കാണാം.
ചന്ദ്രന്റെ അത്രത്തോളമില്ലെങ്കിലും, ഇത് ശുക്രന്റെ തിളക്കത്തോളമെത്തും. "ഐസോണി"ന്റെ മറ്റൊരു പ്രത്യേകത, അതിന് 1680ല്‍ വന്നെത്തിയ, തിളക്കത്തിലൂടെ ലോകപ്രശസ്തി നേടിയ മറ്റൊരു വാല്‍നക്ഷത്രവുമായുള്ള സാമ്യങ്ങളാണ്. ഐസക് ന്യൂട്ടണ്‍, ഈ വാല്‍നക്ഷത്രത്തിന്റെ ചലനത്തെ അടിസ്ഥാനമാക്കിയാണ് കെപ്ലറുടെ ചലനനിയമങ്ങള്‍ ശരിയാണെന്നു തെളിയിച്ചത്.തിളക്കം കൂടുതലായിരുന്നെങ്കിലും, 1680ലെ വാല്‍നക്ഷത്രത്തിന്റെ സഞ്ചാരദിശയും ഐസോണിന്റെ സഞ്ചാരദിശയും ഒന്നായിരുന്നുവെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ കരുതുന്നു.

അതേസമയം, "ഐസോണ്‍" ഒരു "മരിക്കുന്ന വാല്‍നക്ഷത്ര"മാണെന്നു കരുതുന്നവരുമുണ്ട്. കാരണം 2013 ജനുവരിമുതല്‍ 2013 സെപ്തംബര്‍ അവസാനംവരെയുള്ള നിരീക്ഷണത്തിനിടയില്‍, ഒരിക്കലും "ഐസോണി"ന്റെ തിളക്കം കൂടിയിട്ടില്ല. അത് സ്ഥിരമായി നില്‍ക്കുകയാണ്. വാല്‍നക്ഷത്രങ്ങളുടെ കാര്യത്തില്‍ ഇത് പുതുമയാണ്. ഇതിനൊക്കെയും വിശദീകരണം കണ്ടെത്താന്‍ "ആളിങ്ങെത്തട്ടെ" എന്ന ആശ്വാസവചനവുമായി കാത്തിരിക്കുകയാണ് ലോകമെമ്പാടുള്ള വാനനിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും.
How to see Comet ISON: http://eyesoncometison.in
A Print Edition of this story was published in Kilivathil, the Science Supplement of Deshabhimani Daily, 3rd November 2013.