Sunday, November 10, 2013

ചൊവ്വയില്‍ ജീവനുണ്ടോ?

  • ചൊവ്വയിലേക്കുള്ള ബഹിരാകാശദൗത്യങ്ങളില്‍ പ്രസക്തമാവുന്നത് ഒരേയൊരു ചോദ്യമാണ്. ചൊവ്വയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ? ഈ ചോദ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന ഇതിന്റെ പഴക്കമാണ്. ശാസ്ത്രലോകം ഈ ചോദ്യം ചോദിച്ചുതുടങ്ങിയിട്ട് 40 വര്‍ഷമെങ്കിലും കഴിഞ്ഞിട്ടുണ്ട്. ചൊവ്വയുടെ ഉപരിതലത്തെ ആദ്യമായി സ്പര്‍ശിക്കുന്ന മനുഷ്യനിര്‍മിത വാഹനം സോവിയറ്റ് യൂണിയന്റെ "മാര്‍സ്- 3" (Mars 3) ആയിരുന്നുവെങ്കിലും, ചൊവ്വയുടെ വിശേഷങ്ങളെ വിജയകരമായി ഭൂമിയിലേക്കയച്ചത്, അമേരിക്കയുടെ "മാരിനര്‍- 9" (Mariner 9) ആയിരുന്നു.

    ചൊവ്വയെ ചുറ്റിയുള്ള ഭ്രമണപഥത്തില്‍ ആദ്യമായി സ്വയം അവരോധിക്കപ്പെടുന്ന ഉപഗ്രഹവും "മാരിനര്‍- 9" ആയിരുന്നു.1973ലായിരുന്നു ഇത്. അങ്ങനെ നോക്കിയാല്‍, ചൊവ്വാ പര്യവേക്ഷണത്തിന്റെ 40-ാം വാര്‍ഷികത്തിലാണ്, "മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍" (Mars Orbiter Mission) എന്ന ഔദ്യോഗിക നാമമുള്ള "മംഗള്‍യാന്‍" അവിടേക്കെത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും ഉത്തരം കണ്ടെത്താനാവാതെ അവശേഷിക്കുന്ന ചോദ്യം ചൊവ്വയില്‍ ജീവനുണ്ടോ, അല്ലെങ്കില്‍ ഉണ്ടായിരുന്നുവോ എന്നതാണ്.

    "മാരിനര്‍- 9" ചൊവ്വയുടെ അടുത്തെത്തിയപ്പോള്‍, അവിടെ ഒരു പൊടിക്കാറ്റ് വീശുകയായിരുന്നുവെന്ന് "നാസ"യുടെ രേഖകള്‍ പറയുന്നു. ഉയര്‍ന്നുവന്നുകൊണ്ടിരുന്ന പൊടിപടലങ്ങള്‍ കാരണം, അതിനു താഴേയ്ക്കുള്ള ഒന്നും കാണാനാവാത്ത അവസ്ഥയായിരുന്നു അന്ന്. അതുകാരണം, ഒരാഴ്ചയോളം കഴിഞ്ഞ്, കാറ്റ് കെട്ടടങ്ങിയശേഷം മാത്രമായിരുന്നു "മാരിനറി"ന് ചൊവ്വയുടെ ഉപരിതലചിത്രം പകര്‍ത്താനായത്.                                      
  • പകര്‍ത്തിയപ്പോള്‍ അത് വലിയ വിഷയമായി. കാരണം, ചൊവ്വയില്‍ ജീവികളുണ്ടെന്നും, അവര്‍ക്ക് നാഗരികതയുണ്ടെന്നും അവര്‍ക്ക് കൃഷിയുണ്ടെന്നും ജലസേചനം നടത്താന്‍ അവര്‍ നിര്‍മിച്ച കനാലുകള്‍ ദൂരദര്‍ശിനിയിലൂടെ തനിക്കു കാണാമെന്നുമായിരുന്നു ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ഗിയോവാനി ഷിയാപറേലി  പറഞ്ഞത്, 1977ല്‍. ഇത് സത്യമല്ലെന്ന്, "മാരിനര്‍- 9" പകര്‍ത്തി, ഭൂമിയിലേക്കയച്ച ഫോട്ടോഗ്രാഫുകള്‍ തെളിയിച്ചു. മനുഷ്യരെപ്പോലെ സംസ്കാരസമ്പന്നരായ, ബുദ്ധിയുള്ള ജീവികള്‍ ചൊവ്വയിലുണ്ടെന്ന വാദം അതോടെ അവസാനിച്ചു. എന്നാല്‍, അടുത്ത വിവാദം ഉടനെ തുടങ്ങി.

    1976ല്‍, അമേരിക്കയുടെ "വൈക്കിങ്ങ്" എന്നു പേരായ പര്യവേക്ഷണദൗത്യം ചൊവ്വയിലിറങ്ങി. ഇറങ്ങുക മാത്രമല്ല, മണ്ണിളക്കി, അതില്‍നിന്ന് അല്‍പ്പം വാരി, രാസപരമായി പരീക്ഷിച്ചു. അതില്‍ ജീവന്റെ തുടിപ്പുകളുണ്ടെന്നായിരുന്നു അനൗദ്യോഗികമായ വെളിപ്പെടുത്തല്‍. പക്ഷേ, എന്തുകൊണ്ടോ അമേരിക്ക ആ റിപ്പോര്‍ട്ട് പൂഴ്ത്തി. ചൊവ്വയിലെ ജീവനെക്കുറിച്ചുള്ള ചിന്തകള്‍ പിന്നീട് പൊങ്ങിവന്നത്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി ചൊവ്വയിലേക്ക് ഒരു പര്യവേക്ഷണദൗത്യത്തെ അയച്ചപ്പോഴായിരുന്നു. "മാര്‍സ് എക്സ്പ്രസ്"  എന്നായിരുന്നു ഇതിന്റെ പേര്. ചൊവ്വയെ ചുറ്റിസഞ്ചരിച്ച് നിരീക്ഷണം നടത്തിയ ഇത്, 2003 ഡിസംബറില്‍, വളരെ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തി- "ജൈവസംയുക്തം" എന്നു വിശേഷിപ്പിക്കാവുന്ന ഒരെണ്ണത്തെ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കണ്ടെത്തിയിരിക്കുന്നു- മീഥേന്‍ . അങ്ങനെയാണ് മീഥേന്‍വാതകം ചിത്രത്തിലേക്ക് കടന്നുവരുന്നത്.

    മീഥേന്‍വാതകം ചൊവ്വയുടെ അന്തരീക്ഷത്തിലുണ്ടെങ്കില്‍, അതിനര്‍ഥം ജീവനുണ്ടെന്നാണ് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ വാദിച്ചു. കാരണം, ഭൂമിയില്‍, ഇത്തരത്തില്‍ മീഥേന്‍ ഉല്‍പ്പാദിപ്പിക്കുന്ന ചില സൂക്ഷ്മജീവികളുണ്ട്- "മെതനോജെന്‍സ്"  എന്ന പേരില്‍. ബാക്ടീരിയകളായ ഇവ, ഉയര്‍ന്ന ലവണാംശത്തിലും താപനിലയിലുമൊക്കെ ജീവിക്കാന്‍ കഴിയുന്നവയാണ്. അതുകൊണ്ട് ഇവയുടെ പ്രതിനിധികള്‍ ചൊവ്വയിലുമുണ്ടാവാം എന്ന് ചിലര്‍ പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍, ഈ പ്രതീക്ഷ വിജയിക്കാന്‍ ഒരു പ്രധാന തടസ്സമുണ്ടായി എന്നതാണ് വസ്തുത. കാരണം, മീഥേന്‍ സൃഷ്ടിക്കാന്‍ സൂക്ഷ്മജീവികള്‍തന്നെ വേണമെന്നില്ല. 
    തികച്ചും രാസപരമായ പ്രവര്‍ത്തനങ്ങള്‍മൂലവും മീഥേന്‍ സൃഷ്ടിക്കപ്പെടാം. ഭൂമിയില്‍ ഇങ്ങനെ നടക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ചൊവ്വയിലും അതുതന്നെയാവില്ലേ നടന്നുകൊണ്ടിരിക്കുന്നത്? ഇതിന് ഉത്തരം കണ്ടെത്തുന്നതായി പുതിയ പ്രശ്നം.2003ലെ മീഥേന്‍ കണ്ടെത്തലിനുശേഷം, ഭൂമിയിലെ മൂന്നു ദൂരദര്‍ശിനികള്‍ ചൊവ്വയുടെ ഉപരിതലം തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ അരിച്ചുപെറുക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള ഏഴു വര്‍ഷം അവ ഇതു തുടര്‍ന്നു. അതിലൂടെ അവ വിചിത്രമായൊരു കാര്യം കണ്ടെത്തി. ചൊവ്വയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന മീഥേന്‍ വാതകം കൃത്യമായും മൂന്ന് പ്രത്യേക സ്ഥലങ്ങളില്‍നിന്നാണ് പുറപ്പെടുന്നത്. "അറേബിയാ ടെറാ" , "നിലിഫോസെ" , "സിര്‍ട്ടിസ് മേജര്‍" എന്നിവയായിരുന്നു ഇവ.

    2005ല്‍, സുപ്രധാനമായ മറ്റൊരു കണ്ടെത്തല്‍, ചൊവ്വയെ സംബന്ധിക്കുന്നതായി "നാസ" നടത്തിയിരുന്നു- ചൊവ്വയില്‍ ജലം ദ്രാവകരൂപത്തില്‍ത്തന്നെയുണ്ട്. മണ്ണിനടിയിലാണെന്നു മാത്രം. ചൊവ്വയുടെ മധ്യരേഖാ മേഖലയിലാണ് ഈ ജലസാന്നിധ്യം കണ്ടെത്തിയത്. ശ്രദ്ധേയമായിത്തീര്‍ന്ന മറ്റൊരു കാര്യം, മുന്‍പറഞ്ഞ, മീഥേന്‍വാതകം ഉയര്‍ന്നുവരുന്ന മൂന്നു മേഖലകളും, ഈ മധ്യരേഖാമേഖലയ്ക്ക് തൊട്ടടുത്താണെന്നതായിരുന്നു. 19,000 മെട്രിക് ടണ്‍ മീഥേന്‍ ആയിരുന്നു ചൊവ്വയുടെ അന്തരീക്ഷത്തില്‍നിന്ന് മൊത്തമായും കണ്ടെത്തിയത്. എന്നാല്‍, ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സൂക്ഷ്മജീവികളാണോ, അജീവിയമായ പ്രവര്‍ത്തനങ്ങളാണോ എന്നാണ് ഇനിയും കണ്ടെത്തേണ്ടതുണ്ട്. ഇതുതന്നെയാണ് "മംഗള്‍യാനി"ലുടെ ഇന്ത്യ ലക്ഷ്യമിടുന്നതും.
Print Edition of this was published in Kilivathil, Deshabhimani Daily, 7th November 2013.