ഒരു ഭീകരനോവല്‍ വായിക്കുന്ന വായനക്കാരന്‍റെ മനസില്‍ ഭയം ജനിപ്പിക്കാനായി കഥാകാരന്‍മാര്‍ ചെയ്യുന്നത് തീര്‍ത്തും അസംഭവ്യമായ കാര്യങ്ങള്‍ക്കുപോലും സംഭവ്യതയുടേതായ ഒരു ആനുകൂല്യം ഉണ്ടാക്കിയെടുക്കുകയാണ്. സംശയത്തിന്‍റേതായ ഈ ആനുകൂല്യം സ്യഷ്ടിച്ചെടുക്കാന്‍ പരമാവധി എല്ലാ തന്ത്രങ്ങളും അവര്‍ പയറ്റും. അതിലൊന്നാണ് പ്രഥമപുരുഷസര്‍വ്വനാമത്തില്‍ കഥ പറയുക എന്നത്. അതായത് കഥാകാരന്‍ ഞാന്‍ ഞാന്‍ എന്നു്പറഞ്ഞ് കാര്യങ്ങള്‍വിവരിക്കുന്ന രീതി. ഇത് യാത്രാവിവരണമാവാം. അല്ലെങ്കില്‍ ഡ്രാക്കുളയിലേതുപോലെ ബ്രാം സ്റ്റോക്കറുടെ ഡയറിക്കുറിപ്പുകളാവാം. താന്‍ പറയുന്നതെല്ലാം സത്യമാണെന്ന് സ്ഥാപിക്കുന്നതിനുള്ള നിര്‍ബന്ധബുദ്ധിയാണ് ഇതിന്‍റെ പ്രത്യക്ഷമായ ഒരു വശം. ഇതിലൂടെ സത്യത്തിനും മിഥ്യയ്ക്കുമിടെയിലെ പാതി തേഞ്ഞുമാഞ്ഞ രേഖ നമ്മക്കൈാണ്ടുതന്നെ അയാള്‍ തുടച്ചുകളയിക്കുന്നു. ഞാനൊരു കഥയല്ല പറയുന്നത് എന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം യഥാതഥമായി ഞാന്‍ നിങ്ങളോട് പറയുകയാണെന്നാണ് ബ്രാം സ്റ്റോക്കര്‍ പറയുന്നത്. അതുമാത്രമല്ല, ഈ നടന്ന സംഭവങ്ങള്‍ക്കൊന്നും വലിയ കാലപ്പഴക്കമില്ല. നിങ്ങളും ഞാനും ജീവിക്കുന്ന കാലത്തുതന്നെയാണ് അത് നടന്നത് (ഇക്കാര്യത്തില്‍ ഒരു നൂറ്റാണ്ടുകാലമൊന്നും ഡ്രാക്കുളയുടെ രാത്രിസഞ്ചാരത്തിന് ഒരു വിഘാതമല്ലതന്നെ). വായനക്കാരന്‍ അനുഭവിക്കുന്ന അതേ അപരിചിതത്വവുമായാണ് ബ്രാം സ്റ്റോക്കറും കഥയെ സമീപിക്കുന്നത്. തന്നെ കാത്തിരിക്കുന്ന അപകടത്തെക്കുറിച്ച് ജോനാതന്‍ ഹാര്‍ക്കറിന് ഒരു ബോദ്ധ്യവുമില്ല. സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള രേഖകളിലെല്ലാം, അത് കത്തുകളാവാം ഡയറിക്കുറിപ്പുകളാവാം പത്രക്കട്ടിങ്ങുകളാവാം ടെലഗ്രാമുകളാവാം ഇതിലെല്ലാം വ്യക്തമായ തിയതി ഉണ്ടെന്നതാണ് വായനക്കാരന്‍റെ മനസിനെ പിടിച്ചുകെട്ടാനുള്ള മറ്റൊരുപാധി ! അഞ്ചാമധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്ന ലൂസി എഴുതിയ കത്തുമാത്രമാണ് ഇതിനപവാദം. അതില്‍ കത്തെഴുതുന്നത് 'ഒരു ബുധനാഴ്ച' എന്നുമാത്രമാണ് കാണിച്ചിരിക്കുന്നത്. അതിശയമെന്നു പറയട്ടെ, നോവലിന്‍റെ തുടക്കത്തിനും ഒടുക്കത്തിനും ഒരു തിയതിയുണ്ട്: നോവല്‍ തുടങ്ങുന്നത് ഒരു മെയ് മൂന്നിനാണ്. അവസാനിക്കുന്നത് നവംബര്‍ ആറിനും. ചുരുക്കത്തില്‍ കഷ്ടിച്ച് ആറു മാസങ്ങള്‍കൊണ്ടു നടക്കുന്ന സംഭവങ്ങളാണ് ഈ ലോകക്ളാസിക്കിന്‍റെ ഇതിവ്യത്തം.
ഒരു ദുഃസ്വപ്നത്തിന്‍റെ പകര്‍ത്തിയെഴുത്ത്
മൂന്നു കഥാപാത്രങ്ങളുടെ അനുഭവസാക്ഷ്യങ്ങളായാണ് ബ്രാം സ്റ്റോക്കര്‍ കഥ പറയുന്നത് ജോനാതന്‍ ഹാര്‍ക്കര്‍, മൈനാ മുറൈ, ജോണ്‍ സ്റ്റിവാര്‍്ഡ്. ഈ മൂന്നുപേരും അവരരവരുടെ വീക്ഷണകോണില്‍നിന്നുമാണ് സംഭവങ്ങളെ നോക്കിക്കാണുന്നതും. വായനക്കാരുമായി നേരിട്ട് സംവദിക്കുന്നത് ഇവര്‍ മാത്രമാണ്. ഇവരുടെ വിവരണങ്ങളിലൂടെയാണ് ഡ്രാക്കുള പ്രഭുവിനെക്കുറിച്ചുള്ള ഒരു څമെന്‍റല്‍ പിക്ചര്‍چ വായനക്കാര്‍ രൂപപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഒരു ദുഃസ്വപ്നത്തിലൂടെ തന്‍റെ മനസിലുളവായ ചിത്രത്തില്‍നിന്നാണ് കന്യകമാരുടെ രക്തമൂറ്റി യൗവനം നിലനിറുത്തുന്ന ഡ്രാക്കുളപ്രഭുവിന്‍റെ പ്രാക്രൂപത്തെ താന്‍ രൂപപ്പെടുത്തിയതെന്നാണ് ബ്രാം സ്റ്റോക്കര്‍ പറയുന്നത്. സ്കോട്ട്ലന്‍ഡിലെ ക്രൂഡെന്‍ബേയിലുള്ള ഒരു ചെറിയ സത്രത്തില്‍ അന്തിയുറങ്ങവേയായിരുന്നു ആ സ്വപ്നം. കില്‍മര്‍നോക്ക് ആംസ് ('Kilmarnock Arms') എന്ന ആ സത്രം പിന്നീട് ഡ്രാക്കുളപ്രേമികളുടെ ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയുണ്ടായി. എന്നാല്‍ ഉടനെയൊന്നും ഡ്രാക്കുളയെ താളുകളിലേക്ക് വരച്ചാനയിക്കാന്‍ ബ്രാം സ്റ്റോക്കര്‍ തയ്യാറായില്ല. ഏതാണ്ട് ആറു വര്‍ഷത്തോളം 'അനുബന്ധരേഖ'കളുടെ കണ്ടെത്തലിനായി അദ്ദേഹം ചിലവഴിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഫിലാഡെല്‍ഫിയ നോട്ട്സ് ('Philadelphia Notes') എന്ന പേരില്‍ ഇത് ഗവേഷകര്‍ പിന്നീട് കണ്ടെടുക്കുകയുണ്ടായിട്ടുണ്ട്. ഫിലാഡെല്‍ഫിയയിലെ ഒരു ലൈബ്രറിയില്‍നിന്നും കണ്ടെടുത്തതിനാലാണ് ഈ പേര്. 'യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ലാത്ത' (undead) ഒരാളിനെക്കുറിച്ചുള്ള വിവരങ്ങളുടെ ശേഖരമായ ഇതിന് 75 പേജുകളുണ്ട്. ഡ്രാക്കുളയുടെ സ്യഷ്ടിക്കായി ബ്രാം സ്റ്റോക്കര്‍ വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റും ഇതിലുണ്ട്. നാലു ഭാഗങ്ങളായി അദ്ദേഹം ഈ കുറിപ്പുകളെ വേര്‍തിരിച്ചിരുന്നു: ലണ്ടനിലേക്ക് ('To London'), ദുരന്തം ('Tragedy'), കണ്ടെത്തല്‍ ('Discovery'), ശിക്ഷാവിധി ('Punishment'). ഇത്തരത്തില്‍ നാലായുള്ള വിഭജനവുംലണ്ടനിലേയും ട്രാന്‍സില്‍വാനിയയിലേയും രണ്ട് വിശാലമായ മുറികളില്‍ ഒതുങ്ങിനില്‍ക്കുന്ന കഥാഘടനയും ഡ്രാക്കുളയെ ഒരു നാടകമാക്കാന്‍ ബ്രാം സ്റ്റാക്കര്‍ തീരുമാനിച്ചിരുന്നു എന്നതിനുള്ള തെളിവായി ചില ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ലണ്ടനിലെ പ്രശസ്തമായ ലൈസിയം തീയേറ്ററില്‍ ഡ്രാക്കുള നാടകമായി കളിച്ചിരുന്നതിനും തെളിവുണ്ട്. 1897 മെയിലായിരുന്നു അത്. അതായത് ഡ്രാക്കുളയുടെ ആദ്യപതിപ്പ് പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളില്‍. അന്ന് ലൈസിയം തീയേറ്ററിന്‍റെ ഭരണാധിപന്‍മാരില്‍ ഒരാളുമായിരുന്നു ബ്രാം സ്റ്റോക്കര്‍.
ഡ്രാക്കുളയിലെ 'ഭൂമി'ശാസ്ത്രം
കഥ നടക്കുന്ന സ്ഥലം മാപ്പില്‍ കണ്ടുപിടിക്കാന്‍ കഴിയുന്നു എന്നിടത്തും യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തുനിന്നുള്ള ഒരു മുഖംമൂടി സ്വയമണിയാനുള്ള ബ്രാം സ്റ്റോക്കറുടെ വ്യഗ്രതയെ നമുക്ക് ദര്‍ശിക്കാം. തീര്‍ച്ചയായും അതൊരു സങ്കല്‍പ്പഇടമല്ല. റൊമാനിയയും ട്രാന്‍സില്‍വാനിയയും ലണ്ടനുമൊക്കെ ഏതൊരു ഭൂപടത്തിലും എളുപ്പത്തില്‍ വിരലോടിച്ച് കണ്ടുപിടിക്കാവുന്നവയാണ്. ഏറ്റവും വലിയ തമാശയെന്നുതന്നെ പറയാം. അതിന്‍റെ പേരില്‍ ഒരു പുസ്തകം തന്നെയുണ്ട്: ഡ്രാക്കുള നോവലില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ അന്വേഷിച്ചു കണ്ടെത്തുന്ന പുസ്തകം ഇന്‍ സെര്‍ച്ച് ഓഫ് ഡ്രാക്കുള (In Search of Dracula by Radu R. Florescu and Raymond T. McNally). ലണ്ടനിലേക്കു വരുന്ന ഡ്രാക്കുളയുടെ വസതിയായി പറഞ്ഞിരിക്കുന്ന പിക്കാഡിലി എന്ന 347ാം കെട്ടിടം (No. 347 Piccadilly) യഥാര്‍ത്ഥത്തില്‍ അതേ സ്ഥലത്ത് നിനില്‍ക്കുന്ന ഒന്നാണ്. രക്ഷപ്പെട്ട ഒരു ചെന്നായയുടെ സഹായത്തിനായി ഡ്രാക്കുള പ്രവേശിക്കുന്ന 'സുവോളജിക്കല്‍ ഗാര്‍ഡന്‍', പ്രശസ്തമായ ലണ്ടന്‍ സൂ അല്ലാതെ മറ്റൊന്നുമല്ല. ലൂസി കുട്ടികളെ ആക്രമിക്കുന്ന ഹാംപ്സ്റ്റെഡ,് ലണ്ടന്‍റെ പ്രാന്തപ്രദേശത്തുള്ള സ്ഥലമാണ്. സ്പാനിയാര്‍ഡ്സ് (Spaniards) എന്നൊരു മദ്യശാലയും അതേ പേരില്‍ നോവലില്‍ പറഞ്ഞിരിക്കുന്ന ഇടത്തുണ്ട്. അതുപോലെതന്നെ, ലൂസിയുടെ ശവക്കല്ലറ പരിശോധിക്കുന്നതിനുമുമ്പ് വാന്‍ ഹെല്‍സിങും സിവാര്‍ഡും ഒത്തുകൂടിയ ജാക് സ്ട്രാ കാസ്റ്റില്‍ (Jack Straw's Castle) എന്ന സത്രവും അതേ പേരില്‍ത്തന്നെ ഉള്ളതാണ്. വിറ്റ്ബൈ എന്ന സ്ഥലം മാത്രമല്ല അവിടെയുള്ള കന്യാസ്ത്രീ മഠവും സാങ്കല്‍പ്പികമല്ല. എ.ഡി. 657-ല്‍ ഈ മഠം സ്ഥാപിച്ച ഹില്‍ഡാ എന്ന മദറിന്‍റെ പ്രേതത്തെ വെള്ളവസ്ത്രത്തില്‍ പ്രദേശവാസികള്‍ കണ്ടിരുന്നതായി കഥകളുണ്ട്. 1890 ഓഗസ്റ്റില്‍ നേരിട്ട് ഇവിടം സന്ദര്‍ശിച്ചാണ് ബ്രാം സ്റ്റോക്കര്‍ ഇതൊക്കെ കേട്ടറിഞ്ഞത്. ഹില്‍ഡയുടെ പ്രേതം ലൂസിയായി പരിണമിക്കുകയായിരുന്നു. ബ്രാം സ്റ്റോക്കര്‍ ക്യത്യമായി പഠിച്ച മറ്റൊരിടമായിരുന്നു സെന്‍റ് മേരീസ് പള്ളിയുടെ സെമിത്തേരി. തുറമുഖം നോക്കിയാല്‍ കാണാവുന്ന അകലത്തിലുള്ള ഈ പരിസരം ബ്രാം സ്റ്റോക്കറിനെ ഉന്‍മത്തനാക്കിയിരുന്നിരിക്കണം. വ്യക്തമായി വായിക്കാന്‍ കഴിയുന്ന 1530 ശവക്കല്ലറകളുള്ള ആ സെമിത്തേരിയിലെ 91 കൊത്തിവെച്ച പേരുകളും വിവരങ്ങളും 'ഡ്രാക്കുള'യില്‍ ബ്രാം സ്റ്റോക്കര്‍ പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനിടയിലൊക്കെ വിദഗ്ദ്ധമായി മറച്ചുവെയ്ക്കപ്പെട്ട ഒരു കാര്യം അദ്ദേഹം ഒരിക്കലും ട്രാന്‍സില്‍വാനിയ സന്ദര്‍ശിച്ചിട്ടില്ല എന്നതാണ്. എമിലി ജെറാര്‍ഡിന്‍റെ എ ലാന്‍ഡ് ബിയോന്‍ഡ് ദ ഫോറസ്റ്റി(The Land Beyond the Forest- Emily Gerard)ല്‍ നിന്നുള്ള വായിച്ചറിവ് മാത്രമേ ട്രാന്‍സില്‍വാനിയയെക്കുറിച്ച് അദ്ദേഹത്തിനുള്ളൂ. ജര്‍മ്മനിയിലെ മ്യൂണിക്കില്‍നിന്നും യാത്ര തുടങ്ങുന്ന ജോനാതന്‍ ഹാര്‍ക്കര്‍ ട്രയിന്‍മാര്‍ഗം വിയന്നയിലെത്തുന്നു. അവിടെനിന്നും ബുഡാപെസ്റ്റിലെത്തുന്ന ഹാക്കര്‍ ഡന്യൂബ് നദിയുടെ മനോഹരതീരത്തുനിന്ന് ട്രാന്‍സില്‍വാനിയയിലേക്ക് പോവുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. ഇന്നത്തെ റൊമാനിയയുടെ വടക്കന്‍ മേഖലയിലുള്ള ഈ നഗരത്തെ പക്ഷേ ആ പേരിലല്ല ഹാര്‍ക്കര്‍ വിളിക്കുന്നത്. ക്ളൗസെന്‍ബെര്‍ഗ് (Klausenburgh) എന്ന ജര്‍മ്മന്‍ പേരാണ് അയാള്‍ ഉപയോഗിക്കുന്നത്. കാരണം അക്കാലങ്ങളില്‍ സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു ട്രാന്‍സില്‍വാനിയ. കാര്‍പാത്തിയന്‍ മലമ്പാതയിലൂടെയുള്ള മറക്കാനാവാത്ത കുതിരവണ്ടിയാത്രയ്ക്കുമുമ്പ് ഹാര്‍ക്കര്‍ തങ്ങുകയും പാപ്റിക്കാ ഹെന്‍ഡില്‍ (Paprika hendl) എന്ന വിശിഷ്ടമായ ചിക്കന്‍ ഡിഷ് കഴിക്കുകയും ചെയ്യുന്ന റോയല്‍ ഹോട്ടല്‍ (Hotel Royale) പോലും യഥാര്‍ത്ഥമാണെന്നത് ബ്രാം സ്റ്റോക്കറുടെ അന്വേഷണപരത വെളിപ്പെടുന്നുണ്ട്.
ഡ്രാക്കുള എന്ന ''വാംപയര്‍'
ലോകത്തിലെ ഏറ്റവും പ്രശസ്തമായ പേരുകളിലൊന്നാണ് ജോനാതന്‍ ഹാര്‍ക്കര്‍ ഇന്ന്. ബ്രാം സ്റ്റോക്കറിന് ഈ പേരു കിട്ടിയത് ഭാവനയില്‍ നിന്നല്ല. ബ്രാംസ്റ്റോക്കര്‍ മാനേജറായിരുന്ന ലണ്ടനിലെ ലൈസിയം തിയേറ്ററില്‍ വരാറുണ്ടായിരുന്ന ഒരു ചിത്രകാരന്‍റെ പേരില്‍നിന്നുമാണ് അദ്ദേഹം അത് സ്വീകരിച്ചത്. ജോസഫ് ഹാര്‍ക്കര്‍ എന്നായിരുന്നു, ഡിസൈനിങ് ജോലികള്‍ കരാറെടുത്തിരുന്ന അയാളുടെ പേര.് ക്ളൈവ് ലെതര്‍ഡേലിന്‍റെ പുസ്തകം (Dracula, the Novel and the Legend- Clive Leatherdale) 'ഡ്രാക്കുള'-യിലെ മറ്റു പേരുകളുടെ ഉല്‍പ്പത്തിയേയും ഇവ്വിധം അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്. څഡ്രാക്കുളچയുടെ രചനയ്ക്കാവശ്യമായ പശ്ചാത്തല വിവരങ്ങള്‍ തേടി ബ്രാം സ്റ്റോക്കര്‍ യാത്ര തുടങ്ങുന്നത് 1890-ലാണ്. പുസ്തകം പ്രസിദ്ധീകരിക്കുന്നത് 1897ലും. ഫിലാഡെല്‍ഫിയ നോട്ട്സിലെ തിയതിയും ഈ യാത്രയും തമ്മില്‍ താദാമ്യമുണ്ട്. അതേസമയം അതിന് ജോനാതന്‍ ഹാര്‍ക്കറിന്‍റെ യാത്രാക്കുറിപ്പുകളുമായും കാലബദ്ധമായ ചേര്‍ച്ചയുണ്ട്. യഥാര്‍ത്ഥത്തില്‍ ബ്രാം സ്റ്റോക്കര്‍ തന്നെയായിരുന്നോ ജോനാതന്‍ ഹാക്കര്‍ എന്നൊരു സംശയത്തിനും വകനല്‍കിക്കൊണ്ടാണ് ഡ്രാക്കുള-യെ ബ്രാം സ്റ്റോക്കര്‍ പരിചയപ്പെടുത്തുന്നത്. ഡ്രാക്കുള എന്നാല്‍ ഒരു 'വാംപയര്' ആണ്. രക്തദാഹിയും മരിച്ചാലും മരിക്കാത്തതുമായ ഒരു അസ്തിത്വമാണത്. വാംപയര്‍ കഥകള്‍ക്ക് യൂറോപ്പില്‍ പഞ്ഞമില്ലെങ്കിലും ആയിരത്തൊന്നു രാവുകള്‍ (One Thousand Nights and One Night) ഇംഗ്ളീഷിലേക്ക് വിവര്‍ത്തനംചെയ്ത റിച്ചാര്‍ഡ് ബര്‍ട്ടണു(Richard Burton)മായുള്ള സുഹ്യത്ത്ബന്ധത്തിലൂടെ രക്തരക്ഷസിനെക്കുറിച്ചും ബ്രാം സ്റ്റോക്കര്‍ കേട്ടിരുന്നിരിക്കാം. പതിനെട്ടാം അധ്യായത്തില്‍ അതുകൊണ്ടായിരിക്കണം ബ്രാം സ്റ്റോക്കര്‍ പ്രൊഫസര്‍ വാന്‍ ഹെല്‍സിങിനെക്കൊണ്ട് പറയിക്കുന്നത്: "For, let me tell you, he is known everywhere that men have been. In old Greece, in old Rome; he flourish in Germany all over, in France, in India, even in the Chersonese; and in China, and the peoples fear him at this day" .' വാംപയര്‍ നോവലുകള്‍ക്ക് അക്കാലങ്ങളില്‍ ഒരു വലിയ ഡിമാന്‍ഡ് നിലനിന്നിരുന്നു. 1819-ല്‍ പ്രസിദ്ധീക്യതമായ ജോണ്‍ പാലിഡോറിയുടെ 'ദ വാംപൈര്'' (The Vampyre by John Polidori) ആയിരുന്നു ഈ സെന്‍സേഷനെ ഉയര്‍ത്തിവിട്ടത്. അതിനു തുടര്‍ച്ചയായി വന്നതായിരുന്നു 1847-ല്‍ പുറത്തിറങ്ങിയ തോമസ് പെക്കറ്റ് പ്രെസ്റ്റിന്‍റെ വാര്‍ണി ദ വാംപയര്‍ അഥവാ ദ ഫീസ്റ്റ് ഓഫ് ബ്ളഡ് (Varney the Vampire or, the Feast of Blood by Thomas Peckett Prest). ഫിലാഡെല്‍ഫിയ രേഖകളനുസരിച്ച് പക്ഷേ ബ്രാം സ്റ്റോക്കര്‍ അനുകരിക്കാന്‍ ശ്രമിച്ചത് ഇവയൊന്നിനേയുമായിരുന്നില്ല.'കൗണ്ടസ് കാര്‍മില' (Countess Carmilla) നോവലിനെയായിരുന്നു ബ്രാം സ്റ്റോക്കര്‍ മാത്യകയായി മനസില്‍ കരുതിയത്. ഐറിഷ് നോവലിസ്റ്റായ ജോസഫ് ഷെറിഡന്‍ ഡീ ഫാനു എഴുതിയ ഇത് 1871-ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. നോവലിന്‍റെ പശ്ചാത്തലമായി ഓസ്ട്രിയയുടെ ഭാഗമായ സ്റ്റൈറിയയാണ് ബ്രാം സ്റ്റോക്കര്‍ ആദ്യം തീരുമാനിച്ചിരുന്നതെന്നും ഫിലാഡെല്‍ഫിയ രേഖകള്‍ സൂചിപ്പിക്കുന്നു. കാരണം 'കൗണ്ടസ് കാര്‍മില' യില്‍ കഥ നടക്കുന്നത് അവിടെയായിരുന്നു. പിന്നീട് നയന്‍റീന്‍ത് സെഞ്ച്വറി മാഗസീനില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച 'ട്രാന്‍സില്‍വാനിയന്‍ അന്ധവിശ്വാസങ്ങള' (Transylvanian Superstitions) വായിച്ചതിനെ ത്തുടര്‍ന്നായിരിക്കാം അദ്ദേഹം മനസ്സുമാറ്റിയത്.
എന്നാല്‍ വായനക്കാരുടെ മനസിലെ വാംപയര്‍ സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തുകൊണ്ടാണ് ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളയെ അവതരപ്പിച്ചത്. ഡ്രാക്കുളക്കോട്ടയിലെത്തുന്ന ജോനാതന്‍ ഹാര്‍ക്കര്‍ എന്ന അതിഥിയെ വളരെ മാന്യമായ ഉപചാരത്തോടെയാണ് ഡ്രാക്കുളപ്രഭു സ്വീകരിക്കുന്നത്. "എന്‍റെ ഭവനത്തിലേക്ക് സ്വാഗതം... ഒന്നിനെക്കുറിച്ചും വ്യാകുലനാവാതെ കടന്നുവരൂ... സ്വന്തം മനസ് പറയുന്നതനുസരിക്കൂ..." ('Welcome to my house ! Enter freely and of your own will !') എന്നാണദ്ദേഹം പറയുന്നത്. പക്ഷേ, താന്‍ നില്‍ക്കുന്നിടത്തുനിന്ന് അദ്ദേഹം തെല്ലും അനങ്ങുന്നില്ല. എന്നാല്‍ ജോനാതന്‍ ഹാക്കര്‍ പടിവാതില്‍ കടക്കുമ്പോള്‍ അടക്കാനാവാത്ത രക്തദാഹത്തോടെ അദ്ദേഹം അല്‍പ്പം മുന്നോട്ടു കുനിയുന്നു. എങ്കിലും അതൊരു ഭംഗിവാക്കില്‍ പൊതിഞ്ഞ് ഉപചാരമാക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. ചിന്തിക്കാതിരിക്കുന്ന കോണുകളില്‍ നിന്ന് അദ്ദേഹം പ്രത്യക്ഷപ്പെടുന്നതും കൈകാലുകളുടെ ചലനത്തിലെ അസ്വാഭാവികതയും മാത്രമാണ് ജോനാതനെ അലോസരപ്പെടുത്തുന്നത്. നീണ്ടുകൂര്‍ത്ത ഒരു വന്യജീവിയുടേതുപോലുള്ള നഖങ്ങളും നീണ്ടു കൂര്‍ത്ത കോമ്പല്ലുകളും സാമാന്യത്തിലേറെ നീണ്ടുയര്‍ന്ന ചെവികളും ജോനാതനില്‍ അല്‍പ്പം ഭയം ജനിപ്പിക്കുന്നുണ്ട്. എന്തായാലും തന്‍റെ ആതിഥേയന്‍ അതീവകുലീനയായ ഒരു വ്യക്തി എന്നതിലുപരി മറ്റൊന്നും ചിന്തിക്കാന്‍ ജോനാതന് അവസരമുണ്ടാവുന്നില്ല. കഥയുടെ മുന്നോട്ടുള്ള ഗതിയില്‍ മാത്രമാണ് വെളുത്തുള്ളിയുടേയും കാട്ടുറോസിന്‍റേയും പൂക്കളോടും വെഞ്ചരിച്ച ജലത്തോടുമുള്ള വേദനാജനകമായ വിധേയത്വം മറ്റ് വാംപയറുകളെപ്പോലെ ഡ്രാക്കുളയും പ്രകടമാക്കുന്നത്. കുരിശ് അദ്ദേഹത്തെ നിശ്ചേഷ്ടനാക്കുകയും നിഷ്ക്രമിപ്പിക്കുകയും ചെയ്യുന്നു. എല്ലാ പ്രേതാത്മാക്കളെപ്പോലെയും ഹ്യദയം തുളച്ചു കയറുന്ന കഠാരയും ശരരത്തില്‍നിന്ന് വേര്‍പെടുത്തപ്പെടുന്ന തലയുമാണ് ഡ്രാക്കുളയേയും മരണാനന്തരچജീവിതچത്തില്‍നിന്ന് മോചിപ്പിക്കുന്നത്. രൂപം മാറാനുള്ള കഴിവിലും ഡ്രാക്കുള മറ്റ് വാംപയറുകളെ പോലെയാണ്. നിമിഷാര്‍ദ്ധം കൊണ്ട് വാവലായും മൂങ്ങയായും എലികളായും ചെന്നായായും അദ്ദേഹം രൂപാന്തരപ്പെടുന്നു. മൂന്നാം അദ്ധായത്തില്‍ മച്ചിനു മുകളിലൂടെ ഒരു പല്ലിയെപ്പോലെ നീങ്ങുന്ന ഡ്രാക്കുളയെ ജോനാതന്‍ കാണുന്നു. ഇരുപത്തിമൂന്നാം അധ്യായത്തില്‍ പാത്തുപതുങ്ങുന്ന ഒരു പുലിയായും. ഇതൊക്കെയാണെങ്കിലും ഒരൊറ്റ കാര്യത്തിലുംകൂടി പഴയ വാംപയറുകളില്‍നിന്നും ഡ്രാക്കുള വ്യത്യസ്തനാവുന്നുണ്ട്. ഇംഗ്ളീഷുകാര്‍ പരിചയിച്ച വാംപയറുകളെല്ലാം ഇരുട്ടിന്‍റെ ആത്മാക്കളാണ്. അവര്‍ക്ക് സൂര്യപ്രകാശത്തില്‍ നിലനില്‍പ്പില്ല. എന്നാല്‍ ബ്രാം സ്ട്രോക്കര്‍ തന്‍റെ വാംപയറിനെ ലണ്ടന്‍ നഗരത്തിലൂടെ പകല്‍വെളിച്ചത്തില്‍ നടത്തി. ഇതിലൂടെ വെളിച്ചം എന്ന സുരക്ഷാവലയത്തെക്കൂടെ എടുത്തുമാറ്റി ബ്രാം സ്ട്രോക്കര്‍ വായനക്കാരെ ഭയചകിതരാക്കി. എവിടേയും എപ്പോഴും ഡ്രാക്കുള വന്നെത്തുമെന്ന് സാരം. നിങ്ങള്‍ക്കൊപ്പം എവിടേയും!
ചരിത്രത്തിലെ ഡ്രാക്കുള
റൊമാനിയയുടെ ചരിത്രത്തില്‍ ഡ്രാക്കുള എന്ന പേരുള്ള ഒരാള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു എന്നത് വസ്തുതയാണ്. വ്ളാഡ് ദി ഇംപെയ്ലര്‍' (Vlad the Impaler)എന്നായിരുന്നു ഇദ്ദേഹത്തിന്‍റെ പേര്. 1431 മുതല്‍ 1476/77 വരെയായിരുന്നു ഇദ്ദേഹത്തിന്‍റെ കാലം. ചരിത്രപുരുഷനായ ഈ ഡ്രാക്കുളപ്രഭു കന്യകമാരു െ ട രക്തം കുടിച്ച് യൗവനം നിലനിറുത്തിയിരുന്നോ എന്നതിന് തെളിവുകളേതുമില്ലെങ്കിലും ഇദ്ദേഹത്തിന്‍റെ വാസസ്ഥാനമായിരുന്ന കോട്ട, പ്രത്യേകമായിത്തന്നെ റൊമാനിയില്‍ ഇപ്പോഴുമുണ്ട്. പൊയ്നേറി കാസ്റ്റില്‍' (Poienari Castle) എന്നപേരില്‍. അര്‍ഗസ്നദിയുടെ കരയിലുള്ള കീഴ്ക്കാം തൂക്കായ ഒരു പാറക്കെട്ടില്‍ പണിതുറപ്പിച്ചിരിക്കുന്ന പൊയ്നേറി കാസ്റ്റിലിനു മുന്നില്‍ ഇന്ന് റൊമാനിയയുടെ ദേശീയപതാക പാറിക്കളിക്കുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ട, ഡ്രാക്കുള എന്ന 'വ്ളാഡ് ദി ഇംപെയ്ലര്‍' തന്‍റെ പ്രധാന കോട്ടകളിലൊന്നായാണ് കണക്കാക്കിയിരുന്ന ത്. ഇതിന്‍റെ കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിപ്പണിതതും ഇദ്ദേഹമായിരുന്നുവെന്ന് ചരിത്രരേഖകളില്‍ കാണുന്നു. എന്നാല്‍ ബ്രാം സ്റ്റോക്കര്‍ തന്‍റെ നോവലില്‍ അവതരിപ്പിച്ചിരിക്കുന്ന 'ഡ്രാക്കുള കോട്ട' ഇതാവാന്‍ തെളിവുകളേതുമില്ലെന്ന് സാഹിത്യചരിത്രഗവേഷകനായ ഹാന്‍സ്കോര്‍ണീല്‍ ഡീ റൂസ് (Hans Corneel deRoos) സാക്ഷ്യപ്പെടുത്തുന്നു. പൊയ്നേറി കാസ്റ്റിലിനെക്കെുറിച്ച് ബ്രാം സ്റ്റോക്കറിന് കേട്ടുകേള്‍വിപോലും ഉണ്ടായിരിക്കാനിടയില്ലെന്ന് ഡീ റൂസ് പറയുന്നു. നോവലിലെ ഭൂമിശാസ്ത്രവിവരണങ്ങളോട് സാദ്യശ്യം പുലര്‍ത്തുന്ന നിര്‍മ്മിതികളിലൊന്നും പൊയ്നേറി കാസ്റ്റിലിന്‍റെ സമീപത്തൊന്നുമില്ല. ചരിത്രത്തിലെ ഡ്രാക്കുളയുടെ കോട്ട എന്ന പേരില്‍ റൊമാനിയാില്‍ അറിയപ്പെടുന്നത് പൊയ്നേറി കാസ്റ്റില്‍ മാത്രമാണ്. പക്ഷേ, നോവലില്‍ പറയുന്ന ഡ്രാക്കുളക്കോട്ട ഏതാണെന്നതിന് അവര്‍ക്കുള്ള ഉത്തരമാണ് څബ്രാന്‍ കാസ്റ്റില്‍'. ബ്രാന്‍ എന്ന സ്ഥലത്താണ് ഇതുള്ളത്. അതുകൊണ്ട് څബ്രാന്‍ കാസ്റ്റില്‍' എന്നറിയപ്പെടുന്നു എന്നേയുള്ളൂ. നോവലിലെ വിവരണങ്ങളുമായി യഥാതഥമായി ചേര്‍ന്നുനില്‍ക്കുന്നുവെങ്കിലും څവ്ളാഡ് ദ ഇംപെയ്ലറിچന് ഈ കോട്ടയുമായി വിദൂരബന്ധം മാത്രമേയുള്ളൂ. ഹംഗേറിയന്‍ രാജവംശത്തിന്‍റെ സ്വത്തായിരുന്നു ഈ കോട്ട.
ക്രിസ്തീയതയ്ക്കു നേരേ തുര്‍ക്കികളില്‍നിന്നുള്ള ആക്രമണത്തെ നേരിടാന്‍ ഹംഗേറിയന്‍ രാജാവിനാല്‍ ചുമതലപ്പെടുത്തപ്പെട്ടവരായിരുന്നു ഡ്രാക്കുളയുടെ പിതാമഹന്‍മാര്‍. 'ഡ്രാക്കുള' എന്നത് ഈ നിയോഗത്തെ സൂചിപ്പിക്കുന്ന ഒരുതരം അധികാരചിഹ്നം ആയിട്ടാണ് ഉപയോഗിക്കപ്പെട്ടിരുന്നത്. നാണയങ്ങളിലും രാജമുദ്രകളിലും ഈ പേര് ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു. 'ഡ്രാക്കുള്‍' (dracul) എന്ന വാക്കിന്, റൊമാനിയന്‍ ഭാഷയില്‍ ''ചെകുത്താന്' (demon) എന്നാണര്‍ത്ഥം. 'ഡ്രാക്കുള' എന്നാല്‍ څചെകുത്താന്‍റെ മകന്‍' എന്നും. ഒരു പരിധി വരെ ക്രൂരതയുടെ ഒരു സ്വയംപര്യായമെന്ന തരത്തില്‍തന്നെയായിരുന്നു ഈ നാമധേയം സ്വീകരിക്കപ്പെട്ടതും അത് അവ്വിധം കുപ്രസിദ്ധി നേടിയതും. തുര്‍ക്കികളേയും രാജ്യദ്രോഹം പ്രവര്‍ത്തിക്കുന്നു എന്ന് സംശയമുള്ളവരേയും തറയില്‍ കുത്തനെ കുഴിച്ചുനിറുത്തിയിരിക്കുന്ന ശൂലത്തില്‍ കൊരുത്തിടുകയായിരുന്നു അദ്ദേഹത്തിന്‍റെ രീതി. തുറസ്സായ സ്ഥലത്താണ് ഇത് നടത്തിയിരുന്നത്. ഇത് കണ്ടുകൊണ്ട് അവിടെയിരുന്നുകൊണ്ടാണത്രേ അദ്ദേഹം അമ്യതേത്തു കഴിച്ചിരുന്നത്. 'ശൂലത്തില്‍ കൊരുത്തുകൊല്ലുക' എന്നതിന് 'ഇംപെയിലിങ്' (Impaling) എന്നാണ് ഇംഗ്ളീഷില്‍ പറഞ്ഞിരുന്നത്. അതുകെണ്ടാണ് 'ഇംപെയ്ലര്‍' എന്ന വിളിപ്പേര് ഒരു അലങ്കാരമായി അദ്ദഹേം കൊണ്ടുനടന്നിരുന്നത്. അതേസമയം ഇംപയ്ലിങ്ങില്‍ മാത്രം ഒതുങ്ങുന്ന ക്രൂരതയുമായിരുന്നില്ല അദ്ദേഹത്തിന്‍റേത്. ജീവനോടെ അംഗവിച്ഛേദം നടത്തുന്നത് അദ്ദേഹം ആസ്വദിച്ചിരുന്നുവത്രേ. 40,000 മുതല്‍ ഒരു ലക്ഷംപേരെ വരെ അദ്ദേഹം ഇവ്വിധം കൊലചെയ്തുവെന്നാണ് ചരിത്രരേഖകള്‍ പറയുന്നത്.
ഈ രക്തദാഹത്തിന്‍റെ പ്രതീകമായിട്ടായിരിക്കാംയതന്‍റെ പ്രേതകഥയിലെ നായകന് 'ഡ്രാക്കുള' എന്ന് പേരിടാന്‍ ബ്രാം സ്റ്റോക്കര്‍ തീരുമാനിച്ചത്. വില്ല്യം വില്‍ക്കിന്‍സണ്‍ എന്നയാളിന്‍റേതായി 1820-ല്‍ ഇംഗ്ളണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകത്തില്‍നിന്നാണത്രേ (Account of the Principalities of Wallachia and Moldavia with Political Observations Relative to Them). ഈ ചരിത്രവസ്തുതകളെക്കുറിച്ച് ബ്രാം സ്റ്റോക്കര്‍ മനസിലാക്കിയത്. തന്‍റെ കഥയിലെ വില്ലന്‍കഥാപാത്രത്തിന് 'വാംപെയര്‍ പ്രഭു' (Count Wampyr) എന്ന പേരാണത്രേ അദ്ദേഹം ആദ്യം നിശ്ചയിച്ചിരുന്നത്. നോവലിന്‍റെ കൈയ്യെഴുത്ത്പ്രതി ഇതിന് സാക്ഷ്യം നില്‍ക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ചരിത്രപരമായി പറയുകയാണെങ്കില്‍, ഓട്ടോമാന്‍ സാമ്രാജ്യത്തിന്‍റെ അധിനിവേശത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളില്‍ നിര്‍ണ്ണായകസ്വാധീനമായിരുന്നു ബ്രാന്‍ കാസ്റ്റിലിനുണ്ടായിരുന്നത്. തന്‍റെ ഭരണകാലത്ത്, ഡ്രാക്കുള പ്രഭു ഒരിക്കലും ബ്രാന്‍ കാസ്റ്റിലില്‍ താമസിച്ചിട്ടില്ല. അതിന് അദ്ദേഹത്തിന് അധികാരമില്ലായിരുന്നു എന്നു വേണം പറയാന്‍. പക്ഷേ, ഭരണപരമായ ആവശ്യങ്ങള്‍ക്കായി അദ്ഹേം അവിടെ വന്നു പോയതായി കരുതപ്പെടുന്നു. 1920 മുതല്‍ റൊമാനിയയുടെ രാജ്ഞിയായിരുന്ന ക്യൂന്‍ മേരി, ബ്രാന്‍ കാസ്റ്റിലിനെ തന്‍റെ ഔദ്യോഗികവസതിയാക്കി അവിടെ താമസം തുടങ്ങി. ക്യൂന്‍ മേരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാസഗ്യഹമായിരുന്നു ബ്രാന്‍ കാസ്റ്റില്‍. അന്നൊന്നും ആരും അതിനെ ഡ്രാക്കുളക്കോട്ടയെന്ന് വിളിച്ചിരുന്നില്ല എന്നതുമോര്‍ക്കണം. രണ്ടാം ലോകമഹായുദ്ധകാലത്ത് കോട്ടയുടെ ഒരു ഭാഗം, രാജ്ഞി ആശുപത്രി നടത്തിപ്പിനായി വിട്ടുകൊടുക്കുകയുണ്ടായി. 1946ല്‍ കമ്മ്യൂണിസ്റ്റുകള്‍ അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്നാണ് ഹംഗേറിയന്‍ രാജവംശം അവിടെനിന്നും നിഷ്കാസനം ചെയ്യപ്പെട്ടത്.
ക്രിസ്തീയതയും ഡ്രാക്കുളയും
ദിമിത്രി എന്ന റഷ്യന്‍ കപ്പല്‍
1885 ഒക്ടോബര്‍ 24-ന് ദിമിത്രി (Dmitry) എന്ന പേരുള്ള ഒരു റഷ്യന്‍ കപ്പല്‍ വിറ്റ്ബൈയുടെ തീരത്തുള്ള നാര്‍വാ തുറമുഖത്തേക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയുണ്ടായി. വിറ്റ്ബി സന്ദര്‍ശനവേളയില്‍ അവിടെയുള്ള കോസ്റ്റ്ഗാര്‍ഡുമാരില്‍ നിന്നാണ് ബ്രാം സ്റ്റോക്കര്‍ ഇതറിഞ്ഞത്. പിന്നീട് ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച സ്റ്റോക്കര്‍ അതിനെ അതേ പടി തന്‍റെ നോവലില്‍ ഉപയോഗിച്ചു. ഇത് അല്‍പം വാര്‍ത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നതിനാല്‍ വിറ്റ്ബൈക്ക് പുറത്തുള്ളവരും അതറിഞ്ഞിരുന്നു. അതുവഴി, ഡ്രാക്കുള യഥാര്‍ത്ഥത്തില്‍ ലണ്ടനിലെത്തിയിരുന്നോ എന്നുപോലും വായനക്കാരെക്കൊണ്ട് സംശയിപ്പിക്കാന്‍ ബ്രാം സ്റ്റോക്കര്‍ക്ക് കഴിഞ്ഞു. ബള്‍ഗേറിയയിലെ വാര്‍നാ തുറമുഖത്തുനിന്നും വരുന്ന കപ്പലില്‍ ജീവിച്ചിരിക്കുന്നവരായി ആരുമില്ലായിരുന്നു. അതിന്‍റെ മുകള്‍ത്തട്ടില്‍നിന്ന് ഒരു കറുത്ത നായ രയിലേക്ക് ചാടി ഓടിമറഞ്ഞു എന്ന പറയുന്നിടത്താണ് ബ്രാം സ്റ്റോക്കര്‍ ഡ്രാക്കുളയെ പ്രതിഷ്ഠിക്കുന്നത്. ഈ സംഭവം ആര്‍ക്കും നിക്ഷേധിക്കാനാവാത്തതുപോലെ സംശയത്തിന്‍റെ ഒരു ചെറിയ മറയ്ക്കുപിന്നിലൂടെ ഡ്രാക്കുളയെ ലണ്ടനിലേക്ക് ഒളിച്ചുകടത്തുവാനും ബ്രാം സ്റ്റോക്കര്‍ക്ക് കഴിഞ്ഞു. څഡെയ്ലി ടെലഗ്രാഫിچല്‍ വന്ന ഒരു വാര്‍ത്തയായാണ് ബ്രാം സ്റ്റോക്കര്‍ ഈ സംഭവത്തെ അവതരിപ്പിക്കുന്നത്. മിനാ മുറൈ അത് വെട്ടിയെടുത്ത് തന്‍റെ ഓര്‍മ്മപ്പുസ്തകത്തില്‍ ഒട്ടിക്കുന്നതായാണ് ചിത്രീകരണം. കപ്പലിന്‍റെ പേരില്‍ മാത്രമാണ് നോവലില്‍ മാറ്റം. 'ദിമിത്രി' എന്നത് 'ഡിമീറ്റര്‍' (Demeter) എന്നാക്കി. (തന്‍റെ സുഹ്യത്തായ ആല്‍ഫ്രഡ് ടെന്നിസണ്‍ സമകാലീനമായി എഴുതിയ ഒരു കവിതാപുസ്തകത്തിന്‍റെ പേരായിരുന്നു ഡിമീറ്റര്‍ ആന്‍റ് അദര്‍ പോയംസ് (Demeterand Other Poems).
ബ്രാം സ്റ്റോക്കര്‍
അയര്‍ലന്‍ഡുകാരനായിരുന്ന ബ്രാം സ്റ്റോക്കര്‍ (Abraham ‘Bram’ Stoker), 1847 നവംബര്‍ 8 ന് ഡബ്ളിനില്‍ ജനിച്ചു. അബ്രഹാം സ്റ്റോക്കറുടേയും മാതില്‍ഡാ ബളേക്ക് തോണ്‍ലിയുടേയും ഏഴു മക്കളില്‍ മൂന്നാമനായിരുന്നു ബ്രാം സ്റ്റോക്കര്‍. ഏഴുവയസുവരെ ശയ്യാവലംബിയാകേണ്ടുന്ന തരത്തിലുള്ള ഒരു രോഗം അദ്ദേഹത്തെ ബാധിച്ചിരുന്നതിനാല്‍ ഔപചാരിക വിദ്യാഭ്യാസം താമസിച്ചാണ് ലഭിച്ചത്. ഡബ്ളിനിലെ ട്രിനിറ്റി കേളേജില്‍നിന്നും ഗണിതശാസ്ത്രത്തില്‍ ഓണേഴ്സ് ബിരുദം നേടിയ അദ്ദേഹം കോളേജിലെ ഹിസ്റ്റോറിക്കല്‍ സൊസൈറ്റിയുടെ ഓഡിറ്ററായും പ്രവര്‍ത്തിച്ചു. എങ്കിലും څസെന്‍സേഷണലിസം ഇന്‍ ഫിക്ഷന്‍ ആന്‍റ് സൊസൈറ്റിچയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ പ്രബന്ധം. ഓസ്കാര്‍ വൈല്‍ഡ് പ്രേമാഭ്യര്‍ത്ഥന നടത്തിയ ഫ്ളോറെന്‍സ് ബാല്‍കോംബെയെയായിരുന്നു ബ്രാം സ്റ്റോക്കര്‍ വിവാഹം ചെയ്തത്. ഫ്ളോറന്‍സിന്‍റെ നിരാസം ഓസ്കാര്‍ വൈല്‍ഡിനെ മാനസികമായി തകര്‍ത്തുവെങ്കിലും ആ സൗഹ്യദം നഷ്ടപ്പെടുത്താതിരിക്കാന്‍ ബ്രാം സ്റ്റോക്കറിനു കഴിഞ്ഞു. വിവാഹശേഷം സ്റ്റോക്കര്‍ ലണ്ടനിലേക്ക് താമസം മാറി. ലണ്ടനിലെ ലൈസിയം തീയേറ്ററില്‍ ഷേക്സ്പിയര്‍ നാടകങ്ങളില്‍ വേഷമിട്ടിരുന്ന ഹെന്‍റി ഇര്‍വിങ് എന്ന നടന്‍റെ പേഴ്സണല്‍ അസിസ്റ്റായിരുന്നു അദ്ദേഹം. ഇര്‍വിനുവേണ്ടി അദ്ദേഹം പത്രങ്ങളില്‍ പ്രശംസാകുറിപ്പുകളെഴുതി. ഗുമസ്തപ്പണിക്കുള്ള ഒരു പരിശീലനഗ്രന്ഥവും ഈ കാലയളവില്‍ അദ്ദേഹം എഴുതുകയുണ്ടായി. 1897 ലെ ഡ്രാക്കുളയെക്കൂടാതെ ഒന്നു രണ്ട് ഹൊറര്‍ നോവലുകളും അദ്ദേഹത്തിന്‍റെതായുണ്ട്. 1912 ഏപ്രില്‍ 20-ന,് തന്‍റെ 64ാം വയസില്‍, ബ്രാം സ്റ്റോക്കര്‍ അന്തരിച്ചു.













