ശാസ്ത്രകഥകളുടെ കുലപതി (Father of Science Fiction) എന്നറിയപ്പെടുന്ന എച്ച്.ജി.വെല്‍സ് അദ്ദേഹത്തിന്‍റെ ശാസ്ത്രാധിഷ്ഠിതമായ കാല്പനിക കഥാകഥനങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ടൈം മെഷീന്‍ (Time Machine), വാര്‍ ഓഫ് ദ വേള്‍ഡ്സ്, (War of the Worlds), ദ ഇന്‍വിസിബിള്‍ മാന്‍ (The Invisible Man) എന്നിങ്ങനെയുള്ള അതിപ്രശസ്തമായ അദ്ദേഹത്തിന്‍റെ ക്യതികളാണ് പില്‍ക്കാലത്ത് ലോകശാസ്ത്രകഥാ ചരിത്രത്തിന്‍റെതന്നെ ആധാരശിലകളായി പരിണമിച്ചത്.
ദരിദ്രന്‍റെ ടൈംമെഷീന്‍
1866 സെപ്റ്റംബര്‍ 21-ന് ഇംഗ്ളണ്ടിലായിരുന്നു വെല്‍സ് ജനിച്ചത്. കെന്‍റിലെ വ്യാപാരത്തെരുവില്‍ ചെറിയൊരു കട സ്വന്തമായുള്ളയാളും പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അല്പമൊക്കെ തലകാണിക്കുന്നയാളുമായിരുന്നു വെല്‍സിന്‍റെ പിതാവ്. നാലു മക്കളില്‍ ഇളയവനായിരുന്നു വെല്‍സ്. ''ബെര്‍ട്ടി' (Bertie) എന്ന ഓമനപ്പേരിട്ടുവിളിച്ചിരുന്ന വെല്‍സിന് ആരോഗ്യം തീരേ കുറവായിരുന്നതിനാല്‍ ബാല്യകാലം പൂര്‍ത്തീകരിക്കാന്‍ കഴിയുമോ എന്നുപോലും മാതാപിതാക്കള്‍ ഭയപ്പെട്ടിരുന്നു. വെല്‍സിന്‍റെ ഒരു സഹോദരി അവ്വിധം മരിച്ചുപോയിട്ടുണ്ടായിരുന്നു. ഏഴാമത്തെ വയസില്‍ സംഭവിച്ച ഒരപകടം വെല്‍സ് എന്ന ബാലനെ ദീര്‍ഘനാളുകളോളം ശയ്യാവലംബിയാക്കുകയുണ്ടായി. എന്നാല്‍ തന്‍റെ വായനാചക്രവാളങ്ങള്‍ വികസിപ്പിക്കാന്‍ ആ സമയം അദ്ദേഹത്തിനുപകരിച്ചു. അസുഖക്കിടക്കയില്‍ വെച്ചാണ് വാഷിങ്ടണ്‍ ഇര്‍വ്വിനേയും ചാള്‍സ് ഡിക്കന്‍സിനേയും അദ്ദേഹം പരിചയപ്പെടുന്നത്.
.jpg)
എന്നാല്‍ ഈ സമയം കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. കെന്‍റിലെ വ്യാപാരം തകര്‍ച്ചയെ നേരിട്ടപ്പോള്‍ പിടിച്ചുനില്‍ക്കാനായി സഹോദരന്‍മാരെ ഒരു തുണിവ്യാപാരിയുടെ കീഴില്‍ അപ്രന്‍റീസായി ചേര്‍ത്തു. മാതാവ് ഒരു ഭൂവുടമയുടെ വസതിയില്‍ വീട്ടുജോലിക്കാരിയായി. ഇടയ്ക്കിടയ്ക്ക് മാതാവിനെ കാണാന്‍പോകുമായിരുന്ന വെല്‍സ് അവിടുത്തെ സ്വീകരണമുറിയിലെ അതിവിശാലമായ ഗ്രന്ഥശേഖരത്തിനിടയില്‍ നിന്നുമാണ്ജോനാതന്‍ സ്വിഫ്റ്റിനേയും ഫ്രഞ്ച് വിപ്ളവനായകനായ വോള്‍ട്ടയറിനേയുമൊക്കെ വായിക്കുന്നത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തികഅസമത്വത്തേയും അതിലേക്കുനയിക്കുന്ന കാര്യങ്ങളേയുംകുറിച്ച് വ്യക്തമായ അവബോധമുളവാകാന്‍ ഇത്തരം വായനകള്‍ അദ്ദേഹത്തെ സഹായിച്ചു.

ബാല്യം പിന്നിട്ടപ്പോള്‍ വെല്‍സിനേയും തുണിവ്യാപാരിയുടെ അപ്രന്‍റീസു പണിക്കായി കൊണ്ടുചെന്നാക്കി. എന്നാല്‍ എന്നാല്‍ തൊഴിലുടമ അധികം വൈകാതെ തന്നെ അദ്ദേഹത്തെ പിരിച്ചുവിട്ടു. പിന്നീട് ഒരു രസതന്ത്രജ്ഞന്‍റെ സഹായിയായി ജോലി ചെയ്തുവെങ്കിലും മാതാവിന്‍റെ കടുത്ത അത്യപ്തിക്കിടയാക്കിക്കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ആ ജോലിയും വെല്‍സ് ഉപേക്ഷിച്ചു. അധ്യാപകന്‍റെ വേഷമിട്ട വെല്‍സ് മിഡ്ഹേഴ്സ്റ്റ് ഗ്രാമര്‍ സ്കൂളില്‍ പഠനം തുടരുകയും 1883-ല്‍ ജീവശാസ്ത്രത്തിലെ ഉപരിപഠനത്തിനായി സ്കോഷര്‍ഷിപ്പ് നേടുകയും ചെയ്തു. പിന്നീട് റോയല്‍ കോളേജ് എന്നറിയപ്പെട്ട ലണ്ടനിലെ നോര്‍മല്‍ സ്കൂളിലേക്കായിരുന്നു പ്രവേശനം. അവിടത്തെ അദ്ദേഹത്തിന്‍റെ അധ്യാപകരിലൊരാളായിരുന്നു ടി. എച്ച്. ഹക്സ്ലി. ഭൗതികശാസ്ത്രം, രസതന്ത്രം, ജ്യോതിശാസ്ത്രം, ജീവശാസ്ത്രം എന്നിവയില്‍ അവഗാഹം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു.

1883-ല്‍ ലണ്ടന്‍ സര്‍വ്വകലാശാല നല്‍കിയ ബിരുദവുമായി പുറത്തുവന്ന അദ്ദേഹം കുറച്ചുനാള്‍ ഒരു ശാസ്ത്രാധ്യാപകനായി ജോലിചെയ്തുവെങ്കിലും ആ മേഖലയില്‍ വിജയിക്കാനായില്ല. കോളേജില്‍ പഠിക്കുന്ന കാലത്ത് എഴുതിയ ദ ക്രോണിക് അര്‍ഗോനോട്ട്സ് (The Chronic Argonauts) എന്ന ചെറുകഥയാണ് ശാസ്ത്രകഥാകാരന്‍ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്‍റെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതിലെ കഥാംശമാണ് ദ ടൈം മെഷീന്‍ എന്ന പേരില്‍ അദ്ദേഹം പിന്നീട് വിപുലപ്പെടുത്തിയത്.
കഥാലോകത്തിലേക്ക്
തന്‍റെ 25ാം വയസില്‍ വെല്‍സ് തന്‍റെ അമ്മാവന്‍റെ മകളായ ഇസബെല്‍ മേരി വെല്‍സിനെ വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. തൊഴിലില്ലായ്മയുടെ കഷ്ടതകള്‍ ഇരട്ടിപ്പിക്കുന്നതായിരുന്നു വിവാഹം. ജീവിതംതന്നെ നരകമായി തോന്നിയ ആ നാളുകളിലെങ്ങോ ആണ് ആമി കാതറിന്‍ റോബിന്‍സ് എന്ന സുന്ദരിയെ വെല്‍സ് കണ്ടുമുട്ടുന്നത്. പ്രണയത്തിലായ അവര്‍ ആദ്യദാമ്പത്യം നാലുവര്‍ഷം പൂര്‍ത്തിയാക്കുംമുമ്പേ, 1894-ല്‍ ഒളിച്ചോടി. കാമുകിയുമൊത്താണ് വെല്‍സ് ലണ്ടന്‍ നഗരത്തിന് തെക്കുപടിഞ്ഞാറുള്ള വോക്കിങ് എന്ന ചെറുപട്ടണത്തിലേക്ക് വരുന്നത്.

അവിടെ മേയ്ബെറി റോഡിലുള്ള 'ലിന്‍റണ്‍വില്ല'യിലായിരുന്നു അദ്ദേഹത്തിന്‍റെ താമസം. വെല്‍സ് പ്രണയപൂര്‍വ്വം ജേന്‍ എന്നുവിളിച്ചിരുന്ന ആമി കാതറീനാണ് വെല്‍സിനെ ഒരു മുഴുവന്‍ സമയ എഴുത്തുകാരനാവാന്‍ പ്രേരിപ്പിക്കുന്നത്. അങ്ങനെയാണ് വെല്‍സ് തന്‍റെ ആദ്യനോവലായ ടൈം മെഷീന്‍ എഴുതുന്നത്, 1895-ല്‍. ആമിയുമൊത്തുള്ള 'ലിന്‍റണി'ലെ താമസകാലമായിരുന്നു വെല്‍സിന്‍റെ എഴുത്തുജീവിതത്തിലെ ഏറ്റവും ഉര്‍വരതയുള്ള കാലവും. വെല്‍സിന്‍റെ രചനാശൈലികളിലും പ്രമേയനിരൂപണത്തിലും കാതറീന് വേണ്ടത്ര സ്വാധീനമുണ്ടായിരുന്നു എന്നുതന്നെ വേണം കരുതാന്‍. ഇപ്പോള്‍ മേയ്ബെറി റോഡിലെ 141ാമത്തെ കെട്ടിടമായി അടയാളപ്പെടുത്തിയിരിക്കുന്ന ഇവിടെ നീലനിറത്തിലുള്ള ഒരു ഹെറിറ്റേജ് പ്ളേക്ക് കാണാവുന്നതാണ്.

പൂച്ചെടികള്‍ തൂക്കിയിട്ടുവളര്‍ത്താവുന്ന ചെറിയൊരു ഗ്രീന്‍ഹൗസ് അടങ്ങുന്ന പൂന്തോട്ടമുള്ളതായിരുന്നു മേയ്ബെറി റോഡിലെ 'ലിന്‍റണ്‍വില്ല'. തൊട്ടുമുന്നിലൂടെ കടന്നുപോവുന്ന തീവണ്ടിപ്പാതയുടെ ഓരത്തിലൂടെ സൈക്കിള്‍സവാരി നടത്തുകയായിരുന്നു വൈകുന്നേരങ്ങളിലെ അദ്ദേഹത്തിന്‍റെ വിനോദം. സൈക്കിള്‍ അദ്ദേഹം പുതുതായി പരിചയിച്ച ഒരു വാഹനമായിരുന്നു. ഒരു ദിവസം അതില്‍നിന്ന് വീണ് പരിക്കുപറ്റുകയും കാലൊടിയുകയും ചെയ്തു. ഇന്നത്തെ ഡയമെണ്ട് ഫ്രെയിംപോലും നിലവിലെത്തിയിട്ടില്ലായിരുന്ന കാലത്ത് കാലുകള്‍ നിലത്തൂന്നിയോ അതില്‍നിന്ന് ചാടിയോ ആയിരുന്നു സൈക്കിള്‍ നിറുത്തേണ്ടിയിരുന്നത്. അപ്രതീക്ഷിതമായി ബ്രേക്കുചെയ്യേണ്ട ഒരവസരത്തില്‍ അതിനൊന്നും കഴിയാതെ പോയതായിരുന്നു അപകടത്തിനിടയാക്കിയത്. മേയ്ബെറിയിലെത്തിയതിനുശേഷം ആരുടേയും സഹായമില്ലാതെ ഒറ്റയ്ക്കായിരുന്നു അദ്ദേഹം സൈക്കിളോടിക്കാന്‍ പഠിച്ചത്. അതില്‍നിന്നുള്ള തന്‍റെ വീഴ്ചയെ വിവരിച്ചുകൊണ്ടാണ് ദ വീല്‍സ് ഓഫ് ചാന്‍സ് (The Wheels of Chance) എന്ന നോവലിലെ ആദ്യത്തെ അധ്യായം അദ്ദേഹം രൂപപ്പെടുത്തിയത്. തൊട്ടടുത്തായി വിജനമായ ഒരു പൈന്‍മരക്കാടും അതിനുനടുവിലായി ചതുപ്പില്‍നിന്നും പുറത്തേക്ക് പടര്‍ന്നിരുന്ന ഒരു കനാലുമുണ്ടായിരുന്നു. അതിന്‍റെ കരയില്‍ ഒഴുക്കില്ലാത്ത ആ വെള്ളത്തില്‍ വളര്‍ന്നുനിന്നിരുന്ന ചെടികളിലെ പൂക്കളേയും പൂമ്പാറ്റകളേയും എത്രനേരത്തോളവും നോക്കിയിരിക്കാന്‍ അദ്ദേഹത്തിനിഷ്ടമായിരുന്നു.

വാര്‍ ഓഫ് ദ വേള്‍ഡ്സ്, ദ ഇന്‍വിസിബിള്‍ മാന്‍ എന്നിവയുടെ പശ്ചാത്തലമായി അദ്ദേഹം ചിത്രീകരിച്ച കഥാസ്ഥലികളിലെല്ലാം മേയ്ബെറിറോഡിനനുബന്ധമായുള്ള ഈ ജീവപരിസരം യഥാതഥമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. തൊട്ടടുത്ത പട്ടണത്തിലേക്കും തിരക്കേറിയ കമ്പോളഇടവഴികളിലൂടെയും സൈക്കിളില്‍ ഒറ്റയ്ക്ക് സഞ്ചരിച്ചുകൊണ്ടായിരുന്നു തന്‍റെ കഥാവേദിക്ക് അനുരൂപമായ ഭാവനാഭവനങ്ങളും ചുറ്റുപാടുകളും അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. ദ വണ്ടര്‍ഫുള്‍ വിസിറ്റ് (1895), ദ ഐലന്‍ഡ് ഓഫ് ഡോ.മോറിയു (1896), ദ ഇന്‍വിസിബിള്‍ മാന്‍ (1897), വാര്‍ ഓഫ് ദ വേള്‍ഡ്സ് (1898), ലൗ ആന്‍റ് മിസ്റ്റര്‍ ലെവിഷാം (1899) എന്നിവയും അദ്ദേഹം എഴുതിയത് 'ലിന്‍റണ്‍വില്ല'യില്‍ വെച്ചായിരുന്നു. വെന്‍ ദ സ്ലീപ്പര്‍ അവേക്ക്സ് (When the Sleeper Awakes) എഴുതാന്‍ തുടങ്ങുകയും ചെയ്തു.

അപ്പോഴേക്കും വിറ്റുപോവുന്ന പുസ്തകങ്ങളില്‍നിന്നുതന്നെ ചെറുതല്ലാത്ത വരുമാനം അദ്ദേഹത്തിന് ലഭിച്ചുതുടങ്ങിയിരുന്നു. വിവാഹേതര ലൈംഗികജീവിതത്തെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്ന വെല്‍സ്, ആംബെര്‍ റീവ്സ് എന്ന പരിചയക്കാരിയില്‍നിന്നും ഒരു മകളെ നേടുകയുണ്ടായി. 1909-ലായിരുന്നു അന്നാ ജേനിന്‍റെ ജനനം. അക്കാലങ്ങളില്‍ ആമി കാതറിനുമായി അകന്നു കഴിഞ്ഞ വെല്‍സ് അന്നത്തെ അറിയപ്പെടുന്ന ഫെമിനിസ്റ്റായിരുന്ന റെബേക്കാ വെസ്റ്റുമായി അടുപ്പത്തിലാവുകയും റെബേക്കയില്‍ ഒരു മകനു ജന്മം നല്‍കുകയും ചെയ്തു. അതിനിടെ ആമി കാതറിന്‍ അര്‍ബുദരോഗത്താല്‍ മരിച്ചു, 1927-ല്‍.
ചുവപ്പിന്‍റെ ചക്രവാളത്തിലേക്ക്
ശാസ്ത്രചിന്തകളെക്കാള്‍ മതത്തിന് സ്വാധീനമുണ്ടായിരുന്ന ഒരു സമൂഹത്തിനോട് ശാസ്ത്രകഥകള്‍ പറഞ്ഞ് അതിലൂടെ ജീവിതംകണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എങ്കിലും വെല്‍സ് വളരെയധികം എഴുതി. വര്‍ഷത്തില്‍ മൂന്നെന്ന തരത്തില്‍ നോവലുകള്‍ എഴുതിക്കൂട്ടിയ അദ്ദേഹത്തിനെതിരേ അവയുടെ സാഹിത്യമൂല്യം സംബന്ധമായി അവസാനകാലങ്ങളില്‍ കടുത്ത വിമര്‍ശനങ്ങള്‍ പോലുമുണ്ടായി. പള്ളിമതിലിലെ പായലായി വളര്‍ന്നുമുറ്റാന്‍ താല്‍പ്പര്യമില്ലായിരുന്ന അദ്ദേഹം ഒരിക്കല്‍ ഇങ്ങനെ പറയുകപോലുമുണ്ടായി: "കാന്‍റര്‍ബറിയിലെ പള്ളി സത്യമാണ്. അവിടുത്തെ ചാപ്പലും സത്യവുമാണ്. അവ അവിടെ നിലനില്‍ക്കുന്നുവെന്നത് ഒരു സനാതനസത്യമാണ്. പക്ഷേ അവയ്ക്കുള്ളില്‍ എനിക്ക് താമസിക്കാനിടമില്ലാ എന്നത് അതിലേറെ യഥാതഥമായ മറ്റൊരു സത്യമാണ്".

അറിയപ്പെടുന്ന ഒരു സോഷ്യലിസ്റ്റും സോഷ്യലിസ്റ്റുകള്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന ചില സംഘടനകളിലെ (Fabian Society) അംഗവുമായിരുന്ന വെല്‍സ്. വെല്‍സിന്‍റെ ക്യതികളില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത് ദ ഔട്ട്ലൈന്‍ ഓഫ് ഹിസ്റ്ററി (The Outline of History) ആയിരുന്നു. മൂന്ന് വാല്യങ്ങളിലായി പ്രസിദ്ധീക്യതമായ ഇത് ചരിത്രാതീതകാലം മുതല്‍ക്ക് ആധുനികകാലം വരേയുള്ള ലോകചരിത്രം വിശകലനം ചെയ്യുന്നതായിരുന്നു. 1920-ല്‍ പുറത്തുവന്ന ഈ പുസ്തകത്തിലൂടെ ലോകം വലിയൊരു മഹായുദ്ധത്തിന്‍റെ വക്കിലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഇന്നഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം എല്ലാ രാജ്യങ്ങളേയും ഒന്നായി ഭരിക്കുന്ന ഒരൊറ്റ ലോകഗവണ്‍മെന്‍റിന്‍റെ അഭാവമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായം. 1920 അവസാനത്തില്‍ വെല്‍സ് റഷ്യ സന്ദര്‍ശിക്കുകയും ലെനിനേയും ട്രോട്സ്കിയേയും നേരില്‍ കാണുകയും ചെയ്തു. "അത്ഭുതപ്പെടുത്തിയ ചെറിയ മനുഷ്യന്‍" (Amazing little man) എന്നാണ് അദ്ദേഹം ലെനിനെക്കുറിച്ച് പറഞ്ഞത്.

റഷ്യയിലെത്തിയ വെല്‍സ് പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ മാക്സിം ഗോര്‍ക്കിയോടൊപ്പമാണ് തങ്ങിയത്. സെന്‍റ്പീറ്റേഴ്സ്ബെര്‍ഗിലെ ഈ താമസത്തിനിടെ അദ്ദേഹം ഗോര്‍ക്കിയുടെ പഴയൊരു യജമാനത്തിയായിരുന്ന ബാരോണസ് മൗറ ബുഡ്ബെര്‍ഗുമായി പ്രണയത്തിലാവുകയും അതൊരു അജീവാനന്തബന്ധമായി പരിണമിക്കുകയും ചെയ്യുകയുണ്ടായി. വെല്‍സിന്‍റെ പല ക്യതികളും റഷ്യനിലേക്ക് വിവര്‍ത്തനംചെയ്തത് ബാരോണസ് ആയിരുന്നു. സോവിയറ്റ് യൂണിയനെക്കുറിച്ചുള്ള തന്‍റെ സ്വപ്നങ്ങളെക്കുറിച്ച് ലെനിന്‍ പറഞ്ഞ കാര്യങ്ങള്‍ റഷ്യ ഇന്‍ ദ ഷാഡോസ് (Russia in the Shadows) എന്ന പേരിലുള്ള ഒരു മെമ്മോയിര്‍ ആയി 1921-ല്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി. 1922-1923 കാലഘട്ടത്തില്‍, ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്കുള്ള ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നിന്ന് തുടര്‍ച്ചയായി പരാജയമടഞ്ഞ ഒരു രാഷ്ട്രീയജീവിതവും അദ്ദേഹത്തിനുണ്ടായിരുന്നു. പത്തുവര്‍ഷങ്ങള്‍ക്കു ശേഷം സോവിയറ്റ് യൂണിയനിലെത്തിയ അദ്ദേഹം സ്റ്റാലിനേയും സന്ദര്‍ശിക്കുകയുണ്ടായി.

ഒന്നാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിയില്‍വെച്ച് വെല്‍സ് നടത്തിയ പ്രസംഗം ടു ഹെമിസ്ഫിയേഴ്സ് വണ്‍ വേള്‍ഡ് (Two Hemispheres-One World) എന്ന പേരില്‍ പ്രശസ്തി നേടുകയുണ്ടായി. മാമൂലുകളെയും അതില്‍ നിന്നുളവാകുന്ന വ്യത്തികേടുകളേയും ആവോളം കളിയാക്കാന്‍ തന്‍റെ ക്യതികളിലൂടെ വെല്‍സ് ശ്രമിച്ചിരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കിപ്സ് (Kips: The Story of a Simple Soul) എന്ന പേരിലുള്ള ചെറുനോവല്‍. തന്‍റെ രചനകളില്‍ വെല്‍സിന് ഏറ്റവും ഇഷ്ടപ്പെട്ടതായി അദ്ദേഹംതന്നെ വിശേഷിപ്പിച്ചിരുന്നതുമാണ് കിപ്സ് (1905). 1916-ല്‍ പുറത്തുവന്ന മിസ്റ്റര്‍ ബ്രിട്ട്ലിങ് സീസ് ഇറ്റ് (Mr. Britling Sees It Through) എന്നതും 1910-ലെ ദ ഹിസ്റ്ററി ഓഫ് മിസ്റ്റര്‍ പോളി (The History of Mr. Polly)യും അധോമുഖമായ സാമൂഹ്യപരിണാമത്തിനുനേരെയുള്ള ആക്ഷേപഹാസ്യത്തിലൂടെയുള്ള ചൂണ്ടുവിരലായിരുന്നു.

1945-ല്‍ എഴുതിയ ഒരു ലേഖനത്തിലൂടെ, മനുഷ്യത്വരാഹിത്യം ശാസ്ത്രത്തെ പിടിമുറുക്കുന്ന, വരാനിരിക്കുന്ന ലോകത്തെക്കുറിച്ചുള്ള തന്‍റെ വിഹ്വലതകള്‍ അതിശയോക്തി കലര്‍ത്താതെതന്നെ അദ്ദേഹം പങ്കുവെക്കുകയുണ്ടായി. അറ്റുപോകുവാന്‍ വെമ്പുന്ന മനസ് (Mind at the End of Its Tether) എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ലേഖനത്തിന്‍റെ ശീര്‍ഷകത്തില്‍ അറിഞ്ഞോ അറിയാതെയോ ഒളിപ്പിച്ചുവെച്ച ആ വിടവാങ്ങല്‍സന്ദേശത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ട് 1946 ഓഗസ്റ്റ് 13-ന് എച്ച്. ജി. വെല്‍സ് അന്തരിച്ചു.