ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന കാര്‍ വിപണികളിലൊന്നായ ഇന്ത്യയിലേക്ക് അംബാസഡര്‍ വീണ്ടുമെത്തുമ്പോള്‍ അത് 'അംബി' എന്ന ഓമനപ്പേരുമായി അടിമുടി പരിഷ്കാരങ്ങളുമായാണ് വരുന്നത്. തീര്‍ച്ചയായും അതൊരു څമാസ് എന്‍ട്രിچ തന്നെ ആയിരിക്കും. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (Hindustan Motor Financial Corporation of India: HMCFI) എന്ന അംബാസഡറിന്‍റെ പഴയ നിര്‍മ്മാതാക്കള്‍ തന്നെയാണ് അംബാസഡര്‍ 2.0യേയും അണിയിച്ചൊരുക്കു ന്നത്. പക്ഷേ, ഒറ്റയ്ക്കല്ല. ഫ്രഞ്ച് കാര്‍ നിര്‍മ്മാണക്കമ്പനിയായ പെഷോച് (Peugeot) ആണ് ഇതിനായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സുമായി കൈകോര്‍ക്കുന്നത്. പുതിയ എന്‍ജിനോടെയാണ് അംബാസഡര്‍ 2.0 എത്തുന്നത്. ഇതിന്‍റെ രൂപകല്‍പ്പനയ്ക്കുവേണ്ടിയാണ് പ്രധാനമായും ഹിന്ദുസ്ഥാന്‍ മോട്ടോഴ്സും പെഷോചും കൈകോര്‍ക്കുന്നത്. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ ചെന്നൈ പ്ളാന്‍റിലാണ് ഇതിനായുള്ള ഒരുക്കങ്ങള്‍ നടക്കുന്നത്. പുതിയ അംാസഡറിന് പഴയ അംബാസഡറുമായി ഒരു സാദ്യശ്യവുമുണ്ടാവില്ല എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് എന്നതിനെ സൂചിപ്പിക്കുന്ന ഒങ എന്ന ആ അതിപ്രശസ്തമായ മുദ്ര മാത്രമായിരിക്കാം പഴയ രൂപത്തില്‍ നിന്നും കടംകൊള്ളുന്നത്. 2024 ഓഗസ്റ്റില്‍ പുതിയ അംബാസഡര്‍ അവതാറിന്‍റെ ലോഞ്ചിങ് ഉണ്ടാവുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാലത് 2026-ലേ സംഭവിക്കൂ എന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍. എന്‍ജിന്‍ രൂപകല്‍പ്പന അവസാനഘട്ടം പിന്നിട്ടതായാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന്‍റെ ഡയറക്ടറും മാനേജിങ് ഡയറക്ടറുമായ ഉത്തം ബോസ് പറയുന്നത്.
1957-ലാണ് അംബാസിഡര്‍ കാര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്. അക്കാലത്ത് ബ്രിട്ടണില്‍ വളരെയധികം ജനപ്രീതി നേടിയിരുന്ന മോറിസ് ഓക്സ്ഫോര്‍ഡ് (Morris Oxford series-II) എന്ന കാറിന്‍റെ മാത്യകയിലായിരുന്നു അത് നിര്‍മ്മിക്കപ്പെട്ടത്. 35 ബ്രേക്ക് ഹോഴ്സ്പവര്‍ (bhp) ഉള്ള എന്‍ജിന്‍ അന്നത്തെ കാലത്ത് څപവര്‍ഫുള്‍' എന്ന് പറയാനാവുന്നത് തന്നെയായിരുന്നു. 'ഹിന്ദുസ്ഥാന്‍ ലാന്‍ഡ്മാസ്റ്റര്‍' എന്നതായിരുന്നു ആദ്യ മോഡലിന്‍റെ പേര്. പുറകുവശത്ത് സാധനങ്ങള്‍ വെക്കാന്‍ യഥേഷ്ടം സ്ഥലമൊരുക്കപ്പെട്ട ഒരു 'സെഡാന്‍' ആയിരുന്നു ഇത്. ഇരുവശത്തേക്കും പൂര്‍ണ്ണമായും തുറന്നുവെക്കാനാവുന്ന ഡോറുകളുള്ള ഇതിനുള്ളില്‍ അഞ്ചുപേര്‍ക്ക് സുഖമായി ഇരിക്കാമായിരുന്നു. എങ്കിലും അഞ്ച് എന്നത് ഏഴോ എട്ടോ ആയാലോ ഡിക്കിയില്‍ ഭാരം കൂടുതലായാലോ ഒരു പ്രശ്ന വുമുണ്ടാവാത്ത തരത്തില്‍ അസാമാന്യമായിരുന്നു ഇതിന്‍റെ പുള്ളിങ്. കരുത്തുറ്റ ബോഡി, ഒറ്റനോട്ട ത്തില്‍ത്തന്നെ അതിന്‍റെ ബലം വെളുപ്പെടുത്തുന്നതായിരുന്നു. ഇംഗ്ളണ്ടിലെ നിരത്തുകളില്‍ നിന്നും പകര്‍ത്തിയെടുത്തപോലുള്ള 'ബോക്സി' ആയ ആക്യതിയും ജീവനുള്ള കണ്ണുകള്‍ പോലെ തോന്നിക്കുന്ന ഹെഡ്ലൈറ്റുകളും വെള്ളിനിറത്തിലുള്ള ക്രോംഗ്രില്‍ കൊണ്ടുള്ള മുന്‍ഭാഗവും എന്നത്തേയും പോലെ അംബാസഡറിന്‍റെ ആദ്യമോഡലിനും അപൂര്‍വ്വവ്യക്തിത്വം പകര്‍ന്നു. കാലുകള്‍ നീട്ടിവെക്കാന്‍ കഴിയുന്നു എന്നതും കുഷന്‍ സീറ്റുകളും അംബാസഡര്‍ ലാന്‍ഡ്മാസ്റ്ററെ ആ വിളിപ്പേരിന് കൂടുതല്‍ അര്‍ഹമാക്കുന്നതോടൊപ്പം ദീര്‍ഘയാത്രകള്‍ക്ക് കൂടുതല്‍ അനുയോജ്യവുമാക്കി.
സി. കെ. ബിര്‍ലാ ഗ്രൂപ്പിന്‍റെ കീഴില്‍ വരുന്ന ഒരു ഓട്ടോമൊബൈല്‍ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ ്. ബിര്‍ല കുടുംബാംഗമായ ബ്രാജ് മോഹന്‍ ബിര്‍ല 1942-ലാണ് ഇത് സ്ഥാപിക്കുന്നത്. പക്ഷേ, ബിര്‍ലാഗ്രൂപ്പിന്‍റെ തുടക്കം ഇതിലായിരുന്നില്ല. 1939ല്‍, ഒറീസയില്‍ ഒരു പേപ്പര്‍ കമ്പനി ആയിട്ടായിരുന്നു അതിന്‍റെ തുടക്കം. ഓറിയന്‍റ് പേപ്പര്‍ എന്നായിരുന്നു ഇതിന്‍റെ പേര്. പിന്നീട ്ഇന്ത്യയിലെ ഏറ്റവും വലിയ പേപ്പര്‍ നിര്‍മ്മാണക്കമ്പനിയായി ഇത് മാറി. പശ്ചിമബംഗാള്‍ ആസ്ഥാനമായിട്ടായിരുന്നു ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥാപിക്കപ്പെട്ടത്. പക്ഷേ ആദ്യത്തെ പ്ളാന്‍റ് ഗുജറാത്തിലെ ഓഖ (ജീൃേ ഛസവമ)യില്‍ ആയിരുന്നു. ബ്രിട്ടീഷ് കമ്പനിയായ മോറിസ് മോട്ടോഴ്സ് നിര്‍മ്മിക്കുന്ന څമോറിസ്10چന്‍റെ ഭാഗങ്ങള്‍ അസംബ്ളി ചെയ്യുക മാത്രമായിരുന്നു ഇവിടെ ചെയ്തിരുന്നത്. څഹിന്ദുസ്ഥാന്‍10چ എന്ന പേരിലായിരുന്നു ഇത് വിപണിയില്‍ വിറ്റിരുന്നത്. ഇതില്‍ ഉപയോഗിച്ചിരുന്ന 1476 രര എന്‍ജിന്‍ ആയിരുന്നു അംബാസഡര്‍ കാറിലും ഉപയോഗിച്ചതെങ്കിലും څഅംബാസഡര്‍چ എന്ന് പേരുമാറ്റുന്നതിനു പിന്നില്‍ ഒരു രാഷ്ട്രീയകാരണം ഉണ്ടായിരുന്നു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നത് ഒരു നയം ആയി നിലവിലുണ്ടായിരുന്നുവെങ്കിലും തദ്ദേശീയമായ ഓട്ടോമൊബൈല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നത് 1954ല്‍ ഒരു പ്രത്യേക പോളിസി ആയിത്തന്നെ സര്‍ക്കാര്‍ സ്വീകരിച്ചു. ഇത് നിലവില്‍ വന്നപ്പോള്‍ മോറിസ് മോട്ടോഴ്സ് നിര്‍മ്മിക്കുന്ന കാറിന്‍റെ ഭാഗങ്ങള്‍ അസംബ്ളി ചെയ്യുക എന്നതില്‍ നിന്നും മാറി, പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കാര്‍ പുറത്തിറക്കാന്‍ ബിര്‍ളാ ഗ്രൂപ്പ് തീരുമാനിച്ചു. ബിര്‍ളാകുടുംബത്തിന് സര്‍ക്കാരിന്‍റെ മേലുണ്ടായിരുന്ന രാഷ്ട്രീയസ്വാധീനവും അംബാസഡറിന്‍റെ പ്രചാരത്തിന് ആക്കം കൂട്ടി. സര്‍ക്കാര്‍ വാഹനങ്ങള്‍ മുഴുവനും അംബാസഡര്‍ ആയി.
മോഡലുകള്‍
അംബാസഡര്‍ മാര്‍ക്ക്-I (1957-1962) : 1957-ല്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ബ്രിട്ടീഷ് കമ്പനിയായ മോറിസ് മോട്ടോഴ്സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്ത്യയില്‍ പുനര്‍നിര്‍മ്മിച്ച മോറിസ് ഓക്സ്ഫോര്‍ഡ് സീരീസ്കകകന് നല്‍കിയ പേരായിരുന്നു അംബാസഡര്‍ മാര്‍ക്ക്-I (Ambassador Mark I). ആദ്യത്തെ അംബാസഡര്‍ മോഡല്‍ ആയതിനാല്‍ ഇതിന്‍റെ പേരിനുകൂടി ആദ്യകാലങ്ങളില്‍ മാര്‍ക്ക്-I എന്ന് ചേര്‍ത്തിരുന്നില്ല. ഇത് പൂര്‍ണ്ണമായും പശ്ചിമബംഗാളിലെ ഉത്തര്‍പര പ്ളാന്‍റിലാണ് നിര്‍മ്മിച്ചത്. 1957 പകുതിയായപ്പോള്‍ ഇത് വിപണിയില്‍ ലഭ്യമായി. തുടര്‍ന്ന് ലാന്‍ഡ്മാസ്റ്റര്‍ എന്ന മോഡലിന്‍റെ ഉത്പാദനം നിറുത്തിവച്ചു. 1476 cc-യുടെ പെട്രോള്‍ എന്‍ജിന്‍ ആയിരുന്നു ഇതില്‍ ഉപയോഗിച്ചിരുന്നത്. മോറിസ് മോട്ടോഴ്സ് ബ്രിട്ടണിലെ മറ്റൊരു കമ്പനിയായ അസ്റ്റിന്‍ മോട്ടോഴ്സുമായി ലയിച്ചിരുന്നു. അതുകൊണ്ട് അസ്റ്റിന്‍ രൂപകല്‍പ്പന ചെയ്ത എന്‍ജിനാണ് അംബാസഡറില്‍ ഉപയോഗിക്കാനായി ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് നല്‍കപ്പെട്ടത്. 1957-നുശേഷം പക്ഷേ ഈ എന്‍ജിന്‍ മാറ്റി 1489 cc-യുടെ കൂടുതല്‍ ശക്തമായ എന്‍ജിന്‍ (55 bhp) ഘടിപ്പിക്കപ്പെട്ടു. പക്ഷേ, മാര്‍ക്ക്-I എന്ന പേര് മാറ്റിയില്ല.
അംബാസഡര്‍ മാര്‍ക്ക്-II (1962-1975) : 1962 ജനുവരിയില്‍ പുറത്തുവന്ന ഇത് പുറമേ നിന്നു നോക്കുമ്പോള്‍ മോറിസ് മിനി എന്ന ബ്രിട്ടീഷ് നിര്‍മ്മിത കാറിനെ ഓര്‍മ്മിപ്പിച്ചിരുന്നു. അക്കാലത്തെ ഇന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന മോഡലായിരുന്നു ഇത്. മുന്‍വശത്തെ വെള്ളിനിറത്തിലുള്ള ഗ്രില്ലിന്‍റെ കാര്യത്തില്‍ മാത്രമായിരുന്നു മാര്‍ക്ക്കമായുള്ള പ്രകടമായ വ്യത്യാസം.പുറകുവശത്തെ ചുവന്ന ലൈറ്റില്‍ ലെന്‍സ് കൂട്ടിച്ചേര്‍ത്തതും മുമ്പില്‍ ഇന്‍ഡിക്കേറ്റര്‍ ലാംപ് ഉള്‍ക്കൊള്ളിച്ചതും മാര്‍ക്ക്-IIന്‍റെ വ്യത്യാസങ്ങളായിരുന്നു. വലിപ്പത്തിലെ ചെറുപ്പം കാരണം പ്രിമീയര്‍ പത്മിനി, സ്റ്റാന്‍ഡേര്‍ഡ് എന്നീ കാറുകളുമായി മത്സരിക്കാന്‍ മാര്‍ക്ക്കകനു കഴിഞ്ഞു.
അംബാസഡര്‍ മാര്‍ക്ക്-III (1975-1979) : 1975-ന്‍റെ പകുതിയോടെ വിപണിയിലെത്തിയ ഈ മോഡല്‍ മുന്‍വശത്തെ ഗ്രില്ലിന്‍റെ കാര്യത്തില്‍ അല്പമേ വ്യത്യാസപ്പെട്ടിരുന്നുള്ളൂവെങ്കിലും പ്രധാനവ്യത്യാസം അകത്തായിരുന്നു. മാര്‍ക്ക്-III-ലെ തടികൊണ്ടുള്ള ഡാഷ്ബോര്‍ഡിനു പകരം അലൂമിനിയം കൊണ്ടുള്ള ഡാഷ്ബോര്‍ഡും അതില്‍ മൂന്ന് മീറ്ററുകളുമായിരുന്നു മാര്‍ക്ക്-III-യുടെ പ്രത്യേകത. പിന്നീട് വന്ന ഡീലക്സ് വെര്‍ഷനില്‍ സ്പീഡോമീറ്റര്‍ കൂടാതെ നാലു മീറ്ററുകള്‍ ഉണ്ടായിരുന്നു. ഒരേ ദിശയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വൈപറുകളും മാര്‍ക്ക്കകകയുടെ പ്രത്യേകതയായിരുന്നു. പക്ഷേ, മാര്‍ക്ക്-III വരുന്നതിനു തൊട്ടുമുമ്പ് മാര്‍ക്ക്കകലും ഈ മാറ്റം വരുത്തിയിരുന്നു. 1790 രരയുടെ ശക്തമായ മോറിസ് എന്‍ജിന്‍ ആയിരുന്നു ഇതില്‍ ഘടിപ്പിച്ചിരുന്നത്. ഇതിന് ഒരു എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ വേണ്ട പവര്‍ കൂടി ഉണ്ടായിരുന്നു. പിന്നീടുവന്ന മോഡലുകളിലും ഇതേ എന്‍ജിന്‍ ആയിരുന്നുവെങ്കിലും വില്‍പ്പന കുറവായതിനാല്‍ മാര്‍ക്ക്-III വിപണിയില്‍ നിന്നും വേഗം പിന്‍വലിക്കപ്പെട്ടു.
അംബാസഡര്‍ മാര്‍ക്ക്-IV (1979-1990) : 1979-ല്‍ വിപണിയിലെത്തിയ ഇത് ഒരു പെട്രോള്‍ കാര്‍ ആയിട്ടായിരുന്നു രംഗപ്രവേശം നടത്തിയതെങ്കിലും 1980ല്‍ ഇതിന്‍റെ ഡീസല്‍ വെര്‍ഷന്‍ ഇറങ്ങുകയുണ്ടായി. ഇതായിരുന്നു ഇന്ത്യയിലെ ആദ്യത്തെ ഡീസല്‍ കാര്‍. എന്നാല്‍ ഇത് സ്വകാര്യവ്യക്തികള്‍ക്ക് വാങ്ങിയുപയോഗിക്കാനുള്ള അനുമതിയില്ലായിരുന്നു. സര്‍ക്കാര്‍ വാഹനമായും ടാക്സി ആയും മാത്രമേ ഇത് ഓടിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ. കര്‍ഷകര്‍ ട്രാക്ടറില്‍ ഉപയോഗിക്കുന്ന കാരണമായിരുന്നു ഡീസല്‍വില സര്‍ക്കാര്‍ സബ്സിഡിയിലൂടെ കുറച്ചുനിറുത്തിയിരുന്നത്. സ്വകാരവാഹനമായുള്ള ഉപയോഗം ഈ നയത്തിനു വിരുദ്ധമാണെന്ന ചിന്താഗതിയായിരുന്നു നിരോധനത്തിനു കാരണം. 1489 cc-യും 37 bhp-യും ഉള്ളതുമായ ഡീസല്‍ എന്‍ജിന്‍ അങ്ങനെ സാമാന്യജനത്തില്‍ നിന്നും അകന്നുനിന്നു. പില്‍ക്കാലത്ത് ഈ നിയന്ത്രണം എടുത്തുപോയെങ്കിലും സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു ഇതിന്‍റെ വില. മാര്‍ക്ക് പരമ്പരയിലെ അവസാനത്തെ കാര്‍ ഇതായിരുന്നു. ഇതിന്‍റെ ഡീലക്സ് എഡിഷന്‍ ആയിരുന്നു 'അംബാസഡര്‍ നോവ.
അംബാസഡര്‍ നോവ (1990-1999) : ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അതിന്‍റെ അതുവരെയുള്ള മോഡലുകളെയെല്ലാം അടിമുടി പരിഷ്കരിച്ചതില്‍ നിന്നുമായിരുന്നു 'നോവ'-യുടെ പിറവി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെയുള്ള രണ്ട് വേരിയന്‍റുകള്‍ ഇതിനുണ്ടായിരുന്നു. പെട്രോള്‍ എന്‍ജിന്‍ 55 bhp-യുടേതായിരുന്നു. ഡീസല്‍ എന്‍ജിന്‍ 37 bhp-യുടേതും. സ്റ്റിയറിങ് വീല്‍ അടക്കം ഇലക്ട്രിക് സംവിധാനങ്ങളെല്ലാം പരിഷ്കരിക്കപ്പെട്ടിരുന്നു. ബ്രേക്കിങ് സങ്കേതവും പുതുക്കിയിരുന്നു. എന്നാല്‍ ഇത്തരം പുതുമകളിലേക്കെത്താന്‍ അംബാസഡറിനുവേണ്ടി വന്ന സമയം അതിന് ഗുണംചെയ്തില്ല എന്നുവേണം പറയാന്‍. ഈ സമയത്ത് ഇതിലും ആധുനികമായ സൗകര്യങ്ങളോടെ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് 'കോണ്ടസ' എന്ന ആഢംബരകാറിനെ ഇന്ത്യയില്‍ അവതരിച്ചു. പക്ഷേ, അന്നത്തെ സര്‍ക്കാര്‍ നിര്‍ബന്ധബുദ്ധിയോടെ നടപ്പിലാക്കിയ ഉദാരവല്‍ക്കരണനയങ്ങള്‍ പല ജാപ്പനീസ് കമ്പനികളേയും ഇന്ത്യയിലെത്തിച്ചു. സുസൂക്കി കമ്പനിയുടെ സഹകരണത്തോടെ നിര്‍മ്മിക്കപ്പെട്ട 'മാരുതി സുസൂക്കി' സാധാരണക്കാരന്‍റെ ചെറിയ പോക്കറ്റിന് ഒരു കുഞ്ഞുകാര്‍ സമ്മാനിച്ചു. ചെറിയ കാറുകള്‍ നിര്‍മ്മിച്ചിരുന്ന പ്രീമിയര്‍ കമ്പനിയും സ്റ്റാന്‍ഡേര്‍ഡ് മോട്ടോഴ്സും വലിയ കാറുകള്‍ നിര്‍മ്മിക്കാന്‍ ലൈസന്‍സ് നേടുകകൂടി ചെയ്തപ്പോള്‍ അംബാസഡറിന് നോവ കൊണ്ടും പിടിച്ചുനില്‍ക്കാവാത്ത സ്ഥിതിയായി.
അംബാസഡര്‍ ക്ളാസിക് (1992-2010) : 1992-ല്‍ വിപണിയിലെത്തിയ ഇതിന്‍റെ ഔദ്യോഗികനാമം അംബാസഡര്‍ 1800 ISZ എന്നായിരുന്നു. ഇസൂസു എന്ന ജപ്പാന്‍ കമ്പനിയുടെ 1817-cc എന്‍ജിന്‍ ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. 75 യവുയുടെ കരുത്തുള്ള ഇതിന് 5 സ്പീഡ് ഗിയര്‍ബോക്സിലൂടെയുള്ള വേഗപ്രകടനവും ഉറപ്പുവരുത്തിയിരുന്നു. ഇതേ എന്‍ജിന്‍ തന്നെയായിരുന്നു കോണ്ടസ-യിലും ഉപയോഗിച്ചിരുന്നതെങ്കിലും അത് 88 bhp-യുടെ ശക്തി പകരുന്നതായിരുന്നു. അംബാസഡര്‍ ക്ളാസിക്കിനുവേണ്ടി പവര്‍ കുറയ്ക്കുകയായിരുന്നുവെന്നത് അതിന്‍റെ ആകര്‍ഷകത്വത്തിന് മങ്ങലേല്‍പ്പിച്ചു. എങ്കിലും 1998-ലെ ഡെല്‍ഹി മോട്ടോര്‍ഷോയില്‍ അതിന് 'ക്ളാസിക്' എന്ന പദവി നേടിക്കൊടുത്തു. പക്ഷേ, ഇതിന്‍റെ ഡീസല്‍ വേരിയന്‍റിന് കുറഞ്ഞ കാര്‍ബണ്‍ ബഹിര്‍ഗമനം സൂചിപ്പിക്കുന്ന 'ഭാരത് IV’ എന്ന മാനകപദവിക്ക് യോഗ്യത നേടാന്‍ കഴിഞ്ഞില്ല. ഇത് കാരണം ഇന്ത്യയിലെ പ്രധാനപ്പെട്ട 13 നഗരങ്ങളില്‍ ഇത് വില്‍ക്കാനായില്ല. ഇത് ക്ളാസിക്കിനേറ്റ വലിയ തിരിച്ചടിയായി.
അംബാസഡര്‍ ഗ്രാന്‍ഡ് (2003-2010) : 137 പരിഷ്കരണങ്ങളെ ഉള്‍ക്കൊള്ളുന്ന കാര്‍ എന്ന അവകാശവാദത്തോടെ പുറത്തിറങ്ങിയ ഇതിന് പെട്രോള്‍/ഡീസല്‍ വേരിയന്‍റുകള്‍ ഉണ്ടായിരുന്നു. ശബ്ദം ഒട്ടും ഉള്ളിലേക്ക് കടക്കാത്ത തരത്തിലുള്ള ഇന്‍സുലേഷന്‍ സങ്കേതം ഫ്രാന്‍സിലെ ഒരു കമ്പനിയില്‍ നിന്നുമാണ് കടംകൊണ്ടത്. ഇസൂസു കമ്പനിയുടെ 1817 cc എന്‍ജിന്‍ തന്നെയായിരുന്നു ഇതിലും. നാലേകാല്‍ ലക്ഷത്തില്‍ത്താഴെ ഒരു പെട്രോള്‍ കാര്‍ ലഭിക്കുന്നു എന്നതുമാത്രമായിരുന്നു ഏക ആകര്‍ഷണം. ഡീസല്‍ വെര്‍ഷന് നാലേമുക്കാല്‍ ലക്ഷവും. അംബാസിഡറിന്‍റെ 50th ആനിവേഴ്സറി എഡിഷന്‍ എന്ന പേരിലായിരുന്നു അംബാസഡര്‍ ഗ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്.
അംബാസഡര്‍ അവിഗൊ (2004-2010) : അംബാസഡറിനും മുമ്പുണ്ടായിരുന്ന 'ലാന്‍ഡ്മാസ്റ്ററി-നെ ഇപ്പോഴും ഇഷ്ടപ്പെടുന്നവരുണ്ടാവും എന്ന പ്രതീക്ഷയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് പുറത്തിറക്കിയ ഒരു 'റിട്രോ റിവൈവല്‍' മോഡല്‍ ആയിരുന്നു അംബാസിഡര്‍ അവിഗൊ. മധ്യപ്രദേശിലെ പുരാതനമായ ബര്‍വാനി രാജകുടുംബാംഗവും 'വിന്‍റേജ് ആന്‍റ് ക്ളാസിക് കാര്‍ ക്ളബ് ഓഫ് ഇന്ത്യ'-യുടെ സ്ഥാപകനുമായ റാണാ മാന്‍വേന്ദ്ര സിങ് ആയിരുന്നു ഇതിന്‍റെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. പഴയ കാലത്തെ പ്രണയിക്കുന്നവര്‍ക്കായി അദ്ദേഹം കാറിന്‍റെ ഉള്‍വശം അംബാസഡര്‍ മാര്‍ക്ക്-IV-നെ പുനഃസ്യഷ്ടിച്ചതുപോലെയാക്കി. കെന്‍വുഡിന്‍റെ ഏറ്റവും പുതിയ മ്യൂസിക് സിസ്റ്റത്തെ ഉള്‍ക്കൊള്ളിച്ച ഇതില്‍ ശീതീകരണത്തിന്‍റെ പാരമ്യത ഉറപ്പുവരുന്ന എയര്‍കണ്ടീഷനറും സ്ഥാപിച്ചു. സാധാരണക്കാരെ ഉദ്ദേശിച്ചല്ല പുറത്തിറക്കിയതെങ്കിലും ഇന്ത്യയിലെ ധനാഢ്യര്‍ വെറുമൊരു 'റീവര്‍ക്ക്ഡ് ആന്‍റിക്പീസി'-നായി ഇത്രയും തുക ചെലവുചെയ്യുന്നതില്‍ വലിയ താല്‍പ്പര്യമൊന്നും കാണിച്ചില്ല.
അംബാസഡര്‍ എന്‍കോര്‍ (2013-2014) : വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി ഭാരതസര്‍ക്കാര്‍ യൂറോപ്യന്‍യൂണിയന്‍ ചട്ടങ്ങളെ മാത്യകയാക്കി രൂപീകരിച്ച BS IV (ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ് IV) പ്രകാരമുള്ള അംഗീകാരം ലഭിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഡീസല്‍ കാറായിരുന്നു ഇത്. മാഗ്നാ സ്റ്റേയര്‍ എന്ന ഓസ്ട്രിയന്‍ കമ്പനിയുമായി സഹകരിച്ചുകൊണ്ടായിരുന്നു നിര്‍മ്മിച്ചതെങ്കിലും അംബാസഡര്‍ ഗ്രാന്‍ഡിന്‍റെ ഒരു സൗന്ദര്യവല്‍ക്യതരുപം മാത്രമായിരുന്നു ഇത്. 2013-ല്‍ നൈജീരിയ യിലേക്ക് കയറ്റുമതി ചെയ്യാനായി കുറച്ച് ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വെര്‍ഷനുകള്‍ നിര്‍മ്മിക്കപ്പെട്ടതൊഴിച്ചാല്‍ വില്‍പ്പനയില്‍ ഈ മോഡലിന് പറയത്തക്ക നേട്ടങ്ങളൊന്നും ഉണ്ടാക്കാനായില്ല.
നഷ്ടത്തിലേക്ക്
1980-കളുടെ തുടക്കം മുതല്‍ക്കേ അംബാസിഡറിന്‍റെ പുതിയ കാറുകള്‍ വിറ്റുപോവുന്നതിനെ ചെറിയ രീതിയില്‍ മാന്ദ്യം ബാധിച്ചിരുന്നു. സ്വകാര്യകാര്‍ എന്ന നിലയില്‍ പ്രീമിയര്‍ പത്മിനി കൂടുതലായി തിരഞ്ഞെടുക്കപ്പെട്ടു. നേരത്തേതന്നെ ഡോക്ടര്‍മാറുടെ കാര്‍ എന്ന നിലയില്‍ പ്രീമിയര്‍ പത്മിനി ഒരു അദ്വിതീയസ്ഥാനം കയ്യടക്കിയിരുന്നു. അങ്ങനെ കോളേജ് കാമ്പസുകളിലെ നിര്‍ദ്ദയത്വത്തിന്‍റെ മാര്‍ച്ച്മാസം എന്നതുപോലെ അംബാസിഡറിന്‍റെ ജീവചരിത്രത്തിലേക്കും ഒരു മാര്‍ച്ച് കടന്നുചെന്നു: 2014 മാര്‍ച്ചില്‍ പശ്ചിമബംഗാളിലും തമിഴ്നാട്ടിലുമുണ്ടായിരുന്ന അംബാസിഡറിന്‍റെ നിര്‍മ്മാണ പ്ളാന്‍റുകള്‍ അടച്ചുപൂട്ടി. പക്ഷേ, ആ സാമ്പത്തികവര്‍ഷത്തിനുള്ളിലും 2,200 പുതിയ അംബാസിഡര്‍ കാറുകള്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് വിറ്റിരുന്നു. പക്ഷേ ഇത് 1980-കളില്‍ വിറ്റിരുന്നതിന്‍റെ പത്തിലൊന്ന് മാത്രമായിരുന്നു. എങ്കിലും ഇന്ത്യയിലെ നിരത്തുകളില്‍ നിന്നും അംബാസിഡര്‍ അത്ര വേഗമൊന്നും മാഞ്ഞുപോയില്ല. ഇതൊരു ഫോറിന്‍കാറിന്‍റെ ഇന്ത്യന്‍പ്രതിരൂപമായിരുന്നു എന്നൊന്നും അറിഞ്ഞുകൊണ്ടല്ല ഇന്ത്യന്‍ജനത അതിനെ നെഞ്ചേറ്റിയത്. 1956 മുതല്‍ 1959 വരെ മാത്രം ബ്രിട്ടണില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു പഴഞ്ചന്‍ മോഡലിനെയായിരുന്നു 2014 വരെ ഞങ്ങള്‍ വാങ്ങിയും വാടകയ്ക്കെടുത്തുമുപയോഗിച്ചതെന്നു പറഞ്ഞാല്‍ ഒരു ശരാശരി ഇന്ത്യാക്കാരന്‍ ഒരിക്കലും വിശ്വസിക്കില്ലായിരുന്നു. അത്രകണ്ട് ജനകീയമായ ഒരു വാഹനം, തികച്ചും ഗ്രാമീണമായ ഒരു കാര്‍, ഗ്രേറ്റ് ഇന്ത്യന്‍ മിഡില്‍ ക്ളാസ് എന്നും സ്വന്തമാക്കാനാഗ്രഹിച്ചിരുന്ന ഒരു സ്വപ്നം എന്നൊക്കെ വിശേഷിപ്പിക്കാനാവുമായിരുന്ന അംബാസിഡര്‍ പക്ഷേ ഷോറൂമുകളില്‍ നിന്നും എന്നന്നേക്കുമായി നീക്കംചെയ്യപ്പെട്ടു. 'പഴയ പണക്കാരന്‍' എന്ന ലേബല്‍ സൂക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ പോലും കൈയ്യൊഴിഞ്ഞപ്പോള്‍ ഇന്ത്യൻ റോഡുകളിലെ ഈ പഴയ രാജാവ് നാടൊഴിഞ്ഞ് നാടുനീങ്ങിപ്പോയി.
വര്‍ഷാനുചരിതം
1942: പാസഞ്ചര്‍ കാറുകള്‍ അസംബ്ളി ചെയ്ത് നിര്‍മ്മിക്കുന്നതിനുള്ള ഒരു ചെറിയ പ്ളാന്‍റ് ഗുജറാത്തിലെ ഓഖ (Port Okha)-യില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥാപിക്കുന്നു.
1948: ഗുജറാത്തിലെ ഓഖയില്‍ നിന്നും പശ്ചിമബംഗാളിലെ ഉത്തര്‍പരാ പ്ളാന്‍റിലേക്ക് കാറിന്‍റേയും ട്രക്കുകളുടേയും നിര്‍മ്മാണം മാറ്റിസ്ഥാപിച്ചു.
1957: അംബാസഡര്‍ മാര്‍ക്ക്-I വിപണിയില്‍.
1962: അംബാസഡര്‍ മാര്‍ക്ക്-II വിപണിയില്‍.
1971: ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ്, എര്‍ത്ത്മൂവിങ് മെഷീനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്ളാന്‍റ് തമിഴ്നാട്ടില്‍ മദ്രാസിനടുത്തുള്ള തിരുവള്ളൂരില്‍ സ്ഥാപിച്ചു.
1975: അംബാസഡര്‍ മാര്‍ക്ക്-III വിപണിയില്‍.
1979: അംബാസഡര്‍ മാര്‍ക്ക്-IV വിപണിയില്‍.
1985: എര്‍ത്ത്മൂവിങ് മെഷീനുകള്‍ക്കാവശ്യമായ യന്ത്രഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിനാ വശ്യമായ പവര്‍ പ്ളാന്‍റ് ഡിവിഷന്‍ കര്‍ണ്ണാടകത്തിലെ ഹോസൂറില്‍ സ്ഥാപിച്ചു.
1986: ചരക്കുഗതാഗതത്തിനാവശ്യമായ വലിയ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പ്രത്യേക ഡിവിഷന്‍ ഗുജറാത്തിലെ വഡോധരയില്‍ ആരംഭിച്ചു. പക്ഷേ ഈ പ്രോജക്ട് നഷ്ടത്തിലായ കാരണം ആസ്തി കളില്‍ ഒരു ഭാഗം ജനറല്‍ മോട്ടോഴ്സിനു വിറ്റു. ഇതാണ് ജനറല്‍ മോട്ടോഴ്സിന്‍റെ 'ഓപ്പല്‍ ആസ്ട്ര' (Opel Astra) കാറുകള്‍ ആയി പരിണമിച്ചത്.
1987: മധ്യപ്രദേശിലെ പിത്തംപൂര്‍ ആസ്ഥാനമായി പെട്രോള്‍ എന്‍ജിനുകളും വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുന്ന ഒരു പ്ളാന്‍റ് സ്ഥാപിച്ചു. ജപ്പാനിലെ ഇസൂസു (Isuzu) എന്ന കമ്പനിയുമായി സഹകരിച്ചുകൊണ്ടായിരുന്നു ഇത്.
1990: അംബാസഡര്‍ നോവ വിപണിയില്‍.
1992: അംബാസഡര്‍ ക്ളാസിക് വിപണിയില്‍.
1996: ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് അതിന്‍റെ കീഴിലുള്ള മൂന്ന് ഡിവിഷനുകള്‍ (തിരുവള്ളൂര്‍, ഹോസൂര്‍, ഉത്തര്‍പര) ആധുനികവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.
1997: 'റോഡ് ട്രസ്റ്റഡ് വെഹിക്കിള്‍' എന്ന പേരില്‍ ഒരു സീരീസിന്‍റെ ഉത്പാദനത്തിന് തുടക്കമിടുന്നു.
1998: ജപ്പാനിലെ മിറ്റ്സുബുഷി (Mitsubishi) കമ്പനിയുമായിച്ചേര്‍ന്ന് ലാന്‍സെര്‍ (Lancer) കാര്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രോജക്ടിന് തുടക്കമിടുന്നു.
2001: തിരുവള്ളൂരിലെ എര്‍ത്ത്മൂവിങ് എക്വിപ്മെന്‍റ് ഡിവിഷന്‍ അമേരിക്കന്‍ കമ്പനിയായ കാറ്റര്‍പില്ലറിനു വിറ്റു.
2002: മിറ്റ്സുബുഷിയുമായിച്ചേര്‍ന്ന് പജേറൊ (Pajero) എന്ന എസ്.യു.വി. (Sports Utility Vehicle, SUV) പുറത്തിറക്കി.
2003: അംബാസഡര്‍ ഗ്രാന്‍ഡ് വിപണിയില്‍.
2004: പിത്തംപൂര്‍, ഹോസുര്‍ എന്നിവിടങ്ങളിലെ എന്‍ജിന്‍/യന്ത്രഭാഗ നിര്‍മ്മാണയൂണിറ്റുകള്‍ തമിഴ്നാട്ടിലെ പൂനാപ്പള്ളിയിലെ AVTEC-യിലേക്ക് മാറ്റി.
2004: അംബാസഡര്‍ അവിഗൊ വിപണിയില്‍.
2013: ജപ്പാനിലെ ഇസൂസു കമ്പനിയുമായി സഹകരിച്ചുകൊണ്ട് അവരുടെ MU7 എന്ന എസ്.യു.വി.-യും DMAX എന്ന പിക്ക്അപ് ട്രക്കും തിരുവള്ളൂര്‍ പ്ളാന്‍റില്‍ നിര്‍മ്മിക്കാനാരംഭിച്ചു.
2013: അംബാസഡര്‍ എന്‍കോര്‍ വിപണിയില്‍.
2014: ചെന്നൈയിലെ കാര്‍ നിര്‍മ്മാണ പ്ളാന്‍റ് പ്രവര്‍ത്തനം നിറുത്തി.








