Friday, December 26, 2025

ബെര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ച@35

ഇരട്ടഭിത്തികള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായിരുന്നുബെര്‍ലിന്‍ മതില്‍. രണ്ട് ഭിത്തികള്‍ക്കും 4 മീറ്റര്‍ ഉയരമുണ്ടായിരുന്നു. ഇവയ്ക്കിടയിലുള്ള സ്ഥലം 'ഡെത്ത് സ്ട്രിപ്പ്' എന്നാണ് അറിയപ്പെട്ടിരുന്നത്. സമ്യദ്ധമായി മൈനുകള്‍ നിക്ഷേപിക്കപ്പെട്ടിരുന്നതിനാല്‍ അത് മുറിച്ചുകടക്കുക അസാധ്യമായിരുന്നു. അങ്ങനെ 155 കിലോമീറ്ററുകള്‍. 302 വാച്ച് ടവറുകള്‍. അവയ്ക്കുമുകളില്‍ ആയുധധാരികളായി പട്ടാളക്കാര്‍. മതില്‍ മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയാല്‍ത്തന്നെ വെടിയേറ്റുകൊല്ലപ്പെടും. ഒരേ ഭൂമി, ഒരേ രാജ്യം ആണെങ്കില്‍പ്പോലും പടിഞ്ഞാറന്‍ ബെര്‍ലിനിലേക്കുള്ള യാത്ര അസാധ്യം! പക്ഷേ, 1989 നവംബര്‍ 9-ന് ഈ മതില്‍ തകര്‍ന്നു. കമ്മ്യൂണിസ്റ്റ് ചേരിയും എതിര്‍ചേരിയുമായി ജര്‍മ്മനി വിഭജിക്കപ്പെട്ടിരുന്നത് അതോടെ ഇല്ലാതായി. മതില്‍ ഇല്ലാതായതോടെ ജനങ്ങള്‍ ഒന്നിച്ചു. പലരും കരഞ്ഞു. വികാരഭരമായ അന്തരീക്ഷത്തില്‍ അനേകംപേരുടെ കണ്ണീരുണ്ടായിട്ടും അതില്‍ കുതിരാതെ തൂങ്ങിക്കിടന്നിരുന്ന അയണ്‍ കര്‍ട്ടണ്‍ അവസാന കൊളുത്തും ഊരിത്തെറിച്ചതോടെ നിലംപതിച്ചു. മൂന്നാഴ്ചകള്‍ക്കുശേഷം നടന്ന മാള്‍ട്ടാഉച്ചകോടിയില്‍ വെച്ച് ശീതയുദ്ധം അവസാനിച്ചുവെന്ന പ്രഖ്യാപനമുണ്ടായി. ലോകം പതിയെ മാറുകയായിരുന്നു. അത്തരം പുതിയ ചിന്തകളുടേയും പ്രതീക്ഷകളുടേയും നിറവില്‍ അടുത്ത വര്‍ഷത്തിലെ ഒക്ടോബറില്‍ പശ്ചിമജര്‍മ്മനിയും കിഴക്കന്‍ ജര്‍മ്മനിയും വീണ്ടുമൊന്നായി. ഒരു രാജ്യം രണ്ടായി വിഭജിക്കപ്പെട്ടിരുന്നതിന് അവസാമായത് ഒരു ചരിത്രസംഭവമായിരുന്നുവെങ്കിലും അതിനു മുമ്പേ രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ അതിര്‍ത്തികള്‍ മാഞ്ഞുതുടങ്ങിയിരുന്നു. ഓസ്ട്രിയയും ഹംഗറിയും പരസ്പരമുള്ള നയതന്ത്രമറകള്‍ അവസാനിപ്പിച്ചുകൊണ്ട് സൗഹ്യദം പങ്കുവെച്ചിരുന്നു. 1989 ഓഗസ്റ്റ് 9 അങ്ങനെ അവിസ്മരണീയമായ രാജ്യാന്തരയാത്രകളുടെ ഒരു ദിവസമായി. സാധാരണ ജനങ്ങളാണ് ഇത്തരം രാഷ്ട്രീയ തീരുമാനങ്ങളെ ആഘോഷങ്ങളാക്കി മാറ്റിയത്. അതിന്‍റെ പ്രകമ്പനങ്ങളാണ് ഒരിക്കലും തകരുകയില്ല എന്ന് കരുതപ്പെട്ടിരുന്ന ബെര്‍ലിന്‍ മതിലിനേയും ഇളക്കിയത്. ഇളക്കങ്ങളുടെ തുടര്‍ച്ചയായി മാറിയ ആ തകര്‍ച്ചയുടെ 35ാം വാർഷികമായിരുന്നു 2025.

ഒരു പത്രസമ്മേളനം

1989 നവംബര്‍ 9-ന് കിഴക്കന്‍ ബെര്‍ലിനില്‍ ഒരു പത്രസമ്മേളനം നടന്നു. കിഴക്കന്‍ ജര്‍മ്മനിയിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് യൂണിറ്റി പാര്‍ട്ടിയുടെ ഒരു സമുന്നത നേതാവായിരുന്ന ഗുന്തര്‍ ഷാബോസ്കി (Günter Schabowski) ആയിരുന്നു പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്. ഈസ്റ്റ് ജെര്‍മ്മന്‍ ടെലിവിഷനിലും റേഡിയോയിലും ഈ പത്രസമ്മേളനം തല്‍സമയം കാണിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു. ഷാബോസ്കി യോടൊപ്പം വേദിയില്‍ വിദേശവിപണനവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ജെര്‍ഹാര്‍ഡ് ബെയില്‍, ജെര്‍മ്മന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു. ഗുന്തര്‍ ഷാബോസ്കി മാധ്യമങ്ങളോടും ജനങ്ങളോടും കാര്യം വിശദീകരിക്കാന്‍ ചുമതലപ്പെട്ട ഒരു പാര്‍ട്ടി പ്രതിനിധി മാത്രമായിരുന്നു. പത്രസമ്മേളനത്തിന് തൊട്ടുമുമ്പു മാത്രമായിരുന്നു പറയേണ്ട കാര്യം ഒരു കുറിപ്പായി അദ്ദേഹത്തിന് കൈമാറ്റം ചെയ്യപ്പെട്ടത്. വിവരങ്ങള്‍ എങ്ങനെ അവതരിപ്പിക്കണം എന്നത് സംബന്ധിച്ച് അദ്ദേഹത്തിന് പ്രത്യേകിച്ച് നിര്‍ദ്ദേശം ഒന്നുമില്ലായിരുന്നു. കിഴക്കന്‍ ജര്‍മ്മനിയിലെ പൗരന്‍മാര്‍ക്ക് ഏതൊരു തരത്തിലുമുള്ള യാത്രാരേഖകളുമില്ലാതെ വിദേശയാത്രക്കായി ഇനിമേല്‍ അപേക്ഷ നല്‍കാന്‍ കഴിയും എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. മാത്രമല്ല, ഇവര്‍ക്ക് സ്ഥിരമായി രാജ്യം വിട്ടുപോവാനും അതിര്‍ത്തികള്‍ കടന്നുപോവാനും സ്വാതന്ത്ര്യം ഉണ്ടായിരിക്കും എന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ചുരുക്കത്തില്‍ കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും പടിഞ്ഞാറന്‍ ജര്‍മ്മനിയിലേക്ക് കടക്കാന്‍ ഒരിടത്തും കാത്തുനില്‍ക്കേണ്ടതില്ല. എന്നാല്‍, പത്രസമ്മേളനം ഏതാണ്ട് അവസാനിക്കാറാവുന്നതുവരെ ഗുന്തര്‍ ഷാബോസ്കി തന്‍റെ പോക്കറ്റിലുള്ള ഈ കുറിപ്പിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല. റിക്കാര്‍ഡോ എഹ്ര്‍മാന്‍ (Riccardo Ehrman) എന്ന റിപ്പോര്‍ട്ടര്‍ ചോദിച്ച ചോദ്യമാണ് അദ്ദേഹത്തെക്കൊണ്ട് കുറിപ്പ് പുറത്തെടുപ്പിച്ചത്. 
ഒരു പുതിയ വിദേശസഞ്ചാരനിയമം വരുന്നുണ്ടോ എന്നതായിരുന്നു റിക്കാര്‍ഡോയുടെ ചോദ്യം. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നുള്ള ഒളിച്ചോടുന്നവര്‍ കാരണം പശ്ചിമജര്‍മ്മനി വീര്‍പ്പുമുട്ടുകയാണെന്നും അതിനാല്‍ പുതിയൊരു രാജ്യാന്തരസഞ്ചാരനിയമത്തിന്‍റെ കരടുരൂപീകരണം അനിവാര്യമായിത്തീര്‍ന്നിരിക്കുകയാണെന്ന് പറയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറുപടി കുറേക്കൂടി വ്യക്തമാക്കണം എന്ന ആവശ്യമുയര്‍ന്നു. അപ്പോഴാണ് തന്‍റെ പോക്കറ്റിലെ കുറിപ്പിനെക്കുറിച്ച് ഷാബോസ്കി ഓര്‍ത്തത്. അദ്ദേഹം ധ്യതിയില്‍ അത് പുറത്തെടുത്ത് വായിച്ചു. അതിര്‍ത്തികള്‍ കടന്നുപോവാനും അന്യരാജ്യങ്ങളില്‍ കുടിയേറാനും ഇനി ഒരുതരത്തിലുമുള്ള നിയന്ത്രണങ്ങളുമുണ്ടാവില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരു വലിയ ആരവത്തിനിടയാക്കി. "ഇത് എപ്പോള്‍ മുതല്‍ നിലവില്‍ വരും?", മുന്‍നിരയില്‍ ഇരിപ്പുറച്ചിരുന്ന പത്രക്കാരാരോ ചോദിച്ചു. പറഞ്ഞത് വിഴുങ്ങാന്‍കഴിയാത്തതുകൊണ്ട് അദ്ദേഹം പറഞ്ഞു: "Das tritt nach meiner Kenntnis ... ist das sofort ... unverzüglich: : ഞാന്‍ മനസിലാക്കുന്നത്, അത് ഉടനേതന്നെ നടപ്പിലാവുമെന്നാണ്, താമസമേതുമില്ലാതെ.. " വേദിയിലുണ്ടായിരുന്ന ജെര്‍ഹാര്‍ഡ് ബെയില്‍, അത് മന്ത്രിസഭ തീരുമാനിക്കേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ട് ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഷാബോസ്കി കുറിപ്പില്‍ നിന്നും കണ്ണെടുക്കാതെ അത് തുടര്‍ന്ന് വായിക്കാന്‍ ശ്രമിച്ചു. ഇതുസംബന്ധമായി ഒരു നിയമം പാസാക്കേണ്ടതുണ്ട് എന്നദ്ദേഹം പറയാന്‍ശ്രമിച്ചെങ്കിലും ഒരു ജേര്‍ണലിസ്റ്റിന്‍റെ അടുത്ത ചോദ്യത്തില്‍ അത് മുങ്ങിപ്പോയി. പടിഞ്ഞാറന്‍ ബര്‍ലിനിലേക്ക് കടക്കുന്നതിന് ഈ പുതിയ ചട്ടം അനുമതി നല്‍കുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. ഷാബോസ്കി തോള്‍ കുലുക്കുക മാത്രം ചെയ്തുകൊണ്ട് കുറിപ്പുവായന തുടര്‍ന്നു: അതിന് കഴിയും എന്നായിരുന്നു കുറിപ്പിലെ മൂന്നാം ഖണ്ഡികയില്‍ പറഞ്ഞിരുന്നത്! "ബെര്‍ലിന്‍ മതില്‍ ഇനിയുണ്ടാവില്ല എന്നാണോ അങ്ങ് പറയുന്നത്?", ദ ഡെയ്ലി ടെലിഗ്രാഫില്‍ നിന്നുള്ള ഡാനിയല്‍ ജോണ്‍സണ്‍ ചോദിച്ചുവെങ്കിലും ഷാബോസ്കി അതൊരു വലിയ വിഷയമാണ് എന്ന് മാത്രം പറഞ്ഞുകൊണ്ട് ഇരിപ്പിടത്തിലേക്ക് നീങ്ങി. പത്രസമ്മേളനം അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പത്രക്കാര്‍ ചിതറിയോടി എന്ന് പറയുന്നതാവും ശരി. ബെര്‍ലിന്‍ മതില്‍ അപ്രസക്തമാവുന്നു എന്നാല്‍ കത്തുന്ന വാര്‍ത്തയാണ്. പത്രസമ്മേളനത്തിനുശേഷം NBC എന്ന ചാനലിനായുള്ള ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിലും ഷാബോസ്കി അതേ പ്രസ്താവന ആവര്‍ത്തിച്ചു. കിഴക്കന്‍ ജര്‍മ്മനിയില്‍ നിന്നും പശ്ചിമജര്‍മ്മനിയിലേക്കുള്ള കുടിയേറ്റം നിയന്ത്രണങ്ങളേതുമില്ലാതെ ഉടനടി സാധ്യമാവും, അദ്ദേഹം പറഞ്ഞു.

കാട്ടുതീപോലെ വാര്‍ത്ത

കിഴക്കന്‍ ജര്‍മ്മനിക്കാര്‍ക്ക് ഉപാധികളില്ലാതെ ബര്‍ലിന്‍ മതില്‍ കടക്കാന്‍കഴിയുമെന്നും ആ തീരുമാനം ഉടനടി നടപ്പിലാവുമെന്നുമാണ് പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ഷാബോസ്കി നടത്തിയ പത്രസമ്മേളനത്തിന്‍റെ ചില പ്രസക്തഭാഗങ്ങളും പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ടെലിവിഷനുകള്‍ അവയുടെ വാര്‍ത്താപരിപാടികളില്‍ കാണിച്ചു. 1950-കളുടെ അവസാനം മുതല്‍ക്കേ പശ്ചിമജര്‍മ്മനിയില്‍ നിന്നുള്ള ടെലിവിഷന്‍ ചാനലുകള്‍ക്ക് കിഴക്കന്‍ ജര്‍മ്മനിയില്‍ കാഴ്ചക്കാര്‍ ഉണ്ടായിരുന്നു. അവര്‍ക്ക് തങ്ങളുടെ നാട്ടിലെ ചാനലുകളെക്കാള്‍ പശ്ചിമജര്‍മ്മന്‍ ചാനലുകളോടായിരുന്നു താല്‍പ്പര്യം. അതുകൊണ്ട്, രാത്രി കൊണ്ടുതന്നെ വാര്‍ത്ത ഇരു ജര്‍മ്മനികളിലുമുള്ള എല്ലാ വീടുകളിലേക്കുമെത്തി. ARD എന്ന പശ്ചിമജര്‍മ്മന്‍ ചാനല്‍ അവരുടെ പ്രൈം ന്യൂസ് ബുള്ളറ്റിനില്‍ പറഞ്ഞു: 'ഇതൊരു ചരിത്രദിനമാണ്: നവംബര്‍ 9. കിഴക്കന്‍ ജര്‍മ്മനിയിലെ ഭരണകൂടം അറിയിച്ചിരിക്കുന്നു, അവര്‍ അതിര്‍ത്തികള്‍ തുറക്കുന്നുവെന്ന്! അതും ഉടനടി! ബെര്‍ലിന്‍ മതിലിന്‍റെ വാതായനങ്ങള്‍ ഇനിമേല്‍ തുറന്നുതന്നെ കിടക്കും. ആര്‍ക്കും അതുവഴി കടന്നുപോവാംڈ. വാര്‍ത്തയ്ക്ക് ഏറ്റവും അതിശയകരമായ പ്രതികരണം ഉണ്ടായത് കിഴക്കന്‍ ജര്‍മ്മനിയിലെ സെയിന്‍റ് നിക്കൊളാസ് ചര്‍ച്ചിലായിരുന്നു. അവിടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കിഴക്കന്‍ ജര്‍മ്മനി ഒരിക്കലും ദൈവവിശ്വാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. നാസ്തികത ആയിരുന്നു അവരുടെ മതം. എങ്കിലും ഭരണകൂടത്തിന്‍റെ എതിര്‍പ്പുകള്‍ വകവെക്കാതെ 1982മുതല്‍ അവിടെ പ്രാര്‍ത്ഥനക്കുവേണ്ടിയുള്ള കൂടിച്ചേരലുകള്‍ നടന്നിരുന്നു. അടുത്ത ഏഴുവര്‍ഷങ്ങളിലൂടെ അതൊരു നിശബ്ദപ്രതിക്ഷേധം പോലെ ശക്തിയാര്‍ജ്ജിച്ചിരുന്നു. 
ആളുകള്‍ പള്ളിയില്‍ നിന്നും കത്തിച്ച മെഴുകുതിരികളുമായി നിരത്തുകളിലൂടെ കൂട്ടമായി യാത്ര ചെയ്തു. ബാരിക്കേഡുകള്‍ ഉയര്‍ത്തിയും റോഡുകളടച്ചും അധികാരികള്‍ ഈ പ്രാര്‍ത്ഥനായാത്രകളെ തടയാന്‍ ശ്രമിച്ചു. വെടിവെപ്പുണ്ടാവും എന്ന വാര്‍ത്ത പരത്തി ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ രഹസ്യപ്പോലീസ് ശ്രമിച്ചു. പ്രാര്‍ത്ഥനായാത്രയില്‍ പങ്കെടുത്ത ചിലരെ കൈകാര്യം ചെയ്തു. പക്ഷേ, പ്രയോജനമൊന്നുമുണ്ടായില്ല. 1989 ഒക്ടോബര്‍ 9ന്, ചെറിയ തോതിലുള്ള ഒരു മിലിട്ടറി ആക്ഷന്‍ പോലുമുണ്ടായി. പോലീസിന്‍റെ ശക്തമായ സാന്നിധ്യവുമുണ്ടായിരുന്നു. പ്രാര്‍ത്ഥനായാത്രക്കാരെ പിരിച്ചുവിടാന്‍ വലിയ തോതിലുള്ള ബലപ്രയോഗം തന്നെ നടന്നു. എന്നാല്‍ 70,000ത്തോളമെത്തിയിരുന്ന വിശ്വാസികള്‍ സമാധാനം കൈവിടാന്‍ തയ്യാറാകാത്തതിനാല്‍ അക്രമങ്ങള്‍ ഒന്നുമുണ്ടായില്ല. അതിനും ക്യത്യം ഒരു മാസത്തിനു ശേഷം അതിര്‍ത്തികള്‍ തുറക്കുന്നു എന്ന പ്രഖ്യാപനമുണ്ടായത് വിശ്വസികളെ സംബന്ധിച്ചിടത്തോളം ദൈവവിധി കൂടി ആയിരുന്നു: നന്‍മയുടേയും ഒരുമയുടേയും ദൈവം വിജയിച്ചിരിക്കുന്നു!

ജനം മതില്‍ പൊളിക്കുന്നു

ടെലിവിഷനും റേഡിയോയും പുറത്തുവിട്ട വാര്‍ത്ത കേട്ട് കിഴക്കന്‍ ജര്‍മ്മനിക്കാര്‍ കൂട്ടത്തോടെ ബര്‍ലിന്‍ മതിലിനടുത്തേക്കെത്തി. അവര്‍ ഗാര്‍ഡുകളോട് ഗേറ്റുകള്‍ തുറക്കാനാവശ്യപ്പെട്ടു. ആറു സ്ഥലങ്ങളിലായിരുന്നു ഗേറ്റുകളുണ്ടായിരുന്നത്. പക്ഷേ, ഗാര്‍ഡുകള്‍ക്ക് പ്രത്യേകിച്ച് നിര്‍ദ്ദേശമൊന്നും നല്‍കപ്പെട്ടിരുന്നില്ല. അവര്‍ തിടുക്കത്തില്‍ ഉന്നതങ്ങളിലേക്ക് ഫോണ്‍കോളുകള്‍ നടത്തിയെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അതേസമയം ആള്‍ക്കാരുടെ ഒഴുക്ക് അനുനിമിഷം വര്‍ദ്ധിച്ചുവന്നു. ഗാര്‍ഡുകള്‍ക്കായി അവസാനം ഒരു നിര്‍ദ്ദേശമെത്തി. കൂടുതല്‍ അക്രമസ്വഭാവം കാണിക്കുന്നവരെ തിരഞ്ഞുപിടിച്ച് അവരുടെ പാസ്പോര്‍ട്ടുകള്‍ സ്റ്റാമ്പുചെയ്യുക. ഇത്തരത്തില്‍ സ്റ്റാമ്പ് ചെയ്യപ്പെടുന്നവര്‍ക്ക് തിരിച്ച് കിഴക്കന്‍ ജര്‍മ്മനിയില്‍ പ്രവേശിക്കുക സാധ്യമല്ലായിരുന്നു. ഇതിലൂടെ ജനം ഒതുങ്ങും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ആയിരങ്ങള്‍ അതിര്‍ത്തി കടന്നുപോവാനായി ഒഴുകിക്കൊണ്ടേയിരുന്നു. 'ഷാബോസ്കി പറയുന്നുണ്ടല്ലോ ഞങ്ങള്‍ക്ക് കടന്നുപോവാമെന്ന്. നിങ്ങള്‍ ഗേറ്റുകള്‍ തുറക്കൂ.. ڈ, ജനം ഒരേസ്വരത്തില്‍ അലറിക്കൊണ്ടിരുന്നു. ഗാര്‍ഡുകളുടെ എണ്ണത്തിന്‍റെ പതിന്‍മടങ്ങായി ജനങ്ങളുടെ എണ്ണം അധികരിച്ചുകൊണ്ടിരുന്നു. കിഴക്കന്‍ ജര്‍മ്മനിയുടെ ഭാഗത്തുനിന്നും ബലംപ്രയോഗിച്ച് ജനങ്ങളെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവുകളൊന്നും ഉണ്ടാവില്ല എന്ന് ഉറപ്പായിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണകൂടം അതൊരു څബ്യൂറോക്രാറ്റിക് മിസ്റ്റേക്چ ആയിരുന്നു എന്ന് ആവര്‍ത്തിച്ചുവെങ്കിലും ജനം അതൊന്നും ചെവിക്കൊള്ളാവുന്ന അവസ്ഥയിലായിരുന്നില്ല. അവസാനം, രാത്രി 10:45 ആയപ്പോഴേക്കും ബോണ്‍ഹോമര്‍ സ്ട്രാഫ് (Bornholmer Straße) അതിര്‍ത്തി ചെക്ക്പോയിന്‍റിന്‍റെ കമാന്‍ഡര്‍മാരിലൊരാളായിരുന്ന ഹരാള്‍ഡ് ജാഗര്‍ (Harald Jäger)  യാത്രാരേഖകള്‍ പരിശോധിക്കാതെതന്നെ ആളുകളെ കടത്തിവിടാന്‍ ഉത്തരവായി. മതില്‍ കടന്നെത്തിയവരെ പൂച്ചെണ്ടുകളും ഷാംപെയ്നുകളുമായി പശ്ചിമജര്‍മ്മനിക്കാര്‍ വരവേറ്റു. സന്തോഷം അണപൊട്ടുമ്പോഴും പലരും കരയുന്നത് കാണാമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള സമാഗമം. ഒരുപക്ഷേ മരിച്ചുപോയിരിക്കാം എന്ന് കരുതിയിരുന്നവര്‍പോലും തമ്മില്‍ കണ്ടു. ആലിംഗനബദ്ധരായി. പശ്ചിമജര്‍മ്മനിയിലെ യുവജനം മതിലിനു മുകളില്‍ കയറി. കിഴക്കന്‍ ജര്‍മ്മനിയുടെ യുവത്വവും അവര്‍ക്കൊപ്പം ചേര്‍ന്നു. ആഹ്ളാരവങ്ങള്‍ക്കിടെയില്‍, 1989 നവംബര്‍ 9ലെ നക്ഷത്രഖചിതമായ ആ രാത്രി പുതിയൊരു ചരിത്രമെഴുതി: പാശ്ചാത്യമില്ല, പൗരസ്ത്യമില്ല, ഇനി ഒരൊറ്റ ജര്‍മ്മനി മാത്രം!

നവംബര്‍ 9-നു തന്നെ ജനം മതില്‍ പൊളിക്കാന്‍ ആരംഭിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ആഴ്ചകളിലും അത് തുടര്‍ന്നു. ആളുകള്‍ മതിലിലെ സ്മരണികാഫലകങ്ങള്‍ നീക്കംചെയ്യുകയും മതില്‍ വളരെ നീളത്തോളം തകര്‍ക്കുകയും ചെയ്തു. മതില്‍ പൊളിഞ്ഞ ഇടങ്ങളിലൂടെ ആളുകള്‍ കൂട്ടത്തോടെ അതിര്‍ത്തി കടന്നുപോയി. വൈകാതെ തന്നെ ജര്‍മ്മനിക്കു പുറത്തുള്ള മറ്റ് പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ളവരും മതില്‍പൊളിക്കാനായി എത്തിത്തുടങ്ങി. പശ്ചിമജര്‍മ്മനിയിലെ യുവജനം ഇവര്‍ക്ക് മതില്‍പൊളിക്കാനുള്ള ഉപകരണങ്ങള്‍ തരപ്പെടുത്തിക്കൊടുത്തു. ഒരു ദൗത്യസേന പോലെയാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. څമതില്‍പൊളിക്കുന്നവര്‍چഎന്ന അര്‍ത്ഥത്തില്‍ څങമൗലൃുലെരവലേچ എന്നാണ് ഇവര്‍ അറിയപ്പെട്ടത്. ആദ്യമൊക്കെ കിഴക്കന്‍ ജര്‍മ്മനിയുടെ ഗാര്‍ഡുകള്‍ പൊളിച്ചഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, പൊളിക്കലുകാരുടെ എണ്ണം കൂടി വന്നതോടെ അവര്‍ ശ്രമം ഉപേക്ഷിച്ചു. അതിര്‍ത്തി കടന്നുപോവുന്നവരെ തടയാനും അവര്‍ ശ്രമിച്ചില്ല. പ്രധാനമായും മൂന്നു സ്ഥലങ്ങളിലാണ് മതില്‍ പൊളിക്കപ്പെട്ടത്. ഇവിടങ്ങളിലേക്ക് റോഡുകള്‍ വന്നുചേരുന്നുണ്ടായിരുന്നു. ബുള്‍ഡോസറുകള്‍ മതിലിന്‍റെ വലിയ ഭാഗങ്ങള്‍ നീക്കംചെയ്യുന്നതുവരെ മണിക്കൂറുകളോളം ജനങ്ങള്‍ ഇവിടങ്ങളില്‍ കാത്തുനിന്നു. റോഡുകള്‍ തുറന്നപ്പോള്‍ അവര്‍ പരസ്പരം അഭിവാന്ദ്യം ചെയ്യുകയും സ്വീകരിക്കുകയും ചെയ്തു. ആംശസകളര്‍പ്പിക്കുകയും ചെയ്തു. 

ആയിരങ്ങള്‍ തകര്‍ന്ന മതില്‍ കടന്നുപോവുകയുണ്ടായി. പക്ഷേ, ആദ്യം കടന്നുപോയത് ആരായിരുന്നു എന്നതിന് തെളിവുകളേതുമില്ല. വളരെ നാളുകള്‍ക്ക് ശേഷം, 1989 ഡിസംബര്‍ 22ന് പശ്ചിമജര്‍മ്മനിയുടെ ചാന്‍സലര്‍ ആയിരുന്ന ഹെല്‍മട് കോള്‍ (Helmut Kohl) ബെര്‍ലിന്‍ മതിലിലെ ബ്രാന്‍ഡെന്‍ബെര്‍ഗ് ഗേറ്റ് വഴി നടന്ന് കിഴക്കന്‍ ജര്‍മ്മനിയില്‍ പ്രവേശിച്ചു. കിഴക്കന്‍ ജര്‍മ്മനിയുടെ പ്രധാനമന്ത്രി ഹാന്‍സ് മോഡ്റോ (Hans Modrow)  അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം മുതല്‍ പശ്ചിമജര്‍മ്മനിക്കാര്‍ക്ക് കിഴക്കന്‍ ജര്‍മ്മനിയിലേക്ക് വിസയില്ലാത്ത പ്രവേശനം അനുവദിക്കപ്പെട്ടു. എന്നാല്‍ ഈ ഇളവ് ജര്‍മ്മന്‍കാര്‍ക്ക് മാത്രമുള്ളതായിരുന്നു. 1990 ജൂണ്‍ 13 മുതല്‍ ഈസ്റ്റ് ജെര്‍മ്മന്‍ ബോര്‍ഡര്‍ ട്രൂപ്പ്സ് ഔദ്യോഗികമായി മതില്‍ പൊളിക്കാനാരംഭിച്ചു. വളരെ പതുക്കെ തുടക്കമായ ഇത് 1990 ഡിസംബര്‍ വരെ നീണ്ടു. അതിനുമുമ്പേ ബെര്‍ലിന്‍ മതില്‍ കാരണം മുറിഞ്ഞുപോയ റോഡുകള്‍ പുനര്‍നിര്‍മ്മിക്കപ്പെടുകയുണ്ടായി. 1990 ഓഗസ്റ്റ് 1ന് അവ ഗതാഗതത്തിനായി തുറന്നുകൊടുക്കപ്പെട്ടു. ഔദ്യോഗിക കണക്കനുസരിച്ച് ഏകദേശം 1.7 ദശലക്ഷം കോണ്‍ക്രീറ്റും മറ്റ് നിര്‍മ്മാണവസ്തുക്കളും പൊളിച്ചുനീക്കലിലൂടെ മാലിന്യമായി സ്യഷ്ടിക്കപ്പെട്ടു. 184 കിലോമീറ്റര്‍ നീളത്തിലുള്ള മതില്‍ തകര്‍ക്കപ്പെട്ടതില്‍ 154 കിലോമീറ്റര്‍ നീളത്തിലുള്ള കമ്പിവേലിയും സിഗ്നല്‍ സംവിധാനങ്ങളും ഉള്‍പ്പെട്ടിരുന്നു. പഴയ മതിലിന്‍റെ ഭാഗങ്ങള്‍ ആറിടങ്ങളിലായി സ്മാരകങ്ങള്‍ ആക്കാനായി പൊളിക്കാതെ നിലനിറുത്തി. സൈന്യം ആണ് മതിലിന്‍റെ പൊളിക്കല്‍ പൂര്‍ത്തിയാക്കിയത്. 1991 നവംബറില്‍ ബര്‍ലിന്‍ മതിലിന്‍റെ നീക്കംചെയ്യല്‍ പൂര്‍ണ്ണമായതായി പ്രഖ്യാപിക്കപ്പെട്ടു.

പ്രതികരണം

1990 ജൂലൈ 1-നുതന്നെ കിഴക്കന്‍ ജര്‍മ്മനി പടിഞ്ഞാറന്‍ ജര്‍മ്മനിയുടെ നാണയം അംഗീകരിച്ചിരുന്നു. ഇരു ജര്‍മ്മനികളേയും വേര്‍തിരിക്കുന്ന എല്ലാ അതിര്‍ത്തിരേഖകളും അവസാനിപ്പിക്കപ്പെട്ടു. 1990 ഒക്ടോബര്‍ 3ന് പശ്ചിമജര്‍മ്മനി ഔദ്യോഗികമായി ഇല്ലാതാവുകയും ഇരു ജര്‍മ്മനികളും ഒന്നാവുകയും ചെയ്തു. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറും ഫ്രഞ്ച് പ്രസിഡന്‍റായിരുന്ന ഫ്രാങ്കോയിസ് മിറ്ററും ബെര്‍ലിന്‍ മതില്‍ ഇല്ലായ്മ ചെയ്തതിനെ അപലപിച്ചു. ജര്‍മ്മനി ഒന്നാവുന്നത് അവരുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്നും ബ്രിട്ടണും ഫ്രാന്‍സിനും ഭീഷണിയാവുമെന്നും അവര്‍ ഭയപ്പെട്ടു. 1989 സെപ്റ്റംബറില്‍ത്തന്നെ മതില്‍പൊളിക്കാതിരിക്കാനുള്ള നീക്കങ്ങള്‍ താച്ചര്‍ നടത്തിയിരുന്നു. സോവിയറ്റ് ജനറല്‍ സെക്രട്ടറി മിഖായേല്‍ ഗോര്‍ബച്ചേവിനെ ഉപയോഗിച്ച് നടത്തിയ നീക്കം പക്ഷേ പരാജയപ്പെടുകയായിരുന്നു. ഒക്ടോബര്‍ 3 ഇപ്പോള്‍ څജര്‍മ്മന്‍ യൂണിഫിക്കേഷന്‍ ഡേچ ആയാണ് ആചരിക്കുന്നത്. ബര്‍ലിന്‍ മതില്‍ ഇല്ലായതിന്‍റെ പത്താം വാര്‍ഷികവും ഇരുപതാം വാര്‍ഷികവും ആഘോഷപൂര്‍വ്വമാണ് ജര്‍മ്മന്‍കാര്‍ ആചരിച്ചത്. കൊണ്ടാടിയത്. പാശ്ചാത്യലോകം മുഴുവനായും അതില്‍ പങ്കുകൊണ്ടു. ഇനിയൊരു څബര്‍ലിന്‍മതില്‍چ ഉണ്ടാവാതിരിക്കട്ടെ എന്ന സന്ദേശവുമായി കലാകാരന്‍മാരുടെ കൂട്ടായ്മ മതിലിന്‍റെ ഭാഗമായിരുന്ന ഇഷ്ടികകളെ ലോകത്തിന്‍റെ വിവിധഭാഗങ്ങളിലേക്ക് അയച്ചുകൊടുക്കുന്ന കര്‍മ്മപരിപാടി പോലും സംഘടിപ്പിക്കുകയുണ്ടായി. പക്ഷേ, അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. റിക്കാര്‍ഡോ എഹ്ര്‍മാന്‍ എന്ന ജേര്‍ണലിസ്റ്റ് ആ ചോദ്യം ചോദിച്ചില്ലായിരുന്നുവെങ്കില്‍ ഷാബോസ്കി തന്‍റെ പോക്കറ്റിലെ കുറിപ്പിനെക്കുറിച്ച് മറന്നുപോവുമായിരുന്നോ?! അതിനുപിന്നില്‍ ഇപ്പോഴും പൂര്‍ണ്ണമായും വെളിച്ചത്തുവരാത്ത ഒരു ഫോണ്‍കോള്‍ ഉണ്ടായിരുന്നു എന്നാണ്. കിഴക്കന്‍ ജര്‍മ്മനിയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മറ്റിയില്‍ നിന്നും ആരോ ഒരാള്‍ റിക്കാര്‍ഡോ എഹ്ര്‍മാനെ വിളിച്ച് പശ്ചിമജര്‍മ്മനിയിലേക്കുള്ള പുതിയ യാത്രാച്ചട്ടങ്ങളെക്കുറിച്ച് ഒരു ചോദ്യം ഷാബോസ്കി യോട് ചോദിക്കണം എന്ന് പറഞ്ഞിരുന്നുവത്രേ. പക്ഷേ, അതാരായിരുന്നുവെന്നത് ഇപ്പോഴും പരസ്യമാക്കപ്പെട്ടിട്ടില്ല. അങ്ങനെയൊരാള്‍ വിളിച്ചു എന്നത് റിക്കാര്‍ഡോ എഹ്ര്‍മാന്‍ ഇപ്പോഴും നിക്ഷേധിച്ചിട്ടുമില്ല! 

"നാണക്കേടിന്‍റെ മതില്‍"

പശ്മിമജര്‍മ്മനി എന്നറിയപ്പെട്ടിരുന്ന ഫെഡറല്‍ റിപ്പബ്ളിക് ഓഫ് ജര്‍മ്മനിയേയും കിഴക്കന്‍ ജര്‍മ്മനി എന്ന ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ളിക്കിനേയും വേര്‍തിരിച്ചുകൊണ്ട് നിലനിന്നിരുന്ന മതില്‍. 1961 ഓഗസ്റ്റ്  13നാണ് ബെര്‍ലിന്‍മതിലിന്‍റെ നിര്‍മ്മാണം തുടങ്ങിയത്. സോവിയറ്റ് ചേരിയിലായിരുന്ന കിഴക്കന്‍ ജര്‍മ്മനി, തങ്ങളുടെ പൗരന്‍മാര്‍ പശ്ചിമജര്‍മ്മനിയിലേക്ക് ഓടിപ്പോവുന്നത് തടയാനാണ് മതില്‍ നിര്‍മ്മിച്ചത്. കിഴക്കന്‍ ജര്‍മ്മനിയുടെ ഗാര്‍ഡുകള്‍ ആയിരുന്നു മതില്‍ കാത്തുസൂക്ഷിച്ചിരുന്നത്. മതില്‍ കടക്കാന്‍ ശ്രമിച്ചവരെ അവര്‍ കൊന്നു. പശ്മിമജര്‍മ്മനിയും അവിടത്തെ മാധ്യമങ്ങളും ബെര്‍ലിന്‍മതിലിനെ 'നാണക്കേടിന്‍റെ മതില്‍' (Wall of Shame)  എന്നാണ് വിശേഷിപ്പിച്ചിരുന്നത്. അതേസമയം, 'ഫാസിസ്റ്റ് അധിനിവേശം തടയാനുള്ള പ്രതിരോധഭിത്തി' എന്നാണ് സോവിയറ്റ് മാധ്യമങ്ങള്‍ മതിലിനെ വിശേഷിപ്പിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്‍ അതിന്‍റെ സൈനികശക്തി ഉപയോഗിച്ച് പോളണ്ട്, ഹംഗറി, ചെക്കോസ്ളോവാക്യ, ബള്‍ഗേറിയ, റൊമാനിയ എന്നിവയേയും ജര്‍മ്മനിയുടെ കിഴക്കന്‍ ഭാഗങ്ങളേയും അല്‍ബേനിയയുമായി ഒന്നിച്ചുചേര്‍ത്ത് ഒരൊറ്റ ''സൈനികഭരണാധികാരമേഖല' ആക്കി മാറ്റി. 
വാര്‍സാ പാക്ട് (Warsaw Pact) എന്ന സൈനികഉടമ്പടിയിലൂടെയാണ് ഇത് സ്യഷ്ടിക്കപ്പെട്ടത്. ഇതിനെതിരെ അമേരിക്കന്‍ചേരി രൂപപ്പെടുത്തിയതായിരുന്നു 'നാറ്റോ' (NATO). 'വാര്‍സാ പാക്ടി'ലൂടെ സ്യഷ്ടിക്കപ്പെട്ട സൈനികഭൂമേഖലയെ 'കാര്‍ഡ്ബോര്‍ഡ് കോട്ട' (Cardboard Castle) എന്നാണ് 'നാറ്റോ' കളിയാക്കിവിളിച്ചിരുന്നത്. 1980-കളുടെ അവസാനത്തില്‍, ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം പോളണ്ടിലേയും ഹംഗറിയിലേയും ജനങ്ങള്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ഇത് ഒരു വിപ്ളവമായി പടര്‍ന്ന് കിഴക്കന്‍ ജര്‍മ്മനിയിലുമെത്തി. കിഴക്കന്‍ ജര്‍മ്മനിയിലെ എല്ലാ ഉത്പാദനമേഖലകളും സോവിയറ്റ് സൈന്യം തകര്‍ത്തിരുന്നു. കടമെടുക്കലിന്‍റെ പരിധിയും ലംഘിച്ചുകൊണ്ടായിരുന്നു കിഴക്കന്‍ ജര്‍മ്മനി നിലനിന്നിരുന്നത്. ജനങ്ങള്‍ക്ക് വേണ്ടതൊന്നും, ഭക്ഷണം പോലും നല്‍കാന്‍ കഴിയില്ല എന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ കിഴക്കന്‍ ജര്‍മ്മനി അവരെ തുറന്നുവിടാന്‍ തീരുമാനിച്ചു. അത് പക്ഷേ വളരെ തന്ത്രപരമായി നടപ്പിലാക്കുകയായിരുന്നു ചെയ്തത്. ഫലത്തില്‍, ഒരൊറ്റ തട്ടില്‍ ബെര്‍ലിന്‍മതില്‍ പൊളിഞ്ഞുവീണു, ചരിത്രപരമായ ഒരു അനിവാര്യത പോലെ!