1993-ലാണ് ജുറാസിക് പാര്‍ക്ക് ചലച്ചിത്രരൂപത്തില്‍ ആദ്യമായി പുറത്തുവരുന്നത്. സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗ് സവിംധായകന്‍. ടെലിവിഷന്‍ എന്ന മിനിസ്ക്രീനിനുമുന്നില്‍ കുടുങ്ങിപ്പോയ ജനം വളരെക്കാലത്തിനു ശേഷം തീയേറ്ററുകളിലെത്തിയത് മാനംമുട്ടെ വളര്‍ന്നുനില്‍ക്കുന്ന ദിനോസറുകളെ കാണാനായിരുന്നു. 1990-ലാണ് മൈക്കേല്‍ ക്രിറ്റണിന്‍റെ ജുറാസിക് പാര്‍ക്ക് എന്ന നോവല്‍ വെളിച്ചം കാണുന്നത്. പെസഫിക് സമുദ്രത്തിലെ ആളൊഴിഞ്ഞ ഇസ്ലാ നുബ്ളാര്‍ (Isla Nublar) എന്ന ദ്വീപില്‍ നടക്കുന്ന ഒരു കഥയായിരുന്നു പ്രമേയം. ജനിതക എന്‍ജിനീയറിങിലൂടെ സ്യഷ്ടിക്കപ്പെട്ട ദിനോസറുകളെ കാഴ്ചവസ്തുക്കളെന്ന പോലെ പ്രദര്‍ശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'ജുറാസിക് പാര്‍ക്ക്' സ്യഷ്ടിക്കപ്പെട്ടത്. ജോണ്‍ ഹാമണ്‍ഡ് എന്ന ധനാഢ്യന്‍റെ സ്വപ്നമായിരുന്നു മണ്‍മറഞ്ഞുപോയ ദിനോസറുകള്‍ വിഹരിക്കുന്ന ഒരു ലോകത്തെ വെറും കാഴ്ചക്കായിമാത്രം പുനഃസ്യഷ്ടിക്കുക എന്നത്. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പേ അദ്ദേഹം അതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
അവസാനം ദിനോസറുകള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തി, അവ ആദിമഭൂമിയിലെ ജുറാസിക് കല്‍പ്പത്തിലെന്നപോലെ ആ ദ്വീപില്‍ വിഹരിച്ചുതുടങ്ങിയ കാലത്തിലാണ് ദ്വീപിലെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം നമ്മളും അവിടെ എത്തുന്നത്. ഫോസില്‍പഠനവിദഗ്ധനായ അലന്‍ ഗ്രന്‍റ്, ഫോസില്‍ സസ്യശാസ്ത്രജ്ഞയായ എല്ലീ സട്ട്ലര്‍, ഗണിതശാസ്ത്രജ്ഞനായ ഇയാന്‍ മാല്‍ക്കം എന്നിവരായിരുന്നു അതിഥികള്‍. ജോണ്‍ ഹാമണ്ടിന്‍റെ ക്ഷണപ്രകാരം എത്തപ്പെട്ട ഇവരായിരുന്നു ദ്വീപിലെ ആദ്യത്തെ അതിഥികള്‍. ഭീമാകായന്‍മാരായ ദിനോസറുകളും അവയെ കണ്ടാസ്വദിക്കുന്നതിനായി അവിടെ ഒരുക്കിയിരുന്ന സംവിധാനങ്ങളും അവരെ അതിശയം കൊള്ളിച്ചുവെങ്കിലും അപ്രതീക്ഷിതമായുണ്ടായ വൈദ്യുതിത്തകരാര്‍ എല്ലാ സുരക്ഷാക്രമീകരണങ്ങളേയും തകരാറിലാക്കുന്നു. വൈദ്യുതി പ്രസരിച്ചിരുന്ന കമ്പിവേലികള്‍ കടന്നുവരുന്ന മാംസഭോജികളായ ദിനോസറുകള്‍ പാര്‍ക്കിലെ ജീവനക്കാരേയും സന്ദര്‍ശകരേയും ആക്രമിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് കഥ.
തേഡ് വേവ് ഫെമിനിസം
ജുറാസിക് പാര്‍ക്ക് പുറത്തുവന്ന തൊണ്ണൂറുകളുടെ തുടക്കകാലം പുതിയൊരു സ്ത്രീപക്ഷവാദത്തിന്‍റെ തീച്ചൂളയുമായിരുന്നു. 'തേര്‍ഡ്വേവ് ഫെമിനിസം' (Third-wave feminism) എന്നാണ് അതറിയപ്പെട്ടത്. 1992-ല്‍ റെബേക്കാ വാക്കര്‍ (Rebecca Walker) ആണ് ആ പദം ആദ്യമായി ഉന്നയിച്ചത്. അതേസമയം ഇത് ചിരസ്ഥായിയായ ഒന്നാണെന്നും അവര്‍ പറഞ്ഞില്ല. 2050-കളിലെത്തുന്നതിനു മുമ്പ് അതൊരു څഫോര്‍ത്ത് വേവ് ഫെമിനിസچത്തിനു വഴിമാറും. അതിനുമുമ്പ് തേര്‍ഡ് വേവ് ഫെമിനിസം അതിന്‍റെ ലക്ഷ്യങ്ങള്‍ നേടിയിരിക്കും. 'സ്ത്രീ' എന്ന വേര്‍തിരിവിന്‍റെ നിരാസമാണ് അതിലൊന്ന്. സാഹിത്യത്തില്‍ ഇതിന്‍റെ പ്രതിഫലനം, സ്ത്രീഎഴുത്തുകാര്‍ പൊതുവേ സ്വീകരിച്ചുകാണുന്ന 'ഞാന്‍', 'എന്‍റെ അനുഭവക്കുറിപ്പുകള്‍' എന്ന കഥനരീതിയില്‍നിന്നും ഒരു സാധാരണ കഥപറച്ചില്‍രീതിയിലേക്ക് നോവലുകളും ചെറുകഥകളും എത്തപ്പെടുന്നു എന്നതാണ്. വംശം, ജാതി, മതം എന്നിവയാല്‍ നിര്‍മ്മിക്കപ്പെടുന്ന സ്വത്തരൂപങ്ങള്‍ക്ക് അതീതമാണ് സ്ത്രീത്വമെന്നും അത് അത്തരം വേലിക്കെട്ടുകളെ അതിലംഘിക്കുമെന്നതും ഫെമിനിസത്തിന്‍റെ മൂന്നാം പ്രകമ്പനകാലത്തിന്‍റെ സവിശേഷതയാണ്.
ഈ പുതിയ ഫെമിനിസ്റ്റ് ചിന്താധാര, തോടുപൊട്ടിച്ച് പുറത്തേക്ക് തലനീട്ടാന്‍ തുടങ്ങുന്ന ഒരു ദിനോസര്‍ കുഞ്ഞിന്‍റെ ഹ്യദയസ്പന്ദനങ്ങളെന്ന പോലെ ഒരു മര്‍മ്മരമായി ജുറാസിക് പാര്‍ക്ക് എന്ന നോവലില്‍ നിന്നും ഉയര്‍ന്നിരുന്നു. പ്രേതസിനിമകളിലെന്നപോലെ സ്ത്രീത്വത്തെ ഭീകരവല്‍ക്കരിക്കുക എന്നത് സാങ്കേതികതയുടെ പുതുപശ്ചാത്തലത്തില്‍ പ്രമേയവല്‍ക്കരിക്കുകയായിരുന്നു ജുറാസിക്പാര്‍ക്ക് ചെയ്തതെന്നായിരുന്നു ചലച്ചിത്രനിരൂപകയായ ബാര്‍ബറാ ക്രീഡ് പറഞ്ഞത്. എന്നാല്‍, ക്രിറ്റണ്‍ വിഭാവനംചെയ്ത ജുറാസിക്പാര്‍ക്ക് എന്ന നോവലിലെ ചിന്താധാരകളില്‍ നിന്നും പാടേ വ്യതിചലിച്ചുകൊണ്ടുള്ള ഒരു അവതരണമാണ് സ്പീല്‍ബെര്‍ഗ് തന്‍റെ സിനിമയില്‍ നടത്തിയത്. ദ്വീപിലെ അതിിയായെത്തുന്ന എല്ലീ സാട്ട്ലര്‍ എന്ന ഫോസില്‍ സസ്യശാസ്ത്രജ്ഞയെ, വെറുമൊരു വിരുന്നുകാരിയോ ഫെമിനി്റ്റേേ ആയിട്ടാണ് ജോണ്‍ ഹാമൊണ്‍ഡിന്‍റെ അഭിഭാഷകന്‍ കരുതുന്നത്. സട്ട്ലര്‍ ഒരു സയന്‍റിസ്റ്റ് ആണെന്നറിയുമ്പോള്‍, “You’re a woman,” എന്നാണയാള്‍ പ്രതികരിക്കുന്നത്. "അതേ, അങ്ങനേയും സംഭവിക്കാറുണ്ട്.." (“These things happen..”) എന്നാണ് സട്ട്ലര്‍ അതിന് മറുപടി പറയുന്നത്. സുഹ്യത്തായ അലന്‍ ഗ്രന്‍റ് അത് ആസ്വദിക്കുകയും ചെയ്യുന്നു.
സട്ട്ലറുടെ സൗന്ദര്യത്തെക്കുറിച്ച് തന്‍റെ നോവലിന്‍റെ പല ഭാഗങ്ങളിലും ക്രിറ്റണ്‍ പറയുന്നുണ്ട്. അതേസമയം, അടുത്ത വര്‍ഷമോ മറ്റോ ചിക്കാഗോയിലെ ഒരു നൈസ് ഡോക്ടറെ അവള്‍ വിവാഹംചെയ്യാന്‍ പോവുകയാണെന്ന് ഒഴുക്കന്‍മട്ടില്‍ പറയുകയും ചെയ്യുന്നു. സുമുഖനും ധനികനുമായ ഒരാളെ എന്നേ ഈ 'ചിക്കാഗോയിലെ നൈസ് ഡോക്ടര്‍' എന്ന പ്രയോഗത്തിന് അര്‍ത്ഥമുള്ളൂ എങ്കിലും അതിനുപിന്നില്‍ ജീവിതാവസാനം വരെ ബഹുരാഷ്ട്രകുത്തകകള്‍ വേട്ടയാടിയ ഒരു വനിതാശാസ്ത്രജ്ഞയുടെ കഥയുണ്ട്. മറ്റാരുമല്ല, രാസകീടനാശിനികളും ഇതരവിഷവസ്തുക്കളുംകൊണ്ട് പകുതിമരിച്ച, പക്ഷികള്‍ പാടാതാവുന്ന ഒരു ലോകത്തെക്കുറിച്ച് സൈലന്‍റ് സ്പ്രിങ് എന്ന പുസ്തകമെഴുതിയ റേച്ചല്‍ കാഴ്സണ്‍ (Rachel Carson, 1907–1964). അമേരിക്കന്‍ ക്യഷിവകുപ്പ് സെക്രട്ടറിയായിരുന്ന എസ്റ ടഫ്റ്റ് ബെന്‍സണ്‍ (Ezra Taft Benson,1899–1994), ഒരു സ്വകാര്യകത്തില്‍ കാഴ്സണെക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി: “Carson is unmarried despite being attractive, she can probably be a communist” ("നിറഞ്ഞ സൗന്ദര്യവതി യെങ്കിലും അവിവാഹിതയാണ് കാഴ്സണ്‍. അതുകാരണംതന്നെ അവള്‍ ഒരു കമ്മ്യൂണിസ്റ്റ് ആകാനിടയുണ്ട്ڈ") എന്നാല്‍, സ്പീല്‍ബെര്‍ഗിന്‍റെ ജുറാസിക് പാര്‍ക്ക് കാണുന്ന ഒരാള്‍ക്ക് സട്ട്ളര്‍ എന്ന ഫെമിനിസ്റ്റിനു പകരം ദിനോസറിനുമുമ്പില്‍ വാപൊളിച്ചുനില്‍ക്കുന്ന മറ്റാരെയോ ആണ് കാണാനാവുക.
സ്ത്രീകേന്ദ്രീക്യതമായ കുടുംബവ്യവസ്ഥ അഥവാ 'മട്രിയാര്‍ക്കി' (Matriarchy)യിലേക്ക് സമൂഹം പരിവര്‍ത്തനം ചെയ്യപ്പെടുന്നതിനുള്ള സാധ്യതകള്‍ ക്രിറ്റണ്‍ വരച്ചിടുന്നുണ്ട്. പരിക്കുപറ്റിയ ദിനോസര്‍ കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തങ്ങുന്ന ഇടം ഒരു ''അമ്മവീടാ'യി കരുതാം. അവിടെ പക്ഷേ, ആധുനികസമൂഹത്തിനുപോലും അംഗീകരിക്കാനാവാത്ത ഒരു ലിംഗപരമായ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടേക്ക് മാല്‍ക്കം ഓടിയെത്തുന്നതോടെ, 'കുടുംബം' എന്ന അണുബന്ധസങ്കല്‍പ്പനം പൂര്‍ത്തിയാവുന്നുവെങ്കിലും ആഗതനും കുട്ടിയെ തേടിയെത്തുന്ന ദിനോസര്‍ മാതാവിന്‍റെ ക്രോധത്തിനുമുമ്പില്‍ ഭയചകിതനാവുന്നു. പാര്‍ക്കിലെ ആകെ താറുമാറായ വൈദ്യതിവേലികളിലൂടെയുള്ള സുരക്ഷ പുനഃസ്ഥാപിക്കാന്‍ താന്‍ മതിയെന്നും പുരുഷനായ തനിക്കാവും അത്തരം ക്യത്യങ്ങള്‍ കൂടുതലെളുപ്പത്തില്‍ ചെയ്യാനാവുകയെന്നും പറയുന്ന ജോണ്‍ ഹാമൊണ്‍ഡിന് സട്ട്ളര്‍ നല്‍കുന്ന മറുപടിയും ശ്രദ്ധേയമാണ്: “We can discuss sexism in survival situations when I get back.” ("ജീവന്‍ രക്ഷിക്കുക എന്നത് മുഖ്യമാവുന്ന സാഹചര്യങ്ങളിലുമുള്ള ആണ്‍മേല്‍ക്കോയ്മയുടെ സംരക്ഷണത്തെ ക്കുറിച്ച് നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. ഞാന്‍ മടങ്ങി വരട്ടെ"). പാര്‍ക്കിലെ തകര്‍ന്നുപോയ കംപ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനസജ്ജമാക്കാന്‍ പാര്‍ക്കിലെ ജീവനക്കാര്‍ക്കുപോലും കഴിയാതാവുന്ന സാഹചര്യത്തില്‍, ഹാമൊണ്‍ഡിന്‍റെ കൊച്ചുമകളായ അലെക്സിസ് ലെക്സ് മര്‍ഫിയാണ് അത് നിര്‍വ്വഹിക്കുന്നത്. ഇവിടെയും ഒരു വിപര്യയം കാണാം. സാധാരണയായി ആണ്‍കുട്ടികളാണ് കംപ്യൂട്ടറില്‍ വൈഭവം പ്രകടിപ്പിക്കുന്നത്. അവരാണ് കംപ്യൂട്ടര്‍ഗെയിമുകളില്‍ കൂടുതലായി വീണുപോവുന്നതും.
ജുറാസിക് പാര്‍ക്ക്ക്കില്‍ അവര്‍ ആദ്യം കാണുന്നത് ഭീമാകാരമായ ഉടലോടു കൂടിയ ഒരു ദിനോസറിനെയാണ്. വ്യക്ഷത്തലപ്പില്‍നിന്നും ഇലകള്‍ കടിച്ചുതിന്നുന്ന ബ്രാക്കിയോസോറസ് (Brachiosaurus) ഇനത്തില്‍പ്പെടുന്ന ദിനോസര്‍. തീര്‍ച്ചയായും പാര്‍ക്കിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കുന്നവയായിരുന്നു ബ്രാക്കിയോസോറസുകള്‍. കാരണം അവ നിരുപദ്രവകാരികളായ സസ്യഭുക്കുകളായിരുന്നു. ബ്രാക്കിയോസോറസുകളെ കണ്ടതിനുശേഷമായിരുന്നു ജോണ്‍ ഹാമൊണ്‍ഡ് അവരെ ജുറാസിക് പാര്‍ക്ക് എന്ന തന്‍റെ സ്വപ്നപദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനായി ക്ഷണിക്കുന്നത്. അതിപുരാതനമായ ഒരു ജൈവആവാസവ്യവസ്ഥയെക്കുറിച്ചുള്ള ഒരു പരിചയവുമില്ലാതെ, അത്തരം ഒന്നിനെ പരിപാലിക്കാന്‍ ശ്രമിക്കുന്നത് അപകടകരമായിരിക്കുമെന്നാണ് മൂന്നുപേരും അഭിപ്രായപ്പെടുന്നത്. വാടകക്കെടുത്ത ഗര്‍ഭപാത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട്, ക്ളോണിങിലൂടെ ഒരു ജീവിയെ ക്യത്രിമമായി സ്യഷ്ടിക്കുന്നതിന്‍റെ നൈതികതയേയും അവര്‍ ചോദ്യംചെയ്യുന്നുണ്ട്. പ്രക്യതിയെ ബലാല്‍ക്കാരം ചെയ്യുന്നതിനു തുല്യമാണ് (“the rape of the natural world”) ഹാമൊണ്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെന്നാണ് മാല്‍ക്കം പറയുന്നത്.
സ്ത്രീദിനോസറുകളുടെ തുറന്ന തടവറ
ജുറാസിക് പാര്‍ക്ക് സിനിമയിലും നോവലിലും നാം കാണുന്ന ദിനോസറുകള്‍ ഭൂമിയിലെ ജീവപരിണാമത്തിന്‍റെ ചരിത്രത്തില്‍ ഒരേ സമയം ജീവിച്ചിരുന്നവയല്ല. പല കാലങ്ങളില്‍, പല ഭൂമേഖലകളില്‍ കഴിഞ്ഞിരുന്ന വയെ ക്യത്രിമമായി ഒന്നിപ്പിച്ചെടുത്ത ഒരു ക്യത്രിമസമൂഹ മായിരുന്നു ജുറാസിക്പാര്‍ക്കിലേത്. അതേസമയം, പ്രത്യുല്‍പ്പാദനത്തിന്‍റെ കാര്യത്തില്‍ അവ സ്വതന്ത്രവുമായിരുന്നില്ല. കാരണം, ക്ളോണിങിലൂടെ സ്യഷ്ടിക്കപ്പെട്ട വയെല്ലാം ജനിതകപരമായി സ്ത്രീലിംഗം ആക്കപ്പെട്ടവ യായിരുന്നു. ആണ്‍ലിംഗത്തില്‍പ്പെട്ട ഒരു ദിനോസറിനെപ്പോലും അവര്‍ സ്യഷ്ടിച്ചില്ല. പെണ്‍ലിംഗത്തില്‍പ്പെട്ട ദിനോസറുകള്‍ മാത്രം വിചാരിച്ചാല്‍ പ്രത്യുല്‍പ്പാദനം നടത്താനാവില്ലല്ലോ. അതുകൊണ്ട്, ദിനോസറുകള്‍ അവരുടെ തടവറഭൂമിയില്‍ നിന്നും രക്ഷപെട്ടാലും മറ്റൊരിടത്ത് അവയ്ക്ക് സ്വയം പ്രജനനം നടത്തി തനതായ ഒരു സമൂഹത്തെ ഉണ്ടാക്കാനാവില്ല. ദിനോസറുകളുടെ ക്ളോണിങ് സാധ്യമാക്കിയ ജനിതകഎന്‍ജിനീയര്‍മാരുടെ തലവനായ ഹെന്‍റി വൂ പറയുന്നതനുസരിച്ച് എല്ലാ ഭ്രൂണങ്ങളും ഭ്രൂണദശയില്‍നിന്നുള്ള അവയുടെ വികാസപരിണാമങ്ങളുടെ ഘട്ടത്തില്‍ ഒരു പോലെയാണ്. ബാഹ്യമായ ഒരു ഉത്തേജനപദാര്‍ത്ഥമോ സാഹചര്യമോ ആണ് ആണ്‍ലിംഗാവസ്ഥയെ ആര്‍ജ്ജിക്കാനിടയാക്കുന്നത്. ഇത് നല്‍കാതിരിക്കുന്നതിലൂടെയാണ് എല്ലാ ദിനോസറുകളേയും പെണ്ണാക്കി മാറ്റിയതെന്നാണ് ഹെന്‍റി വൂ പറയുന്നത്.
സ്ത്രീസമൂഹത്തിന്‍റെ സ്വയേച്ഛപ്രകാരമുള്ള പ്രജനനസ്വാതന്ത്ര്യത്തെ ഇവ്വിധം കൈപ്പിടിയിലൊതുക്കുന്നത് ഗോത്രസം്ക്യതിയോളം പഴക്കമുള്ള കാര്യമാണെങ്കിലും ആധുനികസമൂഹത്തില്‍പ്പോലും മതപരമായ വിലക്കുകളുടെ പേരില്‍ ഇവ നിലനില്‍ക്കുന്നുണ്ട്. യൂറോപ്പും അമേരിക്കയുംപോലുള്ള വികസിതരാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഗര്‍ഭഛിദ്രനിരോധനനിയമങ്ങള്‍ മുതല്‍ ഇന്ത്യയിലെ ദുരഭിമാന ക്കൊലകള്‍വരെ ഇക്കൂട്ടത്തില്‍പ്പെടും. സ്ത്രീശരീരങ്ങളെ നിര്‍മ്മിക്കുകയും വില്‍പ്പനക്കായി പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന ഒരു പുരുഷമേധാവിത്വ സാമൂഹ്യവ്യവസ്ഥിതി (Patriarchy) തന്നെയാണ് ജുറാസിക് പാര്‍ക്കിലും നിലനിന്നിരുന്നത്. സ്ത്രീകളുടെ പ്രജനനക്ഷമതയോടുള്ള ഭയപ്പാടില്‍നിന്നും രൂപമെടുക്കുന്ന ഒട്ടനവധി ആചാരങ്ങളും വിലക്കുകളും പുരുഷനിയന്ത്രിത സമൂഹങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. കാരെന്‍ ഹോര്‍ണി (Karen Horney, 1885–1952) എന്ന ജര്‍മ്മന്‍ മനശാസ്ത്രജ്ഞ, പുരുഷസമൂഹത്തിന്‍റെ ഇത്തരം വിഹ്വലതകളെയെല്ലാം 'വോംബ് എന്‍വി' (Womb Envy) എന്നൊരു സംജ്ഞയിലൂടെയാണ് വിക്ഷിച്ചത്.
'വോംബ് എന്‍വി-യുടെ പ്രതിഫനമെന്നതരത്തിലാണ് ജോണ്‍ ഹാമൊണ്‍ഡ് തന്‍റെ പാര്‍ക്കിലെ ദിനോസറുകളെയെല്ലാം പെണ്‍ജാതിയില്‍പ്പെട്ടവയാക്കാന്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍, ഈ എന്‍വിയെ മറികടക്കാന്‍ ദിനോസറുകള്‍ സ്വയംസജ്ജരാവുന്നതായി അദ്ദേഹത്തിനുതന്നെ ബോധ്യപ്പെടുന്നത് കാട്ടിനുള്ളില്‍ ദിനോസറുകളുടെ പൊട്ടിയ മുട്ടത്തോടുകള്‍ കണ്ടെത്തുമ്പോഴാണ്. അവ പ്രജനനത്തിലേര്‍പ്പെടാനുള്ള കഴിവ് നേടിയിരിക്കുന്നു എന്നാണതിനര്‍ത്ഥം. പക്ഷേ, അതെങ്ങനെ സാധ്യമാവും? ദിനോസറിന്‍റെ രക്തം കുടിച്ചു ജീവിച്ചിരുന്ന ഒരു കൊതുകിന്‍റെ ശരീരത്തില്‍നിന്നും വേര്‍പെടുത്തിയെടുത്ത ദിനോസര്‍ ഡിഎന്‍ഏ ആയിരുന്നല്ലോ ദിനോസറുകളെ ക്ളോണ്‍ ചെയ്യാനായി ഉപയോഗിച്ചത്. എന്നാല്‍, ആ ഡിഎന്‍ഏ പൂര്‍ണ്ണമായിരുന്നില്ല. അതുകൊണ്ട്, ഒരു തവളയുടെ ഡിഎന്‍ഏ ഉപയോഗിച്ചുകൊണ്ടായിരുന്നു ഹാമൊണ്‍ഡിന്‍റെ ശാസ്ത്രജ്ഞര്‍ ആ വിടവ് പൂരിപ്പിച്ചത്. പക്ഷേ, എളുപ്പത്തിനായി ഉപയോഗിച്ച ഈ തവളക്ക്, ആണിന്‍റെ സാന്നിധ്യംകൂടാതെ തന്നെ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കാന്‍ കഴിവുണ്ടായിരുന്നു (Sequential Hermaphroditism). ഈ സ്വഭാവം പകര്‍ന്നുകിട്ടിയ ദിനോസറുകള്‍ സ്വയം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ തുടങ്ങുന്നതില്‍നിന്നാണ് കഥയുടെ രണ്ടാംഭാഗത്തിന് തുടക്കമാവുന്നതു തന്നെ.
നഷ്ടപ്പെട്ട ലോകങ്ങള്‍
ജുറാസിക് പാര്‍ക്ക്ന്‍റെ രണ്ടാം ഭാഗം, ദ ലോസ്റ്റ് വേള്‍ഡ് (The Lost World) എന്ന പേരില്‍ ക്രിറ്റണ്‍ തന്നെ എഴുതുകയുണ്ടായി, 1995-ല്‍. ആണ്‍ലിംഗത്തിന് മേല്‍ക്കോയ്മയുണ്ടാവുന്ന തരത്തിലുള്ള ഇന്നത്തെ സമൂഹനിര്‍മ്മിതി, ആദിമമനുഷ്യന്‍റേതില്‍നിന്നും വ്യത്യസ്തമായിരുന്നു എന്നതാണ്. അന്ന്, സ്ത്രീ എന്നത് സമൂഹത്തില്‍ പുരുഷനോളം അല്ലെങ്കില്‍ പുരുഷനില്‍നിന്നും ഒരുപടി ഉയര്‍ന്നപടിയിലാണ് നിലനിന്നിരുന്നത്. ശരീരവലിപ്പത്തിന്‍റെ കാര്യത്തിലും ഇത് ദ്യശ്യമായിരുന്നു. ഇതിന്‍റെ വിപരീതമായ അവസ്ഥയാണ് പില്‍ക്കാലത്ത് സംഭവിച്ചത്. സെക്കന്‍ഡ് വേവ് ഫെമിനിസം രൂപപ്പെടുന്നത് അതിന്‍റെ കിരാതവാഴ്ചയുടെ കാലത്താണ്. ഗവേഷണശാലകളില്‍നിന്നും സാഹിത്യരംഗത്തുനിന്നുപോലും സ്ത്രീകള്‍ അകറ്റിനിറുത്തപ്പെട്ടിരുന്ന കാലം. ആദ്യത്തെ സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരിയായ മേരി ഷെല്ലിക്കുപോലും സ്ത്രീയായിപ്പോയി എന്ന കാരണത്താല്‍ സ്വന്തം ക്യതിയുടെ ആദ്യത്തെ രണ്ട് പതിപ്പുകളില്‍ സ്വന്തം പേരുവെയ്ക്കാന്‍ കഴിയാതിരുന്ന കാലം. ലിംഗാധിഷ്ഠിതമായ വേര്‍തിരിവിന്‍റെ ഈ കാലത്തിന്‍റെ മുഖമുദ്രയായിരുന്ന ലിംഗബന്ധവ്യക്തിത്വനിര്‍മ്മിതി (Heteronormative Sexuality)-യുടെ പാരമ്യതയാണ് ജുറാസിക്പാര്‍ക്കില്‍ നാം കാണുന്നത്. എന്നാല്‍, ദിനോസറുകള്‍ സ്വയം പ്രജനനശേഷി കൈവരിച്ചതോടെ അതൊരു ധ്രുവരഹിതലിംഗാവസ്ഥ (Fluid sexuality) നിലനില്‍ക്കുന്ന സമൂഹത്തിലേക്ക് സ്വയം പരിണമിക്കുകയായിരുന്നു.
ജുറാസിക് പാര്‍ക്ക്ല്‍ കുഞ്ഞിനെ തേടിവരുന്ന ഭീകരനായ ദിനോസര്‍ ടൈറാനോസൊറസ് റെക്സ് (Tyrannosaurus rex) എന്ന ഇനത്തില്‍പ്പെട്ട മാംസഭോജിയാണ്. ഈ ദിനോസറിന്‍റെ വലിപ്പം ഒട്ടും അതിശയോക്തി കലര്‍ത്താതെയാണ് ചലച്ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയ്ക്കിടെയിലെ പെണ്ണിന് ആണിനെക്കാള്‍ ശരീരവലിപ്പം ഉണ്ടായിരുന്നു എന്ന് ലോസ്റ്റ് വേള്‍ഡില്‍ ക്രിറ്റണ്‍ പ്രത്യേകം എടുത്തുപറയുന്നുണ്ട്. വലിപ്പത്തില്‍ മാത്രമല്ല, ശരീരശക്തിയിലും പെണ്‍ദിനോസറുകളായിരുന്നു മുന്നിലെന്നും ക്യത്യമായ വിശദാംശങ്ങളിലൂടെ അദ്ദേഹം പറയുന്നുണ്ട്. ശാരീരികസവിശേഷതകളിലുള്ള ഈ ആണ്‍പെണ്‍ വ്യത്യാസം സെക്ഷ്വല്‍ ഡൈമോര്‍ഫിസം (Sexual Dimorphism) എന്നാണ് ശാസ്ത്രസാഹിത്യത്തില്‍ വിവക്ഷിക്കപ്പെടുന്നതെങ്കിലും ഇതിന്‍റെ ശാസ്ത്രീയമായ അടിത്തറ ഇടക്കാലത്ത് ദുര്‍ബലമാവുകയുണ്ടായി. 2005-ല്‍ നടന്ന ഒരു പഠനം, പെണ്‍ദിനോസറുകള്‍ എന്നു കരുതിയിരുന്നവയ്ക്ക് വലിപ്പക്കൂടുതലുള്ളതായി തോന്നിയത് അവ പ്രായമേറിയ സ്പെസിമെനുകളായിരുന്നതിനാലാണെന്ന് തെളിയിക്കുകയുണ്ടായി. എന്നാല്‍ ക്രിറ്റണ്‍, ലോസ്റ്റ് വേള്‍ഡ് എഴുതിയത്.
1995-ല്‍ ആയിരുന്നതിനാല്‍, ഇക്കാര്യത്തില്‍ അദ്ദേഹത്തെ പ്രതിസ്ഥാനത്തു നിറുത്തുക സാധ്യമല്ല. എന്തായാലും, സ്ത്രീസമൂഹം ഇന്നത്തെക്കാളും അധീശസ്ഥാനം ആര്‍ജ്ജിച്ചിരുന്ന ഒരു കാലം കണ്‍മറഞ്ഞുപോയതിന്‍റെ ഓര്‍മ്മക്കായാവണം അദ്ദേഹം തന്‍റെ കല്‍പ്പിതലോകത്തിന് ലോസ്റ്റ് വേള്‍ഡ് എന്ന് പേരിട്ടത്, ആര്‍തര്‍ കോനന്‍ ഡോയലിന്‍റേതായി അതേ പേരില്‍ മറ്റൊരു നോവല്‍ (The Lost World, 1912) നിലവിലുണ്ടായിരുന്നിട്ടും. അത് സിനിമയാക്കിയപ്പോള്‍, സ്പീല്‍ബെര്‍ഗ്, ഒരു അമേരിക്കന്‍ സിനിമയുടെ څപൊതുചട്ടങ്ങള്‍چക്കുള്ളില്‍നിന്നുകൊണ്ടുതന്നെ ഒരു സീനിലൂടെ അത് പറയാതെ പറയുകയും ചെയ്തു: അടിച്ചമര്‍ത്തപ്പെട്ട സ്ത്രീത്വം ശാസ്ത്രനിര്‍മ്മിതമായ പുതുലോകത്തില്‍ മാനംമുട്ടുന്ന കരുത്തോടെ ദിനോസര്‍രൂപമാര്‍ജ്ജിക്കുമ്പോള്‍, മാമൂലുകളുടെ ഇട്ടാവട്ടത്തുനിന്ന് അതിനെ നോക്കി കുരയ്ക്കുകയും പിന്നെ ദയനീയമായി മോങ്ങിക്കൊണ്ട് പിന്‍വലിയുകയും ചെയ്യുന്ന ഒരു പട്ടി!
സ്ത്രീലോകം സാധ്യമോ?
ജുറാസിക് പാര്‍ക്ക് എന്ന കഥയുടെ നെടുംതൂണിനെത്തന്നെ ഇളക്കുന്ന ചോദ്യമാണ് അവയ്ക്ക് മാത്യത്വചിന്തയുണ്ടാവുമോ എന്നത്. കാരണം, പരിണാമപരമായി ഉയര്‍ന്ന പടിയിലുള്ള ജീവികളിലാണ് മാത്യത്വബോധം ശക്തമായി കാണുന്നത്. സസ്തനി(Mammals)കളാണ് അവയിലേറ്റവും മുന്നില്‍. ദിനോസറുകള്‍ ഉരഗവര്‍ഗ(Reptiles)ത്തില്‍ പെട്ടവയാണ്. അവയില്‍ കുഞ്ഞുങ്ങളെ ഊട്ടിവളര്‍ത്താനും തേടിവരാനുമൊക്കെയുള്ള ബോധം സഹജവാസന(Instinct)യായെങ്കിലും നിലനില്‍ക്കുന്നുണ്ടാവുമോ എന്നൊരു ചോദ്യം ചിലരെങ്കിലും ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയാവുന്ന പഠനങ്ങളിലൂടെ ശ്രദ്ധേയനായ അമേരിക്കന്‍ ശാസ്ത്രജ്ഞനായിരുന്നു മൊണ്ടാനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി യിലെ ഫോസില്‍പഠനവിദഗ്ദ്ധനായ ജാക്ക് ഹോര്‍ണര്‍ (John R. "Jack" Horner). ദിനോസറുകള്‍ അവയുടെ കുഞ്ഞുങ്ങളെ ശ്രദ്ധിച്ചു പരിപാലിച്ചിരുന്നു എന്ന സങ്കല്‍പ്പനം ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ഉന്നയിച്ചിരുന്നു. ഈ പ്രബന്ധങ്ങള്‍ വായിക്കാനിടയായ ക്രിറ്റണ്‍ ഹോക്കറിനെ മാത്യകയാക്കി സ്യഷ്ടിച്ച കഥാപാത്രമായിരുന്നു പാര്‍ക്കിലെ സന്ദര്‍ശകരിലൊരാളും ഫോസില്‍പഠനവിദഗ്ധനുമായ അലന്‍ ഗ്രന്‍റ് !
ക്രിറ്റണ്‍ തന്‍റെ കഥനഗതിയിലുടനീളം സ്ത്രീപക്ഷവാദിയായാണ് സംസാരിക്കുന്നതെങ്കിലും ഫോര്‍ത്ത് വേവ് ഫെമിനിസം വിഭാവനം ചെയ്യുന്നതു പോലെയുള്ള ഒരു ലോകം സാധ്യമാവും എന്നതിന് ശാസ്ത്രീയമായ ഒരു സാധ്യതാരാഹിത്യം അദ്ദേഹം തന്നെ ഉന്നയിക്കുന്നുണ്ട്. ഇത് അദ്ദേഹം ആദ്യമായി ഉന്നയിക്കുന്നത് മാല്‍ക്കമിലൂടെയാണ്. മനുഷ്യര്‍ ഇല്ലാതെയും ദിനോസറുകള്‍ മാത്രമുള്ളതുമായ ഒരു ആവാസവ്യവസ്ഥ ഗണിതശാസ്ത്രപരമായി നിലനില്‍ക്കുന്നതല്ലെന്ന് അദ്ദേഹം പ്രസ്താവിക്കുന്നതായി നോവലിന്‍റെ തുടക്കത്തില്‍ത്തന്നെ ക്രിറ്റണ്‍ പറയുന്നുണ്ട്. കയോസ് സിദ്ന്താത്തെ അടിസ്ഥാനമാക്കിയാണ് മാല്‍ക്കം ഈ പ്രവചനം നടത്തുന്നത്. ഏതൊരു പ്രവര്‍ത്തനവും അതിന്‍റെ തുടക്കദശയില്‍ അതിനെ സ്വാധീനിക്കുന്ന സാഹചര്യങ്ങളുമായി അമിതമായി പ്രതികരിച്ചുപോവുന്നതരത്തില്‍ അതീവലോലമായിരിക്കുമെന്നും അതിനാല്‍ത്തന്നെ അതിന്‍റെ പരിണതി നമ്മള്‍ പ്രതീക്ഷിക്കുന്നിലും പ്രചണ്ഢമായിരിക്കുമെന്നാണ് കയോസ് സിദ്ധാന്തം പറയുന്നത്. ഇക്കാരണത്താലാണ്പാര്‍ക്ക് നിലനില്‍ക്കുന്നതാവില്ലെന്നും അത് സ്വയം തകരുമെന്നും മാല്‍ക്കം പറയുന്നത്. എങ്കിലും ഇന്ന് നിലനില്‍ക്കുന്ന തേഡ് വേവ് ഫെമിനിസം അവ്വിധം സ്വയം തകര്‍ന്നാലും 2050-തോടെ ഫോര്‍ത്ത് വേവ് ഫെമിനിസം അതിന്‍റെ സ്ഥാനം കയ്യടക്കും എന്ന ശുഭാപ്തിയാവാം അദ്ദേഹം പുലര്‍ത്തുന്നതെന്നും വിശ്വസിക്കാം.
[ദിനോസര്‍ എന്ന വാക്കിന്‍റെ മലയാളം: ദിനോസര്‍ എന്ന വാക്ക് നമ്മുടെ തലമുറക്ക് ചിരപരിചിതമായത് ജുറാസിക് പാര്‍ക്ക് ചലച്ചിത്രത്തിന്‍റെ വരവോടെയായിരിക്കാം. പക്ഷേ, അതിനും വര്‍ഷങ്ങള്‍ക്കുമുമ്പേ, ദിനോസറുകള്‍ കഥാപാത്രങ്ങളാവുന്ന ഒരു കഥ, ഒരു വിവര്‍ത്തനത്തിന്‍റെ രൂപത്തില്‍ മലയാളത്തില്‍ പ്രസിദ്ധീക്യതമായിട്ടുണ്ട്. ഹിന്ദിസാഹിത്യലോകത്തെ പ്രശസ്ത സഞ്ചാരസാഹിത്യകാരനായ രാഹുല്‍ സാംക്യത്യായന്‍ ഹിന്ദിഭാഷയിലെഴുതിയ ഒരു ക്യതിക്ക് മലയാളത്തിലുണ്ടായ പരിഭാഷയിലാണ് څദിനോസര്‍چ എന്ന വാക്ക് ആദ്യം പ്രത്യക്ഷപ്പെടുന്നത്. പക്ഷേ, അങ്ങനെയല്ല പ്രയോഗിച്ചത്, څസരടംچ എന്ന വാക്കാണ് ദിനോസറിനുള്ള വിവര്‍ത്തനമായി പരിഭാഷകന്‍ ഉപയോഗിച്ചത്. രാഹുല്‍ സാംക്യത്യായന്‍റെ വോള്‍ഗ മുതല്‍ ഗംഗ വരെ എന്ന പുസ്തകം പരിഭാഷപ്പെടുത്തിയ കെ.വി.മണലിക്കര തന്നെ വിവര്‍ത്തനം നിര്‍വ്വഹിച്ച ഈ പുസ്തകം കോഴിക്കോട്ടെ പ്രശസ്ത പ്രസാധകരായിരുന്ന പി.കെ.ബ്രദേഴ്സാണ് പുറത്തിറക്കിയത്.]
Briggs, Laurie, and Jodi I. Kelber-Kaye (2000) There is No Unauthorized Breeding in Jurassic Park’: Gender and the Uses of Genetics, NWSA Journal, vol. 12, no. 1, pp. 92 – 113.
Creed, Barbara (1993) The Monstrous-Feminine: Film, Feminism, Psychoanalysis. Routledge.
Crichton, Michael (1990) Jurassic Park, Alfred A. Knopf, Inc.
Crichton, Michael (1995) The Lost World, Alfred A. Knopf, Inc.
Muniz, Michael J. (2014) “Do Dinosaurs Really Scare Us?” Jurassic Park and Philosophy: The Truth is Terrifying, edited by Nicholas Michaud and Jessica Watkins, Open Court Publishing Company, 2014, pp. 91 – 98.
Warner, Marina. (1994) Monstrous Mothers: Women Over the Top. Six Myths of Our Time: Little Angels, Little Monsters, Beautiful Beasts, and More, edited by Marina Warner, Vintage, pp. 3 – 23.















.jpg)



























