അമ്പതുവര്‍ഷം മുമ്പ്, 1974 നവംബര്‍ 24 ന് ഡൊണാള്‍ഡ് സി. ജൊഹാന്‍സണ്‍ (Donald C. Johanson) എന്ന ഫോസില്‍പഠന വിദഗ്ധന് എത്തിയോപ്പിയയിലെ അഫാര്‍ മേഖലയില്‍ നിന്നും മനുഷ്യപൂര്‍വ്വികന്‍റെ ഒരു ഫോസില്‍ ലഭിച്ചു. അഫാര്‍ മേഖലയില്‍ നിന്നും ലഭിച്ചത് എന്ന സൂചന നല്‍കുന്നതിനായി അതിന് ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസ് (Australopithecus afarensis) എന്ന പേരാണ് നല്‍കപ്പെട്ടത്. എന്നാല്‍ ആ പേരിനെ ക്കാള്‍ പ്രശസ്തമായത് മറ്റൊരു പേരായിരുന്നു: ലൂസി (Lucy). ലൂസി ഇന്‍ ദ സ്കൈ വിത് ഡയമണ്ട്സ് (Lucy in the Sky with Diamonds) എന്ന പാട്ടില്‍ നിന്നുമാണ് ലൂസി എന്ന പേര് സ്വീകരിക്കപ്പെട്ടത്. ഇന്നേയ്ക്കും 3.2 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ലൂസി ജീവിച്ചിരുന്നത്. മനുഷ്യന്‍റേയും ആള്‍ക്കുരങ്ങിന്‍റേയും സ്വഭാവങ്ങള്‍ സംയാജിച്ചിരുന്നതായിരുന്നു ലൂസി. പിന്നീട് വന്ന മനുഷ്യപൂര്‍വ്വ സ്പീഷീസുകളുടെ യെല്ലാം താവഴി തുടങ്ങിയത് ലൂസിയില്‍ നിന്നായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ലൂസിയുടെ ഫോസില്‍ പൂര്‍ണ്ണമായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. നാല്‍പ്പത് ശതമാനത്തോളം മാത്രമായിരുന്നു അതിന്‍റെ പൂര്‍ണ്ണത. തലയോട്ടിയുടെ ചില ഭാഗങ്ങള്‍, പല്ലുകളുള്ള കീഴ്ത്താടി, കൈകാലുകളിലേയും ഇടുപ്പിലേയും അസ്ഥികള്‍, നട്ടെല്ല്, വാരിയെല്ലുകള്‍ എന്നിവയടക്കം ആകെ 47 എല്ലുകള്‍. തുടയെല്ലിന്‍റെ നീളത്തിന്‍റെ അടിസ്ഥാനത്തില്‍ (12 ഇഞ്ച്) ലൂസിയുടെ പൊക്കം മൂന്നരയടി മാത്രമായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. ശരീരഭാരം ഏകദേശം 30 കിലോഗ്രാമും. തലയോട്ടിയുടെ വലിപ്പം കുറവായിരുന്നതിനാല്‍ തലച്ചോറിന്‍റെ വലിപ്പവും താരതമ്യേന കുറവായിരുന്നുവെന്നാണ് (388 cc-ക്യുബിക് സെന്‍റീമീറ്റര്‍) ശാസ്ത്രജ്ഞര്‍ കരുതുന്നത്. ആധുനികമനുഷ്യന്‍റേത് 1,400 ക്യുബിക് സെന്‍റീമീറ്റര്‍ ആണെന്നാണ് കണക്കാക്കപ്പെടുന്നത്.
ലൂസിയുടെ പ്രാധാന്യം
A.L.288-1 എന്നതായിരുന്നു ലൂസിയുടെ കോഡ് നമ്പര്‍. അഫാര്‍ മേഖല-(Afar locality 288)-യില്‍ നിന്നും ലഭിച്ച 288ാം നമ്പര്‍ ഫോസിലില്‍ ഒന്നാമത്തേത് എന്നായിരുന്നു ഇതിനര്‍ത്ഥം..ലൂസിയെ കണ്ടെത്തുന്നതുവരെ ഏറ്റവും പഴക്കമുള്ള മനുഷ്യപൂര്‍വ്വഫോസില്‍ ആയി കരുതപ്പെട്ടിരുന്നത് ആസ്ട്രലോ പിത്തേക്കസ് ആഫ്രിക്കാനസ് (Australopithecus africanus) ആയിരുന്നു. 2.5 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പായിരുന്നു ദക്ഷിണാഫ്രിക്കയില്‍ നിന്നും കണ്ടെടുക്കപ്പെട്ട ഇതിന്‍റെ കാലം. അതായത് ലൂസിക്കുശേഷമാണ് ആസ്ട്രലോ പിത്തേക്കസ് ആഫ്രിക്കാനസ് ജീവിച്ചിരുന്നത്. പക്ഷേ, ലൂസിയെ ശ്രദ്ധേയമാക്കിയത് മനുഷ്യനോട് വളരെയേറെ അടുത്തു നില്‍ക്കുന്ന അതിന്‍റെ സ്വഭാവവിശേഷങ്ങളായിരുന്നു. നിവര്‍ന്നുള്ള നടത്തമായിരുന്നു ഇതിലൊന്ന്. ഇടുപ്പെല്ലിന്‍റേയും നട്ടെല്ലിന്‍റേയും ഘടനയെ അടിസ്ഥാനമാക്കിയാണ് ഇത് ഊഹിക്കപ്പെടുന്നത്. മുമ്പിലേക്ക് ഉന്തിനില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു മുഖം. കൈകാലുകളിലെ വിരലുകളുടെ ചലനശേഷിയും ആധുനിക മനുഷ്യനോട് ലൂസിയെ കൂടുതല്‍ അടുപ്പിക്കുന്നതായി. കിഴക്കനാഫ്രിക്കയില്‍ ലൂസിക്ക് സമകാലികരായി അനവധി മനുഷ്യപൂര്‍വ്വികസ്പീഷീസുകള്‍ നിലനിന്നിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ട്. 3 മുതല്‍ 3.8 ദശലക്ഷം വര്‍ഷങ്ങള്‍ വരെയായിരുന്നു ഇവയുടെ കാലപ്പഴക്കം. ഇവയുടെയെല്ലാം പൂര്‍വ്വികനായിരുന്നു ആസ്ട്രലോ പിത്തേക്കസ് ആഫ്രിക്കാനസ്. മനുഷ്യപരിണാമത്തിന്‍റെ ചരിത്രത്തിലെ ഒരു വഴിത്തിരിവായിട്ടാണ് ഇതിനെ കരുതപ്പെടുന്നത്. എങ്കിലും ഹോമോ സാപ്പിയന്‍സ് (Homo sapiens) എന്ന മനുഷ്യനോട് ഏറ്റവും അടുത്തുനില്‍ക്കുന്ന മനുഷ്യപൂര്‍വ്വഫോസില്‍ എന്ന നിലയ്ക്കാണ് ലൂസിയുടെ എന്നത്തേയും പ്രസക്തി. നിവര്‍ന്നുനടക്കാന്‍ തുടങ്ങിയ ശേഷമാണ് മനുഷ്യപൂര്‍വ്വികരില്‍ മസ്തിഷ്കവികാസം നടന്നത് എന്നതിനുള്ള തെളിവുമാണ് ലൂസിയുടെ ഫോസില്‍.
ലൂസിയുടെ കാല്‍പ്പാടുകള്‍
നിവര്‍ന്നുള്ള നടത്തം ആധുനികമനുഷ്യനിലേക്കുള്ള ആദ്യത്തെ ചുവടുവെയ്പ്പായാണ് ചാള്‍സ് ഡാര്‍വിന്‍ സിദ്ധാന്തിക്കുന്നത്. എന്നാല്‍ അതിനിടെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ലൂസി നിവര്‍ന്നല്ല നടന്നിരുന്നത് എന്ന ഒരു തര്‍ക്കം ഉന്നയിച്ചു. ചിമ്പാന്‍സി നടക്കുന്നതുപോലെയാണ് ലൂസിയും നടന്നിരുന്ന തെന്നും ഒരുപക്ഷേ ഇടയ്ക്കൊക്കെ രണ്ടുകാലില്‍ നിന്നിരിക്കാ മെന്നും അവര്‍ പറഞ്ഞു. 1978 ആയപ്പോഴാണ് ഈ തര്‍ക്കത്തിന് പരിഹാരമായത്. 3.7 ദശലക്ഷം വര്‍ഷം പഴക്കമുള്ളതും അഗ്നിപര്‍വ്വതം പൊട്ടിയുണ്ടായ ചാരം നിറഞ്ഞതുമായ ഒരു കടല്‍ത്തീരത്തുനിന്നും ശാസ്ത്രജ്ഞര്‍ തുടര്‍ച്ചയായ ചില കാല്‍പ്പാടുകള്‍ കണ്ടെത്തി. ടാന്‍സാനിയയിലെ ലീറ്റോലി (Laetoli) എന്ന സ്ഥലത്തായിരുന്നു ഇത്. ഒറ്റനോട്ടത്തില്‍ മനുഷ്യനോട് സമാനമായ കാല്‍പ്പാടുകളായിരുന്നു അവ. ചിമ്പാന്‍സിയെപ്പോലെ നടന്നതിന്‍റെ സൂചന നല്‍കുന്നതുമായിരുന്നില്ല അത്. വൈകാതെ ലൂസിയുടേതിനു സമാനമായ താടിയെല്ലും പല്ലുകളും ഇവിടെ നിന്നും കണ്ടെത്തി. ഇതോടെ ലൂസി നിവര്‍ന്നാണ് നടന്നിരുന്നത് എന്ന കാര്യത്തില്‍ തര്‍ക്കത്തിന് സ്ഥാനമില്ലാതായി. അതിനുമുമ്പു തന്നെ ലൂസിക്ക് സമാനമായ മനുഷ്യപൂര്‍വ്വഫോസിലുകള്‍ കണ്ടെത്താനുള്ള അന്വേഷണം അഫാര്‍ മേഖലയില്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി, ‘AL-333’ എന്ന കോഡ്നാമ മുള്ള ഒരിടത്തുള്ള ശിലാപാളിയില്‍ നിന്നും പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും നവജാതശിശുക്കളും ഉള്‍പ്പെടുന്ന മനുഷ്യപൂര്‍വ്വ ഫോസിലുകള്‍ കണ്ടെടുക്കുകയുണ്ടായി. ഇവരെല്ലാം ഒരൊറ്റ കുടുംബത്തിലെ 17 അംഗങ്ങളാണെന്നാണ് കരുതപ്പെടുന്നത്. څആദ്യകുടുംബംچ (First Family) എന്നാണ് ഈ ഫോസില്‍കുടുംബത്തെ വിശേഷിപ്പിക്കുന്നത്. ലീറ്റോലി യിലേയും അഫാര്‍ മേഖലയിലെ വിവിധ ഭാഗങ്ങളിലേയും ഫോസില്‍ അവശിഷ്ടങ്ങളെ സംയോജിപ്പിച്ചാണ് ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസിന്‍റെ ഇന്നത്തെ രൂപം സ്യഷ്ടിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ലൂസി ഒരൊറ്റ ഇടത്തില്‍ നിന്നുള്ള ഫോസില്‍ ആയിരുന്നു എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.
മറ്റു മനുഷ്യപൂര്‍വ്വഫോസിലുകള്‍
1985-ല്‍ വടക്കന്‍ കെനിയയില്‍ നിന്നും ഗവേഷകര്‍ക്ക് 2.5 ദശലക്ഷം വര്‍ഷം പഴക്കമുള്ള ഒരു തലയോട്ടി ലഭിക്കുകയുണ്ടായി. മാന്‍ഗനീസ് ധാതുവിനു സമാനമായുള്ള കറുത്ത നിറമായിരുന്ന തിനാല്‍ ബ്ളാക്ക് സ്കള്‍ (Black Skull) എന്നാണ് ഇതറിയപ്പെട്ടത്. ആസ്ട്രലോപിത്തേക്കസിന്‍റെ വിഭാഗത്തില്‍പ്പെട്ട ഒന്നായാണ് വിലയിരുത്തപ്പെട്ടതെങ്കിലും പാരാന്ത്രോപസ് എത്തിയോപിക്കസ് (Paranthropus aethiopicus) എന്ന പേരാണ് ഇതിന് നല്‍കപ്പെട്ടത്. വലിപ്പമാര്‍ന്നതും എന്തിനേയും ചവച്ചരയ്ക്കാന്‍ പാകത്തിലുള്ളതുമായ ശക്തമായ പല്ലുകളാണ് ഇതിനുണ്ടായിരുന്നത്. അതു കൊണ്ട് നട്ട്ക്രാക്കര്‍ മാന്‍ (Nutcracker Man) എന്ന് വിളിക്കപ്പെട്ട ഇത് ആ പേരിലായിരുന്നു പ്രശസ്തമായത്. ഇതിന് ലൂസിയുമായും ചില കാര്യങ്ങളില്‍ സാമ്യമുണ്ടായിരുന്നു. മുന്നിലേക്ക് വളരെയേറെ ഉന്തിനില്‍ക്കുന്ന തരത്തിലുള്ള കീഴ്ത്താടിയായിരുന്നു അത്. 1990-ല്‍ എത്തിയോപ്പിയയിലെ മിഡില്‍ അവാഷ് താഴ്വര (Middle Awash Valley)-യില്‍ നിന്നും ആസ്ട്രലോപിത്തേക്കസ് ഗാര്‍ഹി (Australopithecus garhi) എന്ന് പേര്‍വിളിക്കപ്പെട്ട മറ്റൊരു ഫോസില്‍ ലഭിക്കുകയുണ്ടായി. ഇതിനും വലിപ്പമാര്‍ന്ന കീഴ്ത്താടിയും ശക്തമായ പല്ലുകളും ഉണ്ടായിരുന്നു. ഇത് ലൂസിയില്‍ പരിണമിച്ചുണ്ടായതും ലൂസിക്ക് തൊട്ടുമുന്നില്‍ നില്‍ക്കുന്ന തുമായ മനുഷ്യപൂര്‍വ്വികനുമാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. എന്നാല്‍ ഏറ്റവും പഴക്കമുള്ള മനുഷ്യപൂര്‍വ്വ ഫോസിലുകള്‍ക്കും ആധുനിക മനുഷ്യന്‍ ഉള്‍പ്പെടുന്ന ഹോമോ (Homo) ജനുസില്‍പ്പെട്ട മനുഷ്യഫോസിലുകള്‍ക്കുമിടയില്‍ ഒരു ദശലക്ഷം വര്‍ഷത്തിലേറെയുള്ള ഒരു വിടവ് നികത്തപ്പെടാതെ കിടന്നു. അതായത് ഈ കാലയളവിനെ പ്രതിനിധീകരിക്കുന്ന ഫോസിലുകളൊന്നും തന്നെ ലഭ്യമായി രുന്നില്ല. 1994ല്‍, ലൂസിയെ ലഭിച്ചയിടത്തുനിന്നുതന്നെ കിട്ടിയ 2.33 ദശലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യഫോസിലാണ് ഈ വിടവ് നികത്തിയത്. 'ഹാന്‍ഡി മാന്‍' (Handy Man) എന്നു വിളിക്കപ്പെടുന്ന ഹോമോ ഹാബിലിസ് -(Homo habilis)-ന്‍റെ വളരെ അടുത്ത ബന്ധു ആയി ട്ടാണ് ഇതിനെ കണക്കാക്കുന്നത്.
ലൂസിയും വഴിമാറുന്നു
1994-ല്‍ത്തന്നെ വീണ്ടും കഥ മാറുകയുണ്ടായി. മിഡില്‍ അവാഷ് താഴ്വരയില്‍ നിന്നും ഗവേഷകര്‍ക്ക് 4.4 ദശലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യപൂര്‍വ്വഫോസില്‍ ലഭിച്ചു. ഇതോടെ ڇഏറ്റവും പഴക്കമുള്ള മനുഷ്യപൂര്‍വ്വഫോസില്‍ڈ എന്ന ലൂസിയുടെ റെക്കോര്‍ഡ് തകര്‍ന്നു. 3.2 ദശലക്ഷം വര്‍ഷം മാത്രമായിരുന്നല്ലോ ലൂസി എന്ന ആസ്ട്രലോപിത്തേക്കസ് അഫാറെന്‍സിസിന്‍റെ പഴക്കം. ആര്‍ഡിപിത്തേക്കസ് രാമിഡസ് (Ardipithecus ramidus) എന്നാണ് ലൂസിയുടെ ഈ മുതുമുത്തച്ഛന് പേരുനല്‍കപ്പെട്ടത്. അടുത്ത വര്‍ഷം, 1995ല്‍ ലൂസിയുടെ 'മുത്തച്ഛന്‍' എന്ന് വിളിക്കാവുന്ന ഒരു ഫോസിലിനേയും കൂടി കണ്ടെടുക്കുകയു ണ്ടായി. 4.3 ദശലക്ഷം വര്‍ഷം ആയിരുന്നു ഇതിന്‍റെ പഴക്കം. ആസ്ട്രലോപിത്തേക്കസ് അനാമെന്‍സിസ് (Australopithecus anamensis) എന്നാണ് ഇതിന് പേരുനല്‍കപ്പെട്ടത്. കെനിയയിലെ ടുര്‍ക്കാന ബേസിന്‍ ആയിരുന്നു ഇതിന്‍റെ ജന്‍മദേശം. എന്നാല്‍ 2001-ല്‍ കെനിയയിലെതന്നെ ലൊമേംക്വി (Lomekwi) എന്ന സ്ഥലത്തുനിന്നും ഒരു പുതിയ ജനുസ് തന്നെ ഉരുത്തിരിഞ്ഞ തിന്‍റെ തെളിവുകള്‍ ലഭിക്കുകയുണ്ടായി. ലൂസിക്ക് കീഴ്ത്താടി മുന്നിലേക്ക് ഉന്തി നില്‍ക്കുന്ന മുഖമായിരുന്നല്ലോ. എന്നാലിതിന് മനുഷ്യരുടേതു പോലെയുള്ള പരന്ന മുഖമായിരുന്നു! കെനിയാന്ത്രോപ്പസ് പ്ളാറ്റിയോപ്സ് (Kenyanthropus platyops) എന്നാണ് ഇതിന് പേരുനല്‍കപ്പെട്ടത്. എന്നാല്‍ ഈ മനുഷ്യപൂര്‍വ്വ ഫോസിലിനെ അംഗീകരിക്കാത്ത ഫോസില്‍വിദഗ്ധരുമുണ്ട്. അവര്‍ പറയുന്നത് കല്ലോ പാറയോ വീണ് തകര്‍ന്നുപോയ തലയോട്ടി യെയാണ് അവര്‍ പുതിയ ജനുസ് ആക്കിയതെന്നാണ്! എന്നാല്‍ കെനിയാന്ത്രോപ്പസ് പ്ളാറ്റിയോപ്സ് വ്യത്യസ്തമായ മറ്റൊരു ജനുസുതന്നെയാണെന്നാണ് അതിനെ കണ്ടെത്തിയ മീവ് ലീക്കി (Meave Leakey) എന്ന ഫോസില്‍ ശാസ്ത്രജ്ഞയും അവരുടെ സഹഗവേഷകരും പറയുന്നത്. എന്തായാലും അഫാര്‍ താഴ്വരയും ലൂസിയും ലൂസിയുടെ കാലവും പരിണാമത്തിന്‍റെ തീച്ചൂളയായിരുന്നു എന്നുതന്നെ കരുതാം.





