1975 സെപ്റ്റംബര്‍ 5-നാണ് ലോകസിനിമാ വ്യവസായചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ചിത്രമായ ജാസ് (JAWS) പുറത്തിറങ്ങിയത്. സാമാന്യജന സമൂഹത്തിന്‍റെ പൊതുബോധത്തില്‍ മുന്‍പില്ലാതിരുന്ന തരത്തിലുള്ള ഒരുതരം ഭയത്തെ രൂപപ്പെടുത്താനും അതിനെ നിലനിറുത്താനും കഴിഞ്ഞു എന്നതിലായിരുന്നു ജാസിന്‍റെ വിജയം. പീറ്റര്‍ ബെഞ്ച്ലിയുടെ നോവലാണ് അതേ പേരില്‍ സ്പീല്‍ബെര്‍ഗ് സിനിമയാക്കിയത്. ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് എന്നറിയപ്പെടുന്ന സ്രാവുകള്‍ മനുഷ്യഭോജികളും അക്രമാസക്തരുമാണെന്നും തീരക്കടലിലേക്കും അവ കടന്നുവരാമെന്നുമുള്ള ആശങ്കയെ അതിന്‍റെ ജീവശാസ്ത്രപരമായ സംഭവ്യതകളെക്കുറിച്ചൊന്നും ചിന്തിക്കാന്‍ മിനക്കെടാതെ ജനങ്ങള്‍ അപ്പാടെ വിഴുങ്ങി. ഫലമോ, റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ മാത്രം കഴിയുന്നതിനിടെ അത് ഗോഡ്ഫാദര്‍ സിനിമയുടെ സര്‍വ്വകാലകളക്ഷന്‍ റെക്കോര്‍ഡിനെ 38 മില്യണ്‍ ഡോളറിലധികം നേടിക്കൊണ്ട് മറികടന്നു. കാര്‍ക്കാരഡോണ്‍ കാര്‍കാരിയാസ് (Carcharodon carcharias) എന്ന ശാസ്ത്രീയനാമമുള്ള ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിനെക്കുറിച്ച് ശാസ്ത്രജ്ഞര്‍ എന്തുപറയുന്നു എന്നതിനെക്കാള്‍ അവയെക്കുറിച്ച് നാവികരും മീന്‍പിടുത്തക്കാരുമായ സാധാരണക്കാര്‍ എന്തു പറയുന്നു, എന്ത് വിശ്വസിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് പീറ്റര്‍ ബെന്‍ച്ലി നോവലെഴുതിയത്. അതേ അസംഭവ്യതകളെ യാഥാര്‍ത്ഥവല്‍ക്കരിക്കാനാണ് സ്പീല്‍ബെര്‍ഗും ശ്രമിച്ചത്.
വില്ലനായെത്തുന്ന ഒരു സ്രാവിനെ ജീവനോടെ പിടിക്കുക എന്നതായിരുന്നു അതിനായി വാടകയ്ക്കെടുക്കപ്പെടുന്ന സ്ക്വിന്‍റ് എന്ന പഴയ നാവികസൈനികന്‍റെ ആഗ്രഹം. അയാള്‍ അതിനെ കൊല്ലാനാഗ്രഹിക്കുന്നില്ല. പക്ഷേ, കൊലയാളിസ്രാവിന്‍റെ ഏറ്റവും ഭീകരമായ ആക്രമണത്തിന് വിധേയമാവുന്നതിലൂടെ അയാള്‍ കൊല്ലപ്പെടുന്നു. പേള്‍ഹാര്‍ബര്‍ അപ്രതീക്ഷിതമായി ആക്രമിക്കപ്പെടുന്നതുവരെ ജാപ്പനീസ് ഇംപീരിയല്‍ മറൈന്‍സിനെതിരായി കാര്യമായി ഒന്നും ചെയ്യാന്‍ അമേരിക്ക ആഗ്രഹിച്ചിരുന്നില്ല എന്നൊരു ന്യായീകരണം ഇവിടെ കാണാം. പേള്‍ഹാര്‍ബര്‍ അപ്രതീക്ഷിതമായ ഒരു ആക്രമണമായിരുന്നില്ല എന്ന യുദ്ധരഹസ്യത്തെ അതിവിദഗദ്ധമായി മറയ്ക്കാന്‍ ഇതിലൂടെ അമേരിക്കയ്ക്ക് കഴിയുന്നു. ഇത് എഴുതിച്ചേര്‍ക്കുന്ന ഒരു വിശദീകരണമല്ല. ഇന്‍ഡ്യാനാപ്പൊലിസ് എന്ന യുദ്ധക്കപ്പല്‍ മുങ്ങിയപ്പോള്‍ കടലില്‍ മുങ്ങുകയും തന്‍റെ കൂട്ടാളികളില്‍ പലരേയും കൊലയാളിസ്രാവുകള്‍ ദാരുണമായി കൊലചെയ്യുന്നത് നേരിട്ട് കാണുകയും ചെയ്ത വ്യക്തിയാണ് സ്കിന്‍റ്. അമേരിക്ക യുദ്ധരംഗത്തേക്കായി വികസിപ്പിച്ചുകൊണ്ടിരുന്ന ആറ്റംബോബുകളിലൊന്ന് വിജനമായ ഒരു ദ്വീപില്‍വെച്ച് പരീക്ഷിക്കുക എന്ന അതീവരഹസ്യമായ ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുന്നതിടെയ്ക്കാണ് സ്ങ്ക്വിന്‍റിന്‍റെ യുദ്ധക്കപ്പലായ ഇന്‍ഡാനോപ്പൊലിസ് ജാപ്പനീസ് സബ്മറൈനുകളുടെ ടോര്‍പ്പിഡോ ആക്രമണത്തില്‍ തകരുന്നത്. കടലിന്‍റെ ഏറ്റവും പ്രശാന്തമായ സ്വച്ഛതയ്ക്കിയിലാണ് അമേരിക്കയെന്ന സമുദ്രനിരപ്പിനോട് വളരെ ചേര്‍ന്നുകിടക്കുന്ന വന്‍കരയിലേക്കെന്നവണ്ണം സ്രാവുവേട്ടയ്ക്കിറങ്ങിയ അവരുടെ ചെറുബോട്ടിനെ ലക്ഷ്യമാക്കി ചാട്ടുളിയുടെ ചരടില്‍ ബന്ധിച്ച ഒരു അപായസുചകം പതിയെ പിന്‍നുടരുന്നത്.
ഇന്‍ഡ്യാനപൊളിസ് മുങ്ങിയ ചരിത്രം
ഹിരോഷിമ നഗരത്തില്‍ അമേരിക്ക നിക്ഷേപിച്ച ലിറ്റില്‍ ബോയ് എന്ന കോഡ്നാമത്തിലറിയപ്പെട്ടിരുന്ന ആറ്റംബോംബിന്‍റെ ഭാഗങ്ങളെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ടിനിയന്‍ ദ്വീപിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മി എയര്‍ഫോഴ്സ് ബേസിലേക്ക് എത്തിക്കുന്നതിനുള്ള ദൗത്യമായിരുന്നു ക്വിന്‍റിന്‍റെ കപ്പലായ ഇന്‍ഡ്യാനപൊളിസ് ഏറ്റെടുത്തിരുന്നത്. ടിനിയാനില്‍ നിന്നും അത് എനോള ഗേ എന്ന യുദ്ധവിമാനത്തില്‍ കയറ്റി ഹിരോഷിമയില്‍ ഇടുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. ക്വിന്‍റ് പറയുന്നതുപോലെ, ആ ദൗത്യം പൂര്‍ത്തീകരിച്ചതിനുശേഷം നാവികപരിശീലനത്തിന്‍റെ ഭാഗമാവാന്‍ ഫിലിപ്പൈന്‍സിലേക്ക് പുറപ്പെട്ടു. എന്നാല്‍, ജൂലൈ 30-ന്, ഫിലിപ്പൈന്‍ കടലിലെ ഏറ്റവും വലിയ ദ്വീപായ ലേയ്റ്റെക്ക് സമീപമെത്താറായപ്പോള്‍ ഇംപീരിയല്‍ ജാപ്പനീസ് നേവിയുടെ 'ഐ-58' എന്ന അന്തര്‍വാഹിനി ഇന്‍ഡ്യാനപൊളിസിനെ ടോര്‍പ്പിഡോ ചെയ്തു. 12 മിനിറ്റിനുള്ളില്‍ കപ്പല്‍ മുങ്ങി. 1,195 പേര്‍ ഉണ്ടായിരുന്നതില്‍ മുന്നൂറോളംപേര്‍ കപ്പലിനൊപ്പം മുങ്ങി. ബാക്കിയുള്ള 890 പേര്‍ കടലില്‍ വീണു. തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടങ്ങളിലും മറ്റും അള്ളിപ്പിടിച്ചുകിടന്നവര്‍ ഉപ്പുവെള്ളത്തിന്‍റെ സമ്പര്‍ക്കംകൊണ്ടുള്ള നിര്‍ജ്ജലീകരണത്തിന് വിധേയരായി.
ചുരുക്കം ചില ലൈഫ്ബോട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഭക്ഷണമോ കുടിവെള്ളമോ ഇല്ലായിരുന്നു. അതിനിടെ പലരേയും കൊലയാളിസ്രാവുകള്‍ ആക്രമിച്ചു. ഒരു മണിക്കൂറില്‍ 6 പേരെ എന്ന കണക്കില്‍ സ്രാവുകള്‍ തിന്നു. നാലു ദിവസത്തിനു ശേഷമാണ് അമേരിക്കന്‍ നാവികസേന രക്ഷാദൗത്യവുമായി എത്തുന്നത്. അതുതന്നെ, പിവി-1 വെന്‍ച്യുറ എന്ന അമേരിക്കന്‍ ബോംബര്‍ വിമാനം സാധാരണമായി നടത്തിവന്നിരുന്ന പതിവ് പെട്രോളിങ്ങിന്‍റെ ഭാഗമായി. 316 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. അമേരിക്കന്‍ നാവികസേനയുടെ ചരിത്രത്തില്‍ ഒരൊറ്റ കപ്പല്‍ മുങ്ങുന്നതിലൂടെ ഇത്രയുമേറെപ്പേര്‍ മരിക്കുന്നത് അതാദ്യമായായിരുന്നു. 2017 ഓഗസ്റ്റ് 19-ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അല്ലെന്‍ സ്പോണ്‍സര്‍ചെയ്ത ഒരു തിരയല്‍ സംഘം ഫിലിപ്പൈന്‍ കടലില്‍ മുങ്ങിയ ഇന്‍ഡ്യാനപൊളിസിന്‍റെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ ഏകദേശം 18,000 അടി (5,500 മീറ്റര്‍) ആഴത്തില്‍ കിടക്കുന്നതായി കണ്ടെത്തുകയുണ്ടായി. 2018 ഡിസംബര്‍ 20ന് 2018 ന്, ഇന്‍ഡ്യാനപൊലിസ് ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് അമേരിക്കന്‍ കോണ്‍ഗ്രസ് സ്വര്‍ണ്ണമെഡല്‍ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയില്‍ ഈ ചരിത്രം പറയുന്നുണ്ട്. ക്വിന്‍റ് സുദീര്‍ഘമായ ഒരു പ്രസംഗം പോലെയാണ് അത് അവതരിപ്പിക്കുന്നത്. മാഞ്ഞുതുടങ്ങിയ ഇന്‍ഡ്യാനപൊലിസ് എന്ന പച്ചകുത്ത് ക്വിന്‍റ് മറ്റുള്ളവരെ കാണിക്കുന്നുമുണ്ട്. ഇന്‍ഡ്യാനപൊലിസിന്‍റെ ചരിത്രം പുസ്തകവുമായിട്ടുണ്ട്: Richard Newcomb (1958) Abandon Ship, Henry Holt, New York and Thomas Helm (1963) Ordeal by Sea, Dodd Mead & Co., New York).
ടിനിയന്‍ ദ്വീപ്.
പസഫിക് സമുദ്രത്തിലുള്ള മറിയാനാസ് ദ്വീപസമൂഹത്തിലുള്‍പ്പെ ടുന്ന അമേരിക്കന്‍ ഭരണാധികാരപ്രദേശങ്ങളിലൊന്നാണ് ടിനിയന്‍ ദ്വീപ്. 4,000 വര്‍ഷ ങ്ങള്‍ക്കുമുമ്പേ ടിനിയനില്‍ മനുഷ്യവാസമുണ്ടായിരുന്ന തായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 3,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചമോറോ വംശജനായ ടാഗ എന്ന മൂപ്പനാണ് ദ്വീപ് ഭരിച്ചിരുന്നത്. ദ്വീപില്‍ സുലഭമായി കാണുന്ന ലാറ്റെ കല്ലുകളാല്‍ നിര്‍മ്മിച്ച ഭവനത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അവിടെയുള്ള ഒരു ബീച്ചും ഒരു ചാര്‍ട്ടര്‍ എയര്‍ലൈനും മാത്രമേ അദ്ദേഹത്തിന്‍റെ സ്മരണ നിലനിറുത്തുന്നതായി ഇപ്പോഴുള്ളൂ. 1521 മാര്‍ച്ച് 6ന്, മഗല്ലന്‍റെ സ്പാനിഷ് പര്യവേഷണ സംഘത്തി ലുണ്ടായിരുന്ന യൂറോപ്യ ډാരാണ് ടിനിയന്‍ ദ്വീപിനെ ആദ്യമായി കണ്ടെത്തിയത്. മഗല്ലന്‍റെ മരണശേഷം പനാമയിലെത്താനുള്ള ശ്രമത്തിനിടയി ല്‍, 1522ല്‍, സ്പാനിഷ് കപ്പലായ ട്രിനിഡാഡ് എന്ന കപ്പലില്‍ യാത്രചെയ്തിരുന്ന ഗോണ്‍സാലോ ഗോമെസ് ഡി എസ്പിനോസ ടിനിയന്‍ ദ്വീപിനെ വീണ്ടും കണ്ടു. 1699ല്‍, സ്പെയ്ന്‍കാര്‍ ദ്വീപില്‍ ആധിപത്യമുറപ്പിക്കുക യും തങ്ങളുടെ കപ്പലുകള്‍ക്ക് ഭക്ഷണസാധനങ്ങളും ശുദ്ധജലവും ലഭിക്കാനുള്ള ഒരു തുറമുഖമായി അതിനെ വളര്‍ത്തിയെടുക്കുകയും ചെയ്തു. ഇതേ സൗകര്യം ഡച്ചുകാരുടേയും ബ്രിട്ടീഷുകാരുടേയും കപ്പലുകള്‍ക്കായും അവര്‍ അനുവദിച്ചിരുന്നു. ബ്യൂനാവിസ്റ്റാ മറിയാന എന്ന ഒരു പേരും അവര്‍ ദ്വീപിനു നല്‍കി. 1898ലെ സ്പാനിഷ്അമേരിക്കന്‍ യുദ്ധത്തിനുശേഷം, ദ്വീപിന്‍റെ ചില ഭാഗങ്ങള്‍ അമേരിക്കന്‍ അധീനതയിലായി. ഇതൊരു തലവേദനയായിക്കണ്ട സ്പെയിന്‍ 1899ല്‍ ജര്‍മ്മന്‍ സാമ്രാജ്യത്തിന് വിറ്റു. ജര്‍മ്മനി അതിനെ څജര്‍മ്മന്‍ ന്യൂ ഗിനിയچയുടെ ഭാഗമായി ജര്‍മ്മനി ഈ ദ്വീപ് ഏറെനാള്‍ ഭരിച്ചെങ്കിലും ദ്വീപ് വികസിപ്പിക്കാനോ വാസയോഗ്യമാക്കാനോ ഉള്ള ഏതൊരു ശ്രമവും അവര്‍ നടത്തിയില്ല. സ്പെയിന്‍കാരായ ഭൂവുടമകളുടെ നിയന്ത്രണത്തില്‍ ദ്വീപിനെ ഏല്‍പ്പിച്ചുകൊടുക്കുക മാത്രമായിരുന്നു ജര്‍മ്മന്‍കാര്‍ ചെയ്തത്.
ഒന്നാം ലോകമഹായുദ്ധസമയത്ത്, 1914ല്‍, ജപ്പാന്‍ ദ്വീപ് പിടിച്ചെടുത്തു. 1918ലെ څസൗത്ത് സീസ് മാന്‍ഡേറ്റിچന്‍റെ ഭാഗമായി ലീഗ് ഓഫ് നേഷന്‍സ് ജപ്പാന് ദ്വീപിനുമേല്‍ പരമാധികാരം നല്‍കി. ജപ്പാന്‍കാര്‍ക്കൊപ്പം കൊറിയക്കാരും ഓക്കിനാവാക്കാരും ദ്വീപിലേക്കുവന്നു. അവര്‍ അവിടെ വലിയ തോതിലുള്ള കരിമ്പിന്‍തോട്ടങ്ങള്‍ സ്യഷ്ടിക്കുകയും പഞ്ചസാര ഉത്പാദിപ്പിക്കാന്‍ തുടങ്ങുകയും ചെയ്തു. ജാപ്പനീസ് ഭരണത്തിന്‍ കീഴില്‍, തുറമുഖ സൗകര്യങ്ങള്‍, ജലവിതരണം, വൈദ്യുതോല്‍പ്പാദനം, റോഡുകള്‍, സ്ക്കൂളുകള്‍ എന്നിവ വികസിക്കുകയും ഷിന്‍റോ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തു. 1926ല്‍, ഓകിനാവ, ഫുകുഷിമ എന്നിവിടങ്ങളില്‍നിന്നുള്ള പുതിയ താമസക്കാര്‍, പഞ്ചസാരയ്ക്ക് പുറമേ കാപ്പിയും പരുത്തിയും നാണ്യവിളകളായി അവതരിപ്പിച്ചു. 1940കളില്‍ 15,700 ജാപ്പനീസ് സിവിലിയډാര്‍ ടിനിയനില്‍ ഉണ്ടായിരുന്നു എന്നാണ് കണക്ക്. ഒപ്പം കൊറിയ ന്‍ വംശജരും തദ്ശേീയരായ കുറച്ച് ഗോത്രവര്‍ഗക്കാരും. രണ്ടാം ലോക മഹായുദ്ധത്തിന്‍റെ അവസാനഘട്ടം വരേയ്ക്കും പക്ഷേ ഈ ദ്വീപിന്‍റെ യുദ്ധതന്ത്രപരമായ പ്രാധാന്യം ജപ്പാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. അതിനാല്‍ ദ്വീപിന്‍റെ സുരക്ഷയ്ക്കായി അവര്‍ ഒന്നും ചെയ്തില്ല.
എന്നാല്‍, അമേരിക്ക അത് തങ്ങളുടെ യുദ്ധവിമാനങ്ങള്‍ക്കുള്ള ഏറ്റവും നല്ല താവളങ്ങളിലൊന്നായിക്കണ്ടു. ബോയിംഗ് ബി-29 സൂപ്പര്‍ഫോര്‍ട്ട്റെസ് ഇനത്തില്‍പ്പെട്ട വലിയ ബോംബര്‍ വിമാനങ്ങള്‍ക്ക് വന്നിറങ്ങാനും പോവാനുമുള്ള വിശാലത ദ്വീപിനുള്ള കാര്യം മനസിലാക്കിയ സഖ്യസേന, 1944 ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 1 വരെ യുദ്ധത്തിലൂടെ ടിനിയന്‍ ദ്വീപ് പിടിച്ചെടുത്തു. 8,500 പേരുണ്ടായിരുന്ന ജാപ്പനീസ് പട്ടാളത്തില്‍ 313 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്. നൂറുകണക്കിന് ജാപ്പനീസ് സിവിലിയډാര്‍ കൊല്ലപ്പെട്ടു. ബാക്കിയുള്ളവരെ അമേരിക്കക്കാര്‍ പിടികൂടുകയും രഹസ്യം ചോര്‍ത്തുകയും ചെയ്യാതിരിക്കാന്‍ ജാപ്പനീസ് സൈന്യം വധിക്കുകയോ ചെയ്തു. ജപ്പാനി ല്‍ നിന്ന് ഏകദേശം 1,500 മൈല്‍ (2,400 കിലോമീറ്റര്‍) അകലെയാണ് ടിനിയന്‍ എന്നതിനാല്‍ ജാപ്പനീസ് ദ്വീപുകളില്‍ തുടര്‍ച്ചയായി കനത്ത ബോംബാക്രമണത്തിന് അതൊരു വേദിയായി തിരിച്ചറിഞ്ഞ അമേരിക്ക അവിടം രണ്ടാം ലോകമഹായുദ്ധകാലത്തെ ഏറ്റവും വലിയ വ്യോമതാവളമായി അതിന്‍റെ മാറ്റാനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉടനടി തുടക്കം കുറിച്ചു. ദ്വീപിനെ മുഴുവനായി ഉള്‍ക്കൊള്ളുന്നതും 40,000 പേര്‍ക്ക് താമസിക്കാനാവുന്നതുമായ ബേസ് ഇന്‍സ്റ്റലേഷനായിരുന്നു അത്. ന്യൂയോര്‍ക്ക് നഗരത്തിലെ നദീദ്വീപായ മാന്‍ഹട്ടനിലെ തെരുവീഥി കളുടെ മാതൃകയിലാണ് ബേസ് സ്ഥാപി ക്കപ്പെട്ടത്. അവിടുത്തെ തെരുവുകളുടെ അതേ പേരുകള്‍ ടിനിയന്‍ ദ്വീപിനും നല്‍കി. ജപ്പാന്‍ ഒരു ചെറിയ വിമാനത്താവളം നിര്‍മ്മിച്ചിരുന്നുവെങ്കിലും അത് വലിയ ബോംബര്‍ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനത്തിന് പര്യാപ്തമാവുന്ന ഒന്നായിരുന്നില്ല. ജപ്പാനുനേരെയുള്ള ബോംബാക്രമണത്തിനുവേണ്ടി മാത്രം മാറ്റിവെയ്ക്കപ്പെട്ടിരുന്ന 313ാമത് ബൊബാര്‍ഡ്മെന്‍റ് വിങിന്‍റെ ഭാഗമായിരുന്ന ബോയിംഗ് ബി29 സൂപ്പര്‍ഫോര്‍ട്ട്റെസ് ബോബര്‍ വിമാനങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിശാലമായ യുദ്ധവിമാനത്താവളമായി ദ്വീപിനെ മാറ്റിയത് അമേരിക്കയാണ്.
ആറ്റംബോംബ് പരീക്ഷണം
ഇവിടേക്ക് പിന്നീട് മാന്‍ഹാട്ടന്‍ പ്രോജക്ടിന്‍റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതും അണുവായുധം വഹിച്ചുകൊണ്ടുപോവാനായി പ്രത്യേകം രൂപമാറ്റം വരുത്തിയതുമായ യുദ്ധവിമാനങ്ങളെ എത്തിച്ചു. സില്‍വര്‍പ്ളേറ്റ് എന്ന കോഡ്നാമത്തിലറിയപ്പെടുന്ന ഇവയില്‍പ്പെട്ട രണ്ട് ബോയിംഗ് ബി-29 ബോബര്‍ വിമാനങ്ങളായിരുന്നു ഇനോളാ ഗേ, ബോക്ക്സ്കാര്‍ എന്നിവ. ഇവയില്‍ ഇനോള ഗേ ഹിരോഷിമയിലേക്കുള്ള ലിറ്റില്‍ ബോയ് എന്ന ആറ്റംബോബിനെ വഹിക്കുകയും ബോക്ക്സ്കാര്‍, നാഗസാക്കിയിലേക്കുള്ള ഫാറ്റ്മാന്‍ എന്ന ആറ്റംബോബിനെ വഹിക്കുകയും ചെയ്തു. നാലര ടണ്ണോളം ഭാരമുണ്ടായിരുന്ന തിനാല്‍ ആറ്റംബോബുകള്‍ സാധാരണബോംബുകള്‍ പോലെ ബോബര്‍വിമാനങ്ങളിലേക്ക് കയറ്റാന്‍ കഴിയുമായിരുന്നില്ല.
അതിനായി വിമാനങ്ങളെ ഒരു കുഴിയില്‍ ഇറക്കിനിറുത്തേണ്ടതുണ്ടായിരുന്നു. ഇവയുടെ നിര്‍മ്മാണവും ടിനിയന്‍ ദ്വീപില്‍ നടത്തുകയുണ്ടായി. 1945 ഓഗസ്റ്റ് 6-ന് ഹിരോഷിമയില്‍ ലിറ്റില്‍ ബോയിയെ നിക്ഷേപിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ഹാരി എസ്. ട്രൂമാന്‍ ജപ്പാനോട് കീഴടങ്ങാനാവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഭൂമി ഇതുവരെ സാക്ഷ്യംവഹിച്ചിട്ടില്ലാത്ത ആകാശത്തുനിന്നുള്ള ദുരിതത്തീമഴയ്ക്ക് ജപ്പാന്‍ വിധേയമാക്കപ്പെടും എന്നാണ് പറഞ്ഞത്. തുടര്‍ന്ന്, ഓഗസ്റ്റ് 9-ന് നാഗസാക്കിയില്‍ ഫാറ്റ്മാനെ നിക്ഷേപിച്ചു. രണ്ട് ബോംബാക്രമണ ങ്ങളിലുമായി 2,26,000 ജാപ്പനീസ് സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു. 1945 ഓഗസ്റ്റ് 15-ന്, ജപ്പാന്‍ സഖ്യസേനയ്ക്ക് കീഴടങ്ങുന്നതായി പ്രഖ്യാപിച്ചു.
നോവലുമായുള്ള വ്യത്യാസങ്ങള്‍
ഒരു ചെറിയ തീരദേശനഗരത്തിലെ തിരക്കേറിയ ബീച്ചിനെ ആക്രമിക്കുന്ന ഒരു കൊലയാളിസ്രാവിന്‍റെയും അതിനെ കൊല്ലാന്‍ ശ്രമിക്കുന്ന മൂന്ന് പേരുടെയും കഥയായാണ് പീറ്റര്‍ ബെഞ്ച്ലി എന്ന അമേരിക്കന്‍ നോവലിസ്റ്റ് ജാസ് എന്ന സാഹസികനോവല്‍ എഴുതുന്നത്. ഫ്രാങ്ക് മുണ്ടസ് എന്ന സ്രാവുവേട്ടക്കാരന്‍റെ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബെഞ്ച്ലി തന്‍റെ നോവലിലെ ക്വിന്‍റ് എന്ന കഥാപാത്രത്തെ സ്യഷ്ടിച്ചത് എന്നൊരു ധാരണ പരക്കേയുണ്ട്. ഇത് പൂര്‍ണ്ണമായും ശരിയല്ല എങ്കിലും ബെഞ്ച്ലി സ്വന്തം ഇഷ്ടപ്രകാരം എഴുതിയ ഒരു നോവലായിരുന്നില്ല ജാസ്. ഡബിള്‍ഡെ എന്ന അമേരിക്കന്‍ പ്രസാധകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ബെഞ്ച്ലി നോവലെഴുതാന്‍ തീരുമാനിക്കുന്നത്. അങ്ങനെയൊരു കൂലിയെഴുത്തുകാരനാവാന്‍ ബെഞ്ച്ലി നിര്‍ബന്ധിതനാവുകയായിരുന്നു എന്നതാണ് സത്യം. കാരണം മിക്കപ്പോഴും തൊഴില്‍രഹിതനാകേണ്ടിയിരുന്ന ഒരു ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായിരുന്നു അദ്ദേഹം. സ്രാവുകളേയും തിമിംഗലങ്ങളേയും വേട്ടയാടുക മാത്രമല്ല, അവയെ ചാട്ടുളി തറച്ച അവയുടെ ജീവന്‍ പിടയുന്ന ശരീരം തീരത്തിലേക്ക് വലിച്ചുകൊണ്ടുവന്ന് പ്രദര്‍ശിപ്പിക്കുന്നതിലൂടെ പ്രശസ്തിയും കുപ്രസിദ്ധിയും ഒരുപോലെ നേടിയ വ്യക്തിയായിരുന്നു ഫ്രാങ്ക് മുണ്ടസ്. തിമിംഗലവേട്ടയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നവരും കടല്‍ജീവികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകളും മുണ്ടസിന്‍റെ ചെയ്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയത് 1960കളില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഈ മീഡിയാഹൈപ്പിനെ വില്‍പ്പനച്ചരക്കാക്കുക എന്നത് മാത്രമായിരുന്നു ഡബിള്‍ഡേയുടെ ഉദ്ദേശ്യം. 1971-ലാണ് നോവലെഴുതാന്‍ ഡബിള്‍ഡേ ബെഞ്ച്ലിയെ നിയോഗിച്ചത്. 1974-ല്‍ ജാസ് പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാല്‍ അതിനുമുമ്പേ, ബെഞ്ച്ലി നോവലിന്‍റെ കൈയ്യെഴുത്തുപ്രതി ഹോളിവുഡ്സിനിമാ നിര്‍മ്മാതാക്കളായ റിച്ചാര്‍ഡ് ഡി. സനക്കും ഡേവിഡ് ബ്രൗണിനും വായിക്കാന്‍ കൊടുത്തിരുന്നു. നോവല്‍ പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ അവര്‍ അതിന്‍റെ ചലച്ചിത്രാവകാശം വാങ്ങിവെക്കുകയും ചെയ്തു.
നോവലില്‍ പറയുന്ന പല കാര്യങ്ങളും അതിന്‍റെ ചലച്ചിത്രരൂപത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡിലെ ഒരു സാങ്കല്‍പ്പിക കടല്‍ത്തീരറിസോര്‍ട്ട് പട്ടണമായ അമിറ്റിയിലാണ് കഥ നടക്കുന്നത്. ഒരു രാത്രിയില്‍, ഗ്രേറ്റ് വൈറ്റ് എന്ന പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുള്ള കൊലയാളിസ്രാവ്, കടലില്‍ നീന്താനിറങ്ങിയ ക്രിസി വാട്ട്കിന്‍സ് എന്ന ചെറുപ്പക്കാരിയെ കൊല്ലുന്നു. അമിറ്റി പോലീസ് മേധാവിയായ മാര്‍ട്ടിന്‍ ബ്രോഡി, ബീച്ചുകള്‍ അടച്ച് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കുന്നുവെങ്കിലും സമ്മര്‍ ടൂറിസത്തില്‍ നിന്നും അമിറ്റി നഗരത്തിനുണ്ടായേക്കാവുന്ന വന്‍പിച്ച വരുമാനം മുന്നില്‍ക്കണ്ട് മേയര്‍ ലാറി വോണ്‍ അത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അലക്സ് കിന്‍റ്നര്‍ എന്ന കുട്ടിയും മോറിസ് കാറ്റര്‍ എന്ന മുതിര്‍ന്ന ഒരാളും കൊലയാളിസ്രാവിന്‍റെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നു. ചെറുപ്പക്കാരനെ കൊല്ലുന്നു. തുടര്‍ന്ന് ബെന്‍ ഗാര്‍ഡ്നര്‍ എന്ന ഒരു മത്സ്യത്തൊഴിലാളിയെ സ്രാവിനെ കൊല്ലാനായി നഗരാധികാരികള്‍ നിയോഗിക്കുന്നു. എന്നാല്‍ കടലിലേക്ക് പോയ അയാള്‍ പിന്നെ അപ്രത്യക്ഷനാവുന്നു. പക്ഷേ അയാളുടെ ബോട്ട് തീരത്തടിഞ്ഞിരിക്കു ന്നതായി കാണുന്നു. എന്നാല്‍ സ്രാവിന്‍റെ ആക്രമണമേറ്റ് പാതി തകര്‍ന്ന നിലയിലായിരുന്ന ബോട്ടില്‍ നിന്നും ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കിന്‍റെ ഒടിഞ്ഞുപോയ ഒരു പല്ലും ബ്രോഡി കണ്ടെടുക്കുകയുണ്ടായി. അതുകാരണം ബ്രോഡി വീണ്ടും ബീച്ച് റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ശ്രമിക്കുന്നു. അതോടൊപ്പം മറ്റൊരു കാര്യം കൂടി വെളിപ്പെടുന്നു. മേയര്‍ക്ക് അമിറ്റി ബീച്ച് റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ബിസിനസുകള്‍ നിയന്ത്രിക്കുന്ന മാഫിയയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിയുന്നു. തുടര്‍ന്ന്, സ്രാവിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് പഠിക്കാനായി പ്രശസ്തമായ വുഡ്സ് ഹോള്‍ ഓഷ്യനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ശാസ്ത്രജ്ഞനായ മാറ്റ് ഹൂപ്പറെ ക്ഷണിച്ചുവരുത്താനും തീരുമാനമാവുന്നു.
ഹൂപ്പര്‍ വന്നെത്തിയതിനുശേഷമുള്ള കാര്യങ്ങളില്‍ സിനിമ പ്രത്യക്ഷമായ ഒരു മൗനം ഉടനീളം കാത്തുസൂക്ഷിക്കുന്നുണ്ട്. സ്രാവിന്‍റെ കഥ പറയുമ്പോള്‍ അതില്‍ നിന്നും കടലിനെ സമ്പൂര്‍ണ്ണമായി ഒഴിവാക്കുന്നതു പോലെ യാണത്. ബ്രോഡിയുടെ സ്വകാര്യജീവതത്തെ സംബന്ധിക്കുന്ന പരാമര്‍ശങ്ങളും സംഭവങ്ങളുമാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്. അസംത്യപ്തമായ ഒരു ദാമ്പത്യമാ യിരുന്നു ബ്രോഡിയുടേത്. അവര്‍ക്ക് കുട്ടികളില്ല. ഇപ്പോഴുള്ളതിനെക്കാള്‍ ആഢംബരപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ ബ്രോഡിയുടെ ഭാര്യയായ എല്ലെന് കഴിയുമായിരുന്ന ഒരു സാഹചര്യം മുമ്പുണ്ടായിരുന്നുതാനും. ആ പൂര്‍വ്വകഥയുടെ മൂടിയ്ക്കെപ്പെട്ട ചുഴികളിലൊരാളാണ് മാറ്റ് ഹൂപ്പര്‍. എല്ലെന്‍ മുന്‍കാമുകനായിരുന്ന ഡേവിഡ് ഹൂപ്പറിന്‍റെ ഇളയ സഹോദരനാണ് മാറ്റ് ഹൂപ്പര്‍. തന്‍റെ നഷ്ടപ്രണയത്തിന്‍റെ തിരിച്ചുവരവായാണ് മാറ്റ് ഹൂപ്പറിന്‍റെ പ്രത്യാഗമനത്തെ എല്ലെന്‍ കാണുന്നത്. അമിറ്റിയില്‍ നിന്നും വളരെ ദൂരെയായുള്ള ഒരു റെസ്റ്റോറന്‍റിലേക്ക് ഉച്ചഭക്ഷണത്തിനായി എല്ലെന്‍ ഹൂപ്പറിനെ ക്ഷണിക്കുന്നു. അതിനുശേഷം ഇരുവരും ഒരു മോട്ടലിലേക്ക് പോവുകയും അവിടെ വെച്ച് എല്ലെന്‍ ലൈംഗികബന്ധത്തിനായി ഹൂപ്പറെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഹൂപ്പറുമായുള്ള എല്ലെന്‍റെ അടുപ്പം ബ്രോഡിയെ ചിന്താകുലനാക്കുന്നു. സ്രാവിനെക്കാളുപരി തന്നെ വേട്ടയാടുന്നത് ഹ്യൂപ്പര്‍ ആണെന്ന് തിരിച്ചറിയുന്നതോടെ ബ്രോഡി മറ്റൊരാളായി മാറുന്നു. പേള്‍ ഹാര്‍ബര്‍ ആമ്രണത്തിനുശേഷം നഷ്ടമായ ജനപിന്തുണയും വിശ്വാസവും വീണ്ടെടുക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്‍റിന് ജപ്പാന്‍റെ മേല്‍ക്കുള്ള ആണവാക്രമണം ഒരു അനിവാര്യതയായി മാറിയതുപോലെ സ്രാവിനെ കൊല്ലുന്നത് തന്‍റെ ഇല്ലാത്ത ആണത്തത്തിന്‍റെ ഏറ്റവും നല്ല പ്രദര്‍ശനവേദികളിലൊന്നായി ഹൂപ്പര്‍ തിരിച്ചറിയുന്നു. സ്രാവുമായുള്ള ആദ്യ ഏറ്റുമുട്ടലിനുശേഷം ആ വിവരം കരയിലുള്ളവരെ അറിയിക്കാനായി ബ്രോഡി വയര്‍ലസ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, ആണത്തപ്രകടനത്തിനായി വാടകയ്ക്കക്കെടുത്ത ക്വിന്‍റ് ആ ഉദ്യമം പരാജയപ്പെടുത്തുന്നു.
നോവലില്‍ മറ്റൊരു സ്രാവു കഥാപാത്രം പ്രത്യക്ഷപ്പെടുകയും ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. സ്രാവുവര്‍ഗത്തില്‍പ്പെടുന്ന ബ്ളൂ ഷാര്‍ക്ക് ആണത്. പ്രിയോണെസ് ഗ്ളാക്വാ (Prionace glauca) എന്ന ശാസ്ത്രീയനാമത്തി ലറിയപ്പെടുന്ന ഇവ കുഞ്ഞുങ്ങളെ പ്രസവിക്കുന്നവയാണ്. ചെറിയ മീനുകളെ മാത്രം ആഹാരമാക്കുന്ന ഇവ വലിയ ഇരകളെയോ മനുഷ്യരേയോ ആക്രമിക്കാറില്ല. ക്വിന്‍റ് ഒരു ബ്ളൂ ഷാര്‍ക്കിനെ പിടിക്കുകയും അതിന്‍റെ വയറുകീറി കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്യുന്നു. ഹൂപ്പര്‍ മനുഷ്യരഹിതമായ ഈ പ്രവ്യത്തിയെ എതിര്‍ക്കുന്നു. മാത്രമല്ല, അത് അന്തര്‍ദേശീയചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. എന്നാല്‍ ക്വിന്‍റ് ബ്ളൂ ഷാര്‍ക്കിന്‍റെ ഗര്‍ഭസ്ഥശിശുക്കളെത്തന്നെ ചൂണ്ടയില്‍ കോര്‍ക്കുകയും കൊലയാളിസ്രാവിനെ ആകര്‍ഷിക്കുന്നതിനായി കടലില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. സ്രാവുവര്‍ഗത്തില്‍പ്പെട്ട എല്ലാം മനുഷ്യഭോജികളോ ആക്രമണകാരികളോ അല്ലെന്നാണ് ഹൂപ്പറിലൂടെ നോവലിസ്റ്റ് പറയാന്‍ ശ്രമിക്കുന്നത്. എന്നാല്‍, ചലച്ചിത്രം എന്ന ബിസിനസും യുദ്ധം എന്ന ബിസിനസും ലക്ഷ്യമാക്കുന്നത് ഒരേ കാര്യങ്ങളാകയാല്‍ ഹൂപ്പറിന്‍റെ വാദങ്ങള്‍ നിരാകരിക്കപ്പെട്ടു.
സിനിമയില്‍ അവസാനരംഗങ്ങളില്‍ ബ്രോഡിയും ഹൂപ്പറും മാത്രമാണുള്ളത്. നോവലിലാവട്ടെ ബ്രോഡിയും ക്വിന്‍റും മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത തവണ സ്രാവ് ബോട്ടിനെ ആക്രമിക്കാനായി അടുത്തുവരുമ്പോള്‍ ക്വിന്‍റ് അതിന്‍റെ മേല്‍ ചാട്ടുളി ആഴത്തില്‍ തറക്കുന്നതില്‍ വിജയിക്കുന്നു. താല്‍ക്കാലികമായി പിന്‍വലിയുന്ന സ്രാവ് പക്ഷേ പിന്നീട് ബോട്ടിന്‍റെ പിന്‍വശത്തേക്ക് ഇടിച്ചുചാടുകയും അതിലൂടെ ബോട്ടിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്യുന്നു. എങ്കിലും സ്രാവിന്‍റെ ശരീരത്തിന്‍റെ മുന്‍ഭാഗം ബോട്ടിലേക്ക് കടന്നുകയറിയനിലയിലായിരുന്നതിനാല്‍ ക്വിന്‍റിന് രണ്ടാമതായി ഒരു ചാട്ടുളി കൂടി അതിന്‍റെ വയറ്റില്‍ പതിപ്പിക്കാന്‍ കഴിയുന്നു. എന്നാല്‍ ഈ ശ്രമത്തിനിടെ, ചാട്ടുളിയുമായി ബന്ധിപ്പിച്ചിരുന്ന കയറില്‍ ക്വിന്‍റിന്‍റെ കാല്‍ കുരുങ്ങുകയും സ്രാവ് ക്വിന്‍റിനേയും വലിച്ചുകൊണ്ട് അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ക്വിന്‍റ് കൊല്ലപ്പെടുന്നതായോ സ്രാവ് ക്വിന്‍റിനെ ഭക്ഷിക്കുന്നതായോ നോവലില്‍ പറയുന്നില്ല എന്നത് ശ്രദ്ധേയമാണ്. മൂങ്ങിത്തുടങ്ങുന്ന ബോട്ടിലേക്ക് മൂന്നാമതുമെത്തുന്ന സ്രാവിനെക്കണ്ട് ബ്രോഡി കണ്ണടച്ച് നില്‍ക്കുന്നു. എന്നാല്‍ ചാട്ടുളികളില്‍നിന്നുള്ള മുറിവുകളിലൂടെ അമിതമായി രക്തംവാര്‍ന്ന് ക്ഷീണിതനായ സ്രാവ് സ്വയം താഴ്ന്നുപോവുന്നതാണ് പിന്നീട് ബ്രോഡി കാണുന്നത്. സ്രാവിനുപിന്നിലായി ക്വിന്‍റിന്‍റെ ശരീരവുമുണ്ട്. സ്രാവും ക്വിന്‍റും ഒരുപോലെ കണ്ണില്‍നിന്നു മറയുമ്പോള്‍ പീറ്റര്‍ ബെഞ്ച്ലിയുടെ നോവല്‍ അവസാനിക്കുന്നു.
സിനിമയിലെ അന്ത്യരംഗം
സിനിമയിലെ അന്ത്യരംഗം പക്ഷേ ഇങ്ങനെയൊന്നുമല്ല ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ക്വിന്‍റിന്‍റെ ശരീരം പകുതി കടിച്ചുമുറിച്ചു കൊണ്ട് ദാരുണമായി കൊല്ലുന്ന സ്രാവ് ബ്രോഡിയുടെ ബോട്ടിനേയും തകര്‍ക്കുന്നു. മുങ്ങിക്കൊണ്ടിരുന്ന ബോട്ടിന്‍റെ വയര്‍ലസ് ആന്‍റിനയില്‍ കയറിയിരുന്നാണ് ബ്രോഡി സ്രാവിനെ നേരിടുന്നത്. ആദ്യം കുന്തം കൊണ്ടുള്ള കുത്തിനാല്‍ സ്രാവ് പിന്‍തിരിയുമെന്ന് തോന്നിക്കുമെങ്കിലും അത് വീണ്ടും വരുന്നു. തുടര്‍ന്ന്, ബ്രോഡി സമ്മര്‍ദ്ദിത ഓക്സിജന്‍ നിറച്ച സ്കൂബാ സിലിണ്ടറുകളിലൊന്ന് സ്രാവിന്‍റെ വായിലേക്കെറിയുന്നു. തുടര്‍ന്ന് ലക്ഷ്യം തെറ്റാതെ അതിലേക്കുതന്നെ നിറയൊഴിച്ച് അതിനെ പൊട്ടിക്കുന്നു. പൊട്ടിത്തെറിക്കുന്ന ഓക്സിജന്‍ സിലിണ്ടറിനൊപ്പം സ്രാവിന്‍റെ ശരീരവും ഛിന്നഭിന്നമാവുന്നു. തീര്‍ച്ചയായും ഇതൊരു ബോംബുസ്ഫോടനത്തെത്തന്നെയാണ് അനുസ്മരിപ്പിക്കുന്നത്. കാരണം നാഗസാക്കിയല്‍ ഫാറ്റ്മാന്‍ എന്ന 4756 കിലോഗ്രാം ഭാരമുള്ള ആറ്റംബോബ് വീഴുകയും പൊട്ടിത്തെറിക്കുകയും ചെയ്തതിലൂടെയാണ് അമേരിക്ക എന്ന ലോകശക്തി പിറക്കുന്നത്.
ലോകചരിത്രത്തെത്തന്നെ ആ ദിവസം രണ്ടായി വിഭജിച്ചു എന്നു പറയാം. 1945 ഓഗസ്റ്റ് 9ലെ നാഗസാക്കിക്കു മുമ്പുള്ളതും അതിന് ശേഷമുള്ളതും. ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒരു വഴിത്തിരിവായിരുന്നു ആ ദിവസമെന്ന സൂചനയോടെയാണ് ചിത്രം അവസാനിക്കുന്നതും. കരയിലേക്ക് നീന്തുന്ന ഹൂപ്പറും ബ്രോഡിയും അവസാനം സംസാരിക്കുന്നത് അന്നത്തെ ദിവസം ഏതാണെന്നതിനെക്കുറിച്ചാണ്. ഇന്ന് ഏത് ദിവസമാണെന്ന ബ്രോഡിയുടെ ചോദ്യത്തിന് വെനസ്ഡേ എന്നാണ് ഹൂപ്പര്‍ ആദ്യം മറുപടി പറയുന്നത്. പിന്നീട് തേഴ്സ്ഡേ ആണെന്ന് തോന്നുന്നു എന്നും പറയുന്നു. സാധാരണയായി ഇന്‍റര്‍നാഷണല്‍ ഡേറ്റ് ലൈന്‍ മുറിച്ചുകടക്കുമ്പോഴാണ് ഒരു ദിവസം മുന്നോട്ടോ പിന്നോട്ടോ ആവുന്നത്. പസഫിക്സമദ്രത്തിലൂടെയാണ് ഇത് കടന്നുപോവുന്നത്. പടിഞ്ഞാറന്‍ പസഫിക് സമദ്രത്തിലായിരുന്നു ജപ്പാനിലെ ആറ്റംബോബുവര്‍ഷത്തിനുവേണ്ടി ഉപയോഗിച്ച ടിനിയന്‍ എയര്‍ബെയ്സിന്‍റെ സ്ഥാനം എന്നതും ഇവിടെ ഓര്‍മ്മിക്കാം. അന്താരാഷ്ട്രദിനരേഖ എന്നത് ആ ദിവസം മുതല്‍ ഇംഗ്ളണ്ടിലെ ഗ്രീനിച്ചില്‍ നിന്നും അമേരിക്കയുടെ അധീനതയിലേക്ക് മാറി എന്നതിന് കാലാതീതമായ പ്രസക്തി തന്നെയാണുള്ളത്.













