Tuesday, December 30, 2025

ഇന്ത്യയിലെ ആദ്യ ടെലഗ്രാം

ത്തൊന്‍പതാം നൂറ്റാണ്ടില്‍ അത് അവിശ്വസനീയമായിരുന്നു. ലണ്ടനില്‍ നിന്നുള്ള ഒരു സന്ദേശം 28 മിനിറ്റു കള്‍ക്കു ള്ളില്‍ കല്‍ക്കട്ടയില്‍ എത്തുക! അത്രയും സമയം കൊണ്ട് സഞ്ചരിച്ച ദൂരമോ 11,000 കിലോമീറ്റര്‍ !! പ്രധാനപ്പെട്ട യുദ്ധടെര്‍മിനലുകള്‍ തമ്മില്‍ വേഗത്തില്‍ ആശയവിനിമയം സാധ്യമാക്കുന്ന ലാന്‍ഡ് ലൈന്‍ സംവിധാനങ്ങള്‍ തന്ത്രപരമായി പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നവയായിരുന്നു. ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലേക്ക് ഒരു ടെലിഗ്രാഫ് ലൈന്‍ നിര്‍മ്മിക്കാനുള്ള പദ്ധതി 1850 മുതല്‍ക്കും അതിനുശേഷവും ആവര്‍ത്തിച്ച് ചര്‍ച്ചയ്ക്ക് വന്നിരുന്നു. അതിന്‍റെ ഫലമായി അതിനാവശ്യമായ ടെലഗ്രാഫ് സംവിധാനത്തിന്‍റെ ചില ഭാഗങ്ങള്‍ അവിടവിടെയായി പൂര്‍ത്തീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ 1870  വരെ തടസ്സമില്ലാത്തതും തുടര്‍ച്ചയുള്ളതുമായ ഒരു കണക്ഷന്‍ ഉനുണ്ടായിരുന്നില്ല. ഇത്രയും ദൂരം വരേയ്ക്കും വിവരങ്ങള്‍ കൈമാറാനുള്ള സാങ്കേതികസംവിധാനങ്ങള്‍ പോലും അന്ന് നിലവിലുണ്ടായിരുന്നില്ല. എന്നിട്ടും ഈ തടസ്സങ്ങളെ മറികടക്കാനുള്ള ശ്രമങ്ങള്‍ അന്ന് വര്‍ദ്ധിത താല്‍പ്പര്യത്തോടെയാണ് നിര്‍വ്വഹിക്കപ്പെട്ടത്. അതിന് ചുമതലപ്പെടുത്തപ്പെട്ടവര്‍ കടുത്ത വെല്ലുവിളികളെയാണ് നേരിട്ടത്.  ഒന്നാമതായി, ഈ ലൈനിന് 11,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടതുണ്ടായിരുന്നു.  വിവിധ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടായിരുന്നു. റഷ്യയും ഓട്ടോമന്‍ സാമ്രാജ്യവും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ കാരണം ഇന്ത്യയിലേക്കുള്ള ടെലഗ്രാഫ് ലൈന്‍ കടന്നുപോവാനായി പേര്‍ഷ്യ തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി, ബെര്‍ലിന്‍ ആസ്ഥാനമായുള്ള സീമെന്‍സ് & ഹാല്‍സ്കെ കമ്പനിയായിരുന്നു ലൈന്‍ സ്ഥാപിക്കലുകള്‍ക്കായുള്ള കരാറുകള്‍ക്ക് നേത്യത്വം വഹിച്ചത്. 

1867-ല്‍ ആവശ്യമായ എല്ലാ അനുമതികളും ലഭിക്കുകയും ലണ്ടന്‍ ആസ്ഥാനമായി ഇന്തോയൂറോപ്യന്‍ ടെലിഗ്രാഫ് കമ്പനി 1868 ഏപ്രിലില്‍ സ്ഥാപിക്കപ്പെടുകയും ചെയ്തു.  പുതിയ ടെലിഗ്രാഫ് ലൈന്‍ നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക എന്നിവയ്ക്കായി ഓഹരിദാതാക്കളില്‍ നിന്നും കമ്പനി 450,000 പൗണ്ട് സ്റ്റെര്‍ലിംഗ് മൂലധനമായി  സംഭരിച്ചു. സ്പോണ്‍സറിംഗ് രാജ്യങ്ങളിലെ മൂന്ന് യൂറോപ്യന്‍ വിപണികളിലും സ്റ്റോക്ക് എക്സ്ചേയ് ഞ്ചുകള്‍ സ്ഥാപിച്ചു: സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ 4.5 ശതമാനം, ബെര്‍ലിന്‍, ഹാംബര്‍ഗ്, ബ്രെമെന്‍ എന്നിവിടങ്ങളില്‍ 36 ശതമാനം, ലണ്ടനില്‍ 39 ശതമാനം. ബെര്‍ലിനിലെ സീമെന്‍സ് മാതൃകമ്പനിയും സെന്‍റ് പീറ്റേഴ്സ്ബര്‍ഗിലെ റഷ്യന്‍ ബ്രാഞ്ചും ലാന്‍ഡ് ലൈന്‍ നിര്‍മ്മിക്കാന്‍ ഉത്തരവാദികളായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള സീമെന്‍സ് ബ്രദേഴ്സ് കരിങ്കടലിലൂടെ സമുദ്രാന്തരകേബിള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. എന്നാല്‍ ബെര്‍ലിന്‍ ആസ്ഥാനത്തിന്‍റെ പങ്ക് പ്രത്യേകമായിരുന്നു. അവിടെയാണ് വെര്‍ണര്‍ വോണ്‍ സീമെന്‍സ് ഒരു പ്രത്യേക ടെലിഗ്രാഫ് ഉപകരണം വികസിപ്പിച്ചെടുത്തത്. അത് ഇന്‍റര്‍മീഡിയറ്റ് സ്റ്റേഷനുകളില്‍ നടത്തേണ്ടതും തെറ്റുകള്‍ കടന്നുകൂടാനിടയാക്കുന്നതുമായ മാനുവല്‍ ട്രാന്‍സ്മിഷന്‍ എന്ന പരിമിതിയെ ഒഴിവാക്കി. പഞ്ച് ടേപ്പ് ഉപയോഗിക്കുന്നതിലൂടെ ട്രാന്‍സ്മിഷന്‍ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കിയതും വെര്‍ണര്‍ സീമെന്‍സ് ആയിരുന്നു. ഇത് ഇന്തോയൂറോപ്യന്‍ ടെലിഗ്രാഫ് പദ്ധതിക്ക് സാങ്കേതിക മുന്നേറ്റം നല്‍കി.

പരിചയസമ്പന്നനായ ഒരു ടെലിഗ്രാഫ് എഞ്ചിനീയര്‍, 'സീമെന്‍സ് ടെലിഗ്രാഫ് ലൈന്‍' മൂന്ന് നിര്‍മാണഭാഗങ്ങളായി വിഭജിച്ചു. ഒന്ന് പ്രഷ്യന്‍റഷ്യന്‍ അതിര്‍ത്തിയിലെ തോണ്‍ മുതല്‍ ക്രിമിയന്‍ ഉപദ്വീപിലെ തുറമുഖ നഗരമായ കെര്‍ച്ച് വരെ. രണ്ടാമത്തേത് കരിങ്കടല്‍ കടന്ന് ജോര്‍ജിയയിലെ ടിഫ്ളിസിലേക്കും പേര്‍ഷ്യന്‍ അതിര്‍ത്തിയിലെ ജുല്‍ഫയിലേക്ക്. ഒടുവില്‍ അവിടെ നിന്ന് ടെഹ്റാനിലേക്ക്. 1868  ജൂണ്‍ തുടക്കത്തില്‍ നിര്‍മ്മാണം ആരംഭിച്ചു. പക്ഷേ, സീമെന്‍സ് മുഴുവന്‍ ലൈനും നിര്‍മ്മിച്ചില്ല. പ്രഷ്യന്‍റഷ്യന്‍ അതിര്‍ത്തിയില്‍ നിന്ന് പേര്‍ഷ്യയിലെ ടെഹ്റാന്‍ വരെ. പൂര്‍ത്തിയായാല്‍, 4,700 കിലോമീറ്റര്‍ നീളമുള്ള പുതിയ സെഗ്മെന്‍റ് നിലവിലുള്ള ലൈനുകളുമായി ബന്ധിപ്പിച്ച് ലണ്ടന്‍കൊല്‍ക്കത്ത കണക്ഷന്‍ പൂര്‍ത്തിയാക്കും. വെറും രണ്ട് വര്‍ഷത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് 1870  ഏപ്രില്‍ 12 ന് ആദ്യത്തെ പരീക്ഷണാത്മക സന്ദേശമയയ്ക്കല്‍ നടത്തി. ലണ്ടനിലെ ടെലിഗ്രാഫ് സ്റ്റേഷനില്‍ ഇതിന് സാക്ഷ്യം വഹിക്കാന്‍ വിശിഷ്ടാതിഥികളെ ക്ഷണിച്ചിരുന്നു. ഇന്ത്യയിലേക്ക് അയയ്ക്കുന്ന സന്ദേശം ടെഹ്റാന്‍ വരെ എത്തുന്നതായുള്ള വിജയകരമായ സൂചന ലഭിച്ചു. കൊല്‍ക്കത്തയിലേക്കുള്ള ടെലിഗ്രാഫ് ലൈന്‍ പിന്നീടാണ് സ്ഥാപിച്ചത്. വെര്‍ണര്‍ വോണ്‍ സീമെന്‍സും ഈ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. അന്നുതന്നെ തന്‍റെ സഹോദരന്‍ കാളിന് എഴുതിയ കത്തിയ സീമെന്‍സ് ഇങ്ങനെ പറഞ്ഞു: "മേല്‍ക്കൂരയില്‍ നിന്ന് ഉറക്കെ വിളിച്ചു പറയുക... ഞങ്ങള്‍ ഒരു മിനിറ്റിനുള്ളില്‍ ഒരു സന്ദേശം ടെഹ്റാനിലേക്കും കൊല്‍ക്കത്തയിലേക്കും എത്തിച്ചുവെന്ന്..""

ടെലിഗ്രാഫിലൂടെയുള്ള വാര്‍ത്താവിനിമയത്തിലെ  എക്കാലത്തേയും ഒരു നാഴികക്കല്ലായിരുന്നു ഇന്തോയൂറോപ്യന്‍ ടെലിഗ്രാഫ് ലൈന്‍. 1870  മുതല്‍ 1931 വരെയുള്ള 60 വര്‍ഷക്കാലം അത് അതേപടി തുടര്‍ന്നിരുന്നു. സാങ്കേതികമായ കുറവുകളല്ല ഇത് ആത്യന്തികമായി അവസാനിപ്പിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം വയര്‍ലെസ് റേഡിയോകള്‍ വ്യാപകമായി നിലവില്‍ വന്നതാണ് ടെലഗ്രാഫ് സംവിധാനങ്ങളെ പിാട്ടേടിച്ചത്. പക്ഷേ ഇത് അന്തര്‍ദേശീയതലത്തിലെ കാര്യം. എന്നാല്‍, ഇന്ത്യയിലെ ടെലിഗ്രാഫ് സേവനങ്ങള്‍ക്ക് 1850 മുതല്‍ തുടക്കമായിരുന്നു. ടെലിഗ്രാഫ് എന്ന 'കമ്പിയില്ലാക്കമ്പി'-യുടെ വരവോടെയാണ് ഇന്ത്യയില്‍ ആധുനിക വാര്‍ത്താവിനിമയത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒന്നാണ് ഇന്ത്യന്‍ ടെലിഗ്രാഫ്. 1850ല്‍ കല്‍ക്കട്ടയ്ക്കും ഡയമണ്ട് ഹാര്‍ബറിനുമിടയില്‍ ആദ്യത്തെ പരീക്ഷണാത്മക ഇലക്ട്രിക് ടെലിഗ്രാഫ് ലൈന്‍ ആരംഭിച്ചു. 

1851-ല്‍ ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉപയോഗത്തിനായാണ് ഇതിന് തുടക്കമായത്. അക്കാലത്ത് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലാണ് ടെലിഗ്രാഫ് വകുപ്പിനെ ഉള്‍പ്പെടുത്തിയിരുന്നത്.  1853 നവംബറില്‍ 4,000 മൈല്‍ (6,400 കിലോമീറ്റര്‍) ടെലിഗ്രാഫ് ലൈനുകളുടെ നിര്‍മ്മാണം ആരംഭിച്ചു. ഇവ കൊല്‍ക്കത്തയെയും (അന്നത്തെ കല്‍ക്കട്ടയെയും) വടക്ക് പെഷവാറിനെയും ബന്ധിപ്പിച്ചു. പിന്നെ, ആഗ്ര, ബോംബെ, സിന്ധ്വഘാട്ടിലൂടെ, തെക്ക് മദ്രാസ്, ഊട്ടാകാമുണ്ട്, ബാംഗ്ലൂര്‍ വരെയെത്തി.. ഇന്ത്യയിലെ ടെലിഗ്രാഫിനും ടെലിഫോണിനും തുടക്കമിട്ട വില്യം ഓഷൗഴവഗ്നെസി (William O'Shaughnessy) പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. ഈ കാലയളവിലുടനീളം ടെലികോം വികസനത്തിനായി പ്രവര്‍ത്തിച്ചു. 1854ല്‍ ടെലിഗ്രാഫ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിത്തുടങ്ങിയപ്പോള്‍ മാത്രമാണ് അതിനായി ഒരു പ്രത്യേക വകുപ്പ് സ്യഷ്ടിക്കപ്പെട്ടത്. 1854 ഏപ്രില്‍ 27ന് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് ടെലഗ്രാഫ് സന്ദേശം എന്ന ആദ്യത്തെ ടെലിഗ്രാം അയച്ചു. 1876 ല്‍ അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ടെലിഫോണിന് പേറ്റന്‍റ് നേടിയതിനുശേഷവും ഇന്ത്യയില്‍ ടെലിഗ്രാഫ് സേവനം അഭിവൃദ്ധിപ്പെടുത്താനും നിലനിറുത്താനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. 

1880-ല്‍, രണ്ട് ടെലിഫോണ്‍ കമ്പനികളായ ദി ഓറിയന്‍റല്‍ ടെലിഫോണ്‍ കമ്പനി ലിമിറ്റഡ്, ആംഗ്ലോഇന്ത്യന്‍ ടെലിഫോണ്‍ കമ്പനി ലിമിറ്റഡ് എന്നിവ ഇന്ത്യയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കുന്നതിന് ഇന്ത്യാ സര്‍ക്കാരിനെ സമീപിച്ചു. ടെലിഫോണ്‍ മേഖല സര്‍ക്കാര്‍ കുത്തകയാണെന്നും സര്‍ക്കാര്‍ തന്നെ പണി ഏറ്റെടുക്കുമെന്നും പറഞ്ഞ് പക്ഷേ അനുമതി നിഷേധിച്ചു. 1881 ല്‍, സര്‍ക്കാര്‍ മുന്‍ നിലപാടില്‍ നിന്ന് മാറുകയും കൊല്‍ക്കത്ത, ബോംബെ, മദ്രാസ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ ആരംഭിക്കുന്നതിന് ഇംഗ്ലണ്ടിലെ ഓറിയന്‍റല്‍ ടെലിഫോണ്‍ കമ്പനി ലിമിറ്റഡിന് ലൈസന്‍സ് നല്‍കുകയും ചെയ്തു.  രാജ്യത്ത് ആദ്യത്തെ ലേഹല പചാരിക ടെലിഫോണ്‍ സേവനം ആരംഭിക്കുകയും ചെയ്തു. 1882 ജനുവരി 28ന് ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ കൗണ്‍സില്‍ അംഗമായിരുന്ന മേജര്‍ ഇ. ബാരിംഗ് (Major E. Baring) കൊല്‍ക്കത്ത, ബോംബെ, മദ്രാസ് എന്നിവിടങ്ങളില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ തുറന്നതായി പ്രഖ്യാപിച്ചു. 'സെന്‍ട്രല്‍ എക്സ്ചേഞ്ച്' എന്ന് പേരിട്ടിരിക്കുന്ന കൊല്‍ക്കത്തയിലെ എക്സ്ചേഞ്ചിന്‍റെ പ്രാരംഭഘട്ടത്തില്‍ ആകെ 93 വരിക്കാര്‍ മാത്രമാണുണ്ടായിരുന്നത്.  

1850 മുതല്‍ 1902  വരെ ടെലിഗ്രാമുകള്‍ ലോഹക്കമ്പികളിലൂടെയായിരുന്നുവെങ്കിലും 1902-ല്‍ ല്‍ ഇന്ത്യന്‍ ടെലിഗ്രാഫ് ശ്യംഖല വയര്‍ലെസ് ആയി. 1857 ലെ പട്ടാളവിപ്ളവത്തെ (ശിപ്പായിലഹള) അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞത് ടെലിഗ്രാഫ് സംവിധാനം നിലവിലുണ്ടായിരുന്നത് കാരണമായിരുന്നു. തങ്ങളുടെ സൈന്യത്തെ വേഗത്തില്‍ അണിനിരത്താന്‍ ടെലിഗ്രാഫ് ശ്യംഖല ബ്രിട്ടീഷുകാരെ സഹായിച്ചു. ഇത് കലാപകാരികളുടെ ആസൂത്രണങ്ങളും പദ്ധതികളും തകരുന്നതിനു കാരണമായി. ആ വര്‍ഷത്തിന്‍റെ അവസാനത്തില്‍, സ്വന്തമായ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ച് സ്ഥാപിക്കപ്പെടുന്നതിനും ബോംബെ നഗരം സാക്ഷ്യം വഹിച്ചു.  എന്നാല്‍, ആഗോളതലത്തില്‍, 1960കളില്‍ പ്രചാരത്തിലെത്തിയ ഡിജിറ്റല്‍ സാങ്കേതികതയും അതിന്‍റെ അടിസ്ഥാനത്തിലുള്ള ആശയവിനിമയവും ടെലിഗ്രാഫിന്‍റെ തുടര്‍ച്ചയായ പ്രസക്തിക്ക് ഭീഷണിയുയര്‍ത്തി. 1980 കളോടെ, ഡിജിറ്റല്‍ ഫാക്സ് മെഷീന്‍, 1930 കള്‍ മുതല്‍ നിലനിന്നിരുന്ന ടെലിഫോണ്‍ ബന്ധിതമായ അനലോഗ് ഫേസിമൈല്‍ ടെലിഗ്രാഫിന്‍റെ സ്ഥാനം കയ്യടക്കി. എങ്കിലും ഇന്ത്യയില്‍ 1980 കളായിരുന്നു ഇന്ത്യയിലെ ടെലിഗ്രാഫ് സേവനത്തിന്‍റെ സുവര്‍ണ്ണകാലം: അന്ന് ദില്ലി കമ്പിത്തപാലാഫീസില്‍ മാത്രം പ്രതിദിനം ഒരു ലക്ഷത്തിലധികം ടെലിഗ്രാമുകള്‍ അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്തിരുന്നുവത്രേ! 

1990-കളില്‍ ബിഎസ്എന്‍എല്‍, ഇന്ത്യന്‍ തപാല്‍ സര്‍വ്വീസില്‍ നിന്നും ടെലിഗ്രാഫ് സേവനത്തെ വേര്‍പെടുത്തി. 1990 കളുടെ അവസാനത്തിലും 2000ന്‍റെ തുടക്കത്തിലുമുള്ള മൊബൈല്‍ഫോണ്‍ വിപ്ലവം ഇന്ത്യന്‍ ടെലിഗ്രാഫ് സേവന ത്തിന്‍റെ നില കൂടുതല്‍ പരിതാപകരമാക്കി.  2011 ല്‍, 60 വര്‍ഷത്തെ കാലയളവിനുശേഷം ബിഎസ്എന്‍എല്‍ ടെലിഗ്രാമിന്‍റെ വില ഉയര്‍ത്തി. 50 വാക്കുകള്‍ക്ക് മൂന്നോ നാലോ രൂപ ആയിരുന്നതില്‍ നിന്ന് നിന്ന് 27 രൂപ വരെ ഉയര്‍ത്തി. എന്നാല്‍ അതേ വര്‍ഷം തന്നെ അനവധി നഷ്ടങ്ങള്‍ സംഭവിച്ചു, പ്രതിവര്‍ഷം 75 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നുവെങ്കിലും,  ഇത് പ്രവര്‍ത്തിപ്പിക്കാനും കൈകാര്യം ചെയ്യാനും 100  കോടിയിലധികം രൂപ ചെലവാകുന്ന അവസ്ഥയായിരുന്നു. അതിനാല്‍, 2013 ല്‍ ടെലിഗ്രാഫ് സേവനത്തിന് തിരശ്ശീലയിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 160  വര്‍ഷത്തിലേറെയായി ഇന്ത്യയിലെ ജനങ്ങളെ സേവിച്ചിരുന്ന ഒരു ഐക്കണിക് ആയ ആശയവിനിമയസംവിധാനത്തിന്‍റെ അവസാന ദിവസമായിരുന്നു ജൂലൈ 15. മുന്‍കൂട്ടി അറിയിച്ചിരുന്നതിനാല്‍ സേവനത്തിന്‍റെ അവസാന ആഴ്ചയില്‍, ആയിരക്കണക്കിന് ജനങ്ങള്‍ ടെലിഗ്രാം ബുക്കിംഗ്  നടത്തുകയും അതിലൂടെ ടെലഗ്രാം സന്ദേശവിനിമയത്തെ അവിസ്മരണീയമാക്കുകയും ചെയ്യുകയുണ്ടായി.

..................................................................................

ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗത്തെ നാഴികക്കല്ലുകള്‍

1850  കൊല്‍ക്കത്തയ്ക്കും ഡയമണ്ട് ഹാര്‍ബറിനുമിടയില്‍ ആദ്യത്തെ പരീക്ഷണാത്മക ഇലക്ട്രിക് ടെലിഗ്രാഫ് ലൈന്‍ ആരംഭിച്ചു.

1854  ടെലിഗ്രാഫ് സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിത്തുടങ്ങി.

1854  ആദ്യത്തെ ടെലിഗ്രാം ഏപ്രില്‍ 27ന് മുംബൈയില്‍ നിന്ന് പൂനെയിലേക്ക് അയച്ചു.

1902  സാഗര്‍ ദ്വീപിനും സാന്‍ഡ്ഹെഡിനും ഇടയില്‍ ആദ്യത്തെ വയര്‍ലെസ് ടെലിഗ്രാഫ് സ്റ്റേഷന്‍ സ്ഥാപിച്ചു.

1907  കാണ്‍പൂരില്‍ ആദ്യത്തെ സെന്‍ട്രല്‍ ബാറ്ററി ഓഫ് ടെലിഫോണുകള്‍ ഏര്‍പ്പെടുത്തി.

1913-1914  ആദ്യത്തെ ഓട്ടോമാറ്റിക് എക്സ്ചേഞ്ച് ഷിംലയില്‍ സ്ഥാപിച്ചു.

1927  ബ്രിട്ടണും ഇന്ത്യയ്ക്കുമിടയില്‍ റേഡിയോടെലിഗ്രാഫ് സംവിധാനം, ഖഡ്കി, ഡൗണ്ട് എന്നിവിടങ്ങളില്‍ ഇംപീരിയല്‍ വയര്‍ലെസ് സ്റ്റേഷനുകള്‍. ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവുമായി ആശംസകള്‍ കൈമാറുന്നതിലൂടെ ഇര്‍വിന്‍ പ്രഭുവാണ് ജൂലൈ 23ന് ഇത് ഉദ്ഘാടനം ചെയ്തത്.

1933  ബ്രിട്ടണും ഇന്ത്യയും തമ്മില്‍ റേഡിയോ ടെലിഫോണ്‍ സംവിധാനം ഉദ്ഘാടനം ചെയ്യപ്പെട്ടു.

1947  ജബല്‍പൂരിലെ ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്ത്യയില്‍ ആദ്യത്തെ ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം ആരംഭിച്ചു.

1953  പന്ത്രണ്ട് ചാനലുകളുള്ള കാരിയര്‍ സംവിധാനം അവതരിപ്പിച്ചു.

1960  ലഖ്നൗവിനും കാണ്‍പൂറിനുമിടയില്‍ ട്രങ്ക് ഡയലിംഗ് റൂട്ട് ആരംഭിച്ചു. 

1975  ബോംബെ സിറ്റിക്കും അന്ധേരിക്കുമിടയില്‍ ആദ്യത്തെ പിസിഎം സംവിധാനം ആരംഭിച്ചു.

1976  ആദ്യത്തെ ഡിജിറ്റല്‍ മൈക്രോവേവ് ജംഗ്ഷന്‍.

1979  ലോക്കല്‍ ജംഗ്ഷനായുള്ള ആദ്യത്തെ ഒപ്റ്റിക്കല്‍ ഫൈബര്‍ സംവിധാനം പൂനെയില്‍ കമ്മീഷന്‍ ചെയ്തു.

1980   ആഭ്യന്തര ആശയവിനിമയത്തിനായുള്ള ആദ്യത്തെ സാറ്റലൈറ്റ് എര്‍ത്ത് സ്റ്റേഷന്‍ യുപിയിലെ സിക്കന്ദരാബാദില്‍ സ്ഥാപിച്ചു.

1983  മുംബൈയില്‍ കമ്മീഷന്‍ ചെയ്ത ട്രങ്ക് ലൈനുകള്‍ക്കായുള്ള ആദ്യത്തെ അനലോഗ് പ്രോഗ്രാം കൈമാറ്റം.

1984  തദ്ദേശീയ വികസനത്തിനും ഡിജിറ്റല്‍ എക്സ്ചേഞ്ചുകളുടെ ഉല്‍പാദനത്തിനുമായി സിഡോട്ട് സ്ഥാപിച്ചു.

1995  ആദ്യത്തെ വാണിജ്യേതര മൊബൈല്‍ ടെലിഫോണ്‍ സേവനം ഓഗസ്റ്റ് 15 ന് ദില്ലിയില്‍ ആരംഭിച്ചു.

1995  ഇന്‍റര്‍നെറ്റ് ഇന്ത്യയില്‍. ഓഗസ്റ്റ് 15 ന് ദില്ലിയിലെ ലക്ഷ്മി നഗറില്‍ തുടക്കമായി.

2013 ഇന്ത്യയിലെ ടെലിഗ്രാം സേവനം ഔദ്യോഗികമായി നിറുത്തലാക്കി: 2013 ജൂലൈ 13-ന്.